പ്രാക്കുളം സംവാദം ......." വിഗ്രഹാരാധനയെ എതിർത്ത് കൊണ്ട് മലബാറിൽ തന്റെ അശ്വമേധം പൂർത്തിയാക്കി മധ്യകേരളത്തിൽ വെന്നിക്കൊടി പാറിക്കാൻ എത്തിയ വാഗ്ഭടാനന്ദന് കരുനാഗപ്പള്ളിയിൽ മരുതൂർകുളങ്ങര കണ്ണം കുഴി തറവാട്ടിൽ ജനിച്ച പന്നിശ്ശേരി നാണു പിള്ള എന്ന മഹാ പണ്ഡിതന്റെ വാദഗതികൾക്ക് മറുപടി നൽകാനാവാതെ ആദ്യമായി അടിയറവ് പറഞ്ഞ ചരിത്ര പ്രസിദ്ധമായ സംവാദമാണ് " പ്രാക്കുളം സംവാദം " . വിഗ്രഹാരാധനയേയും ക്ഷേത്ര വിശ്വാസത്തേയും എതിർത്ത് കൊണ്ട് മലബാറിൽ നിന്ന് എത്തിയ വാഗ്ഭടാനന്ദൻ മധ്യതിരുവിതാം കൂറിൽ തന്റേതായ ആശയഗതികൾ പ്രചരിപ്പിക്കുവാൻ ആത്മവിദ്യാ സംഘം രൂപീകരിക്കുന്നത് അറിഞ്ഞ് ക്ഷേത്ര വിശ്വാസികളും, യാഥാസ്തികരും ,സവർണ പണ്ഡിതന്മാരും ,സന്യാസിമാരും സംഘടിതരായി ഈ ഉദ്യമത്തിന് തടയിടാൻ ശ്രമിച്ചു. ചട്ടമ്പിസ്വാമികളുടെ വൽസല ശിഷ്യനായിരുന്ന ശ്രീ. നീലകണ്ഠ തീർഥപാദർ പത്രങ്ങളിലൂടെ വിഗ്രഹാരാധനക്കാരെ എതിർക്കുന്നവരെ വെല്ലുവിളിച്ച് ലേഖനങ്ങൾ എഴുതി കൊണ്ടിരുന്നു. കൊല്ലത്തിനടുത്ത് പെരിനാട് പ്രാക്കുളം ദേശത്ത് കുറേ വാഗ്ഭടാനന്ദ അനുയായികൾ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നു. സാമൂഹ്യ വിരുദ്ധരായും നിരീശ്വരന്മാരായും സമൂഹം ചാപ്പ കുത്തിയ ഈ വിഭാഗക്കാർ വാഗ്ഭടാനന്ദനെയാണ് അവസാന ആശ്രയമായി കണ്ടിരുന്നത്. 1922 ഡിസംബർ 10 (1097വൃശ്ചികം 25) പ്രാക്കുളം എൻ.എസ്.എസ് സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് പ്രശസ്തമായ പ്രാക്കുളം സംവാദം നടന്നത്. തിരുവിതാംകൂറിൽ നിന്നും, മധ്യ തിരുവിതാംകൂറിൽ നിന്ന് പോലും ഈ സംവാദം ശ്രവിക്കുവാൻ ഒട്ടേറേ ആളുകൾ എത്തിച്ചേർന്നിരുന്നു. ബോട്ടുകളിലും വള്ളങ്ങളിലുമായി വാഗ്ഭടാനന്ദനും ശിഷ്യന്മാരും, അസംഖ്യം അനുഭാവികളും പ്രാക്കുളത്തുള്ള വിളയിൽ കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ എത്തി വിശ്രമിച്ചതിന് ശേഷം വൈകുന്നേരം യോഗസ്ഥലമായ സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. വാഗ്ഭടാനന്ദന്റ പക്ഷക്കാരായി വാരണപ്പള്ളിൽ തങ്കപ്പപണിക്കർ, മാത്തശ്ശേരി ശങ്കരനാരായണൻ, ആന സ്ഥാനത്ത് കുഞ്ഞച്ച പണിക്കർ എന്നീ പ്രമുഖരും വിഗ്രഹാരാധന പക്ഷക്കാരായി ഏറത്ത് കൃഷ്ണനാശാൻ ,വിളയത്ത് കൃഷ്ണനാശാൻ, രാമ പൈ എം.എ ,പന്നിശ്ശേരി നാണുപിള്ള, ഒ.എൻ. കൃഷ്ണ കുറുപ്പ് എന്നിവരും സന്നിഹിതരായി. സൂര്യാസ്തമയ സമയത്തോടടുപ്പിച്ച് സംവാദം ആരംഭിക്കുവാൻ തുടങ്ങി. സംവാദത്തിന് മുന്നോടിയായി നിറഞ്ഞ സദസ്സിനെ വാഗ്ഭടാനന്ദൻ അഭിസംബോധന ചെയ്തത് ഇപ്രകാരമാണ് " പണ്ഡിത സുഹൃത്തുക്കളെ, മഹാജനങ്ങളെ ഇത് മതപരമായ ഒരു ശാസ്ത്ര സംവാദമാണ്. അതിന്റെ അന്തസ്സോടെ സമചിത്തതയോടെ സത്യം തെളിയിക്കാനുതകുന്ന ശാന്തതയോടും സമാധാനത്തോടും കൂടിയായിരിക്കണം നമ്മുടെ സമീപനം .ബഹു ദൂരം നിന്ന് ഞാൻ ഇവിടെ വന്നിരിക്കുന്നത് അതിനാണ്. വിദ്വേഷവും കാലുഷ്യവുമില്ലാതെ സൗഹാർദ്ധത്തിലായിരിക്കട്ടെ നമ്മുടെ വാദം.." (അവിടെ ഉണ്ടായിരുന്ന ബ്ലാക് ബോർഡിലേക്ക് ചുണ്ടി) " വാദപ്രതിവാദത്തിന്റെ സൗകര്യത്തിന് വേണ്ടി ഓരോ ചോദ്യങ്ങളായി ബോർഡിലെഴുതുക.. " ഉടനെ ഏറത്ത് കൃഷ്ണനാശാൻ എഴുന്നേറ്റ് " എനിക്ക് 108 ചോദ്യങ്ങൾ ചോദിക്കാനുണ്ട്.. " എന്ന് പറഞ്ഞു .. വാഗ്ഭടാ : - "ഓരോന്നായി ചോദിക്കൂ .." ഏറത്ത് കൃഷ്ണൻ ആശാൻ ആദ്യ ചോദ്യം ചോദിച്ചു. ഏറത്ത്: " വിഗ്രഹം സത്തോ? അസത്തോ? വാഗ് ഭ: " വിഗ്രഹം സത്തുമാണ് അസത്തുമാണ് " ( ഒരു പുസ്തകം ഉയർത്തി) വാഗ് ഭ: " ഈ പുസ്തകം വ്യവഹാര കാലത്തിൽ ഉള്ളതായി കാണുന്നു. അത് കൊണ്ട് ഇത് സത്താണ് .എന്നാൽ ആദ്യം ഈ പുസ്തകം ഉണ്ടായിരുന്നില്ല ,അവസാനം ഉണ്ടായിരിക്കുന്നതുമല്ല.. മധ്യകാലത്ത് മാത്രമുള്ള ഒരു വസ്തു സത്തല്ല അസത്താണ്. അത് കൊണ്ട് വിഗ്രഹവും സത്തുമാണ്, അസത്തുമാണ് .. " ( ഈ സമയം വാദകോലാഹലം ഉയരുകയും ഒ.എൻ.കൃഷ്ണക്കുറുപ്പും, പന്നിശ്ശേരിയും മറുവാദത്തിനായി ശബ്ദം ഉയർത്തുകയും ബഹളം തെല്ലൊന്നവസാനിച്ച് പിന്നീട് നടന്ന വാദ പ്രതിവാദങ്ങൾ പന്നിശ്ശേരി നാണു പിള്ളയും, വാഗ്ഭടാനന്ദനും തമ്മിൽ ആയിരുന്നു. ) പന്നിശ്ശേരി : " വിഗ്രഹം ജഡമാണെന്ന് പറഞ്ഞുവല്ലോ..? ജഡം സത്തോ അസത്തോ?" .............................. .................. വാഗ് : " സത്തും അസത്തുമാണ്. ഘടം ഉണ്ടായിരിക്കയും ഇല്ലാതാവുകയും ചെയ്യുമല്ലോ? "............................. ................... പന്നിശ്ശേരി : " ഈ ലക്ഷണങ്ങൾ എല്ലാ ജഡ വസ്തുക്കൾക്കും ഒന്ന് പോലെ സംബന്ധിക്കുന്നത് തന്നെയാണോ? " വാഗ്: " അതേ .. " പന്നിശ്ശേരി: " ഉണ്ടെന്നും ഇല്ലെന്നും ഉള്ളത് ജഡ മാത്ര ധർമ്മം തന്നെയാണോ..? " വാഗ് : " അതേ .. " പന്നിശ്ശേരി : " പരമാത്മാവ് സകല വസ്തുക്കളിലും ഒന്ന് പോലെ വ്യാപിച്ചിരിക്കുന്നുവോ ?" വാഗ്: " വ്യാപിച്ചിരിക്കുന്നു: " പന്നിശ്ശേരി: "പരമാത്മാവ് സത്തോ അസത്തോ?" വാഗ്: " സത്ത് " പന്നിശ്ശേരി: " സദ് രൂപം പരമാത്മാ ..." വാഗ്: " അതേ ലക്ഷണമാണല്ലോ ?" പന്നിശ്ശേരി : " സത്വം രണ്ട് തരമില്ലല്ലോ ?" വാഗ്: " ഇല്ല " പന്നിശ്ശേരി: " അപ്പോൾ ജഡത്തിലുള്ള സത്വവും, പരമാത്മാവിന്റേതാണല്ലോ ?" വാഗ്: " അതേ " പന്നിശ്ശേരി: " പിന്നെ, ജഡം സത്തും അസത്തും ആണെന്ന് എങ്ങനെ പറഞ്ഞു. ജഡം അസത്തു മാത്രമായില്ലേ.. ?" വാ :" ഉത്തരമില്ല " പന്നിശ്ശേരി: " ചോദ്യം ഒന്ന് കൂടി വ്യക്തമാക്കി " വാഗ്: " പരമാത്മാവ് എപ്പോഴും ജഡത്തിൽ വ്യാപരിച്ചിട്ടുണ്ടല്ലോ ...? " പന്നിശ്ശേരി: " അങ്ങനെയെങ്കിൽ ജഡത്തിൽ സദസത്തും ആത്മാവിന്റെ സത്തും ചേർന്നിട്ടുണ്ടല്ലോ ( സത് - സത് - അസത് ) എന്ന് എന്ത് കൊണ്ട് പറഞ്ഞില്ല ?" വാഗ്: ഉത്തരമില്ല ( ചിരിച്ചു ) പന്നിശ്ശേരി : " ഇരുട്ടും വെളിച്ചവും പോലെ വിരുദ്ധ ധർമ്മങ്ങൾ എങ്ങനെ ഒന്നിൽ ചേർത്തിരിക്കും ?" വാഗ്: " ഒരിക്കൽ ഉണ്ടായിരുന്ന ഘടം പിന്നീട് ഇല്ലാതായി തീരുന്നത് കൊണ്ട് .. " പന്നിശ്ശേരി : " സ്ഥിതി നാശങ്ങൾ ഏക ക്ഷണത്തിലോ ഭിന്ന ക്ഷണത്തിലോ ?" വാഗ്: ( നിശ്ശബ്ദം) പന്നിശ്ശേരി : " ജഡ സ്വരൂപം അനിർവചനീയമാണെന്ന് സമ്മതിക്കുന്നുവോ ?" വാഗ്: " സമ്മതിക്കുന്നു " പന്നിശ്ശേരി: " പിന്നെ എന്ത് കൊണ്ട് സത്തും അസത്തുമാണെന്ന് പറഞ്ഞ് അനർവചനീയമാക്കി ?" വാഗ്: (കയ്യിലിരുന്ന പുസ്തകം നീട്ടി ) " ഇതാ ഇത് പോലെ കാണുന്നത് കൊണ്ട് പറയുന്നു " പന്നിശ്ശേരി : " ഇത് ഖ്യാതി നിർണ്ണയം ചെയ്ത തത്ത്വഞ്ജൻ പറയേണ്ടുന്ന ഉത്തരമാണോ ?" വാഗ്ഭടാനന്ദൻ ഒരക്ഷരം പോലും മറുപടി പറയാതെ സ്കൂൾ കെട്ടിടത്തിനകത്തേക്ക് കയറിപ്പോയി എന്ന് ആ സംവാദ നിരീക്ഷകനായ പല കശ്ശേരിൽ ജി.ശേഖരൻ " "വാഗ്ഭട മുദ്രണം " എന്ന തന്റെ ലഘു ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട് . നിർഗുണോപാസന അഥവാ വിഗ്രഹമില്ലാത്ത ആരാധന പ്രചരിപ്പിച്ച ,പൂജാദി കർമ്മങ്ങളും മന്ത്രവാദവും അസംബന്ധമാണെന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ച് തെളിവുകൾ നിരത്തി സമർഥിച്ചിരുന്ന വാഗ്ഭടാനന്ദൻ , നീലകണ്ഠ തീർഥ പാദ സ്വാമികളിൽ നിന്ന് യോഗ ജ്ഞാന ഉപദേശങ്ങളും, ചട്ടമ്പിസ്വാമികളിൽ നിന്ന് വേദാന്ത പാഠങ്ങളും ഹൃദിസ്ഥമാക്കി പരമാനന്ദ നാഥൻ ,അദ്വൈത വിദ്യാ നിപുണൻ എന്നീ ബഹുമതികൾ കരസ്ഥമാക്കിയ ശ്രീമാൻ . പന്നിശ്ശേരി നാണു പിള്ളയുടെ മുന്നിൽ പ്രാക്കുളം സംവാദത്തിൽ തല കുനിച്ചു എന്നത് ചരിത്ര സാക്ഷ്യം. സസ്നേഹം : നിള അനിൽകുമാർ ,പുളി വിളയിൽ ,പൻമന. ചവറ പി.ഒ. ചിത്രങ്ങൾ 1 .പന്നിശ്ശേരി നാണു പിള്ള .2 .വാഗ് ഭ ടാനന്ദൻ.
No comments:
Post a Comment