Thursday, November 14, 2019

മാതാവിനോടുള്ള നിത്യഋണം

Tuesday 12 November 2019 3:27 am IST
മാതൃപഞ്ചകത്തിലെ ഒന്നാമത്തെ ശ്ലോകംതന്നെ മാതാവിന്റെ മാഹാത്മ്യം വെളിവാക്കുന്നതാണ്.
ആസ്താം താവദിയം
പ്രസൂതി സമയേ-
ദുര്‍വ്വാരശൂലവ്യഥാം
നൈരുച്യം തനു
ശോഷണം മലമയീ
ശയ്യാച സംവത്സരീ
ഏകസ്യാപി ന ഗര്‍ഭ
ഭാരഭരണ-
ക്ലേശാസ്യയസ്യാക്ഷമോ
ദാതുംനിഷ്‌കൃതിമുന്ന
തോപിതനയഃ
തസൈ്യ ജനനൈ്യ നമഃ
ഗര്‍ഭത്തില്‍ വഹിച്ച് വേദനിച്ച് പ്രസവിച്ചതിന്റെയും കുഞ്ഞിനുവേണ്ടി അമ്മ അനുഭവിച്ച മറ്റുക്ലേശങ്ങളുടെയും പ്രതിഫലനമായി എത്ര ഉന്നതനായ മകനും ഒരമ്മയ്ക്ക് ഒരുവിധമായ പ്രത്യുപകാരവും ചെയ്യാന്‍ സാധ്യമല്ല. മാതാവിനോടുള്ളത് നിത്യഋണം തന്നെയാണ്. അമ്മയ്ക്ക് പ്രണാമം. അമ്മയെക്കുറിച്ച് ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികളുടെ ഹൃദയത്തില്‍ നിറഞ്ഞിരുന്ന ഭക്ത്യാദരങ്ങളാണ് മാനവരാശിയുടെ നിത്യസ്മരണയ്ക്കായി പകര്‍ന്നുതന്നത്. പത്ത് ദിവസം അമ്മയുടെ കിടയ്ക്കയ്ക്കരികിലിരുന്ന് പ്രാര്‍ത്ഥനകള്‍ ചൊല്ലിയും വേണ്ട ശുശ്രൂഷകള്‍ നല്‍കിയും ശ്രീശങ്കരന്‍ അമ്മയെ ശുശ്രൂഷിച്ചു. അമ്മയുടെ കണ്ണുകളിലും ഹൃദയത്തിലും പുത്രവാത്സല്യത്തിന്റെ പരിമളം നിറഞ്ഞു. അമ്മയ്ക്ക് മനഃശാന്തി പ്രാര്‍ത്ഥിച്ചുകൊണ്ട് ജഗദ്ഗുരു ശിവഭുജംഗം നിര്‍മിച്ചുചൊല്ലി. അതുകേട്ട് ആനന്ദപരവശയായ ആര്യാംബാ ദേവി ശ്രീകൃഷ്ണ ദര്‍ശനം വേണമെന്ന ആഗ്രഹം അറിയിച്ചു. കൃഷ്ണാഷ്ടകം എന്ന വിശിഷ്ടമായ സ്‌തോത്രം രചിച്ച് വിഷ്ണുഭഗവാനെസ്തുതിച്ചു. ലോകൈകവന്ദ്യനായ പുത്രന്റെ പ്രാര്‍ത്ഥനയില്‍ ലയിച്ച് വിശുദ്ധയായ മാതാവ് ആര്യാംബാദേവി ഇഹലോകവാസം വെടിഞ്ഞു.
ആര്യാംബാദേവിയുടെ ഭൗതികശരീരം ദഹിപ്പിക്കുന്നതിനോ ശേഷക്രിയകള്‍ ചെയ്യുന്നതിനോ ബ്രാഹ്മണരാരും സഹകരിച്ചില്ലെന്നും വാഴത്തടകൊണ്ട് ചിതനിര്‍മിച്ച് തന്റെ ആത്മശക്തിയുടെ അഗ്നിയാല്‍ അമ്മയുടെ ശരീരം ദഹിപ്പിച്ച് ശേഷക്രിയകളും നടത്തിയശേഷം ജഗദ്ഗുരു കാലടിയില്‍നിന്നും വീണ്ടും ദിഗ്വിജയത്തിനായി തിരിച്ചു എന്നാണ് ഐതിഹ്യം. 'മലയാളത്തിന്റെ തല' എന്ന ഹൃദയസ്പര്‍ശിയായ കവിതയില്‍ ഈ ദൃശ്യം മഹാകവി വള്ളത്തോള്‍ അനശ്വരമാക്കിയിട്ടുണ്ട്. 
ഭാരതീയ ഗുരുപരമ്പരയില്‍ സൂര്യതുല്യം തിളങ്ങിനില്‍ക്കുന്ന ജഗദ്ഗുരു ശങ്കര ഭഗവത്പാദരുടെ മാതൃഭക്തി തലമുറകളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥായിയായി നില നിര്‍ത്തുന്നതിന് ജഗദ്ഗുരുവിന്റെ ജീവിതവും കൃതികളും പ്രചോദനം നല്‍കട്ടെ.
'ശ്രുതിസ്മൃതി പുരാണാനാം
സുലക്ഷം കരുണാലയം
നമാമി ഭഗവത്പാദം
ശങ്കരം ലോകശങ്കരം' 
                                               

No comments: