Bhagavatam dashamam ത്രയോദശോഽദ്ധ്യായഃ_
ഉത്തരോത്തരം ശ്രേയസ്സ് നേടാനാഗ്രഹിക്കുന്ന സജ്ജനങ്ങൾക്ക് അതിനെളുതായുള്ള ഏക മാർഗ്ഗം കൃഷ്ണ കഥാ ശ്രവണം ഒന്ന് മാത്രമാണ്. അവർ കേൾക്കാനും കീർത്തിപ്പാനും ആഗ്രഹിക്കുന്നതും അതു മാത്രമാണ്. അവർക്ക് അതിൽ ഒരുകാലവും തൃപ്തി വരുന്നുമില്ല. ഇപ്രകാരം കഥാതത്പരനായ പരീക്ഷിത്തിനെ പ്രശംസിച്ചു കൊണ്ട് ശ്രീശുകമുനി പറയാൻ തുടങ്ങി :-
*ശൃണുഷ്വാവഹിതോ രാജൻ*
*അപി ഗുഹ്യം വദാമിതേ*
*ബ്രൂയുഃ സ്നിഗ്ദ്ധസ്യ ശിഷ്യസ്യ*
*ഗുരവോ ഗുഹ്യമപ്യുത* (10.13.03)
ഹേ രാജൻ, കൃഷ്ണഭക്തനും എന്റെ പ്രിയ ശിഷ്യനും ആയതിനാൽ *പരമരഹസ്യമാണെങ്കിലും* ഞാൻ ആ കഥയെ പറയാം. അതിനെ വളരെ ശ്രദ്ധയോടുകൂടി ശ്രവിച്ചാലും. ശ്രീശുകമുനിയുടെ ഈ വാക്യങ്ങളിൽ നിന്നു തന്നെ പറയാൻ പോകുന്ന ബ്രഹ്മമോഹനം അഥവാ വത്സസ്തേയം എന്ന കഥയിലുള്ള ഭഗവത്കഥാസാരം എത്രയുണ്ടെന്ന് അനുമാനിക്കാവുന്നതാണ്. മാത്രമല്ല ഇത്തരം കഥകളെ ശ്രദ്ധാഭക്തിയോടു കൂടി കേൾക്കുന്നവർക്കു മാത്രം വേണം പറഞ്ഞു കൊടുക്കാൻ. അല്ലാത്തവരോടു പറയുന്നതിൽ പ്രയോജനമില്ല എന്നർത്ഥം.
അഘാസുരന്റെ മുഖാന്തർഭാഗത്ത് പ്രവേശിച്ച ഗോപകുമാരന്മാരേയും പശുക്കുട്ടികളേയുമൊക്കെ, അവന് മോക്ഷം കൊടുത്തു രക്ഷിച്ച ഭഗവാൻ അവരെയെല്ലാം കൂട്ടി യമുനാ നദിയുടെ തീരത്തുള്ള ഒരു മണൽത്തട്ടിൽ വന്നിരുന്ന. എന്നിട്ട് അവരോടായി പറഞ്ഞു :-
വളരെയധികം വിശപ്പും ദാഹവും അനുഭവപ്പെടുന്ന നമുക്ക്, കയ്യിൽ കരതിയിരിക്കുന്ന ഭക്ഷണങ്ങളെ പരസ്പരം പങ്കുവെച്ച് കഴിക്കാനും വിശ്രമിക്കാനും പറ്റിയ സ്ഥലമാണ് ഇത്. അതുപോലെ തന്നെ വലയുന്ന പശു കിടാങ്ങൾക്കും നദീ ജലം യഥേഷ്ടം കുടിച്ച് അതിന്റെ തട്ടിലുള്ള പുല്ലുകളൊക്കെ ഭക്ഷിക്കുകയും ചെയ്യാം. ആയതിനാൽ പശുകുട്ടികളെ നദീതീരത്താക്കി എല്ലാവരും വരിക. നമുക്ക് ഭക്ഷണം കഴിക്കാം.
ഇത് കേട്ട ഗോപബാലന്മാരെല്ലം സന്തോഷിച്ച് പശുകുട്ടികളെ നദീതീരത്താക്കി, അവരവർ കൊണ്ടു വന്നിരുന്ന ഭക്ഷണ സാധനങ്ങളേയും എടുത്തു കൊണ്ട് ഭഗവാന്റെ അടുത്തേക്ക് വന്നു.
അവരെല്ലാം കൃഷ്ണനെ നടുവിലിരുത്തി ചുറ്റുമായി വട്ടത്തിലിരുന്നു. നാലു ഭാഗത്തും വട്ടമിട്ടിരുന്ന ആ ബാലകന്മാരെല്ലാം താമരദളങ്ങളെന്നപോലെ ശോഭിച്ചു. അവരെല്ലാവരും കൃഷ്ണനെ നോക്കിക്കൊണ്ടിരുന്നു. വട്ടത്തിലിരുന്ന അവർക്കെല്ലാം കൃഷ്ണനെ നോക്കാൻ എങ്ങനെ സാധിക്കും എന്നാണെങ്കിൽ, *സർവ്വതഃ പാണിപാദം തത്, സർവ്വതോഽക്ഷിശിരോമുഖം* എന്ന ശ്രുതിവാക്യമനുസരിച്ച്, സർവ്വവ്യാപിയായ ഭഗവാൻ ഈ വ്രജബാലകന്മാരെ കരുണയോടെ കടാക്ഷിക്കണം എന്ന് തീരുമാനിച്ച് ഒരേ സമയം അവർക്കെല്ലാം തന്നെ കാണത്തക്കവിധം ഭവിച്ചു, എന്ന് മനസ്സിലാക്കണം.
അവരെല്ലാം കൊണ്ടുവന്ന സ്വന്തം പാത്രങ്ങളെല്ലാം തുറന്നു. ഓരോരുത്തരും അവരുടെ ഭക്ഷണത്തെ മറ്റുള്ളവർക്കും വിളമ്പി കൊടുത്തു ( share ചെയ്തു). അവരവരുടെ അമ്മമാർ ഉണ്ടാക്കിയ ഭക്ഷണത്തെ പ്രശംസിച്ചു കൊണ്ട് ഭക്ഷണം കഴിക്കുന്ന അവരുടെ നടുവിൽ ഇരുന്ന ശ്രീകൃഷ്ണനെ വർണ്ണിച്ചു കൊണ്ട് ശ്രീശുകമുനി പറയുന്നു:-
*ബിഭ്രദ്വേണും ജഠരപടയോഃ ശൃങ്ഗവേത്രേ ച കക്ഷേ*
*വാമേ പാണൗ മസൃണകബളം തത്ഫലാന്യങ്ഗുലീഷു*
*തിഷ്ഠന്മദ്ധ്യേ സ്വപരിസുഹൃദോ ഹാസയൻ നർമ്മഭിഃ സ്വൈഃ*
*സ്വർഗ്ഗേ ലോകേ മിഷതി ബുഭുജേ യജ്ഞഭുഗ് ബാലകേളിഃ*
(10.13.11)
ഭക്തന്മാർക്ക് ധ്യാനിക്കാനായി ഗോപകുമാരന്മാരുടെ വനഭോജന സമയത്തുള്ള കൃഷ്ണന്റെ അതിമനോഹരമായ രൂപത്തെയാണ് ശ്രീശുകൻ ഈ ശ്ലോകത്തിലൂടെ വർണ്ണിക്കുന്നത്. ഭഗവാന്റെ ഈ മനോഹര രൂപത്തെ നിത്യേന ധ്യാനിച്ചു മനസ്സിൽ ഉറപ്പിക്കാവുന്ന വിധത്തിലാണ് ശ്രീ വ്യാസഭഗവാൻ ഈ ശ്ലോകത്തെ രചിച്ചിരിക്കുന്നത്. ധ്രുവന് ശ്രീനാരദൻ ഭഗവാന്റെ രൂപത്തെ മനസ്സിൽ വരച്ചു കാണിച്ച പോലെയാണ് ഇവിടെ അതിനെ ശ്രീശുകൻ കാണിച്ചു തരുന്നത്.
ഒരു മഞ്ഞപ്പട്ട് ഭഗവാൻ വയറിനു ചുറ്റുമായി ഉടുത്തിട്ടുണ്ട്. മറ്റൊന്ന് ഉത്തരീയമെന്നോണം അതിനുമുകളിൽ വരിഞ്ഞു കെട്ടിയിട്ടുണ്ട്. അവയ്ക്കു നടുവിലായി തന്റെ ഓടക്കുഴൽ തിരുകി വെച്ചിട്ടുണ്ട്. ഇടത്തേ കൈയ്യിലെ കക്ഷത്തിൽ കൊമ്പും പശുക്കളെ മേയ്ക്കുന്ന കോലും അമർത്തിപിടിച്ചിട്ടുണ്ട്.
ഇനി ഓരോരുത്തരും ഭഗവാന് സമർപ്പിച്ച ഭക്ഷണ പദാർത്ഥങ്ങളെ ഭഗവാൻ തന്റെ കയ്യിൽ വെച്ചിരിക്കുന്നതിനെയാണ് വർണ്ണിക്കുന്നത്.
*ബിഭ്രദ്വേണും* എന്ന ശ്ലോകാർത്ഥം തുടരുന്നു:-
ഇടത്തെ കൈയ്യിൽ തൈര് കൂട്ടി കുഴച്ച ചോറുരുള വെച്ചിട്ടുണ്ട്. കൈ വിരലുകൾക്കിടയിൽ ഉപ്പേരി, ഉപ്പിലിട്ടത്, മുതലായ, കൂട്ടി കഴിക്കാനുള്ള, പദാർത്ഥങ്ങൾ, ഓരോരുത്തരും കൊടുത്തതൊക്കെ, പിടിച്ചിട്ടുണ്ട്. അവയെ തന്റെ വലതു കൈകൊണ്ട് പതുക്കെ പതുക്കെ വായിലേക്കിട്ട് ഭഗവാനും ഗോപന്മാരോടു കൂടി ഭക്ഷണം കഴിക്കുന്നു. ഇതിനു നടുവിൽ ഓരോ ഗോപന്മാരും അവരുടെ തട്ടുകളിൽ നിന്നു ഭഗവാനു സ്നേഹത്തോടെ കൊടുക്കുന്ന ഭക്ഷണവും കഴിക്കുന്നുണ്ട്. ചില ബാലന്മാർ അതി വാത്സല്യത്താൽ അവർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കയ്യാൽ തന്നെ കൃഷ്ണന് കൊടുക്കുന്ന ഓരോ പദാർത്ഥങ്ങളേയും ഭഗവാൻ കഴിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ ഭഗവാൻ പല പല തമാശകളും പറഞ്ഞു അവരെയെല്ലാം രസിപ്പിക്കുന്നു. ഇതെല്ലാം കണ്ട് സ്വർഗ്ഗവാസികളായ ദേവന്മാർ ആശ്ചര്യചകിതരായി നോക്കി നിൽക്കുന്നു.
എന്താണ് ദേവന്മാരുടെ ആശ്ചര്യത്തിനു കാരണം എന്നാണെങ്കിൽ, യജ്ഞേശ്വരനും, യജ്ഞഭോക്താവും, യജ്ഞഫലധാതാവും ആയ ഭഗവാന്, _യജ്ഞഭൃത്യജ്ഞകൃത്യജ്ഞീ യജ്ഞഭുഗ്യജ്ഞസാധനഃ, യജ്ഞാന്തകൃത്ജ്ഞഗുഹ്യമന്നമന്നാദ ഏവ ച_ എന്ന് വിശേഷിപ്പിക്കുന്ന ഭഗവാന്, പരിശുദ്ധമായ സ്ഥലത്ത്, വേദമന്ത്രോച്ഛാരണത്താൽ അഗ്നിമുഖത്തിലൂടെയാണ് ഹവിർ ഭാഗങ്ങൾ സമർപ്പിക്കുന്നത്. അത് ഭഗവാൻ സ്വീകരിക്കാൻ വേണ്ടി, മന്ത്ര, തന്ത്ര,ക്രിയാ,ദ്രവ്യാദി ലോഭങ്ങളൊന്നും ഉണ്ടാകാത്ത വിധത്തിലാണ് കർമ്മകർത്താക്കൾ ബഹു നിഷ്കർഷയോടും ശുദ്ധിയോടും കൂടി നൈവേദ്യ പദാർത്ഥങ്ങളും മറ്റും തയ്യാറാക്കുന്നത്. ഗരുവായൂർ അംബലത്തിലും മറ്റും പോയാൽ അത് കാണാൻ കഴിയു
ആ വിധമുള്ള ഭഗവാൻ ബാലന്മാർ കൊടുക്കുന്ന പര്യൃഷിതമായ, അതായത് അത്ര ദ്രവ്യ ശുദ്ധിയില്ലാത്ത, അന്നാദി ഭക്ഷണ പദാർത്ഥങ്ങളെ വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു.
ഇവിടെ പ്രധാനമായും നമുക്ക് കാണാൻ കഴിയുന്നത് കർമ്മയോഗത്തിനും ഭക്തിയോഗത്തിനും തമ്മിലുള്ള വ്യത്യാസത്തെയാണ്. കർമ്മങ്ങൾക്ക് ദേശം, കാലം, അധികാരം, മന്ത്രം, തന്ത്രം, ദ്രവ്യ ശുദ്ധി, ശരീര ശുദ്ധി, മുതലായ പലവിധ സംഗതികളും നോക്കേണ്ടതുണ്ട്, പാലിക്കേണ്ടതുണ്ട്. അതിന്റെയൊക്കെ കുറവുകൾക്കനുസരിച്ച് കർമ്മവൈകല്യവും ഉണ്ടാകും. കർമ്മ ഫലങ്ങളും അവയെ അടിസ്ഥാനമാക്കി ആയിരിക്കും ലഭിക്കുക. കലിയുഗത്തിൽ, ഇന്നത്തെ സാഹചര്യത്തിൽ ആ നിഷ്കർഷതയൊന്നും കർമ്മങ്ങളിൽ നമുക്ക് പുലർത്താൻ സാധിക്കുന്നില്ല. ആയതിനാൽ തന്നെ യാഗ, യജ്ഞ, ഹോമ, പൂജാദികളുടെ ഫലമൊന്നും ഇന്ന് നമുക്ക് വീണ്ടവിധം കിട്ടുന്നില്ല. പല ഉദ്ദേശങ്ങൾക്കും, കാര്യ പ്രാപ്തിക്കുമൊക്കെയായി നാം ഇത്തരത്തിലുള്ള കർമ്മങ്ങൾ ജ്യോത്സ്യന്മാരും പണ്ഡിതന്മാരുമൊക്കെ പറഞ്ഞതനുസരിച്ച് ധാരാളം ധനം ചിലവഴിച്ചു ചെയ്യുന്നു എങ്കിലും ഉദ്ദിഷ്ട ഫലം കിട്ടാറില്ല. ചിലപ്പോൾ വിപരീത ഫലങ്ങൾ കിട്ടുന്നുമുണ്ട്.
അതിനു കാരണം വേദാദി ശാസ്ത്രങ്ങളിൽ പറയുന്ന കർമ്മങ്ങളിലുള്ള ദോഷം കൊണ്ടല്ല മറിച്ച് അവയുടെ ആചരണ ദോഷം കൊണ്ടാണ് എന്ന് മനസ്സിലാക്കണം. Sugar നുള്ള മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രയോജനമുണ്ടാവില്ല വൈദ്യൻ പറഞ്ഞ ആഹാരങ്ങളിലുള്ള പഥ്യവും ആചരിക്കണം. അല്ലാത്ത പക്ഷം sugar കുറയുകയല്ല കൂടുകയാണ്
ഇങ്ങനെ കർമ്മങ്ങളെ വേണ്ട വിധം നിഷ്കർഷയോടുകൂടി ചെയ്യാതെ, അതിന്റെ ഫലങ്ങൾ വേണ്ടവിധത്തിൽ ലഭിക്കാതെ വരുമ്പോൾ, കർമ്മങ്ങളേയും ദേവീ ദേവന്മാരേയും കുറ്റപ്പെടുത്തുന്നു. ഇത് നമ്മുടെ അവിദ്യ കൊണ്ട് ചെയ്യുന്നതാണ്. മൃത്യുഞ്ജയ ഹോമം ചെയ്തു ഫലം കിട്ടിയില്ല എന്ന് കരുതുന്ന നമ്മൾക്ക് യഥാര്‍ത്ഥത്തിൽ അതിന്റെ ഫലമെന്താണെന്ന് അറിയുന്നില്ല. ഹോമകുണ്ഡം വേണ്ട വിധത്തിൽ തയ്യാറാക്കത്ത നാം അതിലുള്ള അഗ്നിയാൽ നശിപ്പിക്കപ്പെടുന്ന ഉറുമ്പ് മുതലായ പ്രാണികളെ കാണുന്നില്ല. നാലും അഞ്ചും ദിവസങ്ങൾ പഴക്കമുള്ള പാക്കറ്റ് പാലാണ് നാം ഇന്ന് നൈവേദ്യത്തിനും അഭിഷേകത്തിനും ഉപയോഗിക്കുന്നത്.
തുളസി വില്വം എന്നീ പത്രപുഷ്പങ്ങളൊഴിച്ചാൽ ബാക്കിയുള്ള ഭൂരിപക്ഷം പുഷ്പങ്ങളൊക്കെ പറിച്ച ദിവസം തന്നെ ഉപയോഗിക്കണം എന്നാണ്. അപ്പൊൾ ലക്ഷാർച്ചനയും മറ്റും നടന്നതുതന്നെ!!. പറഞ്ഞു വരുന്നതിന്റെ താത്പര്യം എന്താണെന്നു വെച്ചാൽ , പല കാരണങ്ങളാലും, കർമ്മശുദ്ധിയൊക്കെ ഇക്കാലത്ത് വളരെ കുറഞ്ഞിരിയ്ക്കുണു. അതിന്റെ ഫലങ്ങളും തഥൈവ.
ആന്തരമായ പരമപ്രേമ ഭക്തിയുള്ളവർക്ക്
ഈ മുകളിൽ പറഞ്ഞതൊന്നും ബാധകമാകുന്നില്ല. _പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ_ എന്ന് കുചേലനോടു പറഞ്ഞതും, _അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം_ എന്ന് അർജ്ജുനനോടും പറഞ്ഞ വാക്യങ്ങളെ ഭഗവാൻ ഈ വനഭോജനം എന്ന ലീലയിലൂടെ പ്രത്യക്ഷമായി നമുക്ക്
ഈ ഗോപന്മാർക്കെല്ലാം തന്നെ നിർവ്യാജമായ പരമ പ്രേമം ശ്രീകൃഷ്ണനിലുണ്ട്. അവരെന്തു ചെയ്താലും കൃഷ്ണൻ സന്തോഷിക്കണം എന്നതിലപ്പുറമുള്ള വിചാരം അവർക്കില്ല. അത്തരം ഭക്തന്മാർക്ക് പരാധീനനാണ് ഭഗവാൻ. അതു കൊണ്ട് അവരുടെ സമർപ്പണം, അതെന്തായാലും എപ്രകാരമുള്ളതായാലും ഭഗവാൻ സന്തോഷത്തോടും തൃപ്തിയോടും കൂടി നേരിട്ട് സ്വീകരിക്കുന്നു.
ഭഗവാന്റെ ഈ ബാലക്രീഡാരസം ആണ് സ്വർഗ്ഗ വാസികളായ ദേവന്മാർക്ക് ആശ്ചര്യമുണ്ടാക്കിയത് എന്ന് മുകളിൽ പറഞ്ഞത്.
ഗോപകുട്ടികളെല്ലാം ഭഗവാനുമൊത്ത് സന്തോഷത്തിലാറാടി വനഭോജനം ചെയ്തു കൊണ്ടിരിക്കുമ്പോൾ അവരുടെയെല്ലാം പശുകുട്ടികൾ യമുനയിൽ നിന്ന് ആവശ്യത്തിന് വെള്ളം കുടിച്ച ശേഷം പച്ചപ്പുല്ലുകളെ ഭക്ഷിച്ചു കൊണ്ട്, നയിപ്പാൻ നാഥന്മാരില്ലാത്തതിനാൽ, കാട്ടിനുള്ളിലേയ്ക്ക് പ്രവേശിച്ചു. മേഞ്ഞു നടന്ന കിടാങ്ങൾ എല്ലാം അതിദൂരം വനത്തിന്റെ ഉള്ളിലേയ്ക്ക് പോയി.
ഇതിനു നടുവിൽ അവയെ കുറിച്ച് ഓർമ്മ വന്ന കുട്ടകൾ യമുനാതീരത്തൊക്കെ അന്വേഷിച്ചെങ്കിലും പശുക്കിടാങ്ങളെ കണ്ടില്ല. അവരെല്ലാം ഭയന്ന് ദുഃഖിച്ചു നിന്നപ്പോൾ കണ്ണൻ പറഞ്ഞു നിങ്ങൾ വിഷമപ്പെടാതെ ഭക്ഷണം കഴിക്കൂ. കിടാങ്ങളെ ഞാൻ നോക്കി കൊണ്ടു വരാം.
പശുകുട്ടികളെ തിരയാൻ ഈ ബാലന്മാർ പോയിട്ടു കാര്യമില്ല എന്ന് ഭഗവാന് അറിയാം.
ബ്രഹ്മമോഹനം എന്ന അടുത്ത ലീലക്ക് തയ്യാറായ ഭഗവാൻ അതിനുള്ള പശ്ചാത്തലം ഒരുക്കിയതാണ് ഇവിടെ. പശുക്കുട്ടികളെ തിരയാനെന്ന വ്യാജേന ഗോപബാലന്മാരെയെല്ലാം തനിച്ചാക്കി ഭഗവാൻ യമുനാ തീരത്തേയ്ക്ക്
ഇപ്രകാരം പറഞ്ഞ ശേഷം ഭഗവാൻ ഉടനെ തന്നെ പശുക്കുട്ടികളെ തിരഞ്ഞു കൊണ്ട് വനത്തിന്റെ ഉൾഭാഗത്തേയ്ക്കു പോയി. വനത്തിലും അവിടെയുള്ള പല ഗുഹകളിലും പശുക്കുട്ടികളെ തിരഞ്ഞു നടന്നു പക്ഷേ എവിടേയും കണ്ടില്ല. അതും ബ്രഹ്മാവിനെ മോഹിപ്പിക്കാനുള്ള ഒരു ലീല തന്നെ.
ആ സമയം നോക്കി ബ്രഹ്മാവ് തന്റെ മായാശക്തി കൊണ്ട് ചെയ്തത് എന്താണെങ്കിൽ, ഭഗവാൻ മാനുഷ വേഷം ധരിച്ച് ഒരു ബാലനായി അതിബലവാനായ അഘാസുരനെ വധിച്ചു ഗോപ ബാലന്മാരേയും പശുക്കുട്ടികളെയും ഒക്കെ രക്ഷിച്ചു, വെറുമൊരു സാധാരണ യാദവ ബാലനെ പോലെ അവരുമായി വനഭോജനം നടത്തുന്നതു കണ്ടു അത്യാശ്ചര്യപ്പെട്ട ബ്രഹ്മാവ്, ഭഗവാന്റെ ലീലകളെ ഇനിയും കാണണം എന്നുള്ള ആഗ്രഹത്താലും, ആ ഭഗവാന്റെ ബാലലീലകളിൽ തനിക്കും പങ്കുചേർന്ന് അനുഗ്രഹം നേടണം എന്ന മോഹത്താലും അതിനുള്ള വേദി ഒരുക്കുകയായിരുന്നു.
അതിന്റെ ഭാഗമായി ആദ്യം തന്നെ കാട്ടിൽ മേഞ്ഞു നടന്നിരുന്ന പശുക്കുട്ടികളെയെല്ലാം തന്നെ ആദ്യം തന്റെ മായാ ശക്തിയാൽ ബ്രഹ്മാവ് മറച്ചു വെച്ചു. അതിനു ശേഷം പശുക്കിടാങ്ങളെ തിരഞ്ഞു ഭഗവാൻ തനിച്ച് കാട്ടിലേക്കു വന്നപ്പോൾ വീണ്ടും തന്റെ മായാ ശക്തി കൊണ്ട് തന്നെ ഗോപ ബാലന്മാരേയും മറച്ചു.
പശുക്കുട്ടികളെ തിരഞ്ഞു കാണാത്ത ഭഗവാൻ തിരിച്ചു ബാലന്മാരുടെ അടുത്തേക്ക് ചെന്നപ്പോൾ അവിടെ ബാലന്മാരേയും കാണുന്നില്ല. എല്ലാം അറിയുന്ന ഭഗവാൻ ഒന്നും അറിയാത്ത പോലെ ഗോപകുട്ടികളേയും തിരഞ്ഞ് അങ്ങുമിങ്ങും അലഞ്ഞു.
ബ്രഹ്മാവിന്റെ ഈ പ്രവൃത്തിയെ പലരും ബ്രഹ്മാവിന്റെ അഹംങ്കാരമായും, ഭഗവാനെ പരീക്ഷിക്കാൻ ചെയ്തതായും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ സൂക്ഷ്മ രൂപത്തിൽ ചിന്തിച്ചാൽ നമുക്ക് അതല്ലായിരുന്നു ഉദ്ദേശം എന്ന് മനസ്സിലാക്കാം.
കൃഷ്ണൻ വസുദേവ-ദേവകീ പുത്രനായി അവതാരമെടുത്ത സക്ഷാൽ ശ്രീഹരിയാണെന്ന വിവരം ബ്രഹ്മാവിന് അറിയാം. കാരണം ഭൂഭാരം തീർക്കാനായി ക്ഷീരപയോധിതീരത്ത് ദേവന്മാർ ഭഗവാനെ പുരുഷസൂക്തം ചൊല്ലി പ്രാർത്ഥിച്ചപ്പോൾ ബ്രഹ്മാവിനു മാത്രം ഹൃദയാന്തർഭാഗത്ത് ദർശനം കൊടുത്തു ഭഗവാൻ ഇത് പറഞ്ഞിട്ടുള്ളതാണ്.
ദേവഗണങ്ങളെല്ലാം തന്റെ സഹായത്തിനായി ഗോകുലത്തിലെത്താനും ഭഗവാൻ ബ്രഹ്മാവിനോട് പറഞ്ഞിരുന്നതാണ്. അപ്രകാരം ആണ് പല ദേവന്മാരും ഈ ഗോകുലത്തിൽ പല പല വേഷങ്ങൾ ധരിച്ച് വന്നിരിക്കുന്നത്. പക്ഷെ ബ്രഹ്മാവിനും ഇന്ദ്രാദി ലോകപാലകന്മാർക്കും പ്രപഞ്ചത്തിന്റെ സൃഷ്ടി -സ്ഥിതി- സംഹാരാദി വ്യവഹാരങ്ങൾ ഭഗവാന്റെ തന്നെ നിർദ്ദേശമനുസരിച്ച് ചെയ്യേണ്ടതായിട്ട് ഉള്ളതിനാൽ അവർക്കൊന്നും ആ വിധ വ്യാപാരങ്ങളെ നിർത്തി ഭഗവാന്റെ ലീലകളിൽ പങ്കാളികളാകാൻ പറ്റിയില്ല. എങ്കിലും അതിനായുള്ള മോഹം അവരുടെ മനസ്സിലും ഉണ്ട് താനും.
സർവ്വജ്ഞനായ ഭഗവാൻ അവരുടെ ആഗ്രഹങ്ങളെ മനസ്സിലാക്കി തന്റെ മായയാൽ അതിനുള്ള അവസരങ്ങൾ അവർക്കു നൽകി അനുഗ്രഹിക്കുന്നു എന്ന് കരുതണം.
krishnan
No comments:
Post a Comment