ദക്ഷിണാമൂർത്തി സ്തോത്രം-29
ഒരു ബീജത്തിന്റെ ഉള്ളിൽ നിന്ന് അംഗുരം പൊങ്ങി വന്ന് വലിയ വൃക്ഷമാകുന്നു.. അതേ പോലെ ഈ കാണപ്പെടുന്ന പ്രപഞ്ചം ശരീരത്തിലൂടെ കണ്ണ്, മൂക്ക്, ചെവി , നാവ് ,ത്വക്ക് എന്നിവ ഉപയോഗിച്ച് ശബ്ദ, സ്പർശ, രൂപ, രസ, ഗന്ധങ്ങളായിട്ട് അനുഭവപ്പെടുന്നു. ഈ കാണപ്പെടുന്ന പ്രപഞ്ചമൊക്കെയും പ്രാങ് അഥവാ പണ്ട് എന്നു വച്ചാൽ സൃഷ്ടിയുടെ ആരംഭത്തിനും മുൻപ് നിർവ്വികല്പം ആത്മാവാ ഇതമഗ്ര ആസീത്, ആത്മാവ് മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു, നിശ്ചലത മാത്രമേ ഉണ്ടായിരുന്നുള്ളു.
ആ നിർവ്വികല്പമായ സ്ഥിതിയിൽ നിന്ന് പിന്നെ എന്തുണ്ടായി?
ദേശകാലകലനാ വൈചിത്ര്യചിത്രീകൃതമ് |
കാലവും(Time) ,ആകാശവും (Space ) ഒക്കെയായി ഒരു ചിത്രം പോലെ പൊങ്ങി വന്നു. ഈ വിത്തിന്റെ ഉള്ളിൽ നിന്നും വൃക്ഷം പൊങ്ങി വരുന്ന പോലെ. എങ്ങനെ പൊങ്ങി വന്നു? ആര് കൊണ്ടു വന്നു?
മായാവീവ വിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാ
വിശ്വാമിത്രൻ ത്രിശങ്കുവിന് വേണ്ടി ഒരു ലോകം സൃഷ്ടിച്ചിരുന്നു. ചില യോഗികൾക്ക് ഇന്ദ്രജാലങ്ങൾ കാട്ടാനുള്ള കഴിവുണ്ട്. തിരുവനന്തപുരത്ത് രാജ ഭരണത്തിന്റെ കാലത്ത് ഒരു ഇന്ദ്രജാലക്കാരൻ ദേവാസുര യുദ്ധം കാണിച്ചു എന്ന് പറയപ്പെടുന്നു. പട്ടണത്തിൽ വലിയ ജനാവലിയുടെ മുന്നിൽ ആകാശത്ത് ദേവാസുര യുദ്ധം. വാളും പരിചയും കൂട്ടിമുട്ടുന്നതും, കബന്ധങ്ങളും, രക്തവും ഒക്കെ വീഴുന്നത് കണ്ട് ജനങ്ങൾ പേടിച്ച് ഓടുകയും,ഓടി വീണ് മുറിവുകൾ ഉണ്ടാവുകയും ചെയ്തു എന്ന് അറിയപ്പെടുന്നു. ഒന്നുമില്ലാത്തിടത്ത് ഇന്ദ്രജാല പ്രകടനം. ഇന്ദ്രജാലക്കാർ മായാവിദ്യ കാണിക്കുന്നതു പോലെ ഏതോ ഒരു അനിർവചനീയ ശക്തി ഈ ലോകത്തെ പൊന്തിച്ചു കൊണ്ടു വരുന്നു. എന്തിന് ? എന്തിനെന്ന് ചോദിക്കരുത്, സ്വേച്ഛയാ.
എന്തിന്, എവിടെ, എങ്ങനെ ഇതൊക്കെ കാല ദേശത്തെ ആസ്പദമാക്കിയ ചോദ്യങ്ങളാണ്. ഇതൊക്കെ ഇന്ദ്രിയ ജന്യമായ ചോദ്യങ്ങളാണ്. ഇന്ദ്രിയങ്ങൾക്ക് പ്രസക്തിയില്ലാത്ത ഒരു ചോദ്യമേ ഉള്ളു ആർക്ക്? ഈ അനുഭവങ്ങൾ ആർക്കുണ്ടാകുന്നു. ഈ പ്രപഞ്ചത്തെ ആര് കാണുന്നു? ഞാൻ കാണുന്നു. ഈ ഞാൻ ആര്?
ഇന്ദ്രജാലം കാട്ടുന്ന യോഗിയെ പോലെ ഈ ലോകം പൊന്തിച്ചു കൊണ്ടു വന്നിരിക്കുന്നു. ഒരിക്കൽ രമണ ഭഗവാനോട് ഒരു ശിഷ്യൻ ചോദിച്ചു ഭഗവാനേ ഈ ലോകം എന്തിന് സൃഷ്ടിക്കപ്പെട്ടു. രമണ ഭഗവാൻ പറഞ്ഞു "so that you would ask this question " . എന്തിന് എന്നല്ല ചോദിക്കേണ്ടത്. ആര് കാണുന്നു എന്നതിനാണ് പ്രസക്തി. അത് ഞാനാണെങ്കിൽ ആ ഞാനാര് എന്നറിയുന്നതിനാണ് പ്രസക്തി.
Nochurji.
Malini dipu
No comments:
Post a Comment