ജ്യോതിഷ്മതി, പാലുരുവം
Friday 26 October 2018 2:20 am IST
ശാസ്ത്രീയനാമം: Cardiospermum halicacabum സംസ്‌കൃതം: ജ്യോതിഷ്മതി തമിഴ്: മുടകിട്ടാന്‍ എവിടെ കാണാം: ഇന്ത്യയില്‍ ഉടനീളം വരണ്ട സ്ഥലങ്ങളില്‍ കണ്ടുവരുന്നു പ്രത്യുത്പാദനം: വിത്തില്‍ നിന്ന്
ചില ഔഷധ പ്രയോഗങ്ങള്‍: ജ്യോതിഷ്മതി സമൂലം അരിക്കാടിയില്‍ അരച്ചിട്ടാല്‍ ചതവും ചതവുകൊണ്ടുണ്ടായ മുറിവും മാറിക്കിട്ടും.
ജ്യോതിഷ്മതി ചെടി 60 ഗ്രാം സമൂലം ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു രാത്രി ഇട്ടുവെക്കുക. രാവിലെ മുതല്‍ അതില്‍ നിന്ന് നൂറ് മില്ലി വീതം അല്‍പം തേനും ചേര്‍ത്ത് സേവിച്ചാല്‍ അതിസാരം ശമിക്കും.
ഈ ചെടിയുടെ വേരും ഇലയും മുപ്പത് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് നൂറ് മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം വീതം സേവിച്ചാല്‍ അമിതമായി രക്തം പോകുന്ന അര്‍ശസ്, അത്യാര്‍ത്തവം, വാതം, അഗ്നിവിസര്‍പ്പം(പനിക്ക് ശേഷം ദേഹത്ത് തീകൊണ്ടു പൊള്ളിയതു പോലെ ചെറു കുമിളകള്‍ ഉണ്ടാകുകയും നല്ല പൊള്ളല്‍ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥ) ഇവ ഭേദമാകും.
ജ്യോതിഷ്മതിയുടെ ഇല അറുപത് ഗ്രാം ഇടിച്ച് ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു രാത്രി ഇട്ടുവെക്കുക. അടുത്തദിവസം രാവിലെ മുതല്‍ ഇതില്‍നിന്ന് നൂറ് മില്ലി വീതം ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ ദേഹത്തെ ചൊറിച്ചില്‍ ഒരാഴ്ച്ചയ്ക്കകം മാറിക്കിട്ടും.
ജ്യോതിഷ്മതിയുടെ ഇല അരച്ച് വെണ്ണയില്‍ കുഴച്ച് പഴുക്കാറായ മുഴയില്‍ തേച്ചാല്‍ മുഴപൊട്ടിയൊലിച്ച് ദുഷ്ട് പുറത്ത് പോകുകയോ മുഴ തനിയെ വറ്റിപ്പോകുകയോ ചെയ്യും.
No comments:
Post a Comment