Tuesday, August 13, 2019

രാമായണ കഥ അദ്ധ്യായം 27 - ഇന്ദ്രജിത്ത് വധിക്കപ്പെടുന്നു*


ദിവ്യ ഔഷധത്തിന്‍റെ ഗന്ധമേറ്റ് ജീവന്‍ തിരിച്ച് കിട്ടിയ വാനരര്‍ ലങ്കയെ ആക്രമിക്കുന്നു.വാനരരെ എതിര്‍ക്കാന്‍ വരുന്ന രാക്ഷസ പ്രമുഖര്‍ വധിക്കപ്പെടുന്നു..
യൂപാക്ഷന്‍, ശോണിതാക്ഷന്‍, കുംഭന്‍, നികുംഭന്‍, മകരാക്ഷന്‍..
ഇങ്ങനെയുള്ള വമ്പന്‍മാരെല്ലാം വധിക്കപ്പെട്ടു!

അങ്ങനെ ഒടുവില്‍ രാവണന്‍ തന്നെ യുദ്ധത്തിനു ഇറങ്ങാന്‍ തീരുമാനിക്കുന്നു.എന്നാല്‍ ഇന്ദ്രജിത്ത് രാവണനെ തടയുകയും, ശത്രുക്കളെ താന്‍ വധിക്കാം എന്ന് വാക്ക് കൊടുക്കുകയും ചെയ്യുന്നു.
വീരനും, അതേ പോലെ അപകടകാരിയുമായ ഇന്ദ്രജിത്ത് യുദ്ധത്തിനു പുറപ്പെടുന്നു.

ഇന്ദ്രജിത്തിനു മറഞ്ഞിരുന്ന് യുദ്ധം ചെയ്യാന്‍ വിരുത് ഏറെയാണ്, രണ്ട് പ്രാവശ്യം അവനതു തെളിയിക്കുകയും ചെയ്തതാണ്.അതിനാല്‍ തന്നെ ബ്രഹ്മാസ്ത്ര പ്രയോഗത്തിലൂടെ അവനെ വകവരുത്തരുതോ എന്ന് ലക്ഷ്മണന്‍ ശ്രീരാമദേവനോട് ചോദിച്ചു.
അങ്ങനെ ഭഗവാന്‍ ഇന്ദ്രജിത്തിനെ വധിക്കാത്തതിനു ഒരു കാരണമുണ്ട്.
അത് എന്താണെന്ന് അറിയേണ്ടേ?
ദേവന്‍റെ വാക്കുകള്‍ ശ്രദ്ധിക്കു:

"ആയോധനത്തിങ്കലോടുന്നവരോടു-
മായുധം പോയവരോടും വിശേഷിച്ചു
നേരേ വരാതവരോടും, ഭയം പൂണ്ടു
പാദാന്തികേ വന്നു വീഴുന്നവരോടും
പൈതാമഹാസ്ത്രം പ്രയോഗിക്കരുതെടോ!"

ഇങ്ങനെ ലക്ഷ്മണനെ ബോധിപ്പിച്ചതിനു ശേഷം ശ്രീരാമദേവന്‍ ഇന്ദ്രജിത്തിനെ എതിര്‍ക്കാന്‍ തയ്യാറായി.അത് കണ്ട ഇന്ദ്രജിത്ത്, തന്‍റെ മായാശക്തി കൊണ്ട് ഒരു സീതയെ സൃഷ്ടിക്കുകയും, പശ്ചിമ കവാടത്തില്‍ എത്തി, വാനരരുടെ മുമ്പില്‍ വച്ച് ആ സീതയെ വധിക്കുകയും ചെയ്യുന്നു.
ഈ രംഗം കണ്ട് മാരുതി ഞെട്ടിപ്പോയി!
ഈശ്വരാ..
എന്താ ഈ കണ്ടത്?
സാക്ഷാല്‍ സീതാദേവി വധിക്കപ്പെട്ടെന്നോ?
ഹനുമാന്‍ സ്വാമിയില്‍ നിന്ന് ഈ വിവരം അറിഞ്ഞ് രാമലക്ഷ്മണന്‍മാരും, മറ്റുള്ളവരും വിഷമിക്കുന്നു.എന്നാല്‍ ഈ വിവരം അറിഞ്ഞ വിഭീഷണന്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..
ഇത് ഇന്ദ്രജിത്തിന്‍റെ മായാവൈഭവമാണ്.
സാക്ഷാല്‍ സീതാദേവിയെ ഒന്നും ചെയ്യാന്‍ അവനു സാധിക്കുകയില്ല..
നികുംഭിലയില്‍ ചെന്നു ഹോമം ചെയ്യാന്‍ ഇന്ദ്രജിത്ത് കണ്ടെത്തിയ വഴിയാണിത്..
ആ ഹോമം മുടക്കണം, എങ്കിലേ അവനെ വധിക്കാന്‍ സാധിക്കു..
വിഭീഷണ വാക്കുകള്‍ കേട്ട്, ഭഗവാന്‍റെ അനുഗ്രഹം വാങ്ങി, വാനരസേനയോടെ ഒപ്പം ഇന്ദ്രജിത്തിനെ വധിക്കാന്‍ ലക്ഷ്മണന്‍ യാത്രയാകുന്നു.

നികുംഭില..
ഹോമസ്ഥലത്തെത്തുന്ന കപികള്‍ ഇന്ദ്രജിത്തിന്‍റെ ഹോമം മുടക്കുന്നു.കോപത്തോടെ ഇന്ദ്രജിത്ത് യുദ്ധത്തിനു തയ്യാറാവുന്നു.ഇതാണ്‌ ഇന്ദ്രജിത്തിനെ വധിക്കാന്‍ പറ്റിയ സമയം എന്ന വിഭീഷണ വാക്കുകള്‍ മാനിച്ച് ലക്ഷ്മണന്‍ അവനുമായി യുദ്ധം ചെയ്യുന്നു..
അതിഘോരയുദ്ധം!
അവസാനം വാസവദൈവതമസ്ത്രം പ്രയോഗിച്ച് ലക്ഷ്മണന്‍ ഇന്ദ്രജിത്തിനെ വധിച്ചു!!
വിവരമറിഞ്ഞ് രാവണന്‍ തളര്‍ന്നു പോയി.
സാക്ഷാല്‍ ഇന്ദ്രനെ ജയിച്ച മേഘനാദന്‍ വധിക്കപ്പെട്ടത്രേ!
ദുഃഖിതനായ രാവണന്‍ ഗുരുവായ ശുക്രനിയോഗത്താല്‍ ഒരു ഗുഹയില്‍ ഇരുന്ന് ഒരു ഹോമം നടത്താന്‍ തയ്യാറാകുന്നു.

ഹോമസ്ഥലത്ത് നിന്നും ഉയര്‍ന്ന പുക കണ്ട് വിഭീഷണന്‍ പറഞ്ഞു..
രാവണന്‍ ഹോമം തുടങ്ങി..
ഹോമസ്ഥലത്ത് നിന്നും ലഭിക്കുന്ന ബാണതുണീരചാപാശ്വരഥാദികളാല്‍ യുദ്ധത്തിനു വരുന്ന രാവണനെ വധിക്കാന്‍ സാധ്യമല്ല..
അതിനാല്‍ ഹോമം മുടക്കണം..
അത് കേട്ട് അംഗദന്‍റെ നേതൃത്വത്തില്‍ വാനരന്‍മാര്‍ ഹോമം മുടക്കാന്‍ ശ്രമിക്കുന്നു.വാനരശല്യം സഹിക്കവയ്യാതെയുള്ള മണ്ഡോദരിയുടെ കരച്ചില്‍ കേട്ട് ഹോമം നിര്‍ത്തി രാവണന്‍ യുദ്ധത്തിനു തയ്യാറാവുന്നു. രാവണന്‍റെ ഹോമം മുടക്കിയ വാനരര്‍ തിരികെ ശ്രീരാമസന്നിധിയില്‍ എത്തുന്നു.

യുദ്ധത്തിനു പുറപ്പെടാന്‍ തയ്യാറായ രാവണനോട് മണ്ഡോദരി പറഞ്ഞു..
നമുക്ക് ഭഗവാനോട് മാപ്പ് ചോദിക്കാം..
സീതാദേവിയെ തിരികെ ഏല്‍പ്പിക്കാം..
എന്നിട്ട് വനത്തില്‍ പോയി തപസ്സിരിക്കാം..
തന്‍റെ ഭാര്യയുടെ ഈ വാക്കുകള്‍ക്ക് രാവണന്‍റെ മറുപടി കേള്‍ക്കേണ്ടേ..

"പുത്രമിത്രമാത്യസോദരന്മാരെയും
മൃത്യവരുത്തി ഞാനേകനായ് കാനനേ
ജീവിച്ചിരിക്കുന്നതും ഭംഗിയില്ലടോ
ഭാവിച്ച വണ്ണം ഭവിക്കയിക്കൊന്നുമേ
രാഘവ്‌ തന്നോടെതിര്‍ത്തു യുദ്ധം ചെയ്തു
വൈകുണ്ഠരാജ്യം അനുഭവിച്ചീടുവിന്‍"

രാവണന്‍ യുദ്ധത്തിനു തയ്യാറായി..
ഇനി രാമരാവണയുദ്ധം!!


തുടരും...


കടപ്പാട് :അരുണ്‍ കായംകുളം 


*കാരിക്കോട് ഭഗവതി ക്ഷേത്രം*

No comments: