Wednesday, July 03, 2019

ദക്ഷിണാമൂർത്തി സ്തോത്രം-51

കുറേ നേരം ഉണർന്നിരിക്കുന്നു, സ്വപ്നം കാണുന്നു, ഉറങ്ങുന്നു സത്യത്തിൽ ഇത് മൂന്നും അല്ലാതെ നാം വല്ലതും ചെയ്യുന്നുണ്ടോ? ഒന്നുകിൽ ചിന്താമഗ്നനായിരിക്കുക അല്ലെങ്കിൽ ഉറങ്ങുക. ഇതിൽ ജീവിതം ഒടുങ്ങുന്നു. ഈ ശരീരത്തിനെ ഞാനെന്ന് കരുതുന്നു. ശരീരത്തിൽ നടക്കുന്ന ഓരോ വൃത്തിയിലും നമ്മുടെ അഭിമാനവൃത്തി ചെന്ന് ഒട്ടി നിൽക്കുന്നു. അതൊക്കെ മടയത്തരമാണ് എന്ന് അഞ്ചാമത്തെ ശ്ലോകത്തിൽ നാം കണ്ടിരുന്നു.

ദേഹം പ്രാണമപീംദ്രിയാണ്യപി ചലാം ബുദ്ധിം ച ശൂന്യം വിദുഃ
സ്ത്രീ ബാലാംധ ജഡോപമാസ്ത്വഹമിതി ഭ്രാംതാഭൃശം വാദിനഃ |
മായാശക്തി വിലാസകല്പിത മഹാവ്യാമോഹ സംഹാരിണേ
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 5 ||

ദേഹം ഞാനെന്ന് കരുതുമ്പോൾ ശരീരത്തിൽ തന്നെയാണ് ശ്രദ്ധ.അതിനെ പോഷിപ്പിക്കുന്നതിലാണ് ശ്രദ്ധ. വിവേക ചൂഢാമണിയിൽ ആചാര്യ സ്വാമികൾ പറയുന്നു  ഈ ശരീര പോഷണത്തിൽ മാത്രം ശ്രദ്ധിച്ചു കൊണ്ട് ആരിവിടെ പരമസുഖം കണ്ടെത്താൻ ശ്രമിക്കുന്നുവോ അവനെങ്ങനെയെന്നാൽ നദി കടക്കാനായി ഒരാൾ പോയി. അപ്പോൾ ഒരു മരത്തടി കണ്ടു. ആ മരത്തടിയിൽ പിടിച്ചു കൊണ്ട് നീന്താൻ തുടങ്ങി. കുറേ ദൂരം ചെന്നപ്പോഴാണ് മനസ്സിലായത് താൻ പിടിച്ചിരിക്കുന്നത് മരത്തടിയല്ല മുതലയെയാണെന്ന്. ഈ മുതലയെ പിടിച്ചു കൊണ്ട് നദി കടക്കാൻ ശ്രമിക്കുന്ന ആളെ പോലെയാണ് 

ശരീര പോഷണാർത്ഥീസൻ യാ ആത്മാനം ധൃദഷ്യതേ ഗ്രാഹം ധാരു ദയാ ദൃത്വാ നദീം തർത്തും സ ഇച്ഛ്യതി 

കാരണം മുങ്ങും ചാകും എന്നുറപ്പാണ്. ശരീരത്തിനെ പിടിച്ച് കൊണ്ടിരുന്നാൽ ശരീരം ചാകുമ്പോൾ ചാകും, ശരീരത്തിന് വ്യാധി വരുമ്പോൾ എനിക്ക് വിഷമം വരും. ശരീരത്തിന് അപമാനം ഏർപ്പെടുമ്പോൾ എനിക്ക് വേദന വരും. ശരീര സംബന്ധമായ എല്ലാം എന്നെ ബാധിക്കും. 

ഇതു പോലെ തന്നെയാണ് പ്രാണനും. ഇതിൽ ഓരോ തലത്തിലും മനുഷ്യൻ കുടുങ്ങി കിടക്കുന്നു. ചിലർ പ്രാണായാമം ഒക്കെ ചെയ്ത് അത് യോഗമാണെന്ന് ധരിച്ചാൽ പ്രാണൻ ചലിക്കുമ്പോൾ നമ്മളും ചലിക്കും, പ്രാണനടങ്ങുമ്പോൾ നമ്മളും അടങ്ങും. ചിലർ പ്രാണനൊക്കെ അടക്കിയിട്ട് ഒരു തരം സമാധി സ്ഥിതി പോലെയുള്ള അവസ്ഥയിൽ അനേക വർഷം ബാഹ്യ വ്യവഹാരം ഇല്ലാതെയൊക്കെയിരിക്കും. ഹിമക്കരടിയൊക്കെ ഇരിക്കുന്ന പോലെ ഒന്നുമറിയാതെ. പ്രാണനും ഒരു സഹായ മണ്ഡലം മാത്രമാണ്. 

മനസ്സിലും നമ്മൾ കുറേ നാൾ സാധന ചെയ്ത് മാനസിക മണ്ഡലത്തിലും ഇരിക്കും. ഇനി ഇന്ദ്രിയങ്ങൾ, കണ്ണില്ലെങ്കിൽ ഞാൻ അന്ധനാണ്, ചെവി കേൾക്കില്ലെങ്കിൽ ബധിരനാണ് എന്നൊക്കെയുള്ള ഭാവങ്ങൾ ഈ ഇന്ദ്രിയങ്ങളോട് യോജിച്ചിരിക്കുന്നതിനാലാണ്. 

ഇനി ശൂന്യാവസ്ഥ, ബുദ്ധിയുമതേ നമ്മുടെ പദാർത്ഥമല്ല. ഇതൊക്കെ പ്രകൃതിയുടെ പദാർത്ഥങ്ങളെ നമ്മൾ അപഹാരം ചെയ്യുകയാണ് . ഇതെല്ലാം പ്രകൃതി നമ്മളിൽ നിന്ന് വലിക്കും. ഓരോ വ്യാധിയും നമ്മളോട് പറയുന്നു നീ വീട് വിട്ട് ഒഴിയാൻ. ചിലപ്പോൾ വാടകയ്ക്ക് വീട് കൊടുത്താൽ അവർ ഒഴിയില്ല. അപ്പോൾ ഉടമസ്ഥൻ ഒഴിയാൻ പല തന്ത്രങ്ങളും മെനയും. വെള്ളം നിർത്തും, ഫ്യൂസ് ഊരി വൈദ്യുതി വിച്ഛേദിക്കും. അതേ പോലെ പ്രകൃതിയുടെ സ്വത്തായ ഈ ശരീരത്തിൽ സ്വത്വം വച്ചാൽ പ്രകൃതി അതിന്റെ ഉടമസ്ഥത കാട്ടാൻ പല സൂചനകളും തന്നു കൊണ്ടിരിക്കും ചിലപ്പോൾ വ്യാധിയുടെ രൂപത്തിൽ, അല്ലെങ്കിൽ മറ്റ് വൈഷമ്യങ്ങൾ, അവസാനം മൃത്യു. 

Nochurji 🙏🙏
Malini dipu 

No comments: