Saturday, July 06, 2019

ആത്മീയരുടെ ആധുനിക ശാസ്ത്രത്തോടുള്ള പുച്ഛം ഒരുതരം കഴിവുകേടാണ് വിളിച്ചുപറയുന്നത് .അത് തങ്ങളുടെ അജ്ഞത മറയ്ക്കുവാനും തങ്ങളുടെ ശിഷ്യന്മാരെ ബൗദ്ധിക അടിമകളാക്കി കൂടെ നിർത്തുവാനും ഉള്ള ആധുനിക അടവുനയത്തിന്റെ ഭാഗമാണ് .ആധുനിക ശാസ്ത്രത്തിലെ സത്യങ്ങളെ പൂർണ്ണമായും അംഗീകരിക്കാതെ യഥാർത്ഥ ആത്മീയതക്ക് വളരാനാകില്ല.ഈ അപകടം  എല്ലാ മതക്കാരിലും മിക്കവരും  കാലാകാലങ്ങളിലായി ഗുരുവേഷക്കാർ അനുവർത്തിച്ചു പോരുന്നു.എന്നാൽ എന്തെങ്കിലും അപകടം വരുമ്പോൾ ഇവരെല്ലാം തന്നെ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതായും കാണുന്നു.നല്ല ഒന്നാംതരം ഡോപമിൻ എന്ന ഹോർമോൺ ന്യൂറോൺസിൽ കയറുമ്പോൾ ഉണ്ടാകുന്ന ആനന്ദകരമായ അവസ്ഥയിൽ ഉപബോധമനസ്സിലെ കുണ്ഡലിനി സങ്കൽപ്പങ്ങളും കൂടെക്കയറുമ്പോൾ തത്പരകക്ഷികൾക്ക് തോന്നും ഞാൻ "ബോധോദയം നേടി" എന്ന്.തുടർന്ന് അവർ റിലീജിയസ് പരനോയിയ എന്ന മാനസികരോഗം പിടിപെടുകയും  ആളുകളെ വളരെ ബുദ്ധിപൂർവ്വം കെണിയിൽ പെടുത്താൻ തുടങ്ങുകയും ചെയ്യുന്നു.അത്രയ്ക്ക് ബുദ്ധിപരമായിട്ടാണ് അവർ കാര്യങ്ങൾ അവതരിപ്പിക്കുക.അതിനായി അവർ ആത്മീയ ഗ്രന്ഥങ്ങളുടെ കൂമ്പാരത്തിൽ മുഴുകുകയും അവകളിലെ യഥാർത്ഥ മഹാന്മാരുടെ വാക്കുകളെ കാണാതെപഠിച്ച് വളച്ചൊടിക്കുകയും ചെയ്തുകൊണ്ടിരിക്കും .അപ്പോൾ ആത്മീയാനുഭവങ്ങളെ ഗ്രന്ഥങ്ങളിൽ തേടുന്ന  കൂടുതൽ പേർ 
 അതായത് ആത്മീയതയിലെ  പുസ്തക വിജ്ഞാന പടുക്കളായ  പമ്പര വിഡ്ഢികൾ  അയാളിലേക്കടുക്കുന്നു.അയാൾക്കായി മരിക്കാൻ പോലും തയാറാകുന്നു.അതിലേക്കായി ഇവർ ഉപയോഗിക്കുന്ന നാടകമാണ് സത്യം പറയുന്ന യഥാർത്ഥ അനുഭവസ്ഥരായ മറ്റുള്ള ആളുകളോടുള്ള നിന്ദ.ബുദ്ധിപൂർവ്വം നേർക്കുനേർ ലോകനിലവാരത്തിൽ ചർച്ചചെയ്തു ബോധ്യപ്പെടാനുള്ള ,അതിനായി  പ്രത്യക്ഷപെടാനുള്ള തന്റേടമവർക്ക് മുണ്ടാവുകയുമില്ല.ഇത്തരത്തിലുള്ള ഗ്രൂപ്പുകൾ ട്രസ്റ്റുകൾ എല്ലാം ഇപ്പോൾ കേരളത്തിൽ പലപേരുകളിൽ  സജീവമായിക്കൊണ്ടിരിക്കുന്നു.ചിലർ ആധുനിക ശാസ്ത്രത്തെ തങ്ങൾക്കനുകൂലമായി വളച്ചൊടിക്കാൻ "നാസയെ "വരെ ഉപയോഗിക്കും.ഇപ്രകാരമാണ് ആൾ ദൈവങ്ങൾ ഉണ്ടാവുന്നത്.വിദ്യാഭ്യാസമുള്ളവർപോലും  ഇതിലൊക്കെ അപ്പോൾ വീഴുന്നു.അവർ തങ്ങളെ സ്വയം ദൈവമായി ശിഷ്യന്മാരെക്കൊണ്ട് ആരാധിപ്പിച്ചേക്കാം .പാവപെട്ട ഈയാംപാറ്റകളായ സാധകർ സത്യമറിയുന്നത് ഈ ഗുരുക്കന്മാരുടെ അറസ്റ്റോടുകൂടിയായിരിക്കും .അപ്പോഴേക്കും സമയവും പണവും നഷ്ടപെട്ടിരിക്കും .പലപ്പോഴും ഈ ഇത്തിൾകണ്ണികൾ ഉപയോഗിക്കുന്ന ടെക്നിക്കുകൾ മഹാന്മാരുടെ ധ്യാന സങ്കേതങ്ങളോ പുരാതന പദ്ധതികളോ  ആളുകളുടെ ഇപ്പോഴുള്ള ദൈവവിശ്വാസങ്ങളോ ഒക്കെതന്നെയാണ് എന്നതിനാലാണ് പാവം ശിഷ്യന്മാർ പെട്ടുപോകുന്നത് .അത്രക്ക് ഒക്കെ അവർ ബൈബിളോ തന്ത്രഗ്രന്ഥങ്ങളോ ഖുർആനോ കാണാപ്പാഠം പഠിച്ചിരിക്കും .ആളുകൾ വീഴാനെളുപ്പമാണ്.നന്നായി ഹിപ്നോട്ടിസം അറിയാവുന്ന ഒരാൾ മാസ് ട്രാൻസ് സ്റ്റേജിലേക്ക് ഹിപ്‌നോട്ടയ്സ് ചെയ്തു കമാന്റുകൾ കൊടുത്താൽ പിന്നെ നിങ്ങളോ  ഞാനോ ഒക്കെ സ്വയമറിയാതെ അയാളുടെ ചട്ടുകമായി മാറുകയാണ് .ആറു മിനിറ്റ് തുടർച്ചയായി ഒരാൾ കണ്ണടച്ചിരുന്നാൽ സ്വാഭാവികമായി ട്രാൻസ് സ്റ്റേജിലേക്ക് വരും എന്നറിയുമ്പോഴാണ് അപകടം അറിയേണ്ടത് .ആ ട്രാൻസ് സ്റ്റേജിൽ സ്വന്തം ബോധത്തെ മറയ്ക്കത്തക്ക രീതിയിൽ ഉള്ള സജഷൻസ് ഗുരു തരുന്നുവെങ്കിൽ അറിയുക സാധകൻ ഇയാളുടെ ട്രാപ്പിലാണ് .അതെ ട്രാൻസ് സ്റ്റേജിൽ വരുമ്പോൾ സ്വന്തം ബോധം ഉയർത്തുന്നവനാകണം യഥാർത്ഥ ഗുരു.ഏത് ക്ഷേത്രത്തിൽ അഥവാ പള്ളിയിൽവച്ചുപോലും   ഈ ട്രാൻസ് സ്റ്റേജ് ഉണ്ടാവാം.അപ്പോൾ ബോധം മറയാതിരിക്കാനാണ് അഞ്ചിന്ദ്രിയങ്ങളെ ഉണർത്തുന്ന അഗർബത്തികളും  മണിയും ശംഖും തീർത്ഥവും പുഷ്പവും ദീപവും കുന്തിരിക്കവുമെല്ലാം ദേവാലയങ്ങളിൽ വച്ചിരിക്കുന്നത് .ട്രാൻസ് സ്റ്റേജിലെ ആൽഫാ തരംഗങ്ങളിൽ അഫർമേഷൻ എന്ന ശുഭവാചകങ്ങൾ കൊടുത്താൽ അത് പ്രോട്ടീനിൽ ,D N A യിൽ ഒക്കെ അതായത് തലമുറകളിൽ മാറ്റമുണ്ടാകുമെന്ന് തെളിയിക്കപ്പെട്ടതാണല്ലോ.എന്നാൽ ഇവിടെ അൽഫാസ്റ്റേജ് 
 കമാന്റുകൾ ദുരുപയോഗം ചെയ്യപ്പെടുന്നു.രാഷ്ട്രീയക്കാരും ഇതിനെ മറ്റൊരുരീതിയിൽ ദുരുപയോഗം ചെയ്ത് 
 ചട്ടുകമാക്കാറുണ്ട്. ഇവിടെ  "ആത്മീയ ഗുരുക്കന്മാർ" പലപേരുകളിൽ രക്ഷകരായി ചമഞ്ഞു ബൈബിളും ഖുർആനും ഗീതയും പരശുരാമ കല്പസൂത്രവും കയ്യിലെടുക്കുമ്പോൾ മനോരോഗമുള്ള ഒരു തലമുറയെ സൃഷ്ടിക്കാതിരിക്കുവാൻ നാം ഇവരെ വ്യക്തമായി സമൂഹത്തിൽ അനാവൃതമാക്കണം.കാരണം സ്വയം നവീകരിക്കാൻ കഴിവുള്ള ഭാരതസംസ്കൃതി  എന്നും അങ്ങനെയായിരുന്നു.ഇന്ദ്രനെക്കാൾ ആരാധിക്കപ്പെടാൻ യോഗ്യൻ ഗോവർധന  പർവ്വതമാണെന്നു പ്രഖ്യാപിച്ച കൃഷ്ണന്റെ നാടാണിത് ."മൃദദേഹം സമാധിയിരുത്തണോ" എന്നുചോദിച്ചപ്പോൾ "ചക്കിലിട്ട്  ആട്ടി എണ്ണയാക്കിയാൽ നല്ലത് " എന്ന് പറഞ്ഞ യഥാർത്ഥ അനുഭവസ്ഥനായ വിപ്ലവകാരിയായ ശ്രീനാരായണഗുരുദേവനും അതുപോലെ കുളത്തിൽവച്ച് മൂർഖൻ കടിച്ചപ്പോൾ "പാവം അവനാളുമാറിപ്പോയി" എന്നുപറഞ്ഞു തിരികെ വിട്ട അറിവിന്റെ അതികായനായ ചട്ടമ്പിസ്വാമികളും തെളിച്ചവഴി അതാണ് .ഹിന്ദു ക്രിസ്ത്യൻ മുസ്‌ലിം സംഘടനാ നേതാക്കളോട് ഒരു അപേക്ഷയുണ്ട് .ഹിന്ദുവിന്റെ അല്ലെങ്കിൽ ഖുറാന്റെ  ബൈബിളിന്റെ പേരിൽ ഒരു പ്രസ്ഥാനമോ വ്യക്തിയോ ആത്മീയത പഠിപ്പിയ്ക്കാനിറങ്ങുമ്പോൾ ആദ്യം അയാളുടെ ബോധനിലവാരം പൂർവചരിത്രം യാതാർത്ഥ അനുഭവം, അയാളുടെ സമൂഹത്തോടുള്ള സഹിഷ്ണുത ആദിയായവ  അറിയാവുന്നവരുമായി ചർച്ചചെയ്ത് പഠിച്ചശേഷമേ സഹായം നൽകാവൂ.അല്ലെങ്കിൽ അവസാനം ഗുർമീതിനെയും ആശാറാം ബാപ്പുവിനെയുംപൂജ്യം മലബാർ , ആടുമേക്കൽ ജിഹാദികളെ ഒക്കെ പോലെയൊക്കെ  വന്മരമായി വളരുന്ന  ഇവറ്റകൾ കാണിക്കുന്ന തെമ്മാടിത്തത്തിനു നിങ്ങളുടെ സമൂഹം മുഴുവൻ "വിലകൊടുക്കേണ്ടി വരും,വലിയവില" .ഏറ്റവും പ്രധാനപ്പെട്ട സത്യം സാധകർക്ക്  അവരവരുടെ ബോധോദയം നേടുവാൻ ഒരു ഗുരുവിന്റെ അടിമത്തം ആവശ്യമില്ല  എന്നുള്ളതാണ്.കാരണം ബോധത്തിന്റെ സ്വതന്ത്രമായ വർധിച്ച ഉദയമാണ് അതായത് "ധീയോയ്യോനഫ് പ്രചോദയാത്  .."ബുദ്ധിയുടെ വളർച്ചയാണ് ബോധോദയം.അടിമത്തമല്ല. സമർപ്പണം ആവശ്യമാണ്.കണക്കു പഠിക്കുംപോലെതന്നെ .എന്നാൽ ഒരു ഗുരുവിനു അടിമയായിക്കൊണ്ട് ബോധോദയം നേടാൻ സാധ്യമല്ല.യേശുവും രമണമഹര്ഷിയും ബുദ്ധനും കൃഷ്ണനും ശങ്കരാചാര്യരും എല്ലാം ഒറ്റ ഗുരുവിനു അടിമയായി കിടന്നു ബോധോദയം നേടിയവരല്ല  എന്നതാണ് സത്യം.ആദ്യം പതഞ്ജലിയെപോലെ, ആത്മീയതയെ മാത്തമാറ്റിക്സ് പഠിക്കുമ്പോലെ ആയിരുന്നു ഭാരതം സമീപിച്ചിരുന്നത്.അതാണ് ഗീതയിൽ ഗുരുശിഷ്യന്മാരായ  "കൃഷ്ണാർജ്ജുന സംവാദേ(വാദപ്രതിവാദങ്ങൾ ) ...."എന്നുകാണുന്നത്. നമുക്ക് നഷ്ടപെട്ട ആ പാരമ്പര്യം കൂട്ടായി വീണ്ടെടുക്കണ്ടേ .കാരണം അങ്ങനെയുള്ള പുരാതന ഭാരതീയരാണ്  ലോകത്താദ്യമായി സർജ്ജറി  ചെയ്തത്,ട്രിഗുണോമെട്രി കണ്ടുപിടിച്ചത് ,ചന്ദ്രനിലേക്ക് ഉള്ള ദൂരം കൃത്യമായി അളന്നത്,അത്ഭുതക്ഷേത്രങ്ങൾ നിർമ്മിച്ചത്,യോഗ പോലെ അമൂല്യമായ ആരോഗ്യപരിപാലന ശാസ്ത്രീയ സമ്പ്രദായം നൽകിയത്.നിങ്ങൾ ഏതുമതക്കാരനാകട്ടെ പക്ഷെ ആ രക്തം ഭാരതീയന്റെയാണ് .രാഷ്ട്രീയാതീതമായി ചിന്തിക്കു ..തിരിച്ചുപോകണ്ടേ നമുക്കങ്ങോട്ട് ?
sreedharan namboodiri

No comments: