Thursday, August 08, 2019

*എടുക്കുന്നതിലുപരി കൊടുക്കാനുള്ള മനസ്സുണ്ടാവുമ്പോൾ നമ്മൾ നേടുന്നത് മനഃശാന്തിയാണ്.*  🙏🏻🌹🇲🇰

ഇന്ന് എല്ലാവർക്കും അറിയാവുന്നത് മറ്റുള്ളവരിൽനിന്ന്‌ ‘എടുക്കുക, എടുക്കുക’ എന്നതു മാത്രമാണ്. കൊടുക്കാനും സഹായിക്കാനുമുള്ള മനസ്സ് മിക്കവരിലും കാണുന്നില്ല. സ്വന്തം അവകാശങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. എന്നാൽ, കടമകൾ നിറവേറ്റുന്നതിൽ അത്ര താത്‌പര്യം കാണാറില്ല. മാതാപിതാക്കളോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും എല്ലാറ്റിലുമുപരി പ്രകൃതിയോടും ഈശ്വരനോടും നമ്മൾ കടപ്പെട്ടിരിക്കുന്നു. അവരിൽനിന്നു നമ്മൾ എടുത്തതും നേടിയതുമെല്ലാം നമ്മുടെ അവകാശമാണെന്നു ചിന്തിക്കാതെ, കൃതജ്ഞതാപൂർവം അവരോടുള്ള കടമ നിർവഹിക്കാൻ നമ്മൾ തയ്യാറാകണം. 

ഒരു യാചകൻ ഒരു വീട്ടിൽ ചെന്നു ഭിക്ഷചോദിച്ചു. കുറേ വർഷങ്ങളായി ഈ യാചകൻ ആ വീട്ടിൽ ഭിക്ഷയെടുക്കാൻ ചെല്ലാറുണ്ട്. അന്നത്തെ ദിവസം വീട്ടുകാരൻ പത്തുരൂപ കൊടുത്തു. യാചകന് ദേഷ്യംവന്നു. അയാൾ വീട്ടുകാരനോടു പറഞ്ഞു: ‘‘ആദ്യകാലത്ത് നിങ്ങൾ എനിക്ക് മാസത്തിലൊരിക്കൽ നൂറു രൂപ തന്നുകൊണ്ടിരുന്നു. പിന്നെ അത് മാസം അമ്പതുരൂപയാക്കി കുറച്ചു. പിന്നെയും കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇരുപത്തഞ്ചാക്കി. ഇപ്പോഴിതാ അതു പത്താക്കിയിരിക്കുന്നു. ഇതു ന്യായമാണോ?’’ വീട്ടുകാരൻ പറഞ്ഞു: ‘‘നിങ്ങൾ ആദ്യകാലം വരുമ്പോൾ ഞാൻ കല്യാണം കഴിച്ചിരുന്നില്ല. അപ്പോൾ നൂറു രൂപ നിങ്ങൾക്കു തരാൻ എനിക്ക് സാധിക്കുമായിരുന്നു. പിന്നെ കല്യാണം കഴിഞ്ഞു. ഭാര്യയ്ക്കു ജോലിയില്ല. ചെലവു കൂടുകയും ചെയ്തു. അതിനാൽ ഭിക്ഷ അമ്പതു രൂപയാക്കി കുറച്ചു. പിന്നെ എനിക്കൊരു കുഞ്ഞുണ്ടായി. ചെലവു വർധിച്ചു. അപ്പോൾ നിങ്ങൾക്കുള്ള ഭിക്ഷ ഇരുപത്തഞ്ചു രൂപയാക്കി. ഇപ്പോഴിതാ രണ്ടാമതൊരു കുഞ്ഞു ജനിച്ചു. സത്യത്തിൽ ഭിക്ഷ നല്കാൻ ഇപ്പോൾ എന്റെ െെകയിൽ പണം തീരേയില്ല. നിങ്ങൾക്ക് എന്തെങ്കിലും തരണമല്ലോ എന്നുെവച്ചിട്ട്, ഞാൻ പത്തുരൂപ തന്നതാണ്.’’ അതു കേട്ടതും ഭിക്ഷക്കാരൻ ദേഷ്യത്തോടെ അലറിക്കൊണ്ട് പറഞ്ഞു:

 ‘‘എനിക്കുള്ള പണമെടുത്തുകൊണ്ടാണോ നിങ്ങളുടെ കുടുംബം പുലർത്തേണ്ടത്?

’’ദാനമായിക്കിട്ടിയ പണം നന്ദിയോടെ സ്വീകരിക്കുന്നതിനുപകരം ഭിക്ഷക്കാരൻ അതു തന്റെ അവകാശമായി കരുതിയതുപോലെയാണ് നമ്മളും പലപ്പോഴും പെരുമാറുന്നത്. പ്രകൃതിയോടും സഹജീവികളോടും അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം നമ്മൾ ഇടപെടുന്നത് സ്വാർഥതയോടെയാണ്. മറ്റുള്ളവർ ചെയ്യുന്ന സഹായത്തിനു നന്ദി പുലർത്താതെ, അതെല്ലാം തന്റെ അവകാശമാണെന്ന ഭാവമാണ് നമുക്കുള്ളത്. അന്യരോടു നന്ദി കാണിക്കുന്ന സംസ്കാരം ഇന്ന്‌ നമ്മുടെ സമൂഹത്തിൽ നഷ്ടമാകുകയാണ്. നമ്മൾ എപ്പോഴും മറ്റുള്ളവരിൽനിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നു. അതുപോലെ അവരും നമ്മളിൽനിന്നു പലതും പ്രതീക്ഷിക്കുന്നുണ്ടാകുമെന്നകാര്യം നമ്മൾ മറക്കരുത്. നമ്മളെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളെ തിരിച്ചറിയാനും അവ നിറവേറ്റാനും നമ്മൾ ശ്രമിക്കണം. 

മറ്റുള്ളവരിൽ നിന്ന് എടുക്കുന്നതിലുപരി ഈശ്വരനാകുന്ന സർവ്വ ഗുണങ്ങളുടെയും സർവ്വ ശക്തികളുടെയും സ്റോതസ്സായ ഈശ്വരനിൽ നിന്നും എടുക്കാനും കൊടുക്കാനുമുള്ള മനസ്സുണ്ടാവുമ്പോൾ നമ്മൾ നേടുന്നത് സ്ഥായിയായ മനഃശാന്തിയാണ്... ഓം 

No comments: