തെച്ചി(ചെത്തി)
Tuesday 1 January 2019 2:39 am IST
ശാസ്ത്ര നാമം: Ixora coccinea
തമിഴ്: തെച്ചി
സംസ്‌കൃതം: രക്തള, പാരന്തി
എവിടെക്കാണാം: ഇന്ത്യയിലുടനീളം വീട്ടുമുറ്റത്ത് പൂച്ചെടിയായി നട്ടുവളര്‍ത്തുന്നു
ഔഷധ പ്രയോഗങ്ങള്‍: ഏഴു തെച്ചിപ്പൂവ്, കാഞ്ഞിരത്തിന്റെ തളിരില, കറുകപ്പുല്ല്, മുരിങ്ങാ തളിര്‍ ഇവ തുണിയില്‍ കിഴികെട്ടി, ചതച്ച,് മുലപ്പാലില്‍ മുക്കി, ഒരു മാസം തുടര്‍ച്ചയായി കണ്ണില്‍ ഞരടി പിഴിഞ്ഞൊഴിച്ചാല്‍ കണ്ണിലെ തിമിരം അലിഞ്ഞ് പോകും. ഇതു പ്രയോഗിക്കുമ്പോള്‍ ആദ്യ ആഴ്ചയില്‍ കണ്ണില്‍ പീളകെട്ടുന്നതു പോലെ തോന്നും.
തെച്ചിയുടെ പൂമൊട്ട്, ജീരകം ഇവ കൂട്ടിച്ചതച്ച് രണ്ട് ദിവസം വെച്ച ശേഷം അരിച്ചെടുത്ത് പുരട്ടിയാല്‍ കണ്ണിലെ നീരും പഴുപ്പും മാറും.
തെച്ചിപ്പൂവ്, ചീനപ്പാവ്, കൊത്തമല്ലി, ഇവ തുല്യം അരച്ച്, നെല്ലിക്കാ അളവില്‍ ദിവസം മൂന്ന് നേരം തുടര്‍ച്ചയായി ഏഴ് ദിവസം സേവിച്ചാല്‍ കഫംകൊണ്ടുള്ള വയറ്റിളക്കം, സാധാരണ വയറ്റിളക്കം, സ്ത്രീകളിലെ വെള്ളപോക്ക്് എന്നിവ ശമിക്കും.
തെച്ചി വേര്, പച്ച മഞ്ഞള്‍, തുളസി വേര് പുളിയാരില, തെച്ചിപ്പൂവ്, തുമ്പ വേര്, പിച്ചക ഇല, കടുക്കാത്തൊണ്ട്, ഇവ ഓരോന്നും പത്ത് ഗ്രാം വീതം അരച്ച് ഒരു ലിറ്റര്‍ നെയ്യ് ആറു ലിറ്റര്‍ പച്ചവെള്ളം എന്നിവയില്‍ കലക്കി അരക്ക്മധ്യേ പാകത്തില്‍ കാച്ചിയരിച്ച് ദിവസം അഞ്ച് മില്ലി വീതം അഞ്ച് ദിവസം സേവിച്ചാല്‍ വയറ്റിലെയും കുടലിലെയും പുണ്ണ് ശമിക്കും.
അമ്പത് ഗ്രാം തെച്ചിപ്പൂവ്, ഇരുപത്തിയഞ്ച് ഗ്രാം പച്ചമഞ്ഞള്‍, ഇരുപത്തഞ്ച് ഗ്രാം കാര്‍കോകില്‍ അരി, ഇരുപത്തഞ്ച് ഗ്രാം നറുനീണ്ടി കിഴങ്ങ്, ഇവ അരച്ച് കല്‍ക്കം ചേര്‍ത്ത് ഒരു ലിറ്റര്‍ എള്ളെണ്ണയില്‍ 6 ലിറ്റര്‍ ശുദ്ധജലവും ചേര്‍ത്ത് മണല്‍ പാകത്തില്‍ കാച്ചി അരിച്ച് തേച്ചാല്‍ ചൊറി, ചിരങ്ങ്, ചൊറിച്ചില്‍ ഇവ മാറിക്കിട്ടും.
No comments:
Post a Comment