യഥാർത്ഥ #ഭക്തി #ഭാവം
പ്രഹ്ളാദനോട് ഭഗവാൻ ചോദിച്ചു"പ്രഹ്ളാദാ... എന്തു വരമാണ് വേണ്ടതെന്നു പറയൂ" വളരെ സന്തോഷത്തോടെ പ്രഹ്ളാദൻ പറഞ്ഞു "അടിയന് ഒന്നും വേണ്ട ഭഗവാനേ" പ്രഹ്ളാദവചനം
ഭഗവാനിൽ അത്ഭുതമുളവാക്കി എല്ലാവരും ആഗ്രഹങ്ങളുടെ, ആവശ്യങ്ങളുടെ വലിയ പട്ടികയാണ് തന്നോട് ആവശ്യപ്പെടാറുള്ളത്. എനിക്ക് അത് വേണം, ഇത് വേണം എന്നൊക്കെയാണ് എപ്പോഴും കേട്ടിട്ടുള്ളത്. ഇതെന്താ ഇങ്ങനെ?
ഭഗവാൻ വീണ്ടും പറഞ്ഞു; "എന്തെങ്കിലും ചോദിക്കൂ.... അങ്ങനെ ചോദിക്കണമെന്നുണ്ട് പ്രഹ്ളാദാ".. ഈ ഭഗവത് വാക്യം ഒന്നുകൂടി കേട്ടപ്പോൾ, പ്രഹ്ളാദൻ ധർമ്മസങ്കടത്തിലായി. എൻ്റെ ഭഗവാനോട് എന്ത് ചോദിക്കാൻ! ഞാൻ എല്ലാം സമർപ്പിച്ച, എല്ലാത്തിലും നിറഞ്ഞു നിൽക്കുന്ന, എൻ്റെ ശ്രീഹരിയോട് എന്താണ് ചോദിക്കുക?...!
വീണ്ടും ഭഗവാൻ നിർബന്ധിച്ചു; "പ്രഹ്ളാദാ.... ചോദിക്കൂ " നിറഞ്ഞ മനസോടെ പ്രഹ്ളാദൻ പറഞ്ഞു "ഭഗവാനേ, ലക്ഷ്മീവല്ലഭാ.. എനിക്ക്
ഒരേയൊരു വരംമതി. എന്തെങ്കിലും എനിക്ക് വേണമെന്നുള്ള തോന്നൽ ഉണ്ടാകരുത്. ആ വരം മാത്രംമതി".
ഇവിടെ അത്യദ്ഭുതമായി ഭഗവാൻ അനുഗ്രഹവർഷം ചൊരിയുകയാണ് പ്രഹ്ളാദനിൽ. ഒന്നും എനിക്ക് ആഗ്രഹമില്ല എന്നുപറയുന്ന ഈ ഭക്തനാണ് ഭഗവാന് പ്രിയപ്പെട്ടവൻ.
പ്രഹ്ലാദന് തന്റെ കുട്ടിക്കാലത്ത് നാരായണ ഭക്തനായതു കൊണ്ട് മാത്രം സ്വന്തം അച്ഛനിൽ നിന്ന് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം ഭഗവാനെ ഭജിക്കുക മാത്രമാണ് പ്രഹ്ലാദൻ ചെയ്തത്. ഭജനം നിർത്തി ഭഗവാനോട് എന്തെങ്കിലും സഹായം ചോദിക്കാൻ അമ്മ"കയാതു" നിർബന്ധിക്കും. "മോനേ പ്രഹ്ളാദാ നിന്റെ നാരായണനോട് സഹായം ചോദിക്കൂ, നീ വിളിച്ചാൽ വരില്ലേ നിന്റെ ഭഗവാൻ? എന്നിട്ടും എന്തേ നീ ഈ വേദനകളെല്ലാം സഹിക്കുന്നു" ഇത് കേട്ട് കൊച്ചു പ്രഹ്ളാദൻ നിഷ്കളങ്കമായ തന്റെ ചുണ്ടുകൾ വിടർത്തി പറഞ്ഞു "അമ്മാ.... രക്ഷിക്കേണ്ടവന് രക്ഷിക്കണമെന്ന ബോധം ഉള്ളിടത്തോളം കാലം രക്ഷിക്കണേ എന്നു വിളിച്ചു കരയണോ?". ഇതാണ് പ്രഹ്ളാദ ഭക്തി. പൂർണ്ണമായ സമർപ്പണമാണ് ഭക്തി. തന്റെ ഭക്തന് എന്ത്, എപ്പോൾ വേണമെന്ന് ഭഗവാനറിയാം. രക്ഷിക്കേണ്ടവന് ആ ബോധം ഉണ്ട്. സമയമാകുമ്പോൾ വരും... കൺപാർത്തിരുന്നാൽ മാത്രം മതി.... ചോദിച്ചാലെ തരൂ, ചോദിച്ചില്ലെങ്കിൽ തരില്ല എന്നത് മനുഷ്യ സ്വഭാവമാണ്. ഈശ്വരഭാവമല്ല. അപ്പോൾ നമുക്ക് ചെയ്യാനുള്ളത് എന്താണ്???കീർത്തിക്കൽ മാത്രം....
ഈ രണ്ട് സംഭവങ്ങളിലൂടെയും കൊച്ചു പ്രഹ്ളാദൻ നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. ശുദ്ധമായ, നിഷ്കളങ്കമായ ഭക്തിയെ കുറിച്ചാണത്. അതു കൊണ്ടാണ് നാരദമഹർഷി ഭക്തന്മാരുടെ പേരുകൾ തയ്യാറാക്കിയപ്പോൾ ആദ്യത്തെ പേര് പ്രഹ്ളാദൻ എന്ന് എഴുതിയത്. നാരദ ശിഷ്യനാണല്ലോ പ്രഹ്ളാദൻ. ഗുരുവിൽ നിന്ന് കേട്ടാണ് നാരായണ നാമ മഹിമ പ്രഹ്ലാദൻ പഠിച്ചത്. ഭക്തിയുടെ കാര്യത്തിൽ ആ ഗുരുവിനെപോലും പരാജയപ്പെടുത്തിയ ഇത്തരം ശിഷ്യന്മാരുടെ പാരമ്പര്യമാണ് നമ്മുടേത്. അവർ വിജയിച്ചത് കായികശക്തിയുടേയും, സൈന്യബലത്തിൻ്റെയും കരുത്തിലല്ല, മറിച്ച് പൂർണ്ണസമർപ്പണത്തിലൂടെ മാത്രമാണ്. അതാണ് യഥാർത്ഥ ഭക്തി ഭാവം.
No comments:
Post a Comment