Monday, May 20, 2019

സമ്പാതി പോയശേഷം വാനരസേനാനായകന്മാര്‍ ഒത്തു ചേര്‍ന്ന് അനന്തര നടപടികളെക്കുറിച്ച് ആലോചിച്ചു. 'ഇനി നമുക്ക് ഈ മഹാസമുദ്രം കടക്കണം. അതിനുള്ള കഴിവ് ആര്‍ക്കുണ്ട്. ഒരാള്‍ പോയാല്‍ മതി. ആര്‍ക്കു പോകാനാവും ? ഓരോരുത്തരും അവരവരുടെ കഴിവുകളെക്കുറിച്ച് പറയുക. 'അംഗദന്‍ പറഞ്ഞു. വാനരില്‍ ചിലര്‍ തങ്ങള്‍ക്ക് പത്തു യോജന മുതല്‍ തൊണ്ണൂറു യോജന വരെ ചാടാനാവുമെന്ന് വെളിപ്പെടുത്തി. നൂറു യോജന ദൂരെയാണ് ലങ്ക. തനിക്ക് ലങ്കയിലേക്ക് ചാടാനാകും. തിരികെ ചാടാനായില്ലെങ്കില്‍ പെട്ടു പോകുമെന്ന് അംഗദന്‍ പറഞ്ഞു.
ചാടാന്‍ താനും തയ്യാറാണെന്ന് ജാംബവാന്‍ പറഞ്ഞു. പക്ഷേ വാര്‍ധക്യം നിമിത്തം ലക്ഷ്യം തെറ്റിയാല്‍ സമുദ്രത്തിലാകും വീഴുകയെന്നും ഓര്‍മിപ്പിച്ചു. 
ഇതെല്ലാം കേട്ടതായി ഭാവിക്കാതെ ഒരാള്‍ ഇരിപ്പുണ്ടായിരുന്നു-ഹനുമാന്‍. ആത്മസ്ഥൈര്യവും തന്റേടവുമില്ലാത്തവനെപ്പോലെ ഹനുമാനിരുന്നു. ജാംബവാന്‍ ഹനുമാന്റെയരികിലെത്തി, ഇതെല്ലാം കേട്ടിട്ടും നീയെന്താണ് ഇങ്ങനെ ഒന്നുമറിയാത്തവനെപ്പോലെ ഇരിക്കുന്നതെന്ന് ചോദിച്ചു. സീതാന്വേഷണത്തിന് ലങ്കയിലേക്ക് കടക്കാന്‍ നിനക്കു മാത്രമേ സാധിക്കൂ. ദേവിയെ കാണണമെങ്കില്‍ ഈ സമുദ്രം കടന്ന് ലങ്കയിലെത്തണം. നിനക്കുമാത്രമേ അതിന് സാധിക്കൂ. 
വീരാഗ്രേസരന്മാരുടെ ഇടയില്‍ ഞാനെത്ര നിസ്സാരനാണ്. എന്നെക്കൊണ്ട് അതിന് സാധിക്കുമോ എന്ന് ഹനുമാന്‍ മറുപടി നല്‍കി. നിനക്കേ അതിനു കഴിയൂ എന്നു പറഞ്ഞ് ജാംബവാന്‍ ഹനുമാനെ പുകഴ്ത്തി. ' നിന്നേക്കാള്‍ വലിയൊരു വീരനില്ല നമുക്കിടയില്‍. ദേവാധിനാഥന്മാരുടെയെല്ലാം വരദാനഭാജനം. ശ്രീരാമദേവന്റെ വിശ്വാസപാത്രം. ഇതില്‍ കൂടുതല്‍ എന്തു മഹിമയാണ് ഒരാള്‍ക്കുണ്ടാകുക. മൂന്നുലോകങ്ങളിലും നിനക്കു ചെയ്യാനാവാത്തൊരു കാര്യമില്ല. നിന്നെക്കുറിച്ച് നീ മനസ്സിലാക്കാത്തതു കൊണ്ടാണ്.' അുകേട്ട ഹനുമാന്‍ ഊര്‍ജ്ജ്വസ്വലനായി. 'എനിക്കു കഴിയുമെന്നാണ് നിങ്ങളുടെ വിശ്വാസമെങ്കില്‍ ലങ്കയിലേക്ക് ചാടാന്‍ ഞാന്‍ തയ്യാറാണ്. രാമദേവന്റെ അനുഗ്രഹത്താല്‍ നമുക്ക് വിജയം സിദ്ധിക്കട്ടെ. ' ഹനുമാന്‍ കുതിച്ചൊന്നു ചാടി മഹേന്ദ്രഗിരിയുടെ മുകള്‍പ്പരപ്പിലെത്തി. പിന്നീട് ശ്രീരാമദേവനെ ഹൃദയത്തിലാവാഹിച്ച് തെക്കേ സമുദ്രപ്പരപ്പിലേക്ക് ഒന്നു നോക്കി. മറ്റു വാനരന്മാര്‍ വിസ്മയത്തോടെ നോക്കി നില്‍ക്കേ  ഹനുമാന്‍ അലറിക്കുതിച്ചൊരു ചാട്ടം. 
മഹേന്ദ്രഗിരി ഒന്ന് കുലുങ്ങിപ്പതിഞ്ഞമര്‍ന്നു.  വൃക്ഷങ്ങള്‍ ആടിയുലഞ്ഞു. സിംഹങ്ങളും ആനകളും ഭയന്നോടി. ചാടിയുയര്‍ന്ന മാരുതി മിന്നല്‍ വേഗത്തില്‍ തെക്കോട്ടാഞ്ഞ് മറഞ്ഞു. മിന്നല്‍ വേഗത്തില്‍ മുന്നോട്ട്  സഞ്ചരിച്ച ഹനുമാന്റെ മുന്നില്‍ ഒരു ഭീകരരൂപിണി പ്രത്യക്ഷപ്പെട്ടു. അവള്‍ ഹനുമാനെ അപ്പാടെ ഭക്ഷിക്കാന്‍ തുനിഞ്ഞു. 'ഈ ആകാശത്തിനു മീതേ പോകുന്ന എല്ലാ ജീവജാലങ്ങളേയും ഭക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്. അനേക ശതാബ്ദങ്ങളായി ഞാന്‍ ഇങ്ങനെയാണ് കഴിഞ്ഞു കൂടുന്നത്. ഇതെല്ലാം എനിക്ക് ബ്രഹ്മദേവകല്പിതമാണ്' അവള്‍ പറഞ്ഞു. 
ഹനുമാന്‍ താനൊരു കാര്യസാധ്യത്തിനായി പോകുകയാണെന്ന് ആ സ്ത്രീസത്വത്തോടു പറഞ്ഞു. ' ഞാന്‍ ശ്രീരാമദൂതനാണ്.   സ്വാമി ഏല്‍പ്പിച്ചൊരു ദൗത്യം നിറവേറ്റിയ ശേഷം ഞാന്‍ തിരികെ വരാം. വാക്കുപാലിക്കുന്നതില്‍ നിന്ന് ഞാന്‍ വ്യതിചലിക്കില്ല.' ഹനുമാന്‍ വിനയത്തോടെ പറഞ്ഞു. എന്തൊക്കെ പറഞ്ഞിട്ടും ആ ഭീകരരൂപിണി വഴങ്ങിയില്ല. ഒടുവില്‍ തന്നെ ഭക്ഷിച്ചു കൊള്ളാന്‍ ഹനുമാന്‍ അനുമതി നല്‍കി. അവളോട് വാ തുറക്കാന്‍ ആവശ്യപ്പെട്ടു. അവള്‍ വലിയ ഗുഹപോലുള്ള വാ പിളര്‍ത്തി. അപ്പോള്‍ ഹനുമാന്‍ തന്റെ ശരീരം പര്‍വതത്തോളം വലുതാക്കി. അവള്‍ ആകാശം പോലെ വായ് വലുതാക്കി. ഉടനെ ബുദ്ധിമാനായ ഹനുമാന്‍ തന്റെ ശരീരം തീരെ  ചെറുതാക്കി. അവളുടെ വായിലൂടെ കടന്ന് ചെവിയിലൂടെ പുറത്തു വന്നു. 
ചെവിയിലൂടെ പുറത്തുവന്നത് പിറവിയെടുത്തതിനു തുല്യമായതിനാല്‍ അവിടുന്ന് എന്റെ അമ്മയായി മാറിയെന്ന് ഹനുമാന്‍ പറഞ്ഞു. 
ഉടനെ ആ സത്വം ശാന്തയായി ഇങ്ങനെ പറഞ്ഞു തുടങ്ങി; ' മകനേ നീ എന്റെ പുത്രനായത് ഭാഗ്യം. ഞാന്‍ നാഗമാതാവായ സുരസയാണ്. ശ്രീരാമദേവ കാര്യാര്‍ഥം പോകുന്ന നിന്റെ വീര്യശൗര്യബലങ്ങള്‍ പരീക്ഷിച്ചറിയാന്‍ ഇന്ദ്രാദികള്‍ പറഞ്ഞതനുസരിച്ച് വന്ന് മാര്‍ഗതടസ്സമുണ്ടാക്കിയതാണ് ഞാന്‍. നിനക്ക് സര്‍വ വിജയവും ഭവിക്കട്ടെ. ' 
സുരസയോട് യാത്ര പറഞ്ഞ് ഹനുമാന്‍ വീണ്ടും മുന്നോട്ട് കുതിച്ചു.
janmabhumi

No comments: