Monday, May 27, 2019

മണ്ണിന്റെ കരുത്തില്‍ മനുഷ്യന് സമാധാനം

Sunday 26 May 2019 3:32 am IST
മനുഷ്യന്‍ മണ്ണില്‍ ചവിട്ടുമ്പോള്‍ ഭൂമിയില്‍ നിറഞ്ഞുനില്‍ക്കുന്ന നെഗറ്റീവ് ഇലക്‌ട്രോണുകളും ആന്റി ഓക്‌സിഡന്റുകളും മനുഷ്യശരീരത്തിലേക്ക് പ്രവഹിക്കുമെന്നാണ് ആ ഗവേഷകരുടെ കïെത്തല്‍. അത് ഭൂമിയേയും മനുഷ്യനേയും ഒരേ ഊര്‍ജാവസ്ഥയിലേക്ക് കൊïുവരുന്നു
പരമ്പരാഗതമായി നാം പിന്തുടരുന്ന ഒരു ആചാരമുണ്ട്. ദേവാലയങ്ങളില്‍ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ പാടില്ലായെന്ന ആചാരം. ക്ഷേത്രത്തില്‍ നഗ്നപാദരായി പ്രദക്ഷിണം വയ്ക്കണം. ഓരോ ദേവതാ സങ്കല്‍പത്തിനുമനുസരിച്ച് നിശ്ചിതയെണ്ണം പ്രദക്ഷിണം വയ്ക്കണമെന്നതാണ്. കോടതി ഉത്തരവും വാങ്ങി ആരെങ്കിലും വരുംവരേയ്ക്ക് ഈ പതിവ് തുടരുകയും ചെയ്യും.
പക്ഷേ കാലില്‍നിന്ന് ചെരിപ്പഴിക്കുകയെന്നത് മിക്കവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ദേവാലയങ്ങളില്‍ ചെരിപ്പുപയോഗിക്കരുതെന്ന നിബന്ധന തന്നെ അറു പഴഞ്ചനാണെന്ന് പറയുന്നവരുമുണ്ട്. ചെരിപ്പിടാതെ നടന്നാല്‍ മാറാരോഗങ്ങളും രോഗാണുക്കളും ത്വക്കിലൂടെ അകത്തുകയറുമെന്നൊരു ശാസ്ത്രീയ ചിന്തയും അവര്‍ക്കുണ്ട്. പക്ഷേ അതിനൊരു മറുവശമുണ്ടെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്. മണ്ണില്‍ ചെരിപ്പിടാതെ നടക്കുന്നതിലാണ് ആരോഗ്യമെന്ന് അവര്‍ വാദിക്കുന്നു. ശരീരത്തിനുള്ളില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന റാഡിക്കലുകളെ നെഗറ്റീവ് ചാര്‍ജ് നിറഞ്ഞ മണ്ണിലേക്ക് 'എര്‍ത്ത്' ചെയ്ത് കളയുന്നതിനുള്ള അപൂര്‍വ അവസരമാണത്രെ നഗ്നപാദയാത്ര. നമ്മുടെ പൂര്‍വികര്‍ ചെയ്തിരുന്നതും അതാണല്ലോ. 
പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ എനര്‍ജി മെഡിസിന്‍ വിദഗ്ദ്ധനായ ഡോ. ജയിംസ് ഓസ്മാന്‍ നടത്തിയ ഗവേഷണങ്ങളാണ് ആധുനിക കാലത്ത് മണ്ണിന്റെ മഹത്വം മാലോകരെ അറിയിച്ചത്. ശരീരത്തിലെ നീര്, ഉറക്കക്കുറവ്, ദേഹവേദന, രക്തഓട്ടത്തിലെ മാന്ദ്യം. ഹൃദയത്തിലെ ചില തകരാറുകള്‍, തൊലി ചുക്കിച്ചുളിയുന്നത്. മുറിവുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഒന്നാം തരം മരുന്നാണത്രെ മണ്ണിലെ നില്‍പ്പും നടപ്പും. സൂര്യപ്രകാശവും വായുവും ശുദ്ധജലവും പോഷകാഹാരവും വ്യായാമവും പോലെ ആരോഗ്യകരമായ ജീവിതത്തില്‍ മണ്ണിലെ നില്‍പ്പും അനുപേക്ഷണീയമാണെന്ന് ജയിംസ് ഓസ്മാന്‍ പറയുന്നു.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡവലപ്‌മെന്റ് ആന്റ് സെല്‍ ബയോളജി വകുപ്പിന്റെ നിരീക്ഷണത്തില്‍ രക്തത്തിന്റെ കട്ടി കുറയ്ക്കാനും തദ്വാരാ പല ഹൃദയരോഗങ്ങളും ഒഴിവാക്കാനും മണ്ണിലെ നില്‍പ്പ് സഹായിക്കുന്നു. വയസ്സാകുന്ന പ്രക്രിയ (ഏജിങ്ങ്)യെ മന്ദീഭവിപ്പിക്കാനും നല്ല ഉറക്കം പ്രദാനം ചെയ്യാനും പച്ചമണ്ണ് മനുഷ്യനെ സഹായിക്കുന്നു. 'ഗ്രൗണ്ടിങ്ങ് അഥവാ 'എര്‍ത്തിങ്ങ്' എന്നാണ് പച്ചമണ്ണില്‍ ചവിട്ടിനില്‍ക്കുന്നതിനെ സായ്പന്മാര്‍ വിളിക്കുന്നത്. ശരീരവും മണ്ണും തമ്മിലുള്ള ബന്ധത്തെയാണ് ഗവേഷകര്‍ വീണ്ടും വീണ്ടും വിശകലനം ചെയ്തത്.
മനുഷ്യന്‍ മണ്ണില്‍ ചവിട്ടുമ്പോള്‍ ഭൂമിയില്‍ നിറഞ്ഞുനില്‍ക്കുന്ന നെഗറ്റീവ് ഇലക്‌ട്രോണുകളും ആന്റി ഓക്‌സിഡന്റുകളും മനുഷ്യശരീരത്തിലേക്ക് പ്രവഹിക്കുമെന്നാണ് ആ ഗവേഷകരുടെ കണ്ടെത്തല്‍. അത് ഭൂമിയേയും മനുഷ്യനേയും ഒരേ ഊര്‍ജാവസ്ഥയിലേക്ക് കൊണ്ടുവരുന്നു. ഭൂമിയില്‍ നഗ്നപാദരായി നടക്കുന്നത് മനുഷ്യന്റെ ആരോഗ്യവും സുഖവും മെച്ചപ്പെടുത്തുന്നുവെന്ന സത്യം ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങളിലും പൈതൃക സാഹിത്യത്തിലും കാണാമെന്ന് ഓസ്മാന്‍ പറയുന്നുണ്ട്. പക്ഷേ പഞ്ചസാരമണല്‍ നിറഞ്ഞ ബീച്ചിലെത്തുമ്പോള്‍ മാത്രമാണ് ഷൂസ് അഴിക്കാന്‍ മനുഷ്യന്‍ താല്‍പ്പര്യം കാണിക്കുന്നത്.
ഓസ്മാന്റെ നിരീക്ഷണത്തെ പിന്താങ്ങുന്ന നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ 'എന്‍വയണ്‍മെന്റ് പബ്ലിക് ഹെല്‍ത്ത്' 'ആള്‍ട്ടര്‍നേറ്റീവ് തെറാപ്പി' തുടങ്ങിയ ജേര്‍ണലുകളില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഗ്രൗണ്ടിങ്ങിലൂടെ വേദനനിറഞ്ഞ നീര്, മുറിവുകള്‍ ചുവന്ന വടുക്കള്‍ തുടങ്ങിയവയെല്ലാം ഭേദപ്പെടുന്നതായി 'ജേര്‍ണല്‍ ഓഫ് ഇന്‍ഫ്‌ളേഷന്‍ റിസര്‍ച്ചും' ചൂണ്ടിക്കാണിക്കുന്നു. 'ഇലക്ട്രിക് ന്യുട്രീഷന്‍' എന്ന പദമാണ് ശരീരത്തിലേക്കുള്ള ഇലക്‌ട്രോണ്‍ പ്രവാഹത്തിന് അവര്‍ ഉപയോഗിക്കുന്നത്. ഈ പ്രക്രിയകൊണ്ട് രോഗം മാറുമ്പോള്‍ യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നുമില്ല. നിലത്ത് കിടന്നുള്ള ഉറക്കവും ഏറെ നല്ലതാണത്രെ. അത് നെഗറ്റീവ് ചാര്‍ജുള്ള കണങ്ങളെ മണ്ണില്‍ നിന്ന് ആകര്‍ഷിക്കും. ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. സ്റ്റീഫന്‍ സിനേത്രയും ഇത് ആവര്‍ത്തിക്കുന്നു.
ഭൂമിയിലെ നെഗറ്റീവ് ചാര്‍ജുള്ള കണങ്ങള്‍ ശരീരത്തിലെ മുറിവുകള്‍ക്ക് ചുറ്റും ഒരു സൂക്ഷ്മ കാലാവസ്ഥ രൂപപ്പെടുത്തി മുറിവുണക്കല്‍ പ്രക്രിയ വേഗത്തിലാക്കുമെന്നും ബദല്‍ ചികിത്സകര്‍ വാദിക്കുന്നു.
റബര്‍, പ്ലാസ്റ്റിക്, തടി, അസ്ഫാള്‍ട്ട്, വിനൈല്‍, ടാര്‍ തുടങ്ങിയ വസ്തുക്കള്‍ പ്രകൃതിദത്തമായ ഭൗമ ഇലക്‌ട്രോണ്‍ പ്രവാഹത്തെ തടസ്സപ്പെടുത്തുമ്പോള്‍ മണല്‍, കടല്‍ത്തീരം, പച്ചമണ്ണ്, പുല്ല്, ഇഷ്ടിക, സിറാമിക് തുടങ്ങിയ വസ്തുക്കള്‍ 'ഗ്രൗണ്ടിങ്ങി'ന് തടസ്സം നില്‍ക്കുന്നില്ല. കുചാലകങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന പാദരക്ഷകള്‍ എര്‍ത്തിങ്ങിനു തടസ്സം നില്‍ക്കുന്നു.
ഓസ്മാന്റെയും സിനേത്രയുടെയുമൊക്കെ ഗവേഷണങ്ങളിലെ ശാസ്ത്രീയത ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. പക്ഷേ സദാ ചെരിപ്പുപയോഗിക്കുന്ന ശീലത്തില്‍നിന്ന് അല്‍പം പിന്നാക്കം പോകുന്നതില്‍ യാതൊരപകടവുമില്ല. ഗുണം ഉണ്ടാകാന്‍ മാത്രമാണ് സാധ്യത. ഭൂമിയുടെ ആന്റി ഓക്‌സിഡന്റ് സ്വഭാവമുള്ള ഇലക്‌ട്രോണുകള്‍ നമ്മുടെ ശരീരത്തിലേക്കും പ്രവഹിക്കട്ടെ.
ഗവേഷണത്തിന്റെ കൃത്യത എത്രത്തോളമുണ്ടെങ്കിലും അല്‍പം ആരോഗ്യം കൂടുതല്‍ കിട്ടുന്നതില്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ലല്ലോ. അല്‍പം സുഖവും നല്ല ഉറക്കവുമൊക്കെ കിട്ടുന്നത് എന്തിന് വേണ്ടെന്ന് വയ്ക്കണം? പക്ഷേ ചെരിപ്പിടാതെ നടന്ന്  കാലില്‍ ആണികൊണ്ടാല്‍ ലേഖകന് ഉത്തരവാദിത്വമില്ലായെന്നുകൂടി ഓര്‍ക്കുക. വൃത്തികെട്ട പരിസരത്തില്‍ ചെരിപ്പിടാതെ നടന്ന് രോഗങ്ങള്‍ പിടിപെട്ടാലും ലേഖകന് ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ല എന്നൊരു വാല്‍ക്കഷണവും അതോടൊപ്പം ചേര്‍ക്കാം...janmabhumi

No comments: