ശ്രീമദ് ഭാഗവതം 202*
ഗിർവ്വാണൈരർത്ഥ്യമാനോ ദശമുഖനിധനം കോസലേഷു ഋശ്യശൃംഗേ
പുത്രീയാമിഷ്ടിമിഷ്ട്വാ ദദുഷി ദശരഥക്ഷ്മാഭൃതേ പായസാഗ്ര്യം
തദ്ഭുക്ത്യാ തത് പുരന്ധ്രീഷ്വപി തിസൃഷു സമംജാതഗർഭാസു ജാതോ
രാമസ്ത്വം ലക്ഷ്മണേന സ്വയമഥ ഭരതേനാപി ശത്രുഘ്നനാമ്നാ
ഭഗവാൻ രാമലക്ഷ്മണഭരതശത്രുഘ്നന്മാരായി അവതരിച്ചു.
ഒരു ശ്ലോകത്തിൽ രാമായണത്തിനെ പറയാണ്.
ഗുർവ്വർത്ഥേ ത്യക്തരാജ്യോ വ്യചരദനുവനം
പത്മപദ്ഭ്യാം പ്രിയായാ:
പാണിസ്പർശാക്ഷമാഭ്യാം മൃജിതപഥരുജോ
യോ ഹരീന്ദ്രാനുജാഭ്യാം
വൈരൂപ്യാച്ശൂർപ്പണഖ്യാ: പ്രിയവിരഹരുഷാഽഽ
രോപിതഭ്രൂവിജൃംഭ-
ത്രസ്താബ്ധിർബ്ബദ്ധസേതു: ഖലദവദഹന:
കോസലേന്ദ്രോഽവതാന്ന:
*ത്യാഗം ആണ് രാമാവതാരത്തിൽ മുഖ്യം.*
ഗുർവ്വർത്ഥേ ത്യക്തരാജ്യ:
എങ്ങനെയുള്ള രാജ്യത്തിനെ ആണ് ഭഗവാൻ ത്യജിച്ചത്?
ഈ ത്യാഗം എങ്ങനെ സാധിച്ചു? എല്ലാ ത്യാഗത്തിന് പിറകിലും ജ്ഞാനം ആണ് കാരണം. ജ്ഞാനം ഹൃദയത്തിൽ ഉണ്ടെങ്കിൽ ത്യാഗം സുലഭമാകും. ത്യാഗേനൈകേ അമൃതത്വമാനശു: എന്ന് നമുക്കും ഭഗവാൻ ആദർശം കാണിച്ചു തരാണ്. ഭോഗം കൊണ്ടല്ല ത്യാഗം കൊണ്ടാണ് ശാന്തി.
അമൃതാനുഭവം എന്നുള്ളത് രാമാവതാരത്തിൽ വളരെ മുഖ്യം. ഈ ത്യാഗത്തിന്റെ ഒരു മാർഗ്ഗദർശനം ഭഗവാൻ ഒരു ശിഷ്യനായി ഇരുന്നു കൊണ്ട് വസിഷ്ഠനെ ഗുരുവായി ചെയ്തു കൊണ്ട് അവിടുന്ന് എനിക്ക് ഉപദേശിച്ചു തരൂ, എനിക്ക് സംസാരദു:ഖം സഹിക്കവയ്യ, എനിക്ക് രാജ്യം വേണ്ട, പട്ടാഭിഷേകം വേണ്ട, സുഖസാമഗ്രികളൊന്നും തന്നെ വേണ്ട എനിക്ക് മാർഗ്ഗദർശനം ചെയ്തു തരൂ എന്ന് വസിഷ്ഠരോട് ഭഗവാൻ ചോദിക്കുന്നു.
ശ്രീരാമചന്ദ്രൻ ഒരു ശിഷ്യനായി വസിഷ്ഠരുടെ മുമ്പിൽ ഇരുന്നു കൊണ്ട് പറഞ്ഞു. ഞാനീ സംസാരം ഒക്കെ നല്ല വണ്ണം കണ്ടിരിക്കുന്നു. ഇവിടെ ജനങ്ങൾ ജീവിക്കുന്നതും കണ്ടു. ആശ എന്ന് പറയുന്ന പിശാച് എല്ലാവരേയും വലിച്ച് ആകർഷിച്ച് അങ്ങടും ഇങ്ങടും ഒക്കെ വലിച്ചിഴയ്ക്കാ.എത്രയോ മനുഷ്യർ ജീവിക്കുന്നത് കണ്ടു. വലിയ വലിയ കെട്ടിടങ്ങൾ കെട്ടി. ഒക്കെ നിലം പൊത്തി. ശേഖരിച്ചു വെച്ചതൊക്കെ നശിച്ചു പോയി. കൂടിച്ചേർന്നവരൊക്കെ പിരിഞ്ഞു. മരണാന്തം ച ജീവിതം. മരണത്തിൽ ജീവിതം അവസാനിക്കുന്നതും ഞാൻ കണ്ടു. ഒരു വൃക്ഷത്തിൽ ഫലം പഴുത്ത് കഴിഞ്ഞാൽ അടുത്തത് എന്താ വീഴുക. അതേ പോലെ കുറെ ജീവിച്ചു പിന്നെ മരിച്ചു പോകുന്നു ആളുകള്. ഈ ജീവിതത്തിന് എന്തർത്ഥമാണുള്ളത്? എവിടെയാ ഇതിന് ഒരു അന്തം?
അതുകൊണ്ട് ഹേ പ്രഭോ, എനിക്ക് വഴി കാണിച്ചു തരിക.
സദസ്സിൽ വിശ്വാമിത്രനുമുണ്ട്.
വിശ്വാമിത്രൻ പറഞ്ഞു.
രാമാ, ചെറിയ വയസ്സ് യൗവ്വനം. ഇപ്പഴല്ലേ സുഖിക്കണ്ടത്. ഈ യൗവ്വനം പോലെ സുഖമായ ഒരു കാലം ണ്ടോ.
രാമൻ പറഞ്ഞു സ്വാമീ, ഇപ്പൊ ചികിത്സിച്ചിട്ടില്ലെങ്കിൽ പിന്നെ പിടിച്ചാൽ കിട്ടില്ല്യ. അങ്ങ് യൗവ്വനത്തിനെ വാഴ്ത്തുന്നു. എനിക്ക് തോന്നുന്നത് യൗവ്വനത്തിൽ തന്നെ ആരാണോ സുഖമായിട്ട് ഈ സംസാരസമുദ്രത്തിൽ ഒരു കറ പറ്റാതെ കടക്കുന്നത്, അവരാണ് മഹാത്മാക്കൾ.
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi prasad
No comments:
Post a Comment