Sunday, July 07, 2019

എല്ലാ ധര്‍മങ്ങളും നിറഞ്ഞ ബ്രഹ്മം

Thursday 4 July 2019 4:53 am IST
സൃഷ്ടിക്ക് ആധാരം സചേതനനായ പുരുഷന്‍
രണ്ടാം അദ്ധ്യായത്തിലെ ഒന്നാം പാദത്തിലെ അവസാന അധികരണമായ സര്‍വ ധര്‍മോപത്യധികരണമാണ് ഇനി .ഇതില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.
സൂത്രം  സര്‍വധര്‍മോപപത്തേശ്ച
ജഗത് കാരണമായി പറഞ്ഞബ്രഹ്മത്തില്‍ അതിന് മതിയായ എല്ലാ ധര്‍മ്മങ്ങളുമുള്ളതിനാല്‍ ബ്രഹ്മം തന്നെ ജഗത് കാരണം.
പലതരത്തിലുള്ള പൂര്‍വപക്ഷക്കാരുടെ വാദങ്ങള്‍ക്കൊക്കെ മറുപടി കൊടുത്ത് ബ്രഹ്മം തന്നെയാണ് ജഗത് കാരണം എന്ന് സ്ഥാപിച്ചു. സര്‍വജ്ഞത്വം, സര്‍വശക്തത്വം, മായാ സഹിതത്വം ഇടങ്ങിയ എല്ലാ ധര്‍മ്മങ്ങളും ബ്രഹ്മത്തില്‍ നിറഞ്ഞിരിക്കുന്നു. ബ്രഹ്മം സഗുണവും നിര്‍ഗുണവുമാണ്, സാകാരവും നിരാകാരവുമാണ്, കര്‍ത്താവും അകര്‍ത്താവുമാണ് സര്‍വതുമാണ്.
പരമാത്മാവിനെ സംബന്ധിച്ചിടത്തോളം ഇതില്‍ അത്ഭുതമൊന്നുമില്ല. സാധിക്കാത്തതായോ ചെയ്യാനാകാത്തതോ പ്രയാസമുള്ളതോ യാതൊന്നുമില്ല.ഇക്കാരണങ്ങളാല്‍ പരമാത്മാവ് തന്നെ ജഗത് കാരണം. ഇതിനെ നല്ല പോലെ ഉറപ്പിച്ചാണ് രണ്ടാം അദ്ധ്യായത്തിലെ ഒന്നാം പാദം തീരുന്നത്.
രണ്ടാം അദ്ധ്യായം
പാദം രണ്ട്.
രണ്ടാം പാദത്തില്‍ 8 അധികരണങ്ങളിലായി 46 സൂത്രങ്ങളുണ്ട്. വേദ വിരുദ്ധരായവര്‍ തങ്ങളുടെ  മതത്തെ സ്ഥാപിക്കാന്‍ വേദവാക്യങ്ങളെ വളച്ചൊടിക്കുന്നു. അത്തരം വ്യാഖ്യാനങ്ങളെ നിഷേധിച്ചാണ് ഇനിയുള്ള സൂത്രങ്ങളെ പറയുന്നത്.
 സൃഷ്ടിക്ക് ആധാരം 
സവേദവാക്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കും. വേദ വിരുദ്ധമായ ചിന്തകളില്‍ സാംഖ്യദര്‍ശനം മുന്നിട്ട് നില്‍ക്കുന്നതിനാല്‍ ആദ്യം സാംഖ്യത്തെയാണ് നിഷേധിക്കുന്നത്.
സൂത്രം  രചനാനുപപത്തേശ്ച നാനുമാനം
ജഡമായ പ്രധാനം ജഗത്തിനെ സൃഷ്ടിച്ചു എന്ന് പറയുന്നത് ഉപപന്നമല്ലാത്തതുകൊണ്ട് പ്രധാനം ജഗത്കാരണമെന്ന വാദം ശരിയല്ല.
വേദാന്ത വാക്യങ്ങളുടെ അര്‍ഥത്തെ വേണ്ട വിധം മനസ്സിലാക്കാനാണ് ശാസ്ത്രം. കഴിഞ്ഞ പാദം വരെയുള്ള സൂത്രങ്ങളാല്‍ ബ്രഹ്മം ജഗത് കാരണമെന്ന് ഉറപ്പിച്ചു. എങ്കിലും വേദ വാക്യങ്ങളെ തങ്ങളുടെ താല്പര്യത്തിന് വേണ്ടി തോന്നിയപോലെ വേദ വിരുദ്ധമായി വ്യാഖ്യാനിക്കുന്നവരുണ്ട്. അവരുണ്ടാക്കുന്ന തെറ്റിദ്ധാരണയെ നീക്കാന്നും അവരുടെ വാദങ്ങളെ നിഷേധിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്.
വേദ വിരുദ്ധമായ ആശയം പൊക്കിപ്പിടിക്കുന്ന സാംഖ്യ ദര്‍ശനത്തെയാണ് ആദ്യം എതിര്‍ക്കുന്നത്.
സാംഖ്യ ദര്‍ശനമനുസരിച്ച് 'പ്രധാനം' ആണ് ജഗത് കാരണം, ബ്രഹ്മമല്ല എന്നതിനെ നിഷേധിക്കുകയാണ് ഈ സൂത്രത്തിലൂടെ.
അനുമാനം എന്ന വാക്കു കൊണ്ടാണ് പ്രധാനത്തെ സൂത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അചേതനവും ത്രിഗുണാത്മകവുമായ പ്രധാനമാണ് ജഗത് കാരണമെന്നും അത് വിവിധ രൂപത്തില്‍ പരിണമിച്ച് സൃഷ്ടിക്ക് കാരണമാകുന്നുവെന്നും സാംഖ്യ ദര്‍ശനം പറയുന്നു. ചേതനനായ പുരുഷന്റെ കാര്യസാധ്യത്തിനുള്ളതാണ് പ്രധാനത്തില്‍ നിന്നുണ്ടായ ലോകത്തില്‍ കാണുന്നതെല്ലാം. പ്രധാനത്തിനെ പരിണാമം മുതലായ ലിംഗങ്ങളാല്‍ അനുമാനിക്കുന്നതിനാലാണ് പ്രധാനത്തെ അനുമാനം എന്ന് പറയുന്നത്.
പ്രധാനമാണ് ജഗത്കാരണമെന്നതിന് ശ്രുതി സമ്മതിയില്ല. ബോധപൂര്‍വമായ പരിണാമത്തിനും സൃഷ്ടിയ്ക്കും. അത്തരത്തിലുള്ള ആലോചന വേണം. അചേതനമായ കല്ലും മണ്ണും ചേര്‍ന്നാല്‍ വീടുണ്ടാകും. പക്ഷേ അതിന് പുറകില്‍ ചേതനവാനായ ആരെങ്കിലും വേണം. അതിനാല്‍ അചേതനനായ പ്രധാനത്തിന് ജഗത്തിനെ സൃഷടിക്കാനോ ജഗത്തായി പരിണമിക്കാനോ കഴിയില്ല. ചേതനനായ പുരുഷന്റെ സഹായം ഉണ്ടെങ്കിലേ സൃഷ്ടി നടക്കൂ....

No comments: