അയൽപക്കക്കാരിലേക്കു നമ്മൾ കാതോർക്കുമ്പോൾ അവരുടെ പ്രശ്നങ്ങൾ വെറുതെ നാം നമ്മുടെ തലയിലെടുത്തിടുകയാണ്. പിന്നെ അതിനെപ്പറ്റി വിചാരം, ചർച്ച... എല്ലാം കൂടി കൂടിക്കുഴഞ്ഞ് ചിലപ്പോ നമുക്കതിൽനിന്നും ഒരിക്കലും ഊരിപ്പോരാൻപറ്റാത്ത അവസ്ഥയാകും. ആകെ സമാധാനക്കേട്, അസ്വസ്ഥത.
മറ്റൊരു രാജ്യത്ത് ഏതോ ഒരു കോണിൽ ഒരാൾ കാറപകടത്തിൽപെട്ടു എന്ന വാർത്ത നാം വായിക്കുന്നു, നമ്മെ സംബന്ധിച്ച് അതു വെറുമൊരു വാർത്ത മാത്രം, പ്രത്യേകിച്ചൊരു വികാരവും നമുക്കതിൽ ഉണ്ടാവുന്നില്ല. എന്നാൽ നമ്മുടെ ഒരു ബന്ധുവിനാണ് ഇങ്ങനെ ഒരപകടം സംഭവിക്കുന്നതെങ്കിലോ, നമുക്ക് വലിയ വിഷമം, ആസ്വസ്ഥത. അപ്പൊ എന്തുപറ്റി... നമ്മുടെ സ്വന്തമെന്നു കരുതിയപ്പൊ നമ്മൾ അസ്വസ്ഥരായി. നമുക്കു പ്രത്യേകിച്ചൊരു ബന്ധവുമില്ലെന്നുവന്നാലോ, ഒന്നും നമ്മെ ബാധിക്കുന്നില്ല.
ഈ മനസ്സിനെ ഞാൻ ഏന്നോ എന്റേതെന്നോ എനിയ്ക്കുവേണ്ടിയെന്നോ ചിന്തിച്ചാൽ മനസ്സിന്റേതായ എല്ലാ അസ്വസ്ഥതകളും നമ്മെ ബാധിക്കും. മനസ്സ് ഞാൻ അല്ല, മനസ്സ് എന്റെയല്ല, ഭനസ്സ് എനിയ്ക്കുവേണ്ടിയും അല്ല എന്നു കണ്ടെത്തിക്കഴിഞ്ഞാലോ, മനസ്സുമായി ബന്ധപ്പെട്ട യാതൊന്നും നമ്മെ ബാധിക്കുകയില്ല.
മനസ്സെന്ന ഏതോ അരനിർവചനീയ ശക്തി, അതെന്തൊക്കെയോ കാട്ടിക്കൂട്ടുന്നു, എന്നാൽ അതുമായി എനിയ്ക്കൊരു,ബന്ധവുമില്ല, ഞാനതിന്റെ സാക്ഷി മാത്രമാണ് എന്ന് ആഴത്തിൽ ആത്മവിചാരം ചെയ്താൽ അറിയാൻപറ്റും. അതുകൊണ്ട് മനസ്സ് അതിന്റെ എന്തു കളികളും കളിച്ചോട്ടെ, നല്ലൊരു ഹാസ്യ സിനിമ കാണുംപോലെ ഞാനതിന്റെ ചേഷ്ടകൾ കണ്ടു രസിക്കും എന്നു ഉള്ളാലെ ഉറപ്പിച്ചുകഴിഞ്ഞാൽ പിന്നെ മനസ്സിനെക്കുറിച്ച് യാതൊരാശങ്കക്കും വഴിയില്ല.
ആത്മവിചാരം എന്ന ആത്മാവിന്റെ പഠനം ആണ് ഏറ്റവും വലിയ പഠനം. അതു ഫുൾ മാർക്കിൽ പാസായിക്കഴിഞ്ഞാൽ അതുതന്നെ ഏറ്റവും മുന്തിയ ക്വാളിഫിക്കേഷൻ; കാരണം അതു നിങ്ങളെ സകലതിൽ നിന്നും സംരക്ഷിച്ചുനിർത്തുന്ന കവചമാണ്. ഇതുറച്ചുകഴിഞ്ഞാൽ ഒരു ശക്തിക്കും നിങ്ങളെ ഉലയ്ക്കാൻ കഴിയുകയില്ല. കാരണം, എല്ലാ പ്രശ്നങ്ങൾക്കും മൂലകാരതമായ ശരീരത്തിൽനിന്നും നിങ്ങൾ സ്വയം അടർന്നുനീങ്ങി സ്വതന്ത്രമായിക്കഴിഞ്ഞു.
ഒന്നുകൂടി ഊന്നിപ്പറയട്ടെ; മനസ്സിനെ അടിച്ചമർത്താൻ നോക്കണ്ടാ, അതിനെ വേണ്ടുംവണ്ണം അറിഞ്ഞാൽ മാത്രം മതി. അതിനെ അറിയുന്നതോടെ അതിന്റെ സകല പൊള്ളത്തരവും നിങ്ങൾക്കു പിടികിട്ടും. ആളെ പിടികിട്ടിക്കഴിഞ്ഞാൽപിന്നെ ഭയക്കാനൊന്നുമല്ല. രാത്രിയിൽ വിജനമായൊരിടത്ത് ആരോ കണ്ടു പേടിച്ച പ്രേതത്തിനു നേർക്ക് മറ്റൊരാൾ ധൈര്യപൂർവ്വം മുന്നോട്ടുവന്ന് ടോർച്ചടിച്ചു നോക്കിയപ്പോൾ അതു വെറുമൊരു മരക്കുറ്റി. ആ മരക്കുറ്റി നിങ്ങൾക്കെന്തപകടം വരുത്താനാണ്! പക്ഷേ അതിനെ പ്രേതമെന്നു കണ്ടു പേടിച്ച ആളോ, കുറച്ചു ദിവസം നല്ല പനി പിടിച്ചു കിടപ്പിലുമായി.
Sudha Bharath
No comments:
Post a Comment