Wednesday, May 22, 2019

നമ്മുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങളും ആദര്‍ശങ്ങളും ബാഹ്യമായിരിക്കുമ്പോള്‍  അതെല്ലാം അപ്രായോഗികമാണ്.  ഏതൊരാദര്‍ശവും ആദ്യം സ്വയമാണല്ലോ നടപ്പിലാക്കേണ്ടത്.  അങ്ങനെ ആന്തരിക പരിവര്‍ത്തനം നടന്നുകഴിഞ്ഞാണ് ബാഹ്യമായ പരിവര്‍ത്തനം സംഭവിക്കുക. 

 നാം പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി സംഘടിച്ച് പ്രവര്‍ത്തിക്കുന്നവരാകാം.  എന്നാല്‍ നമ്മുടെ സ്വന്തം മക്കള്‍ പഠിക്കുന്നത് അവിടെ ആകുന്നുമില്ല.  നാം മലിനീകരണത്തെ കുറിച്ചും വിഷമയമായ ഭക്ഷണങ്ങളെ കുറിച്ചും പ്രബോധനം നടത്തുന്നവരാകാം.  എന്നാല്‍ സ്വയം ലഹരിക്ക് അടിമയും ആയിരിക്കുന്നു.  സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രസംഗിക്കുകയും സ്വയം അത് പാലിക്കാതിരിക്കുകയും ചെയ്യും.  ഇങ്ങനെയൊക്കെ ആകുമ്പോള്‍ നമ്മുടെ പരിഷ്കരണ സംഘടനകളെല്ലാം വെറും ബാഹ്യമായ സംഘടനാ പ്രകടനം മാത്രമായിത്തീരുന്നു!

ഉദാത്തമായ ആദര്‍ശങ്ങള്‍ ആദ്യം സ്വന്തം മനസ്സില്‍ വേരുറയ്ക്കണം.  പിന്നെയത് സ്വന്തം പ്രവൃത്തികളില്‍ പ്രകാശിക്കണം.  കാപട്യം നിറഞ്ഞ ഒരായിരം വ്യക്തികളുടെ കപടമായ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ  സ്ഥാനത്ത് ആന്തരിക വിശുദ്ധിയുള്ള ഒരാളിന്‍റെ ആത്മാര്‍ത്ഥതയ്ക്ക്  സമൂഹത്തില്‍ അനുകൂലമായ പരിവര്‍ത്തനം സൃഷ്ടിക്കുന്നതിന് സാധിക്കും.  ഓരോ വ്യക്തിയും ഉള്ളിലെ സത്യവും നന്മയും കൊണ്ട് ശക്തിയാര്‍ജിക്കണം.  കാപട്യം നിറഞ്ഞ ആള്‍ബലംകോണ്ട് എന്തു കാര്യം!  സ്വയം പരിഷ്കരിക്കുകയാണ് ഒന്നാമത്തെ കാര്യം.  സ്വന്തം ആത്മാര്‍ത്ഥതയെയും ഹൃദയവിശുദ്ധിയെയും ചോദ്യം ചെയ്യണം!  അതില്ലാതെ ഏതു സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടെന്തു കാര്യം!  ഹൃദയത്തില്‍ ശുദ്ധിയുണ്ടെങ്കില്‍ അത് ആനന്ദം തന്നെയാണ്.
ഓം.
krishnakumar kp

No comments: