Monday, May 27, 2019

സ്വന്തം ദുഃഖങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് പറഞ്ഞ് കൂടെയുള്ളവരെക്കൂടി വിഷമിപ്പിക്കരുത്.    കൂടെ ഉള്ളവരില്‍ നിന്ന് സന്തോഷം ആഗ്രഹിക്കുന്നു എങ്കില്‍ അവരെ സന്തോഷത്തോടെ ഇരിക്കാന്‍ അനുവദിക്കുക മാത്രം ചെയ്താല്‍ മതി.  നമ്മുടെ പ്രശ്നങ്ങള്‍ പറഞ്ഞ് അവരെ കൂടി ദുഃഖത്തിലാക്കിയാല്‍ ഇരുവരും ഒരേ ഭാവത്തിലായില്ലേ!  സ്വന്തം പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കണം.  അത് ദേഷ്യമായും നിരാശയായും ദുഃഖമായും കൂടെയുള്ളവരില്‍ പകരരുത്...

 ഒന്നുകില്‍ നാം സ്വസ്ഥചിത്തരാകുക.  അത് അല്ല എങ്കില്‍ സ്വസ്ഥചിത്തനായ ഒരാളിന്‍റെ സമീപം ചെന്ന് ഇരുന്ന് ആ ഭാവത്തെ സ്വീകരിക്കുക.  ഇഷ്ടദേവതാ ഭാവം ഉള്ളില്‍ നിലനിര്‍ത്തുന്നവര്‍ക്ക് സ്വസ്ഥചിത്തരാകാന്‍ സാധിക്കുന്നത് അങ്ങനെയാണ്.   ജീവിതത്തില്‍ എപ്പോഴും ഇതില്‍ ഏതെങ്കിലും ഒന്നാണ് സംഭവിക്കുക- ഒന്നുകില്‍ നാം നമ്മുടെ ഭാവത്തിലേയ്ക്ക് കൂടെയുള്ളവരെ ആകര്‍ഷിക്കും.  അല്ലെങ്കില്‍ മറ്റൊരാളുടെ ഭാവത്തിലേയ്ക്ക് നാം എത്തിപ്പെടും.  ഇതില്‍ ഏതു ഭാവമാണ് ആനന്ദഭാവം എന്നതാണ് നമ്മുടെ മാനസികാവസ്ഥയ്ക്ക് വിഷയം. 

 വിവേകാനന്ദസ്വാമികള്‍ പറഞ്ഞിട്ടുണ്ട്-  ''നമുക്ക് എപ്പോഴെങ്കിലും മനസ്സിനെ അടക്കണമെന്നു തോന്നിയാല്‍ സ്വസ്ഥചിത്തനായ ഏതെങ്കിലും ഒരു മഹാപുരുഷനെ മനസ്സില്‍ നിരന്തരം സങ്കല്പിക്കുക, ക്രമേണ നമ്മില്‍ ആ വ്യക്തിഭാവം വന്നു ചേരുന്നതാണ്.''
സ്വാമികളുടെ ഈ ഉപദേശം ഏറെ പ്രായോഗികമാണ്, ചിന്തനീയവുമാണ്.   നാം ഓരോ നേരത്തും എങ്ങനെ അസ്വസ്ഥരാകുന്നു! എങ്ങനെ സ്വസ്ഥരാകുന്നു! നമ്മുടെ സ്വതസിദ്ധമായ ഭാവം എന്താണ്?  സത് ഭാവനകൊണ്ടു മാത്രമേ നമ്മില്‍ ആനന്ദമുണ്ടാകു.   കുടുംബത്തില്‍ നിന്നും ആനന്ദം വേണമെങ്കില്‍ നാം അങ്ങോട്ട് അത് പകരുക.  ആന്തരികമായി കരുത്താര്‍ജിക്കുക.
ഓം.
krishnakumar kp

No comments: