കേനോപനിഷത്ത്
ഭാഗം 8
കേനേഷിതാം വാചമിമാം വദന്തി എന്നാണ് അടുത്ത ചോദ്യം. ഇമാം വദന്തി ബഹുവചനമാണ്. ഈ വാക്കുകള്‍ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്? തന്റെ മാത്രം വാക്കുകളല്ല. സഹജീവികളുടെ ഒച്ചയും, ഈ പ്രപഞ്ചത്തിലെ ഓരോ ശബ്‌ദത്തിന്റേയും കാര്യമാണ് ഇവിടെ പറയുന്നത്. കിളി കരയുന്നതും, കാറ്റിന്റെ മര്‍മ്മരവും, അരുവികള്‍ ഒഴുകുമ്പോഴത്തെ കളകളവും എല്ലാം അതില്‍ പെടുന്നു. ഈ ശബ്‌ദങ്ങളുടെയൊക്കെ ശ്രോതസ്സ് ഏതാണ്? ആരാല്‍ ഇച്ഛിക്കപ്പെട്ടിട്ടാണ്, ആരുടെ പ്രേരണയിലാണ്, ആരുടെ അനുഗ്രഹത്താലാണ് ഈ ശബ്‌ദങ്ങള്‍ ആവിര്‍ഭവിക്കുന്നത്. എന്താണ് അതിനു പുറകിലുളള രഹസ്യം.
തുടര്‍ന്നു ശിഷ്യനു അറിയേണ്ടത്, ചക്ഷുഃ ശ്രോത്രം ക ഉ ദേവോ യുനക്തി എന്നാണ്. കണ്ണിനു കാണാന്‍ സാധിക്കുന്നത് ആരുടെ പ്രേരണയാലാണ്. കാഴ്‌ചയുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ശക്തി ഏതാണ്? കണ്ണിന്റെ ഉള്ളില്‍ കൃഷ്‌ണമണി. അതിനുമകത്തായി റെറ്റിന എന്ന വസ്‌തു. ഒരു മൊട്ടു സൂചിയുടെ അഗ്രം പോലെ. എന്നാല്‍ അതുക്കൊണ്ട് നമ്മള്‍ കാണുന്നതോ അനന്തമായ ആകാശവും ആഴിയും ഹിമാലയ പര്‍വ്വതവും. ഒരു ചെറുവിരല്‍ മതി നമ്മുടെ കാഴ്‌ചയെ മറയ്‌ക്കാന്‍. കണ്ണിനകത്തുള്ള ആ സൂചിമുനക്കു ഇത്രത്തോളം കാഴ്‌ചശക്തി നല്‍കുന്ന ചൈതന്യവിശേഷം ഏതാണ്..... എത്ര എത്ര മികവുറ്റതാണ് ആ ടെക്‌നോളജി!
മനസ്സിന്റെ പ്രവര്‍ത്തനം, വാക്കിന്റെ പ്രവര്‍ത്തനം, കാതിന്റേയും കണ്ണിന്റേയും പ്രവര്‍ത്തനം..... ഇതിന്റെയൊക്കെ പുറകിലുള്ളത് വെവ്വേറെ ശക്തിയാണൊ? അതോ ഒരേ ചൈതന്യത്തെ തന്നെയാണൊ എല്ലാ ഇന്ദ്രിയങ്ങളും ആശ്രയിച്ചിരിക്കുന്നത്? ഇതൊക്കെയാണ് ശിഷ്യന്റെ ചോദ്യങ്ങള്‍.
നമ്മുടെ കാഴ്‌ചയുടെ ലോകം എത്ര വിസ്‌മയാവഹമാണ്.വൈവിധ്യമാര്‍ന്നതാണ്. എണ്ണമറ്റ കാഴ്‌ചകള്‍ കാണാന്‍ പാകത്തിന് ആരാണ് ഈ കണ്ണുകള്‍ ചമച്ചിരിക്കുന്നത്? അതുപോലെ തന്നെയാണ് ശബ്‌ദങ്ങളുടെ ലോകവും.
ഉറുമ്പോ, നായയൊ കേള്‍ക്കുന്ന ശബ്‌ദങ്ങള്‍ നമ്മുടെ കാതുകള്‍ കേള്‍ക്കുന്നില്ല. നമ്മള്‍ക്കു കേള്‍ക്കാവുന്നതിനേക്കാള്‍ എത്രയോ ആയിരം ശബ്‌ദങ്ങള്‍ നമ്മുടെ ചുറ്റുമുണ്ട്. ഏതു ദേവനാലാണ് നമ്മുടെ കാതുകള്‍ പലവിധ ശബ്‌ദങ്ങള്‍ കേള്‍ക്കുന്നത്? അതിനു തക്കവിധം നമ്മുടെ ശ്രോതങ്ങളെ സംവിധാനം ചെയ്‌തിരിക്കുന്ന പ്രകാശസ്വരൂപം ഏതാണ്. ദിവ് എന്ന ശബ്‌ദത്തിനര്‍ത്ഥം പ്രകാശമെന്നാണ്. അതില്‍ നിന്നുണ്ടായതാണ് ദേവന്‍ എന്ന പദം. ഏത് ദേവന്റെ അനുഗ്രഹംകൊണ്ടാണ് ഓരോരോ അവയവങ്ങള്‍ അതിന്റേതായ വിഷയങ്ങളില്‍ വ്യാപരിക്കുന്നത്?
ഉപനിഷത്തിലെ ഈ ചോദ്യങ്ങള്‍ സാക്ഷാത്‌ക്കരിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയുണ്ട്. ഭാഗവതത്തിലെ ധ്രുവന്‍. കാട്ടിലേക്കു പോയ ധ്രുവന്‍ നാരദന്റെ ഉപദേശമനുസരിച്ച് തപസ്സുചെയ്‌ത് ഭഗവാനേ പ്രത്യക്ഷപ്പെടുത്തുന്നു. കേനോപനിഷത്തിലെ ഈ ചോദ്യം ചോദിച്ചുകൊണ്ടാണ് ധ്രുവകുമാരന്‍ ഭഗവാനെ സ്‌തുതിക്കുന്നത്.
യോന്ത പ്രവിശ്യ മമ വാച ഇമാം പ്രസുക്താം
സജ്ജീവയന്തി അഖിലശക്തി ധരസ്വധാം നാം
അന്യംശ്ച ഹസ്‌ത ചരണ ശ്രവണത്വഖാദീ
പ്രാണന്‍ നമോ ഭഗവതേ പുരുഷായ തുഭ്യം.
സജ്ജീവയന്തി അഖിലശക്തി ധരസ്വധാം നാം
അന്യംശ്ച ഹസ്‌ത ചരണ ശ്രവണത്വഖാദീ
പ്രാണന്‍ നമോ ഭഗവതേ പുരുഷായ തുഭ്യം.
എവിടെ നിന്നാണ് വാക്കുകള്‍ പ്രസവിക്കപ്പെടുന്നത്. അന്യസ്‌തങ്ങളായ കൈ, കാല്‍, നാക്ക്, മൂക്ക്, കാത് എന്നിവ എവിടെനിന്നാണൊ പ്രവര്‍ത്തിക്കുന്നത്, പ്രാണന്‍ എവിടെ നിന്നാണൊ പ്രകടമാകുന്നത്...... ആ പുരുഷനായിക്കൊണ്ട് എന്റെ നമസ്‌ക്കാരം.
ഇത് ധ്രുവന്റെ ഈശ്വരസാക്ഷാത്‌ക്കാരമാണ്. ആ അനുഭൂതിയുടെ നിറവിലാണ് ധ്രുവന്‍ ഭഗവാനേ സ്‌തുതിക്കുന്നത്. ഈ സാക്ഷാത്‌ക്കാരം ലക്ഷ്യമാക്കിക്കൊണ്ടാണ് ഉപനിഷത്തിലെ ശിഷ്യന്‍ തന്റേ ഗുരുവിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്.
നമ്മളില്‍ എത്രപേര്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്? അതിനുള്ള ഉത്തരം ആരാഞ്ഞിട്ടുണ്ട്? ശരീരം മുഴുവന്‍ കീറിമുറിച്ച് പഠനം നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയോ അവനെ ശരീരശാസ്‌ത്രം പഠിപ്പിക്കുന്ന പ്രൊഫസറോ ഈ ചോദ്യം ചോദിച്ചിട്ടുണ്ടൊ? ശരീരത്തെ കേവലം ഒരുപകരണം മാത്രമായിട്ടാണ് അവര്‍ കാണുന്നത്. ഒരു മോട്ടോര്‍ മെക്കാനിക്ക് കാറിനെ കാണുന്നതുപോലെ.
ശരീരത്തിനപ്പുറത്ത്, ശരീരത്തെ നിയന്ത്രിക്കുന്ന ഒരുശക്തിവിശേഷം. അതിനെ കുറിച്ചാണ് ഉപനിഷത്ത് ചര്‍ച്ച ചെയ്യുന്നത്. വേദാന്താചാര്യന്‍മാര്‍ ശരീരത്തെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. സ്ഥൂലം, സൂക്ഷ്‌മം, കാരണം. ഇതില്‍ സ്ഥൂലശരീരത്തെക്കുറിച്ചു മാത്രമാണ് ആധുനിക ശരീരശാസ്‌ത്രം പഠിപ്പിക്കുന്നത്. സൂക്ഷ്‌മശരീരവും കാരണശരീരവും അവരുടെ അറിവിനപ്പുറത്തുള്ളതാണ്. കാരണശരീരമുണ്ടൊ? തീര്‍ച്ചയായുമുണ്ട്. കാരണശരീരത്തിനു രോഗങ്ങളുണ്ടാകും. അത് സൂക്ഷ്‌മശരീരത്തിലേക്കും തുടര്‍ന്ന് സ്ഥൂലശരീരത്തിലേക്കും പ്രവേശിക്കും. ഇതിന്റെയൊക്കെ പിന്നിലുള്ള രഹസ്യങ്ങള്‍....... പലപ്പോഴും നമ്മള്‍മനസ്സിലാക്കുന്നില്ല. നമ്മള്‍ ആഹാരം കഴിക്കുന്നു. ആരാണ് അതിനെ വേണ്ടവിധത്തില്‍ ദഹിപ്പിക്കുന്നത്? ഉപനിഷത്തിലെ ചോദ്യം നമ്മുടെ ചോദ്യമാക്കി മാറ്റണം. അതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കണം. വൈദ്യുതി എന്ന ശക്തികൊണ്ട് വൈവിധ്യമാര്‍ന്ന നിരവധി ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നു. അതുപ്പോലെ ഏതൊരു ശക്തിവിശേഷംക്കൊണ്ടാണ് നമ്മുടെ ഈ ശരീരം പ്രവര്‍ത്തിക്കുന്നത്? നമ്മുടെ കര്‍മ്മങ്ങളുടെ എല്ലാം ഊര്‍ജ്ജസ്രോതസ്സ് ഏതാണ്..... എവിടെയാണ്?
No comments:
Post a Comment