ദുഃഖങ്ങൾ ഒന്നും ഉണ്ടാകരുത്; സന്തോഷം മാത്രമേ ഉണ്ടാകാവൂ. എല്ലാ മനുഷ്യരുംതന്നെ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന കാര്യമാണിത്. ഇനി, മനുഷ്യർ ചെയ്യുന്ന നാനാതരം പ്രവൃത്തികളെ പരിശോധിക്കുക. ദുഃഖങ്ങൾ ഉണ്ടാകാതിരിക്കുവാനും ഉള്ള ദുഃഖങ്ങൾ അകറ്റുവാനും സന്തോഷം ഉണ്ടാക്കുവാനും ഉള്ള സന്തോഷം വർധിപ്പിക്കുവാനുമാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ചില കാര്യങ്ങൾ ചെയ്യാതിരിക്കുന്നതും ഇതേ ലക്ഷ്യത്തോടുകൂടിയാണ്. നിരവധിയായ, ചെറുതും വലുതുമായ പാപപ്രവൃത്തികൾ ചെയ്യുന്നതും സന്തോഷം വർധിപ്പിക്കുവാൻ വേണ്ടിയാണ്.
എന്നാൽ, നമ്മൾ സന്തോഷം കിട്ടുവാൻ വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും അൽപസമയത്തെ സന്തോഷത്തിനുശേഷം നമുക്ക് ദുഃഖം തരാൻ തുടങ്ങുന്നു. സന്തോഷം അൽപസമയത്തേക്ക് മാത്രമേ ഉണ്ടാകൂ. അതു കഴിഞ്ഞ് ആരംഭിക്കുന്ന ദുഃഖം അനേകകാലത്തേക്ക്, ചിലപ്പോൾ മരണംവരെയും നീണ്ടുനിൽക്കും. ചില ഉദാഹരണങ്ങൾ പരിശോധിക്കാം. പഠിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും ചില കുട്ടികൾ പഠിക്കാറില്ല. ഉഴപ്പി നടക്കുന്നു. അതിന്റെ സുഖം അവർ അനുഭവിക്കുന്നു. എന്നാൽ, കുറെ വർഷങ്ങൾ കഴിയുമ്പോൾ, ജീവിതം എത്തേണ്ടിടത്ത് എത്താതെ വരുമ്പോൾ, അന്ന് ഉഴപ്പിയതിനെയോർത്ത് അവർ ദുഃഖിച്ചു തുടങ്ങുന്നു. ഈ ദുഃഖമാകട്ടെ ഒരിക്കലും തീരുകയില്ല. എന്നാൽ, ഉഴപ്പിയതിന്റെ സന്തോഷം പെട്ടെന്ന് തീരുകയും ചെയ്തു. അധാർമികമായി ജീവിച്ച് മാറാരോഗങ്ങൾ പിടിക്കുന്നവർ ഉണ്ട്. അവർക്ക് കിട്ടിയ സന്തോഷം പെട്ടെന്ന് തീർന്നു. എന്നാൽ, അവർ അനുഭവിക്കുന്ന ദുഃഖം ഒരിക്കലും തീരുന്നില്ല. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെ സ്ഥിതിയും ഇങ്ങനെതന്നെയാണ്. സുഖം അനുഭവിക്കുവാൻ അവർ ചെയ്യുന്ന കാര്യങ്ങൾ അവർക്ക് തീരാദുഃഖത്തിന് കാരണമാകുന്നു.
ഇനി ഇതിന് വിപരീതമായ കാര്യം ശ്രദ്ധിക്കുക. തുടക്കത്തിൽ ദുഃഖം തരുന്ന പല കാര്യങ്ങളും കുറച്ചു കഴിയുമ്പോൾ വലിയ സന്തോഷം, നിലനിൽക്കുന്ന സന്തോഷം, നൽകുന്ന കാര്യങ്ങൾ ആയി മാറുന്നു. ഒരു ഉദാഹരണം കേൾക്കുക: പരീക്ഷാഫലം വന്നപ്പോൾ മുതൽ ജീവിതകാലം മുഴുവനും ഈ വ്യക്തി അനുഭവിക്കുവാൻ പോകുന്ന സന്തോഷം എത്ര വലുത്! ഈ സന്തോഷത്തോട് തുലനം ചെയ്യുമ്പോൾ നന്നായി പഠിക്കുവാൻ ഏതാനും വർഷങ്ങൾ ചെലവഴിച്ചത് എത്രയോ നിസാരം!
വിതയ്ക്കുമ്പോൾ കർഷകൻ വിഷാദിക്കുന്നു. എന്നാൽ, കറ്റ ചുമന്ന് തിരികെ വരുമ്പോൾ അവൻ ആഹ്ലാദിക്കുന്നു. എന്തുകൊണ്ടാണ് വിത്ത് വിതയ്ക്കുമ്പോൾ വിഷാദിക്കുന്നത്? അധ്വാനഭാരമോർത്ത്. എന്തിനാണ് കൊയ്ത്തുകാലത്ത് സന്തോഷിക്കുന്നത്? നല്ല വിളവ് ലഭിച്ചതോർത്ത്. അധ്വാനഭാരം തീർന്നു. വിളവെടുപ്പിന്റെ സന്തോഷം നിലനിൽക്കുന്നു. സങ്കടം സന്തോഷമായി മാറുന്നു. വിശുദ്ധ ജീവിതം നയിക്കുന്നവരെ നോക്കുക. വിശുദ്ധ ജീവിതം നയിക്കുവാൻ വേണ്ടി അവർ പലതും സഹിക്കുന്നു. എന്നാൽ, ആ സഹനത്തെക്കാൾ വലിയ ആത്മീയ സന്തോഷം അവർ അനുഭവിക്കുന്നു. സ്വർഗത്തിൽ എത്തണമെന്ന വാശിയോടെ ജീവിക്കുന്നവരെ നോക്കുക. അവർ ഒത്തിരി സഹിച്ചുകൊണ്ടാണ് ജീവിക്കുന്നത്. എന്നാൽ, സ്വർഗത്തിൽ എത്തുമ്പോൾ അവരുടെ സഹനവും സങ്കടവും സന്തോഷമായി മാറും. തിരിച്ചുപറഞ്ഞാൽ, സ്വർഗം മറന്ന് ജീവിക്കുന്നവരെ നോക്കുക. പല കാര്യത്തിലും അവർ സന്തോഷിക്കുന്നുണ്ട്. പക്ഷേ, മരണത്തോടെ ആ സന്തോഷങ്ങൾ തീർന്ന് തീരാത്ത സങ്കടം ആരംഭിക്കും. ചുരുക്കിപ്പറഞ്ഞാൽ, സങ്കടമായി മാറുന്ന സന്തോഷങ്ങൾ ഉണ്ട്. സന്തോഷമായി മാറുന്ന സങ്കടങ്ങളുമുണ്ട്.
ദൈവകല്പനകൾ പാലിച്ചുകൊണ്ട് ജീവിക്കുന്ന സർവരോടും അതിനുവേണ്ടി സഹിക്കുന്ന ആ ഓർമയും ആ വചനവും തെറ്റു ചെയ്യാതെ ജീവിക്കുവാൻ നമ്മെ ശക്തിപ്പെടുത്തും.
തെറ്റിന്റെ പേരിലല്ലാതെ സഹിക്കുന്നവരും ദുഃഖിക്കുന്നവരും ഉണ്ടല്ലോ. അഥവാ എല്ലാവർക്കും ഇത്തരം സഹനം ഉണ്ടാകാറുണ്ടല്ലോ. ഇവിടെ ഒരു കാര്യം ഓർക്കാം. സഹിക്കുന്നവരെ, ദുഃഖിക്കുന്നവരെ, രണ്ട് വിഭാഗം ആയി തിരിക്കാം. ഒന്ന്, ദൈവത്തെ കൂടെ നിർത്താതെ സഹിക്കുന്നവർ. രണ്ട്, ദൈവത്തോടുകൂടി നിന്ന് സഹിക്കുന്നവർ. ഇതിൽ ദൈവത്തെ കൂടെ നിർത്താതെ സഹിക്കുന്നവരുടെ സഹനവും ദുഃഖവും കൂടുതൽ ആയിരിക്കും.
ReplyForward
|
No comments:
Post a Comment