സ്വരൂപാനുസന്ധാനാഷ്ടകം
സർവ്വത്യാഗത്തിന് എളുപ്പമായ മറ്റൊരു മാർഗ്ഗം കൂടിയുണ്ട്. അതാണ് ജ്ഞാനമാർഗ്ഗം. സങ്കൽപ്പ നിരോധമെന്ന യോഗമാർഗ്ഗം എല്ലാവർക്കും എളുപ്പമല്ല. വിശേഷിച്ചും സദാ ലോകകാര്യങ്ങളിൽ ഏർപ്പെട്ടു കഴിയുന്ന ഗൃഹസ്ഥന്മാർക്കും മറ്റും അതത്ര എളുപ്പമേയല്ല. അവർക്കൊക്കെ ഏറ്റവും എളുപ്പമായ മാർഗ്ഗം ആണ് ജ്ഞാനമാർഗ്ഗം. എന്താണ് ജ്ഞാനമാർഗ്ഗം? അഖണ്ഡ
ബോധരൂപമായ ബ്രഹ്മം ജഗത്തിന് പരമകാരണമാണ്. പരമകാരണം അറിയപ്പെട്ടാൽ പിന്നെ അതല്ലാതെ മറ്റൊന്നും ഉണ്ടായിരിക്കാൻ സാധ്യമല്ല. അപ്പോൾ പലത് കാണുന്നതൊക്കെ അതിലെ വെറും ഭ്രമാനുഭവങ്ങൾ. മരുഭൂമിയിലെ കാനൽജലംപോലെ. അറിവുള്ള ഒരാൾക്ക് മരുഭൂമിയിലെ കാനൽജലം മരുഭൂമിതന്നെയാണ്. അതുപോലെ ബ്രഹ്മത്തിൽ കാണപ്പെടുന്ന പലത് ബ്രഹ്മം തന്നെയാണ്. അല്പം പോലും മറ്റൊന്നില്ല എന്നതാണ് സത്യം. ആരംഭത്തിൽ ഒരു ഗൃഹസ്ഥൻ വേദാന്തശാസ്ത്രം അല്പമൊന്നു പഠിച്ച് ഈ തത്ത്വം ശാസ്ത്രീയമായി ബുദ്ധിക്കുറപ്പുവരുത്തണം. തുടർന്ന് ഈ തത്ത്വം ബുദ്ധിയെ ഓർമ്മിപ്പിച്ചുകൊണ്ട് ജീവിതം തുടരണം. മറന്നുപോകുമ്പോഴൊക്കെ ഓർമിപ്പിച്ചുറപ്പിക്കണം. ഈ അഭ്യാസം തുടരുന്നതോടെ ഏകത്വബോധം അനുഭവത്തിൽ ഉറച്ചുറച്ചുവരും. ഉള്ളിൽനിന്ന് രാഗദ്വേഷങ്ങൾ വിട്ടുപോകും. ശാന്തശീതളമായ അഖണ്ഡബോധം ഉള്ളിൽ തെളിഞ്ഞു തെളിഞ്ഞനുഭവിക്കാറാകും. ഒന്നേയുള്ളൂ എന്ന ബുദ്ധി ഉറപ്പു വരുന്നതാണു
സർവ്വത്യാഗം. ഒന്നേയുള്ളൂവെങ്കിൽ എന്തു ത്യജിക്കാൻ, ആരു ത്യജിക്കാൻ?
" സർവേഷു കാലേഷു മാമനുസ്മര യുദ്ധ്യച " എന്ന് ഭഗവാൻ ഗീതയിൽ പറഞ്ഞിരിക്കുന്നത് ഈ ഏകത്വബോധം ബുദ്ധിയെ സദാ ഓർമിപ്പിച്ചു കൊണ്ട് ജീവിക്കാനാണ്. ജഗത്തു മുഴുവൻ ഈശ്വരനാൽ നിറയപ്പെട്ടെതായതുകൊണ്ട് ' ത്യജിച്ചിട്ടു ഭുജിക്കൂ ' ഈശാവാസ്യോപനിഷത്ത് പറയുന്നതും സ്മരണാഭ്യാസം തുടർന്നുകൊണ്ട് ജീവിക്കാനാണ്.
" ഈശാവാസ്യമിദം സർവം ' എന്നോ
" സർവ്വം ബ്രഹ്മമയം " എന്നോ ഉള്ളിൽ സദാ ഓർമ്മിച്ചുകൊണ്ടൊരു കർമ്മ മാർഗ്ഗത്തിൽ ചരിക്കുമോ അയാൾ അചിരേണ അതിരറ്റ ബ്രഹ്മാനന്ദാനുഭവത്തിനു പാത്രമായിത്തീരും. ഇതാർക്കും എപ്പോഴും എവിടെയും ഒരു വ്യവസ്ഥയും കൂടാതെ അനുഭവിക്കാവുന്ന ജ്ഞാനസാധനയാണ്.
ഓം. പ്രൊഫസർ ബാലകൃഷ്ണൻ നായർ സാർ അവർകൾ.
തുടരും.
No comments:
Post a Comment