Monday, August 12, 2019

ഭക്തി - വേദാന്തത്തിന്റെ അടിസ്ഥാനശില

സൂര്യൻ മറഞ്ഞ രാത്രിയിൽ ചന്ദ്രനിലൂടെ അതേ സൂര്യപ്രകാശം തൂനിലാവായിട്ട് വെളിച്ചവും കുളിർമയുമേകുന്നു. സൂര്യപ്രകാശത്തിനുള്ള വെറുമൊരു ചാനൽ മാത്രമാണ് ചന്ദ്രൻ; ഇത് ചന്ദ്രന് നല്ലപോലെ അറിയാവുന്നതാണ് ചന്ദ്രന്റെ മഹത്വം.

വേദാന്തത്തിന്റെ അടിസ്ഥാനശില ഭക്തിയാണ്. ഭക്തിയെന്നാൽ ഒരു മഹാസന്നിധിയിലുള്ള സമ്പൂർണ്ണമായ അടക്കം. ഭക്തികൊണ്ട് മനസ്സടങ്ങുന്നു; കാർമേഘം നീങ്ങുമ്പോൾ സൂര്യൻ പ്രകാശിക്കുന്നപോലെ മനസ്സടങ്ങുമ്പോൾ ചിത്ജ്യോതിസ്സായ ആത്മതത്വം അനുഭവത്തിൽ വരുന്നു. 

ഹൃദയകുഹരമധ്യേ കേവലം ബ്രഹ്മമാത്രം
അഹമഹമിതി സാക്ഷാത് ആത്മരൂപേണ ഭാതി..

മനസ്സടങ്ങുക എന്നാൽ സമ്പൂർണ്ണ അഹങ്കാര നാശം, അവിടെ ഹൃദയാകാശത്തിന്റെ അനന്തവൈഭവം.

മനസ്സിനെ വച്ചുകൊണ്ടുള്ള വേദാന്തപഠനം രാക്ഷസനു വരംകിട്ടിയപോലെ അപകടകരമാണ്‌. സമ്പൂർണ്ണമായ അടക്കം വന്നവർക്കേ വേദാന്തം (സ്വതസിദ്ധമായി) ഹൃദയത്തിൽ തെളിയൂ; വേദാന്ത തത്വമാകുന്ന ദിവ്യപ്രകാശത്തെ ആരാണോ ഹൃദയത്തിൽ താൻ-താനായി തന്നോടൊപ്പം കൊണ്ടുനടക്കുന്നത് അയാൾക്കുമാത്രമേ വേദാന്തവെളിച്ചംകൊണ്ട് ലോകത്തിനും വഴികാട്ടിയാവാൻ പറ്റൂ; അതുകൊണ്ടാണ് ഒരു ഗുരുസന്നിധി അനിവാര്യമാണെന്നും ആ സന്നിധിയിലുള്ള സമ്പൂർണ്ണമായ അടക്കമാണ് വേദാന്തജ്ഞാനത്തിന്റെ കാതലെന്നും പറയുന്നത്.
sudha bharat

No comments: