നിലനില്‍ക്കുന്നതും നശിക്കാത്തതുമായ ദേവചൈതന്യം
Thursday 7 November 2019 3:46 am IST
ഗുണത്രയ വിഭാഗയോഗം
ഈ പ്രകൃതി മാതാവായും ഞാന്‍ എല്ലാ ചരാചരങ്ങളുടേയും പിതൃസ്ഥാനീയനായും നിലകൊള്ളുന്നു. ഈ പ്രപഞ്ചത്തിലുള്ള ഓരോന്നിലും സ്വതസിദ്ധമായ മൂന്നു ഗുണങ്ങള്‍ സത്വഗുണം, രജോഗുണം, തമോഗുണം ഉണ്ട്. അത് പ്രകൃതിയുടെ എട്ടുഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്.
ഇതില്‍ സത്വഗുണം, ശ്രേഷ്ഠവും സന്തോഷം, സംതൃപ്തി തുടങ്ങിയ നന്മനിറഞ്ഞ വികാരങ്ങള്‍ക്ക് ആധാരവുമാണ്. എന്നാല്‍ രജോഗുണമാകട്ടെ മധ്യമവും ആഗ്രഹം, ഇച്ഛാശക്തി, ബന്ധനം, വെല്ലുവിളി, ധീരത എന്നിവയ്ക്ക് കാരണമാകുന്നതുമാണ്. തമോഗുണമാകട്ടെ അജ്ഞതയും സ്വാര്‍ഥതയും തിന്മയും ആലസ്യവും പ്രദാനം ചെയ്യുന്നതാണ്. സത്വഗുണം സന്തോഷത്തിനും രജസ് കര്‍മനിരതത്വത്തിനും തമസ് തെറ്റുകള്‍ക്കും കാരണമാകുന്നു.
രജസ് അത്യാഗ്രഹത്തിനും സ്വാര്‍ഥതയ്ക്കും അശ്രാന്ത പരരിശ്രമത്തിനും, സന്തോഷത്തിനുള്ള പരക്കം പാച്ചിലിനും കാരണമാകുന്നു. ത്രിഗുണങ്ങളില്‍ ഏതൊന്നിന്റെയാണോ ആധിപത്യമുള്ളത് അയാള്‍ ദേഹവിയാേഗം ചെയ്യുമ്പോള്‍ അതിനനുസരിച്ചുള്ള പുനര്‍ജന്മമായിരിക്കും ലഭിക്കുന്നത്. സത്വഗുണം ഉയര്‍ച്ചയ്ക്കും രജോഗുണം അതേ അവസ്ഥയ്ക്കും തമോഗുണം അധഃപതനത്തിനും കാണമാകുന്നു.
ആര്‍ക്കാണോ ഇഷ്ടാനിഷ്ടങ്ങളില്ലാത്തത്, ആകര്‍ഷണ വികര്‍ഷണങ്ങളില്ലാത്തത്, ഭേദഭാവങ്ങളില്ലാത്തത്, സമചിത്തതയുള്ളത് അവര്‍ ഗുണാതീതന്മാരാണ് മൂന്നു ഗുണങ്ങള്‍ക്കും അതീതരാണവര്‍. അവര്‍ ഇൗശ്വരാംശമെന്ന ബോധത്തില്‍ സംതൃപ്തിയോടെ തന്നെ ജീവിക്കുന്നു. അവര്‍ക്ക് മാനാപമാനങ്ങളും ശീതോഷ്ണവും സ്തുതിനിന്ദയും കര്‍മകര്‍തൃഭാവവും ഒന്നും ഇല്ല തന്നെ. അവര്‍ ആത്മാഭിമാനത്തോടെ ആത്മജ്ഞാനിയായി പരമാനന്ദത്തോടെ ജീവിക്കുകയും ജീവിതത്തെ അഭിമുഖീകരിക്കുകയും ചെയ്ത് അന്ത്യത്തില്‍ എന്നില്‍ തന്നെ എത്തിച്ചേരുന്നു.
(ലോകത്തില്‍ നിലനില്‍ക്കുന്ന ഏതൊന്നിലും സസ്യലതാദികളും മൃഗങ്ങളിലും മണ്ണിലും വായുവിലും ജലത്തിലും ഔഷധത്തിലും എല്ലാമെല്ലാം ഈ മൂന്നു വിഭാഗത്തില്‍ പെടുന്നവയാണുള്ളത്. അതായത് സാത്വികമായ മൃഗം( പശു) രാജസിക മൃഗം( നായ) താമസിക മൃഗം ( കഴുതപ്പുലി) എന്നതുപോലെ താരതമ്യം ചെയ്യുക.)
പുരുഷോത്തമയോഗം
മനുഷ്യലോകത്തില്‍ ( ജീവിതത്തില്‍) ബന്ധനമുണ്ടാക്കുന്നതെന്തെല്ലാമാണോ അതിനെ നിസ്സംഗതയാകുന്ന ആയുധത്തില്‍ മുറിച്ചു മാറ്റി ബന്ധം നിലനിര്‍ത്തി ബന്ധനത്തെ ഇല്ലാതാക്കി, നിരന്തരം ആത്മീയമായി ഉയരണം, വളരണം, ഉണരണം. ഈ വളര്‍ച്ചയ്ക്ക് കര്‍മത്തോടുള്ള ബന്ധനം തടസ്സമാകരുത്. ഉപനിഷത്തുകള്‍ വിവരിക്കുന്ന പരമമായ ചൈതന്യമാകുന്ന ജീവാത്മാപരമാത്മാവിനെക്കുറിച്ച് കൃഷ്ണന്‍ വീണ്ടും വീണ്ടും വിവരിക്കുന്നു. അത് തന്റെ അംശം തന്നെയാണെന്ന് വര്‍ണിക്കുന്നു. ജീവാത്മാവ് കര്‍മഫലത്തെ പുതിയ ശരീരത്തിലേക്ക് മരണശേഷം നയിക്കുന്നത് ഗന്ധമുള്ള തന്മാത്രകളെ വായു വഹിക്കുന്നതു പോലെയാണ്. ജീവാത്മാവിനെക്കുറിച്ച് അജ്ഞര്‍ കാര്യമായിട്ടറിയുന്നില്ല. സൂര്യചന്ദ്രന്മാരിലുള്ള പ്രകാശം പോലെ ജീവാത്മാ പരമാത്മാ ചൈതന്യം എന്നില്‍ പ്രകാശിക്കുന്നു. നിലനില്‍ക്കുന്നതും നശിക്കാത്തതുമായ എല്ലാം തന്നെ എന്നിലാധാരമായി നിലനില്‍ക്കുന്നു. എല്ലാത്തിന്റേയും ശരീരം നശിക്കുന്നതും ആത്മചൈതന്യം നശിക്കാത്തതുമാകുന്നു. പരമാത്മചൈതന്യവും പരമപുരുഷ ചൈതന്യവും എല്ലാം എന്നില്‍ തന്നെ നിലകൊള്ളുന്നു. മറ്റൊരര്‍ഥത്തില്‍ എന്നെ വെറും മനുഷ്യനായി മാത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കു പോലും എന്നെ ഉത്തമ പുരുഷനായി കണ്ട് ആരാധിക്കാനാകും. അതാണ് പുരുഷോത്തമ യോഗം.
No comments:
Post a Comment