Tuesday, May 28, 2019



കൈവല്യോപനിഷത്ത്

" സർവ്വോത്കൃഷ്ടമായ പരമാത്മാവ് "

   അവിഭാജ്യമായ, അദ്വിതീയമായ, സർവ്വത്തിനും സാക്ഷിയായ, ബുദ്ധിയുടെ ആശയങ്ങളായ 'ഉണ്ട്, ഇല്ല' എന്നിവയ്ക്കും അതീതമായ സത്യം തീർച്ചയായും സാക്ഷാത്കരിക്കപ്പെടുവാൻ യോഗ്യമാണ്. പക്ഷേ എവിടെയാണ് അതിനെ സാക്ഷാത്കരിക്കേണ്ടത് ? അത് സർവ്വവ്യാപിയാണ്. എല്ലാറ്റിനും അതീതമായതിനാൽ നമ്മുടെ ഗ്രഹണശക്തികൊണ്ട് അതിനെ ഗ്രഹിക്കാൻ സാധ്യമല്ല. അതിന് അതിന്റേതായ ഒരു ആശ്രയം ഇല്ലാത്തത് പോലെ തോന്നുന്നു.

 "ഹൃദയാന്തർഗതമായ സത്യം" എന്ന് ഇവിടെ മാത്രം വിശദീകരിക്കുന്നു (ഗുഹാശയം). ഒരു രാജ്യത്തിലെ ഭരണകൂടം എന്നാൽ രാജ്യംമുഴുവൻ ഉള്ളതാണ്. എങ്കിലും അതുമായി നമുക്ക് സമ്പർക്കം പുലർത്തണമെങ്കിൽ ഭരണകൂടത്തിന്റെ ആസ്ഥാനമായ തലസ്ഥാനത്തേക്ക് തീർഥയാത്ര പോകേണ്ടിവരും. അതുപോലെ, സർവ്വവ്യാപിയായ, ആത്മാവിനെ സത്യാന്വേഷകന്റെ ഹൃദയത്തിൽ തന്നെയുള്ള സന്നിധിയിൽ അനുഭവിക്കാൻ സാധിക്കുന്നതാണ്.

   ഇവിടെ ഹൃദയം എന്ന് പറയുന്നത് ശരീരത്തിലെ ഒരു അവയവം എന്ന അർത്ഥത്തിലല്ല. സാധകന്റെ വ്യക്തിത്വത്തിന്റെ മുഴുവൻ സുപ്രധാനമായ ഭാഗം എന്നു മാത്രമാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. ഹൃദയം എന്നത് മനുഷ്യനിലെ നന്മകളുടെ പ്രതീകമാണ്. ആരാണോ സ്നേഹവും സഹതാപവും സേവനവും പ്രസന്നതയും ശാന്തിയും സന്തോഷവും സമാധാനവും വളർത്തിയെടുക്കുന്നത്, അയാൾ തന്റെ ഹൃദയത്തെ പരിപോഷിപ്പിക്കുകയാണ്.

    അപ്രകാരമുള്ള സദ്ഗുണങ്ങളെല്ലാം സമ്മേളിക്കുന്ന ഒരു ഹൃദയത്തിൽ, തീവ്രാഭിലാഷങ്ങൾ ആകുന്ന കൊടുങ്കാറ്റിൽ നിന്നും സുരക്ഷിതമാക്കപ്പെട്ട സ്ഥലത്താണ് ശരീരമാകുന്ന ക്ഷേത്രത്തിൽ* സത്യത്തെ സാക്ഷാത്കരിക്കാനുള്ള ശ്രീകോവിൽ സ്ഥിതിചെയ്യുന്നത്.

    ഈ മഹത്തായ സത്യത്തെ സാക്ഷാത്കരിക്കുന്നതു വഴി ഒരാൾക്ക് ശുദ്ധമായ പരമാത്മ സ്വരൂപത്തിന്റെ അനുഭവമുണ്ടാകുന്നു. പരമാത്മ പ്രാപ്തി എന്നാൽ സ്വപ്നം കാണുന്നവൻ ഉണർന്ന് ജാഗ്രത് സ്ഥിതിയെ പ്രാപിക്കുന്നത് പോലെയാണ്.

    ഈ ആഹ്ലാദകരമായ ദൃഢപ്രഖ്യാപനങ്ങളോടെ സത്യസന്ധമായും ആത്മാർത്ഥമായും ഗൗരവബുദ്ധിയോടെയും പരിശ്രമിക്കുന്ന എല്ലാ സത്യാന്വേഷകർക്കും നൂറു ശതമാനം വിജയം സുനിശ്ചിതമാണ് എന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഒന്നാമത്തെ അധ്യായം അവസാനിക്കുന്നു.

* (കഠോപനിഷത്തിൽ ( 1- 2- 12)
 "തം ദുർദർശം ഗൂഢം അനുപ്രതിഷ്ഠം ഗുഹാഹിതം" എന്ന പ്രയോഗം ഇതിനെ അനുസ്മരിപ്പിക്കുന്നു).

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments: