Monday, August 12, 2019

ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിവ പുരുഷാര്‍ഥ ചതുഷ്ടയങ്ങള്‍ എന്നാണല്ലോ അറിയപ്പെടുന്നത്. ഉത്തമജീവിതം എന്നത് സനാതനധര്‍മത്തിന്റെ കാഴ്ചപ്പാടില്‍ ഇവ നാലും നേടിത്തരുന്നതായിരിക്കണം. മോക്ഷം മാത്രമാണ് നേടേണ്ടത്, കാമവും അര്‍ഥവും അതിന് തടസ്സമാണ് എന്ന ചിന്ത സനാതനധര്‍മത്തിന്റേതല്ല. എങ്കിലും പലര്‍ക്കും ഇക്കാര്യത്തില്‍ സംശയമാണ്, ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിവ എങ്ങനെയാണ് ഒന്നിച്ചുപോകുക എന്ന്. സനാതനധര്‍മത്തിന്റെ അടിസ്ഥാനഗ്രന്ഥമായ വേദം ഈ വിഷയത്തില്‍ എന്തു പറയുന്നു എന്ന് കേള്‍ക്കുക. സാമവേദത്തിലെ ഒരു മന്ത്രമെഴുതാം.
ഓം അഗ്‌നിസ്തിഗ്മേന ശോചിഷാ യാസദ്വിശ്വം ന്യത്രിണമ്. അഗ്‌നിര്‌നോ വംസതേ രയിമ്.
(സാമവേദം 22)
അര്‍ഥം: (അഗ്‌നിഃ=) മോക്ഷമാകുന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമ്മെ മുന്നോട്ടുകൊണ്ടുപോകുന്ന ഈശ്വരന്‍ (തിഗ്മേന=) തീക്ഷ്ണമായ (ശോചിഷാ=) ജ്ഞാനദീപ്തിയാല്‍ (വിശ്വമ്=) നമുക്കുള്ളില്‍ പ്രവേശിക്കുന്ന, (അത്രിണമ്=) നമ്മെ കാര്‍ന്നുതിന്നുന്ന കാമം തുടങ്ങിയവയെ (നിയംസത്=) നിയന്ത്രിക്കുന്നു. എല്ലാ (രയിമ്=) ധനങ്ങളെയും ഉത്തമ പദാര്‍ഥങ്ങളെയും (നഃ=) നമുക്കായി (അഗ്‌നിഃ=) ആ ഈശ്വരനാണ് (വംസതേ=) നേടിത്തരുന്നത്.
കാമം, ക്രോധം തുടങ്ങിയവയുടെ അനിയന്ത്രിതമായ അവസ്ഥ മനുഷ്യന്റെ ശത്രുവാണ്. രഘുവംശത്തില്‍ രഘുമഹാരാജാവിന്റെ ഗുണങ്ങള്‍ വര്‍ണിക്കവേ മഹാകവി കാളിദാസന്‍ എഴുതുന്നുണ്ട്, 'ബാഹ്യശത്രുക്കള്‍ നശിക്കുന്നവരാണെന്ന് അറിവുള്ളതിനാല്‍ രഘുമഹാരാജാവ് ആദ്യമേതന്നെ ആന്തരികമായ ശത്രുക്കളെ ജയിച്ചു' എന്ന്. തന്റെതന്നെ ഉള്ളിലുള്ള കാമക്രോധമദമോഹലോഭമാത്സര്യങ്ങളാണ് ഈ ആന്തരികശത്രുക്കള്‍. ഈ ശത്രുക്കളെ ജയിച്ചാല്‍ പിന്നെ ബാഹ്യമായ ശത്രുക്കളെ ജയിക്കാന്‍ പ്രയാസമില്ല.  ഈ ആന്തരികശത്രുക്കളെ ശ്രദ്ധിക്കാതെ വിടുന്നവന്‍ ഏതു നിമിഷവും ഇവയാല്‍ ഹിംസിക്കപ്പെടാം.
എന്നാല്‍ കാമക്രോധാദികള്‍ പൂര്‍ണമായും ഇല്ലാതാക്കേണ്ടതാണോ? അതുമല്ല, കാരണം അവ ജീവിതത്തില്‍ കൂടിയേതീരൂ. അതുകൊണ്ട് അവയെ നിയന്ത്രിക്കുകയാണ് ചെയ്യേണ്ടത്. നിയന്ത്രിക്കുകയാണെങ്കില്‍ അവ മിത്രമായിത്തീരുകയും ചെയ്യും. കാമത്തെക്കുറിച്ച് നമുക്ക് വിശേഷമായി ചിന്തിക്കേണ്ടതുണ്ട്.
'ധര്‍മാവിരുദ്ധോ ഭൂതേഷു കാമോളസ്മി ഭരതര്ഷഭ' (ഭഗവദ്ഗീത 7.11) എന്ന് സാക്ഷാല്‍ ശ്രീകൃഷ്ണന്‍തന്നെ പറയുന്നുണ്ട്. 'ജീവികളില്‍ ധര്‍മത്തിന് വിരുദ്ധമല്ലാതിരിക്കുന്ന കാമം ഞാന്‍തന്നെ' എന്നര്‍ഥം.
ആഗ്രഹങ്ങളില്ലാത്തവരായി ആരുംതന്നെ ഇല്ല. എന്നാല്‍ എന്തിനെ സംബന്ധിച്ചാണ്, അതേപോലെ എത്രത്തോളമാണ് ആ ആഗ്രഹം എന്നതനുസരിച്ചുവേണം അത് ധര്‍മാനുകൂലമായ കാമമാണോ ധര്‍മവിരുദ്ധകാമമാണോ എന്ന് നിര്‍ണയിക്കാന്‍. ഗുരുവില്‍നിന്നും ധാര്‍മികപഠനം ചെയ്ത ഒരുവന്/ഒരുവള്‍ക്ക് മാത്രമേ ധര്‍മത്തെ അറിഞ്ഞ് ഇത്തരത്തില്‍ കാമനിയന്ത്രണം ചെയ്യാനാകൂ. ഗുരുകുലവാസകാലത്ത് സ്വന്തം ഗുരുവിന്റെ ധര്‍മാചരണം കണ്ടാണ് ശിഷ്യനും ധര്‍മത്തെ മനസ്സിലാക്കുന്നത്. അതാകട്ടെ പുസ്തകത്തിലൂടെ പകര്‍ന്നുകിട്ടുന്ന അറിവുമല്ല.
ധര്‍മമനുസരിച്ച്, അറിവിനായി എത്രയും ആഗ്രഹിക്കാം. കിട്ടിയ അറിവില്‍ അധികം സന്തോഷിക്കാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ കിട്ടിയ അറിവില്‍ സന്തോഷിച്ച് ഇരുന്നാല്‍ അറിവിന്റെ ഒഴുക്ക് അതോടുകൂടി അവസാനിച്ചു എന്നര്‍ഥം. 'സന്തോഷസ്ത്രിഷു കര്‍ത്തവ്യഃ സ്വദാരേ ഭോജനേ ധനേ. ത്രിഷു ചൈവ ന കര്‍ത്തവ്യോ ദാനേ തപസി പാഠനേ' എന്ന് ഒരു സംസ്‌കൃതശ്ലോകമുണ്ട്. അതായത്, സ്വന്തം പത്‌നിയിലും ഭോജനത്തിലും ധനത്തിലും സന്തോഷം ഉണ്ടായിരിക്കണം. എന്നാല്‍ ദാനം, പഠനപാഠനങ്ങള്‍, തപസ്സ് എന്നിവയില്‍ സന്തോഷം (തൃപ്തി) ഉണ്ടാവുകയും അരുത്.
ഇങ്ങനെ നിയന്ത്രിതമായ കാമത്താല്‍ മനുഷ്യര്‍ ധര്‍മത്തില്‍ ഊന്നിക്കൊണ്ട് അര്‍ഥം സമ്പാദിക്കുന്നു, ആവശ്യമുള്ള വസ്തുക്കളെ നേടുന്നു. ജീവിതയാത്രയുടെ അവസാന സമയത്ത് മോക്ഷവും നേടുന്നു. മന്ത്രത്തില്‍ അവസാനം പറയുന്നത് ഈ സര്‍വധനങ്ങളുടെയും ഉത്തമ ഭോഗ്യപദാര്‍ഥങ്ങളുടെയും ഉടയോന്‍ വാസ്തവത്തില്‍ ഈശ്വരനാണെന്നാണ്. ഭാഗ്യത്താലോ സ്വപ്രയത്‌നത്താലോ നമ്മിലേക്ക് വന്നുചേര്‍ന്ന ധനത്തിന്റെ പൂര്‍ണ അധികാരം തന്നിലാണെന്ന് ഒരു ഉപാസകന്‍ ഒരിക്കലും കരുതിക്കൂടാ. ഞാനാണ് ധനത്തിന്റെ അധിപന്‍ എന്ന ഗര്‍വ് ഉപാസനയ്ക്ക് തടസ്സമാണ്. ഞാന്‍ കേവലം നിമിത്തം മാത്രമാണെന്ന ഭാവം ഉള്ളത്തില്‍ സദാ ഉണര്‍ന്നിരിക്കണം. അങ്ങനെ വരുമ്പോള്‍ എത്രത്തോളം ധനം നമ്മില്‍ വന്നുചേര്‍ന്നാലും അത് ആധ്യാത്മികവഴിയില്‍ ഒരിക്കലും പ്രതിബന്ധമാകുകയില്ല. മറിച്ച് ദാനാദി ധാര്‍മികപ്രവൃത്തികള്‍ക്ക് സാധനമായി കൂടുതല്‍ പവിത്രതയെ നേടിത്തരുകയേ ചെയ്യൂ. 'ദാനായ രയിം ചോദയ' (അഥര്‍വവേദം 3.20.5) ദാനത്തിനായിക്കൊണ്ട് ധനത്തെ വര്‍ധിപ്പിച്ചാലും എന്ന പ്രര്‍ഥന വേദങ്ങളില്‍ കാണാന്‍ കാരണമിതാണ്. 
മോക്ഷമാര്‍ഗത്തില്‍ നമുക്ക് സഹായകമാകുന്ന ഈ ധനത്തെക്കുറിച്ചാണ് വേദം നമ്മോട് പറയുന്നതത്രയും.
 ഇങ്ങനെ ധര്‍മവും ധര്‍മത്തിലൂന്നിയ കാമവും കാമത്തിലൂടെ നേടിയ അര്‍ഥവും നമ്മെ പരമപുരുഷാര്‍ഥമായ മോക്ഷത്തിനായി ഒരുക്കുന്നു. ഇതാണ് ധര്‍മഅര്‍ഥകാമമോക്ഷങ്ങളുടെ വേദവഴി.
Acharya rajesh 
 

No comments: