ഈശ്വരനെ ആശ്രയിച്ചിട്ടും ദുഃഖം മാറാത്തത് എന്തുകൊണ്ടാണ്, തീവ്രമായി പ്രാര്‍ത്ഥിച്ചിട്ടും ഈശ്വരന്‍ ആ പ്രാര്‍ഥനകള്‍ സാധിച്ചുതരാത്തത് എന്തുകൊണ്ടാണ്, എന്നൊക്കെ പലരും സംശയിക്കാറുണ്ട്. ജീവിതദുഃഖങ്ങള്‍ പെരുകുമ്പോള്‍ പലരുടേയും വിശ്വാസം നഷ്ടപ്പെടാറുമുണ്ട്.
നമ്മുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുക എന്നത് ഒരിക്കലും പ്രായോഗികമല്ല. കാരണം സുഖവും ദുഃഖവും, ജയവും പരാജയവും ജീവിതത്തിന്റെ സ്വഭാവമാണ്. ആഗ്രഹങ്ങള്‍ സാധിക്കുവാന്‍വേണ്ടി ഈശ്വരനെ ആശ്രയിക്കുന്നവര്‍ക്ക്, അവ സഫലമായാല്‍ ഈശ്വരനിലുള്ള ഭക്തിയും വിശ്വാസവും വര്‍ദ്ധിക്കും. സാധിച്ചില്ലെങ്കിലോ, ഉള്ള വിശ്വാസംകൂടി നഷ്ടമാകും. പക്ഷെ, എല്ലാവരുടെയും ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുവാന്‍ എങ്ങനെ കഴിയും? ഒരു ഡോക്ടര്‍ ആഗ്രഹിക്കുന്നത്, 'എനിക്കു ദിവസവും ധാരാളം രോഗികളെ കിട്ടണം' എന്നാണ്. അതിനുവേണ്ടി സദാ ഈശ്വരനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യും. രോഗികളെ കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിനു് ഈശ്വരനിലുള്ള വിശ്വാസം നഷ്ടമാകും. അതേസമയം രോഗികളുടെ പ്രാര്‍ത്ഥന, 'ഈശ്വരാ, ഞങ്ങളെ ഇനിയും രോഗികളാക്കരുതേ, ഞങ്ങളുടെ രോഗങ്ങള്‍ തീര്‍ത്തു തരണേ' എന്നാണ്. ഒരാള്‍, ശവം കൊണ്ടുപോകുന്ന ഒരു വണ്ടി വാങ്ങി. ദിവസവും അയാളുടെ പ്രാര്‍ത്ഥന, 'മുടക്കം കൂടാതെ ശവം കിട്ടണേ' എന്നാണ്. ശവപ്പെട്ടി വില്പനക്കാരന്റെ പ്രാര്‍ത്ഥനയും അതുതന്നെ. അതേസമയം ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ത്ഥനയോ, 'ഒരിക്കലും മരിക്കല്ലേ' എന്നുമാണ്. ഒരു വക്കീല്‍ ദിവസവും കേസു കിട്ടുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ ജനങ്ങളുടെ പ്രാര്‍ത്ഥന, 'കേസിലൊന്നും ചെന്നു പെടല്ലേ' എന്നാണ്. ഇതുപോലെ അനേകം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് ഈ ലോകം. എല്ലാവരുടെയും ആഗ്രഹങ്ങള്‍ ഒരുപോലെ സാധിച്ചു കിട്ടുക അസാദ്ധ്യം തന്നെ. എങ്കിലും ആദ്ധ്യാത്മിക തത്ത്വങ്ങള്‍ മനസ്സിലാക്കി അതനുസരിച്ചു ജീവിച്ചാല്‍ സമാധാനത്തോടും സംതൃപ്തിയോടുംകൂടി ജീവിക്കുവാന്‍ നമുക്കു സാധിക്കും. അഗ്രിക്കള്‍ച്ചര്‍ പഠിച്ച ഒരാളിനു തെങ്ങു നട്ടുവളര്‍ത്താന്‍ പ്രയാസമില്ല. തെങ്ങിനെന്തെങ്കിലും രോഗം ബാധിച്ചാല്‍ പെട്ടെന്ന് അതു മാറ്റാന്‍ കഴിയും. അതുപോലെ ആത്മീയതത്ത്വങ്ങള്‍ മനസ്സിലാക്കിയിരുന്നാല്‍, അതുള്‍ക്കൊണ്ടു ജീവിതം നയിച്ചാല്‍ ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ടുപോകുവാന്‍ കഴിയും. ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതിന്റെ പ്രവര്‍ത്തനരീതി വിവരിക്കുന്ന പുസ്തകംകൂടി തരും. അതു പഠിച്ചാല്‍ ശരിയായി മെഷീന്‍ പ്രവര്‍ത്തിപ്പിക്കാം. പഠിക്കാതെ പ്രവര്‍ത്തിപ്പിച്ചാല്‍ യന്ത്രം വേഗം ചീത്തയാകും. അതുപോലെ ഈ ലോകത്തെങ്ങനെ ജീവിക്കണമെന്നു ആത്മീയഗ്രന്ഥങ്ങളും മഹാത്മാക്കളും നമ്മെ പഠിപ്പിക്കുന്നു. അതു പിന്തുടര്‍ന്നാല്‍ ജീവിതം സഫലമാകും. ഇല്ലെങ്കില്‍ ദുഃഖവും നിരാശയും മാത്രമായിരിക്കും മിച്ചം.
ഈശ്വരനെ ഭജിക്കുന്നത് ഈശ്വരപ്രേമം ഒന്നു മാത്രം ലക്ഷ്യമാക്കിയായിരിക്കണം. എങ്കിലേ ജീവിതത്തില്‍ പൂര്‍ണ്ണമായ സംതൃപ്തി നേടുവാന്‍ കഴിയൂ. ശര്‍ക്കരയില്‍ എന്തുചെന്നു വീണാലും അതു മധുരമായിത്തീരുന്നു. അതുപോലെ ഈശ്വരനോടു ബന്ധപ്പെടുമ്പോള്‍ നമുക്കു കിട്ടുന്നത് ആനന്ദം മാത്രമാണ്. റാണി ഈച്ചയെ പിടിച്ചാല്‍ മതി മറ്റുള്ള ഈച്ചകളൊക്കെ കൂടെവരും. അതുപോലെ ഈശ്വരനെ ആശ്രയിച്ചാല്‍ ആദ്ധ്യാത്മികവും ഭൗതികവും ആയ സര്‍വ നേട്ടങ്ങളുമുണ്ടാകും.
ഇന്നു മിക്കവരും ഈശ്വരനെ ആശ്രയിക്കുന്നത് ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടുവാന്‍വേണ്ടി മാത്രമാണു്. അതു് ഈശ്വരനോടുള്ള സ്‌നേഹമല്ല, വസ്തുവിനോടുള്ള സ്‌നേഹമാണ്. ആഗ്രഹങ്ങള്‍ സാധിക്കുന്നതിനുവേണ്ടി മാത്രം ഈശ്വരനെ ആശ്രയിച്ചാല്‍ നമുക്ക് ഒരിക്കലും ദുഃഖത്തില്‍നിന്നു മോചനം നേടുവാന്‍ കഴിയില്ല. ദുഃഖങ്ങള്‍ ഒഴിയണമെങ്കില്‍ ആഗ്രഹങ്ങള്‍ അടങ്ങണം. അവിടുത്തോടു യഥാര്‍ത്ഥ ഭക്തിയും വിശ്വാസവും വരണം. അങ്ങനെയായാല്‍ നമ്മുടെ ന്യാ
യമായ എല്ലാ ആവശ്യങ്ങളും അവിടുന്നു നിറവേറ്റിത്തരും. രാജകൊട്ടാരത്തിലിരിക്കുന്ന നിസ്സാരവസ്തുക്കളെയല്ല സ്‌നേഹിക്കേണ്ടത്. രാജാവിനെത്തന്നെ സ്‌നേഹിക്കണം, രാജാവിനെ സ്വാധീനമാക്കിയാല്‍ കൊട്ടാരത്തിലെ കലവറ മുഴുവന്‍ നമുക്കു സ്വന്തമാകും. 'ജോലി തരണേ, വീടു തരണേ, കുട്ടിയെത്തരണേ' ഇങ്ങനെയൊന്നുമല്ല നാം ഈശ്വരനോടു പ്രാ
ര്‍ത്ഥിക്കേണ്ടതു്. 'ഈശ്വരാ, നീ എനിക്കു സ്വന്തമായി വരൂ' എന്നുവേണം പ്രാര്‍ത്ഥിക്കുവാന്‍. ഈശ്വരനെ കിട്ടിക്കഴിഞ്ഞാല്‍, അവിടുത്തെ കൃപ നേടുവാന്‍ കഴിഞ്ഞാല്‍ ത്രിലോകങ്ങളും നമ്മുടെ കാല്ക്കീഴില്‍ വരും. പക്ഷേ, നമ്മുടെ പ്രവൃത്തികള്‍ നന്നായിരിക്കണം. സമര്‍പ്പണഭാവം പൂര്‍ണമായിരിക്കണം. അങ്ങനെയായാല്‍ എന്തൊക്കെ സംഭവിച്ചാലും അതൊന്നും നമ്മുടെ ആന്തരികമായ ശാന്തിയെയും സംതൃപ്തിയെയും ബാധിക്കില്ല. കാരണം ബാഹ്യമായ കാര്യങ്ങളല്ല നമുക്കു യഥാര്‍ത്ഥത്തില്‍ ആനന്ദം തരുന്നത്. ആനന്ദം നമ്മുടെയുള്ളില്‍ത്തന്നെയുണ്ട്. അത് നഷ്ടമാക്കാന്‍ ബാഹ്യകാര്യങ്ങളെ അനുവദിക്കാതിരുന്നാല്‍ മാത്രം മതി. സുഖവും ദുഃഖവും അവിടുത്തെ പ്രസാദമായി സ്വീകരിക്കാന്‍ നമുക്കു കഴിയണം. അതിനുവേണ്ടത് ഈശ്വരങ്കലുള്ള സമര്‍പ്പണഭാവമാണ്.
മാതാ അമൃതാനന്ദമയി
No comments:
Post a Comment