Friday, May 24, 2019

വിദുരനീതി: മഹാഭാരതകഥയിലെ ഏറ്റവും നിര്‍ണായകമായ ഒരു പ്രതിസന്ധിയാണ് ഉദ്യോഗപര്‍വത്തില്‍ നാം കാണുന്നത്. ഒരു വശത്ത് യുദ്ധത്തിനുള്ള സകലവിധസന്നാഹങ്ങളും ദ്രുതഗതിയില്‍ നടക്കുകയും, അതേസമയം മറുവശത്ത് യുദ്ധം ഒഴിവാക്കുവാനുള്ള കഠിനശ്രമങ്ങളും നടക്കുന്നു. അതിന്റെ ഭാഗമായി ധൃതരാഷ്ട്രര്‍ അയച്ച ദൂതനായ സഞ്ജയന്‍ പാണ്ഡവരെച്ചെന്നു കണ്ടിട്ട് അവരുടെ സന്ദേശവുമായി തിരിച്ചെത്തുന്നു. അദ്ദേഹം ധൃതരാഷ്ട്രരെ ഒരുപാട് ശകാരിക്കുകയും ശാസിക്കുകയും ചെയ്യുന്നു. “അങ്ങയുടെ അപരാധം കാരണം കൗരവര്‍ മുഴുവന്‍ തീയില്‍പെട്ട ഉണക്കവൈക്കോല്‍ എന്ന പോലെ ദഹിച്ചുചാമ്പലാകും” എന്ന് അദ്ദേഹം താക്കീത് നല്കുന്നു. പാണ്ഡവരുടെ സന്ദേശം അടുത്തദിവസം സഭയില്‍ പ്രസ്താവിക്കാമെന്ന് പറഞ്ഞ് സഞ്ജയന്‍ വിശ്രമിക്കുന്നതിനായി സ്വഗൃഹത്തിലേയ്ക്ക് പോകുന്നു.
അസഹ്യമായ മാനസികസംഘര്‍ഷം കൊണ്ട് ഉറങ്ങുവാന്‍ കഴിയാത്ത ധൃതരാഷ്ട്രര്‍ ദൂതനെ അയച്ച് വിദുരരെ വിളിപ്പിക്കുകയും താനെന്തുചെയ്യണമെന്നതിനെക്കുറിച്ച് അഭിപ്രായമാരായുകയും ചെയ്യുന്നു. അതനുസരിച്ച് വിദുരര്‍ നല്കുന്ന ഉപദേശമാണ് ഉദ്യോഗപര്‍വത്തിലെ 33 മുതല്‍ 40 വരെയുള്ള എട്ട് അദ്ധ്യായങ്ങളിലായി അഞ്ഞൂറിലധികം ശ്ലോകങ്ങളുള്ള് ഈ “വിദുരനീതി”. ജീവിതത്തിന്റെ ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവനും മാര്‍ഗദര്‍ശനം നല്കുവാനും, അവന്റെ ധര്‍മ്മമെന്തെന്ന് അറിഞ്ഞ് അതിനെ ശരിയായി അനുഷ്ഠിക്കുവാന്‍ അവനെ പ്രാപ്തനാക്കുന്നതിനും വിദുരനീതി പര്യാപ്തമാണ്.
വിദുരനീതി എന്തിന്? ആര്‍ക്കുവേണ്ടി?
അര്‍ജുനനെ നിമിത്തമാക്കി യോഗേശ്വരനായ ശ്രീകൃഷ്ണന്‍ ഗീതോപദേശം ചെയ്തതുപോലെ അന്ധനും, പുത്രനോടുള്ള സ്നേഹാധിക്യത്താല്‍ ധര്‍മ്മാന്ധനുമായ ധൃതരാഷ്ട്രരെ നിമിത്തമാക്കി വിദുരര്‍ ഈ ഉപാഖ്യാനത്തിലൂടെ എക്കാലത്തേയ്ക്കും ഏവര്‍ക്കുമായി എന്താണ് ധര്‍മ്മം എന്ന് വിവരിക്കുകയാണ്.
ഉപദേശം നല്കുന്നവരും, ശ്രവിക്കുന്നവരും നിരവധിയുണ്ടാകാം. എന്നാല്‍ ഹിതകരമായ ഉപദേശം നല്കുന്നവരും അതിനെ സ്വാംശീകരിക്കുന്നവരും വളരെ വിരളമാണെന്നാണ് വിദുരരുടെ അഭിപ്രായം.
സുലഭാഃ പുരുഷാ രാജന്‍ സതതം പ്രിയവാദിനഃ
അപ്രിയസ്യ തു പഥ്യസ്യ വക്താ ശ്രോതാ ച ദുര്‍ലഭഃ
“അല്ലയോ രാജന്‍! പ്രിയമായ വാക്കുകള്‍ പറയുന്നവരും, അതു കേള്‍ക്കുന്നവരും സുലഭമാണ്. എന്നാല്‍ അപ്രിയവും, പഥ്യവുമായ വാക്കുകള്‍ പറയുന്നവരും, അതു കേള്‍ക്കുന്നവരും വളരെ ദുര്‍ലഭമാണ്.”
താഴെ പറയുന്ന അര്‍ഥഗര്‍ഭമായ വാക്കുകള്‍ ഒരു സന്ദര്‍ഭത്തില്‍ ദുര്യോധനന്‍ പറഞ്ഞിട്ടുള്ളവയാണ്.
ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തിഃ ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തിഃ
കേനാപി ദേവേന ഹൃദിസ്ഥിതേന യഥാ നിയുക്തോസ്മി തഥാ കരോമി
“ധര്‍മ്മമെന്താണെന്ന് എനിക്കറിയാം. എന്നാല്‍ അത് അനുഷ്ഠിക്കുവാന്‍ എനിക്ക് കഴിയുന്നില്ല. എനിക്ക് അധര്‍മ്മമെന്താണെന്നറിയാം. എന്നാല്‍ അത് അനുഷ്ഠിക്കാതിരിക്കുവാനും എനിക്ക് കഴിയുന്നില്ല. എന്റെ ഉള്ളിലിരിക്കുന്ന ഏതോ ഒരു ശക്തി എന്നെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കുന്നുവോ അതൊക്കെ ഞാന്‍ ചെയ്യുന്നു.”
മനഃസംയമനം സാധിച്ചിട്ടില്ലാത്ത ഏതൊരു വ്യക്തിയുടെയും അനുഭവം ഇതില്‍ നിന്ന് വ്യത്യസ്തമല്ല, അന്നും ഇന്നും എന്നും അത് അങ്ങനെ വരുവാനേ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ വയോവൃദ്ധനും, ജ്ഞാനവൃദ്ധനുമായ ധൃതരാഷ്ട്രരും വിദുരരുടെ അമൃതതുല്യമായ ഉപദേശം കേട്ടിട്ടും പുത്രമോഹം മൂലം അതുള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.
ലോകത്തിന്റെ ഈ വിചിത്രസ്വഭാവം കണ്ട് അതിശയവും, ദുഃഖവും, നിസ്സഹായതയും പ്രകടിപ്പിച്ചുകൊണ്ട് പരിണതപ്രജ്ഞനായ വ്യാസമഹര്‍ഷി പോലും ഇങ്ങനെ പറയുകയുണ്ടായി –
ഊര്‍ധ്വബാഹുര്‍വിരൗമ്യേഷഃ നഹി കശ്ചിച്ഛൃണോതി മേ
ധര്‍മ്മാദര്‍ഥശ്ച കാമശ്ച സ ധര്‍മ്മഃ കിം ന സേവ്യതേ
രണ്ടു കൈകളും ഉയര്‍ത്തിപ്പിടിച്ച് ഈ ഞാന്‍ ഉച്ചത്തില്‍ കരയുകയാണ്, “ധര്‍മ്മത്തില്‍ നിന്നാണ് കാമവും, അര്‍ഥവും സിദ്ധിക്കുന്നത്. അങ്ങനെയുള്ള ധര്‍മ്മത്തെ എന്തുകൊണ്ടാണ് ആരും തന്നെ ആചരിക്കാത്തത്?” എന്ന്. എന്നാലും ഞാന്‍ പറയുന്നത് ആരും തന്നെ കേള്‍ക്കുന്നില്ല.
malayalam ebooks

No comments: