കേശാദിപാദ വര്‍ണനയായി സൗന്ദര്യലഹരി

Monday 27 May 2019 1:04 am IST
ശ്രീശങ്കര ഭഗവത്പാദരുടെ ദേവീസ്തുതിപരമായ ഉത്തമകാവ്യമാണ് 'സൗന്ദര്യലഹരി'. നൂറു ശ്ലോകങ്ങളിലൂടെ പാര്‍വതീ ദേവിയുടെ രൂപലാവണ്യവും മാഹാത്മ്യവും വര്‍ണിക്കുകയാണിതില്‍. 
ശ്രീശങ്കരന്റെ സ്‌തോത്രനിബന്ധനങ്ങളില്‍ ഏറ്റവും മഹത്തായത് സൗന്ദര്യലഹരിയാണെന്ന് മഹാകവി ഉള്ളൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സൗന്ദര്യലഹരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മഹാകവി കുമാരനാശാനും അതിന്റെ അഴകും ആഴവും കണ്ടറിഞ്ഞാണ് നമുക്ക് പകര്‍ന്നുതന്നത്. 
സൗന്ദര്യലഹരിക്ക് രണ്ട് പ്രധാനഭാഗങ്ങളുണ്ട്. ആദ്യത്തെ നാല്‍പ്പത് ശ്ലോകങ്ങള്‍ ആനന്ദലഹരി എന്നറിയപ്പെടുന്നു. പക്ഷേ  ഈ ഭാഗം ശങ്കരാചാര്യ വിരചിതമല്ല എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രാ
യപ്പെട്ടിട്ടുണ്ട്. ഈ കൃതിയിലെ 75 ാം ശ്ലോകത്തില്‍ (തവസ്തന്യം മന്യേധരണിധര കന്യേ...)  എന്നൊരു കഥാസൂചനയുണ്ട്. വനത്തില്‍ സഞ്ചരിക്കവേ ഒരു ശിശുവിന്റെ കരച്ചില്‍ കേട്ട്, ശ്രീപാര്‍വതി അവിടെയെത്തി കുഞ്ഞിന് മുലപ്പാല്‍ കൊടുത്തെന്നും പി
ല്‍ക്കാലത്ത് അദ്ദേഹം ഒരു മഹാകവിയായി തീര്‍ന്നുവെന്നുമാണ് ഐതിഹ്യം.
ദ്രാവിഡകുലത്തിലെ ശങ്കരാചാര്യരായാണ് അദ്ദേഹം പിന്നീട് അറിയപ്പെട്ടതത്രേ. ആ ആചാര്യന്റെ കൃതിയാണ് ആനന്ദലഹരി എന്നറിയപ്പെടുന്നത്. 
 രണ്ടു ഗ്രന്ഥങ്ങളും തമ്മില്‍ ഭാവനാപരമായ ഒരു വ്യത്യാസമുണ്ട്. ആനന്ദലഹരിയില്‍ പ്രാമുഖ്യം കൊടുത്തിരിക്കുന്നത് ശ്രീപാര്‍വതിയുടെ മഹിമയ്ക്കാണ്. സൗന്ദര്യലഹരിയിലാകട്ടെ, ദേവിയുടെ അംഗോപാം
ഗ സൗന്ദര്യം വര്‍ണിക്കുന്നു. ആനന്ദലഹരിയില്‍ ഒരു ശ്ലോകത്തിന് അടുത്ത ശ്ലോകവുമായി ബന്ധമില്ല. അതേസമയം സൗന്ദര്യലഹരിയില്‍ പാര്‍വതീദേവിയുടെ കിരീടത്തില്‍ നിന്നു തുടങ്ങി പാദം വരെയുള്ള സൗന്ദര്യത്തെ പടിപടിയായി വര്‍ണിക്കുകയാണ്. ആദിശങ്കരന്‍ തന്നെ താനെഴുതിയ രണ്ടു കൃതികളെ ചേര്‍ത്തു വെച്ചതാകാം എന്നും കരുതാവുന്നതാണ്. 
ഏതായാലും ആര്‍ഥികമായും ശാബ്ദികമായുമുള്ള മാധുര്യസൗന്ദര്യങ്ങള്‍ സര്‍വത്ര അഭിന്നമായി ഒഴുകിക്കൊണ്ടിരിക്കുന്ന കൃതിയെന്ന് ആശാന്‍ തന്നെ വിശേഷിപ്പിച്ചിട്ടുള്ള സൗന്ദര്യലഹരി അല്പമെങ്കിലും നുകരാന്‍ ശ്രമിക്കാം. 
(സൗന്ദര്യലഹരിയുടെ വ്യാഖ്യാനം നാളെ മുതല്‍)