Wednesday, January 29, 2020

ശിവാജി

Tuesday 28 January 2020 4:38 am IST
മുസുനൂരീനായകൗ തൗ പ്രതാപഃ ശിവഭൂപതിഃ
രണജിത് സിംഹ ഇത്യേതേ വീരാ വിഖ്യാതവിക്രമാഃ
ബിജാപൂരിലെ ആദില്‍ശാഹി രാജസദസ്സിലെ സാമന്തനായിരുന്ന ശാഹ്ജിഭോണ്‍സ്ലേയുടെ രണ്ടാമത്തെ പുത്രനായി ജനിച്ച ശിവാജിയുടെ മനസ്സില്‍ ബാല്യത്തില്‍ തന്നെ മാതാവായ ജീജാബായി സ്വധര്‍മത്തെയും സ്വദേശത്തെയും പൈതൃകത്തെയും കുറിച്ച് അഭിമാനം വളര്‍ത്തുകയും മുസ്ലീംദുര്‍ഭരണത്തില്‍ നിന്നും അടിമത്തത്തില്‍ നിന്നും രാഷ്ട്രത്തെ മുക്തമാക്കാനുള്ള പ്രേരണ ജനിപ്പിക്കുകയും ചെയ്തു. ദാദാജി കോംഡദേവനെപ്പോലെയുള്ള ഒരു ധീരയോദ്ധാവില്‍ നിന്ന് ശാസ്ത്രവിദ്യ അഭ്യസിക്കുക കൂടിയായപ്പോള്‍ ശിവാജിയുടെ മനസ്സിലെ ഈ ദേശഭക്തിയും വിദേശശക്തികളോടുള്ള വിരോധവും ഒന്നുകൂടി ശക്തമായി. അതിനാല്‍ ശിവാജി പതിനാറു വയസ്സില്‍ തന്നെ കൃഷിയിലൂടെ ജീവിതവൃത്തി കഴിച്ചിരുന്ന മലയോരവാസികളായിരുന്ന മാവലന്മാരുടെ മനസ്സില്‍ ദേശസ്‌നേഹവും ശൗര്യവും വളര്‍ത്തി. അവരുടെ സഹായത്തോടെ തോര്‍ണക്കോട്ട പിടിച്ചടക്കി, സ്വാതന്ത്ര്യസമരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആ പരമ്പര 
പിന്നീടും അണയാതെ തുടര്‍ന്നു. മുഗള്‍ സൈന്യാധിപനായ ശായിസ്താഖാനെ പരാജയപ്പെടുത്തുക, അഫ്‌സല്‍ഖാന്റെ വധം, ഔരംഗസീബിന്റെ തടവറയില്‍ നിന്ന് യുക്തി പൂര്‍വം ഒളിച്ചോടുക, ജയസിംഹന് കുറിക്കു കൊള്ളുന്ന കത്തുകള്‍ വഴി അദ്ദേഹത്തിന്റെ മനസ്സില്‍ സ്വദേശത്തെയും സ്വധര്‍മത്തേയും കുറിച്ച് അഭിമാനവും സ്‌നേഹവും വളര്‍ത്തുക, തുടങ്ങിയ പ്രവൃത്തികളെല്ലാം ശിവാജിയുടെ സാഹസം, നയതന്ത്രജ്ഞത, കൗശലം,രണചാതുരി, സംഘടനാപാടവം, എന്നീ ഗുണങ്ങളുടെ ശ്രേഷ്ഠ ഉദാഹരണങ്ങളാണ്. തന്റെ 53 വര്‍ഷത്തെ ആയുസ്സിനുള്ളില്‍ തന്നെ അദ്ദേഹം ചെറുതും വലുതുമായ 36 യുദ്ധങ്ങളില്‍ വിജയം കൈവരിച്ചു കൊണ്ട് ഹൈന്ദവസ്വരാജ്യം സ്ഥാപിക്കുക വഴി, ഹിന്ദുസമാജത്തിനാകമാനം ഒരു നവചൈതന്യം പകര്‍ന്നു. രാജഖജനാവ്, അച്ചടിശാല, എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും ദേശസ്‌നേഹത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ഭരണചാതുരിയും ദൃശ്യമാണ്. ഈ പ്രത്യേകതകളെല്ലാം തന്നെ ഛത്രപതി ശിവാജിയെ ഒരു യുഗപുരുഷനാക്കി മാറ്റുന്നു.
(ഹോ. വെ. ശേഷാദ്രിയുടെ  'ഏകാത്മതാ സ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)

No comments: