ലോകത്തിൽ പലയിടത്തും പ്രാപ്തമായ വസ്തുവിനെ പ്രാപിക്കാനുള്ള ശ്രമം സാധാരണ നാം കണ്ടുവരുന്നുണ്ട്. വായിക്കുമ്പോഴും മറ്റും കണ്ണട ഉപയോഗിക്കുന്ന ഒരാൾ യാദൃച്ഛികമായി അത് നെറ്റിമേൽ കയറ്റിവെച്ച് സമീപസ്ഥന്മാരോടു സംസാരിച്ചുകൊണ്ടിരുന്നു. അപ്പോൾ അഞ്ചൽ ശിപായി ഒരെഴുത്ത് പെട്ടെന്ന് അയാളെ ഏത്തിച്ചു. അതു വായിക്കാനുള്ള ഉത്ക്കണ്ഠനിമിത്തം അയാൾ അങ്ങുമിങ്ങും കണ്ണട അന്വേഷിക്കാൻ തുടങ്ങി. ഇതു കണ്ട് സമീപസ്ഥൻ അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോൾ കണ്ണട കണ്ടില്ല എന്ന് അയാൾ പരാതിപ്പെട്ടു. 'കണ്ണട നിങ്ങളുടെ നെറ്റിയിൽകണ്ണിനു സമീപത്തിൽത്തന്നെയല്ലെ ഇരിക്കുന്നത്' എന്ന് അവർ സാപഹാസം പറഞ്ഞപ്പോൾ അയാൾക്ക് കാര്യം മനസ്സിലായി. അയാൾ കണ്ണട ഇറക്കിവച്ച് എഴുത്തു വായിക്കാൻ തുടങ്ങി. അജ്ഞാനം നിമിത്തം പലർക്കും അനുഭവപ്പെടാറുള്ള ഒരു കാര്യമാണല്ലോ ഇത്. ഇവിടെ കണ്ണട ഉടമസ്ഥന്റെ കൈവശംതന്നെ ഉണ്ടായിരുന്നിട്ടും അയാൾ ആ വാസ്തവമറിയാതെ (അജ്ഞാനംനിമിത്തം) അന്വേഷിക്കുവാൻ തുടങ്ങി. ആപ്തന്മാരുടെ (സമീപസ്ഥന്മാരുടെ) വാക്കുകൊണ്ട് അയാൾക്ക് കണ്ണട കിട്ടി. നഷ്ടപ്പെട്ടുപോയി എന്ന അനുഭവം അജ്ഞാനം കൊണ്ടും കിട്ടി എന്ന അനുഭവം ജ്ഞാനം കൊണ്ടും ഉണ്ടായതാണ്. ഈ കണ്ണട കിട്ടുകയെന്നത് പ്രാപ്തപ്രാപ്തിക്ക് ഉദാഹരണമാണ്. ഇതു പോലെ ശാസ്‌ത്രോക്തങ്ങളായ 'വിസ്മൃതകണ്ഠചാമീകാരന്യായം79,' 'ദശമപുരുഷന്യായം80'
(കണ്ഠചാമീകരം കഴുത്തിലണിഞ്ഞിരിക്കുന്ന സ്വർണ്ണം; കഴുത്തിൽ സ്വർണ്ണമാലഅണിഞ്ഞിരിക്കുന്ന കാര്യം മറന്ന് എല്ലായിടത്തും മാല അന്വേഷിക്കുകയും അവസാനം അത് കഴുത്തിൽ തന്നെയുണ്ടെന്ന് ഓർമ്മിക്കുകയും ചെയ്യുന്നതുപോലെ എന്നർത്ഥം.)
( പത്തുപേർ ഒരു നദി നീന്തിക്കടന്നശേഷം തങ്ങളിലാരും നദിയിലൊലിച്ചു പോയില്ലെന്ന് ഉറപ്പുവരുത്തുവാനായി ഓരോരുത്തരും എണ്ണിനോക്കിയിട്ടും ഒരാൾ കുറവായിക്കണ്ടിട്ട് വിലപിച്ചുകൊണ്ടിരുന്നപ്പോൾ ഒരു മഹാത്മാവ് വന്ന് എണ്ണിക്കൊണ്ടിരുന്നവനോട് നീയാണ് ദശമപുരുഷൻ (പത്താമൻ) എന്ന് പറഞ്ഞ് അവരെ ബോധവത്ക്കരിച്ചതിനോട് ഉപമിക്കുകയാണിവിടെ.)
മുതലായവയും പ്രകൃതത്തിൽ അനുസന്ധേയങ്ങളാണ്. ഇത്രയും കൊണ്ട് ദൃഷ്ടാന്തഹാനിയില്ലെന്നും ആശങ്ക അനുപപന്നമായി രുന്നു എന്നും സിദ്ധിച്ചല്ലോ?
No comments:
Post a Comment