Wednesday, July 03, 2019

*ശ്രീമദ് ഭാഗവതം 199* 

അംബരീഷന് പ്രാർത്ഥന ഒന്നൂല്ല്യ. ഭഗവാനേ എന്നെ രക്ഷിക്കണം.ഈ അഗ്നിയിൽ നിന്ന് രക്ഷിക്കണം. ഒരു പ്രാർത്ഥനയുമില്ലാതെ, ഒരു ചിത്തവൃത്തിയുമില്ലാതെ നിശ്ചലമായിട്ട് നിന്നു. പ്രശാന്തനായി നിന്നു. ആ കൃത്തിക വരുന്നു. സുദർശനചക്രം അവിടെ നിന്ന് പുറപ്പെട്ടു കൃത്തികയെ എരിച്ചു. അതുകണ്ടിട്ട് ദുർവ്വാസാവ് കോപിച്ചില്ല്യ. പരമഭക്തനായ അദ്ദേഹം സുദർശനചക്രത്തിനെ നമസ്ക്കരിച്ചു. ചക്രം ദുർവ്വാസാവിന്റെ നേരേ വരുന്നത് കണ്ട് അദ്ദേഹം ഓടി. ഓടി ഓടി ബ്രഹ്മ ലോകം വരെ ഓടി. ബ്രഹ്മാവിനോട് പറഞ്ഞു. 

ഹേ ബ്രഹ്മൻ, എന്നെ രക്ഷിക്കണം.  സുദർശനചക്രം പിന്നാലെ വന്നു കൊണ്ടിരിക്കണ്ട്.ബ്രഹ്മാവ് നിസ്സഹായനായി കൈമലർത്തി. അതൊക്കെ ഊർദ്ധ്വലോകവിഷയം എന്റെ ലോകത്തിനെ സംബന്ധിക്കുന്നതല്ല.രക്ഷ ഇല്ലെന്ന് കണ്ടിട്ട്  ദുർവ്വാസാവ് കൈലാസത്തിലേക്ക് പാഞ്ഞു.

പരമശിവൻ മഹർഷിയെ കണ്ട് ഹാ വരൂ, ഇരിക്കൂ. 
അല്ല സ്വാമീ സുദർശനചക്രം.
ശിവന് ഒരേ സന്തോഷം മഹർഷി  ഇരിക്കൂ. ഈ ബ്രഹ്മവിദ്യയെ    സനത്കുമാരൻ നാരദർ ബ്രഹ്മാവ് കപിലൻ അപാന്തരതമസ് ദേവലൻ ആസുരി ഞാനുൾപ്പെടെ കുറച്ച് ദേവതകളും ഋഷിമാരും മാത്രമേ അറിയുന്നവരായി ഉള്ളൂ എന്ന്  ലോകം പറയുന്നു.പക്ഷേ സാക്ഷാൽ ഹരിയുടെ സൃഷ്ടി ആയ ഈ പ്രപഞ്ചത്തിൽ ഞങ്ങൾപോലും ചുറ്റിത്തിരിഞ്ഞ് കൊണ്ടിരിക്കാണ്. എത്രയും പെട്ടെന്ന് ഹരിയെ തന്നെ ശരണം പ്രാപിക്കൂ.    ശിവനും കൈ മലർത്തി. 

രക്ഷ കിട്ടാഞ്ഞ് അവിടെ നിന്ന് പാഞ്ഞു വെളിയിലെത്തിയപ്പോ സുദർശനം പിന്നാലെ വരുന്നു. നേരേ വൈകുണ്ഠത്തിലേക്ക് പോയി. 

സംദഹ്യമാനോ അജിതശസ്ത്രവഹ്നിനാ 
തത്പാദമൂലേ പതിത: സവേപഥു:
ആഹാ അച്യുതാ അനന്ത സദീപ്സിത പ്രഭോ 
കൃതാഗസം മാവ ഹി വിശ്വഭാവന 
ഹേ അച്യുതാ, ഹേ അനന്താ, ഹേ പ്രഭോ, ഞാൻ പാപം ചെയ്തു. എന്നെ രക്ഷിക്കണം. സുദർശനചക്രം പിന്നാലെ വരുന്നു.

സാധുക്കൾക്ക് ദ്രോഹം ചെയ്താൽ അത് പിന്നാലെ വരും. അത് ശാസ്ത്ര നിയമം ആണ്. ഒരു തൂണിൽ പന്തെറിഞ്ഞാൽ അത് അവിടെപോയി തട്ടി തിരിഞ്ഞു വരും. 

ഭഗവാൻ പറഞ്ഞു. 
സാധവോ ഹൃദയം മഹ്യം സാധൂനാം ഹൃദയം ത്വഹം 
മദന്യത് തേ ന ജാനന്തി നാഹം തേഭ്യോ മനാഗപി. 
സാധുക്കൾ എന്റെ ഹൃദയം ആണ്. ഞാൻ സാധുക്കളുടെ ഹൃദയവും ആണ്. ശരീരം കൊണ്ട് ഞങ്ങൾ രണ്ടു പേരും രണ്ടാണെങ്കിലും ആത്മാവിൽ ഞങ്ങൾ ഒന്നാണ്. സാധുക്കൾ സദാ എന്നിൽ തന്നെ ലീനമായിരിക്കുന്നു. ഞാൻ അവരിലും ചേർന്നിരിക്കുന്നു. 

സർവ്വസ്വതന്ത്രമായ വസ്തു. എല്ലാവർക്കും സിദ്ധമാണ് ബ്രഹ്മം, ഈശ്വരൻ.  സാധുക്കളുടെ ഹൃദയത്തിൽ ഭക്തി ആകുന്ന പട്ടുനൂൽ വെച്ച് അവർ എന്നെ കെട്ടിവെച്ചിരിക്കാണ്. ഭഗവാനേ ഗതിയുള്ളൂ എന്ന് അറിയുന്ന സാധുക്കൾക്ക് വേറെ ഒന്നും തന്നെ അറിയില്ല്യ. അതുകൊണ്ട് അംബരീഷന്റെ പാദത്തിൽ ചെന്നു വീഴൂ.
ശ്രീനൊച്ചൂർജി 
 *തുടരും. .*
Lakshmi prasad 

No comments: