Wednesday, May 22, 2019

വെറും കോലനല്ല, വമ്പനാണ് ഈ മുരിങ്ങാക്കോല്‍

Wednesday 22 May 2019 10:56 am IST
മലയാളിയ്ക്ക്  മുരിങ്ങയുടെ മഹത്വം ആരും പറഞുകൊടുക്കേണ്ട ആവശ്യമില്ല . മെലിഞ്ഞ് ആരോഗ്യമില്ലാത്ത ആളുകളെ പലപ്പോഴും മുരിങ്ങക്കോലേ എന്നു വിളിച്ചു കളിയാക്കാറുണ്ട്.എന്നാല്‍ ഇങ്ങനെ ഇനി മുരിങ്ങക്കായ വളരെ താഴ്ന്ന രീതിയില്‍ ചിന്തിക്കേണ്ട. മുരിങ്ങക്കായ പോഷകങ്ങളുടെ തന്നെ കലവറയെന്ന് പഠന റിപ്പോര്‍ട്ട്. മുരിങ്ങ അത്ഭുത മരം, അതായത് മിറക്കിള്‍ ട്രീ എന്ന പേരിലാണ് അറിയപ്പെടുന്നത്.
അരി, പപ്പായ, ചീര, കൊക്കോ തുടങ്ങിയ മറ്റു സസ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പോഷകങ്ങള്‍ കൂടിയ അളവില്‍ മുരിങ്ങക്കായില്‍ കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മുരിങ്ങക്കായെ  കൂടാതെ മുരിങ്ങയുടെ തന്നെ ഇല,  പൂവ്, വിത്ത്, തണ്ടു തുടങ്ങിയവയിലും ധാരാളം ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ളതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 
ബെംഗളൂരു നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലെ പ്രൊഫ. രാമനാഥന്‍ സുധാമാണിയും ഒരു കൂട്ടം വിദ്യാര്‍ത്ഥികളും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. 
മുരിങ്ങയിലയില്‍ ജീവകം സി, ബീറ്റാകരോട്ടിന്‍ ഇവ കൂടാതെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ശക്തിയേറിയ ആന്റിഓക്‌സിഡന്റായ ക്യൂവര്‍ സെറ്റിന്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്നിവയുമുണ്ട്. മുരിങ്ങയിലയില്‍ അടങ്ങിയ സംയുക്തങ്ങളായ ഐസോതയോസൈനേറ്റുകള്‍ രക്ത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചിരയെക്കാള്‍ സമ്പുഷ്ടമാണ് മുരിങ്ങയുടെ ഇലകള്‍.

No comments: