രാമായണം_*
*മുപ്പതാം ദിവസം*
*ॐ*
*നാരായണ നമോ നാരായണ നമോ*
*നാരായണ നമോ നാരായണ നമഃ*
*ശ്രീരാമ പട്ടാഭിഷേകം*
ഭരതൻ ശ്രീരാമ പാദുകങ്ങളെ സ്വശിരസ്സിൽ വെച്ച് കൊണ്ട് കൂപ്പുകൈയ്യോടെ ശത്രുഘ്നസമേതനായിട്ട് ശ്രീരാമനെ സമ്മേളിക്കുന്നതിനു വേണ്ടി കാൽനടയായി യാത്ര തുടങ്ങി. അപ്പോഴേക്കും സൂര്യതേജസ്സോടു കൂടി പുഷ്പകവിമാനം ദൂരത്ത് ദൃശ്യമായി. " ആ വിമാനത്തിൽ വൈദേഹിയോടൊപ്പം വീരന്മാരായ രാമലക്ഷമണന്മാരും വാനരരാജൻ സുഗ്രീവനും മന്ത്രിമാരോടു കൂടിയ വിഭീഷണനെയും കണ്ടാലും " എന്ന് മാരുതി ഭരതനോട് പറഞ്ഞു. അപ്പോൾ അതാ ശ്രീരാമചന്ദ്രൻ എന്ന് പ്രജകൾ ഹർഷാരവം മുഴക്കി.
പ്രഹൃഷ്ടനായ ഭരതൻ, അഞ്ജലിബന്ധനായി ശ്രീരാമന് അഭിമുഖമായി നിന്നു കൊണ്ട് ശ്രീരാമനെ മോദത്തോടെ ദർശിച്ചു. അന്നേരം ഭൂമിയിൽ ഇറങ്ങിയ വിമാനത്തിൽ കേറിയിട്ട് ഭരതശത്രുഘ്നന്മാർ ശ്രീരാമനെ വന്ദിച്ചു. ശ്രീരാമൻ ഭരതനെ ആലിംഗനം ചെയ്തു. ഭരതൻ ലക്ഷ്മണനോടുകൂടി സീതാദേവിയെ അഭിവാദ്യം ചെയ്തു. പിന്നീട് സുഗ്രീവൻ, സുഷേണൻ, നളൻ, ഗവാക്ഷൻ ,ഗന്ധമാദനൻ, ശരഭൻ, പവനൻ എന്നിവരെ ഭരതൻ ആലിംഗനം ചെയ്തു. വാനരന്മാരെല്ലാം തന്നെ ഭരതനോട് കുശാലാന്വേഷണം ചെയ്തു. പിന്നെ ഭരതൻ സുഗ്രീവനോട് പറഞ്ഞു നാലു സഹോദരന്മാരായ ഞങ്ങൾക്ക് ഭവാൻ അഞ്ചാമനായിരിക്കുന്നു. അനന്തരം ശത്രുഘ്നൻ എല്ലാവരെയും അഭിവാദ്യം ചെയ്തു വന്ദിച്ചു. ശ്രീരാമൻ മാതാക്കളുടെ സവിധത്തിൽ ചെന്ന് അവരെ വന്ദിച്ചു. ലക്ഷ്മണനും സീതയും അപ്രകാരം മാതാക്കളെ വന്ദിച്ചു.
ശേഷം ഭരതൻ താൻ ഭക്തിപുരസ്സരം പൂജിച്ചിരുന്ന പാദുകം ശ്രീരാമ പാദങ്ങളിൽ ചേർത്ത് ഇപ്രകാരം പറഞ്ഞു. ന്യാസമെന്ന പോലെ എന്നിൽ നിക്ഷിപ്ത്തമായ അങ്ങയുടെ രാജ്യം ഇതാ തിരിച്ചേല്പ്പിക്കുന്നു. രാജഭണ്ഡാരവും ധനവും എന്നാൽ പത്തിരട്ടിയാക്കപ്പെട്ടു. ഇനി ഭവാൻറെ പ്രതാപത്താൽ ഈ രാജ്യത്തെ പരിപാലിച്ചാലും. ശ്രീരാമൻ ഭരതൻറെ ആശ്രമത്തിൽ എത്തിയ ശേഷം പുഷ്പകത്തിനോട് വൈശ്രവണൻറെ സമീപത്തേത്ക്ക് പോകാൻ ആജ്ഞാപിച്ചു. ശേഷം ശ്രീരാമൻ രാജഗുരുവായ വസിഷ്ഠൻറെ പാദങ്ങൾ നമസ്ക്കരിച്ചു.
അനന്തരം ശത്രുഘ്നൻറെ ആജ്ഞാനുസരണം ക്ഷുരകന്മാർ വന്നു. കുമാരന്മാർ ജടയെല്ലാം കളഞ്ഞു മംഗലസ്നാനം ചെയ്തു. ശ്രീരാമൻ മാലകളണിഞ്ഞ് അംഗരാഗം പൂശി അനർഘവസ്ത്രങ്ങളും ധരിച്ച് ശോഭിച്ചു. രാജസ്ത്രീകൾ അപ്രകാരം സീതയെയും അലങ്കരിച്ചു. കൗസല്യ വാനരപത്നിമാരേയും വേഷാലങ്കാരങ്ങൾ നല്കി അണിയിച്ചു. ശേഷം ശ്രീരാമൻ രഥാരൂഢനായി അയോദ്ധ്യാപുഥിയിലേക്ക് നീങ്ങി. അംഗദൻ സുഗ്രീവൻ വിഭീഷണൻ ഹനുമാൻ തുടങ്ങിയവരും രഥത്തിൽ ശ്രീരാമനെ അനുഗമിച്ചു. സീതാദേവി സുഗ്രീവ പത്നിമാരോടൊപ്പം പല്ലക്കിൽ കയറി . ശ്രീരാമൻ ആഗതനാകുന്നതറിഞ്ഞ് പുരവാസികൾ ശ്രീരാമനെ ദർശിച്ച് പുഷ്പവൃഷ്ടി നടത്തി.
ഭവനത്തിൽ പ്രവേശിച്ച അദ്ദേഹം സുഗ്രീവനും മറ്റുള്ളവർക്കും സുഖമായിരുന്നുവെന്നും താമസിക്കുന്നതിന് വേണ്ടുന്ന ഏർപ്പാടുകൾ ചെയ്യാൻ ഭരതനോട് പറഞ്ഞു. ഭരതൻ അപ്രകാരം ചെയ്ത ശേഷം സുഗ്രീവനോട് ശ്രീരാമാഭിഷേകത്തിന് നാല് സമുദ്രങ്ങളിലെ ജലം കൊണ്ടു വരാൻ വേഗതയുളള ദൂതരെ അയയ്ക്കാൻ ആവശ്യപ്പെട്ടു. അപ്രകാരം ജാംബവാൻ, അംഗദൻ, സുഷേണൻ ,ഹനുമാൻ, എന്നിവരെ നിയോഗിച്ചു. അവർ വളരെ വേഗം ജലം എത്തിച്ചു. ശത്രുഘ്നൻ ആ തീർത്ഥമെല്ലാം വസിഷ്ഠനെ ഏല്പിച്ചു. വസിഷ്ഠ മഹർഷി വാമദേവൻ, ജാബാലി, ഗൗതമൻ, വാല്മീകി എന്നീ ഋഷീശ്വരന്മാരുടെ സാന്നിദ്ധ്യത്തിൽ ശ്രീരാമനഭിഷേകം ചെയ്തു. ദേവേന്ദ്രനാൽ കൊടുത്തയക്കപ്പെട്ട കാഞ്ചനമയമായ ഒരു മാല വായുദേവൻ ശ്രീരാമന് നല്കി. ദേവേന്ദ്രൻ മറ്റൊരു മാല ശ്രീരാമന് നല്കി. ദേവഗന്ധർവ്വന്മാർ ഗാനാലാപനം നടത്തി. അപ്സരസ്സുകൾ നൃത്തമാടി. ആകാശത്തിൽ നിന്നും പുഷ്പവൃഷ്ടി നടത്തി.
ശ്രീരാമനെ ശ്രീപരമേശ്വരൻ ഇപ്രകാരം സ്തുതിച്ചു.
" സീതാസമേതനും നീലതാമരദളത്തിനു തുല്യം കോമളനും, കീരിടം, ഹാരം, അംഗദങ്ങൾ എന്നിവയാൽ അലംകൃതനും സിംഹാസനാസീനനും , മഹാത്വേജസിയുമായ ശ്രീരാമന് നമസ്കാരം. ആദിമദ്ധ്യാന്തഹീനനും ഏകനുമായ അങ്ങ് സ്വമായകൊണ്ട് ലോകസമൂഹത്തെ സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അങ്ങ് സ്വന്തം മായയിൽ ലിപ്തനാകുന്നുമില്ല . അങ്ങ് നിരന്തരം സ്വാനന്ദമഗ്നനും അനാന്ദ്യനുമായി വർത്തിക്കുന്നു. അങ്ങ് തൃഗുണങ്ങളെ ആശ്രയിച്ച് തന്നെ ആശ്രയിക്കുന്നവർക്ക് വഴികാട്ടിയായി ദേവമാനുഷ്യവർഗ്ഗങ്ങളിൽ അനേകം അവതാരങ്ങൾ കൈകൊണ്ട് വിചാത്രലീലകൾ ആടുന്നുയെന്ന് ജ്ഞാനികൾ മനസ്സിലാക്കാന്നു. അങ്ങ് ഒരംശം മാത്രം കൊണ്ട് ലോകങ്ങൾ സൃഷ്ടിക്കുകയും അധോലോകത്ത് ശേഷരൂപിയായി വർത്തിച്ച് അവയെ ചുമക്കുകയും ചെയ്യുന്നു. അപ്രകാരം തന്നെ സൂര്യൻ, ചന്ദ്രൻ, വായു,ഔഷധികൾ, വർഷം എന്നീ രൂപഭാവങ്ങളിൽ ഊർദ്ധഭാവത്തും സ്ഥിതി ചെയ്യുന്നു. സർവ്വജന്തുക്കളുടെയും ജഠരാഗ്നിയായി വർത്തിക്കുന്ന അങ്ങ് തന്നെ പഞ്ചപ്രാണങ്ങളുടെ സഹായത്തോടു കൂടി അവർ ഭുജിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിച്ച് എല്ലാ ജീവികളെയും പരിപാലിക്കുന്നു. അങ്ങുതന്നെ വിരഞ്ചൻ, ശിവൻ, വിഷ്ണു എന്നീ ഭിന്നരൂപങ്ങളിലും കാലം, കർമ്മം, ശശി, സൂര്യൻ എന്നീ ഭിന്നഭാവങ്ങളിലും പ്രത്യേകം പ്രത്യേകമായി ശോഭിക്കുന്നു.എന്നാൽ അങ്ങ് വാസ്തവത്തിൽ അദ്വീതിയനായ
ഏകബ്രഹ്മം തന്നെയാണ്. ഈ പ്രപഞ്ചത്തിലുളള അനന്തമായ സൃഷ്ടിയിൽ ഉല്പ്പന്നങ്ങളായ സ്ഥാവരജംഗമങ്ങൾ അങ്ങയില്ലാതെ നിലനില്ക്കുന്നില്ല. അങ്ങയുടെ മായയിൽ പെട്ടുഴലുന്ന ജനങ്ങൾ പരമാത്മാവായ അങ്ങയുടെ തത്വം അറിയുന്നില്ല. അങ്ങയിലുളള ഭക്തി കൊണ്ട് മനസ്സിന് നൈർമല്യം സിദ്ധിച്ചവർ ഈശ്വരനായ അങ്ങയുടെ പരമതത്ത്വത്തെ അറിയുന്നു. ബാഹ്യസ്വരൂപത്തിൽ സത്യബുദ്ധി ഉറയ്ക്കുക കാരണം ബ്രഹ്മാദികൾ പോലും ഭവാൻറെ സ്വരൂപത്തെയോ ചിദാത്മക തത്ത്വത്തെയോ അറിയുന്നില്ല. അങ്ങയുടെ ഈ രൂപത്തെ ഭജിച്ച് കൊണ്ട് ദുഃഖത്തെ തരണം ചെയ്യുന്നു. ഞാൻ ഭവന്നാമങ്ങൾ ഉച്ചരിച്ചു കൊണ്ട് പാർവ്വതി സമേതനായി കാശിയിൽ വസിക്കുന്നു. മോക്ഷം ഇച്ഛിക്കുന്നവരുടെ മുക്തിക്കായി കൊണ്ട് അവർക്ക് അങ്ങയുടെ നാമവും താരകമന്ത്രവുമായ രാമനാമം ഉപദേശിക്കുന്നു. അന്യഭക്തി കൂടാതെ യാതൊരുവൻ
ഈ സ്ഥലത്തെ കേൾക്കുകയോ ഗാനം ചെയ്യുകയോ എഴുതുകയോ ചെയ്യുന്നുവോ, അവൻ പരമമായ സൗഖ്യത്തെ ലഭിച്ചിട്ട് ഭവാൻറെ പ്രസാദം ഹേതുവായി ഭവൽപദത്തെ പ്രാപിക്കട്ടെ. "
ബ്രഹ്മാവിനാൽ വരം ലഭിച്ച ആ ദുഷ്ടരാക്ഷസൻ അങ്ങയാൽ വധിക്കപ്പെട്ടതിനാൽ എനിക്ക് സുഖം ലഭിച്ചിരിക്കുന്നു എന്ന് ഇന്ദ്രൻ സ്തുതിച്ചു. ദേവന്മാർ, പിതൃക്കൾ, യക്ഷന്മാർ, ഗന്ധർവ്വന്മാർ എന്നിവരും ശ്രീരാമനെ സ്തുതിച്ചു . സീതാസമേതനായ ശ്രീരാമൻ സുഗ്രീവൻ ലക്ഷ്മണൻ വിഭീഷണൻ ഭരതൻ ശത്രുഘ്നൻ ഹനുമാൻ എന്നിവരാൽ സേവിക്കപ്പെടുന്നവനായിട്ട് അത്യന്തം ശോഭയോടെ വർത്തിച്ചു.
അനന്തരം ശ്രീരാമൻ സുഗ്രീവനും അംഗദനും അനേകം സമ്മാനങ്ങൾ നല്കി. സീതാദേവി ഹനുമാന് മനോഹരമായ ഒരു ഹാരം നല്കി. ശ്രീരാമൻ ഹനുമാനോട് ഇഷ്ടമായ വരം വരിക്കാൻ പറഞ്ഞു. അതിന് ഹനുമാൻ "അങ്ങയുടെ നാമം ലോകത്തിൽ നിലനില്ക്കും കാലം അതുതന്നെ മനസ്സിൽ സ്മരിച്ചു കൊണ്ട് ഭൂമിയിൽ ജീവിക്കാനാകണം" എന്ന് പറഞ്ഞു. അങ്ങനെയാകട്ടെ. കല്പാന്ത്യത്തിൽ ഭവാൻ എന്നിൽ ലയിക്കുന്നതായിരിക്കുമെന്ന് ശ്രീരാമൻ ഹനുമാനെ അനുഗ്രഹിച്ചു. സീതാദേവി ഹനുമാനെ അങ്ങ് എവിടെ വസിച്ചാലും സർവ്വഭോഗങ്ങളും അങ്ങേയ്ക്ക ലഭിക്കുമെന്ന് അനുഗ്രഹിച്ചു. സീതാരാമന്മാരെ വന്ദിച്ചു ഹനുമാൻ തപസ്സിനായി യാത്രയായി. അനന്തരം ഗുഹന് സമ്മാനങ്ങൾ നല്കി സ്വരാജ്യത്തേയ്ക്ക് മടക്കി അയച്ചു. സുഗ്രീവനും മറ്റു വാനരന്മാർക്കും സമ്മാനങ്ങൾ നല്കി കിഷ്കിന്ധയിലേക്ക് യാത്രയാക്കി. അതുപോലെ വിഭീഷണനെയും സമ്മാനങ്ങൾ നല്കി യാത്രയാക്കി.
ശ്രീരാമനാകട്ടെ തൻറെ പ്രജകളിൽ വാത്സല്യം വർദ്ധിച്ചു കൊണ്ട് രാജ്യ പരിപാലനം നടത്തി. അശ്വമേധാദികൾ നടത്തി.
ധനധാന്യാദി സമസ്ത ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നതും ദീർഘായുസ്സും ആരോഗ്യവും നല്കുന്നതും പുണ്യഫലപ്രദവും പവിത്രവും , അദ്ധ്യാത്മരാമായണമെന്ന് സംജ്ഞയുളള അത്യന്തം രഹസ്യയവുമായ ഇത് ആദിശംഭുവിനാൽ ശ്രീ പാർവതിദേവിക്കായി ഉപദേശിക്കപ്പെട്ടതാണ്.
യാതൊരു മനുഷ്യൻ ഭക്തിയോടു കൂടിയവനായി ഇത് കേൾക്കുകയോ , പരിതുഷ്ടമനസ്സോടെ പാനം ചെയ്യുകയോ ചെയ്യുന്നുവോ അവൻ സർവ്വമനോഗതങ്ങളും സാധിച്ചവനായി ക്ഷണം കൊണ്ട് കോടിക്കണക്കിനുളള പാതകങ്ങളിൽ നിന്ന് വിമുക്തനാകുന്നു.
ധനാഭിലാക്ഷിയായി ഏകാഗ്രചിത്തനായി രാമാഭിഷേക കഥ കേൾക്കുന്നവന് ധനലാഭം ഉണ്ടാകും. പുത്രാഭിലാക്ഷിയായി രാമായണം വായിക്കുന്നവന് സൽപുത്രനെ ലഭിക്കും. യാതൊരു രാജാവ് രാമായണം ശ്രവിക്കുന്നുവോ അവൻ ശത്രു രഹിതനായി ദുഃഖവിമുക്തനായി വിജയിയായി ഭവിക്കും.കോപത്തെ ജയിച്ചവനും മൽസരബുദ്ധിയില്ലാത്തവനും യാതൊരു മനുഷ്യൻ ശ്രദ്ധായാന്വിതനായി ഇത് ശ്രവിക്കുന്നുവോ അവൻ നിർഭയനായി സർവ്വദുഃഖങ്ങളെയും ജയിച്ചവനായും ശ്രീരാമ ഭക്തനായും സുഖിയായും ഭവിക്കും.ഈ അദ്ധ്യത്മ രാമായണം ആദ്യം മുതൽ ശ്രവിക്കുന്ന വ്യക്തിയിൽ എല്ലാ ദേവന്മാരും പ്രസന്നരായിതീരും അവരുടെ വിഘ്നങ്ങൾ തീരും. രജസ്വലയായ സ്ത്രീ പോലും രാമായണം ആദ്യം മുതൽ ശ്രവിക്കുകയാണെങ്കിൽ ശ്രേഷ്ഠനായ പുത്രനെ ലഭിക്കും. നിത്യവും ശ്രീരാമനെ പൂജീക്കുകയോ സ്മരിക്കുകയോ ചെയ്യുന്നവൻ സർവ്വപാപങ്ങളിൽ നിന്നും വിമുക്തനായി മഹാവിഷ്ണുവിൻറെ പരമപദത്തെ പ്രാപിക്കും.
അദ്ധ്യാത്മ രാമായണചരിതം പൂർണമായി ഭക്തിയോടുകൂടി ശ്രവിക്കുന്നവരും സ്വയം പഠിക്കുന്നവരും ആയവരിൽ ശ്രീരാമൻ പ്രസാദിക്കുന്നു. ശ്രീരാമൻ പരബ്രഹ്‌മം തന്നെയാണ്. സർവ്വാത്മാവായ അദ്ദേഹം സന്തുഷ്ടനായാൽ ധർമ്മാർത്ഥകാമമോഷങ്ങളിൽ യാതൊന്ന് ഇച്ഛിക്കുന്നുവോ അത് സാധിക്കും.
ഈ രാമായണം നിത്യവും നിയമാദികളോട് ശ്രദ്ധിക്കപ്പെട്ടാൽ അത് ആയുസ്സിനെയും ആരോഗ്യത്തെയും പ്രദാനം ചെയ്യും. രാമായണ ശ്രവണത്തിൽ എല്ലാ ദേവന്മാരും ഗ്രഹങ്ങളും സന്തുഷ്ടരാകുന്നു.അപ്രകാരം പിതൃക്കളും തുഷ്ടി പ്രാപിക്കുന്നു. യാതൊരു പുരുഷൻ അത്യത്ഭുതവും ജ്ഞാനവൈരാഗ്യയുക്തവും പുരാതനവുമായ ഇത് പഠിക്കുകയോ ശ്രവിക്കുകയോ എഴുതുകയോ ചെയ്യുന്നുവോ അവർക്ക് ഈ സംസാരസാഗരത്തിൽ പുനർജന്മം ഉണ്ടാകയില്ല.
സർവ്വഭൂതനാഥനായ ശ്രീമഹാദേവൻ അനേകം പ്രാവശ്യം അഖില വേദങ്ങളും മഥനം ചെയ്തിട്ട് യാതോന്നാണോ താരകബ്രഹ്മമായിരിക്കുന്നത് അത് ശ്രീരാമനെന്ന വിഷ്ണുരഹസ്യമൂർത്തിയാണെന്നറിഞ് ഞിട്ട് അഖില സാരസംഗ്രഹമായ അതിനെ ഉദ്ധരിച്ച് ശ്രീരാമൻറെ നിഗൂഢതത്ത്വത്തെ സ്ഫുടമായി സംക്ഷേപിച്ച് തൻറെ പ്രീയതമയായ ശ്രീപാർവതിദേവിയ്ക്ക് ഉപദേശിച്ചുകൊടുത്തു.
__ *_സമാപ്തം_* ___
*ശ്രീകൃഷ്ണാർപ്പണമസ്തു* ..
✍ കൃഷ്ണശ്രീ
No comments:
Post a Comment