Tuesday, January 28, 2020

ഗായത്രി മഹിമ

അക്ബര്‍-ബീര്‍ബല്‍ കഥകള്‍ വളരെ പ്രചാരത്തിലുള്ളതാണല്ലൊ. അതിബുദ്ധിമാനായ ബീര്‍ബല്‍ എങ്ങനെയാണ് കുഴഞ്ഞ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടതെന്ന് ശ്ലാഘനീയമാണ്. ഒരു മനുഷ്യന് ഗായത്രി മന്ത്രത്തില്‍ അമിതാസക്തി എങ്ങനെ വരാം എന്നുകാണിക്കുന്ന ഒരു സംഭവം നമുക്ക് നോക്കാം. ഒരു ദിവസം അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലുമൊത്ത് വേഷം മാറി സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ ഒരു സാധുവായ ബ്രാഹ്മണന്‍ അവരെ സമീപിച്ച് ഭിക്ഷ യാചിച്ചു. ഇത് അക്ബര്‍ക്ക് പിടിച്ചില്ല. അയാളെ ആട്ടിപ്പായിച്ചശേഷം യാത്ര തുടര്‍ന്നു. ഈ സാധു ബ്രാഹ്മണനോട് ചക്രവര്‍ത്തി കാട്ടിയ ക്രൂരത ബീര്‍ബലിനെ വേദനിപ്പിച്ചു. അടുത്തൊരു ദിവസം ആ ബ്രാഹ്മണനെ കണ്ടുപടിച്ച് നിത്യജീവിതത്തിന് പിച്ച തെണ്ടാതിരുന്നാല്‍ ദിവസേന അമ്പത് പൈസ കൊടുക്കാമെന്ന് പറഞ്ഞു. പക്ഷേ ഒരു കരാറുണ്ട്. ദിവസേന കുളി കഴിഞ്ഞാല്‍ 'ഗായത്രി മന്ത്രം' പത്തുപ്രാവശ്യം ഉരുവിടണം അത്രമാത്രം. ബ്രാഹ്മണന്‍ സമ്മതിച്ചു. അയാള്‍ യാചന നിര്‍ത്തി. ക്രമേണ ഗായത്രിയോടുള്ള പ്രതിപത്തി വര്‍ധിച്ചുവന്നു. ഏറെ താമസിയാതെ ബീര്‍ബല്‍ വീണ്ടും ആ ബ്രാഹ്മണനെ കണ്ടു. ഇത്തവണ ഗായത്രിയുടെ സംഖ്യ പത്തില്‍നിന്ന് നൂറിരട്ടിയായി വര്‍ധിച്ചു. കൊടുക്കുന്ന തുകയും വര്‍ധിപ്പിച്ചു. മുടങ്ങാതെ ഗായത്രി ജപിക്കുക മൂലം ബ്രാഹ്മണന് അതിനുള്ള അഭിനിവേശം കൂടിക്കൂടി വന്നു. ഇപ്പോള്‍ സദാപി ഗായത്രി ജപം തന്നെ ജോലി. ഒരുദിവസം 'ഗായത്രി കൂലിക്കുവേണ്ടി ജപിക്കാനുള്ളതല്ല' എന്ന ഒരു ശബ്ദം തന്റെ ഉള്ളില്‍നിന്നുയരുന്നതായി ബ്രാഹ്മണന് തോന്നി. അതോടുകൂടി ബീര്‍ബല്‍ പതിവായി കൊടുക്കാറുള്ള ധനംപോലും വാങ്ങാന്‍ പോകാതായി. ഈശ്വരീയത അയാളില്‍ നിറഞ്ഞു തുളുമ്പി. കാണുന്നവര്‍ക്ക് ഒരു മഹാത്മാവാണ് ഇദ്ദേഹം എന്നു തോന്നിത്തുടങ്ങി. ധാരാളം ആളുകള്‍ അദ്ദേഹത്തെ കാണുവാന്‍ അടുത്തുകൂടി. ഒരു ദിവസം ഈ ബ്രാഹ്മണ സന്നിധിയിലേക്ക് ബീര്‍ബല്‍ അക്ബറെ നയിച്ചു. ആളിനെ ഓര്‍മയുണ്ടായില്ലെങ്കിലും താന്‍ നില്‍ക്കുന്നത് ഒരു മഹാത്മാവിന്റെ മുമ്പിലാണെന്ന് ചക്രവര്‍ത്തിക്കു തോന്നി. അദ്ദേഹം ആ ബ്രാഹ്മണനെ താണുവണങ്ങി. കുറേനാള്‍ മുമ്പ് താന്‍ പുച്ഛിച്ചകറ്റിയ ഭിക്ഷാംദേഹിയാണ് ഈ പുണ്യാത്മാവെന്ന് ബീര്‍ബല്‍ പറഞ്ഞിട്ടും അത് വിശ്വസിക്കാന്‍ ചക്രവര്‍ത്തിക്ക് കഴിഞ്ഞില്ല. അവസാനം ആ ബ്രാഹ്മണന്‍ തന്നെ ഗായത്രിയുടെ മാഹാത്മ്യത്തോടൊപ്പം തന്റെ ചരിത്രവും പറഞ്ഞുകേള്‍പ്പിച്ച ശേഷമേ അത്ഭുത സ്തബ്ധനായ അക്ബര്‍ വിശ്വസിച്ചുള്ളൂ. തുടര്‍ച്ചയായ നാമജപം മോക്ഷദായകമാണ്. മന്ത്രങ്ങളില്‍വച്ച് ഏറ്റവും ഉയര്‍ന്ന മന്ത്രമാണ് ഗായത്രി. ന ഗായത്ര്യാഃ പരോ മന്ത്രഃ അഥവാ ഗായത്രിക്കുപരി ഒരു മന്ത്രമില്ല. ന മാതു പരം ദൈവതം അഥവാ അമ്മയ്ക്കുപരി ഒരു ദൈവവുമില്ല എന്ന ഉപനിഷത് മന്ത്രങ്ങള്‍ എത്ര അര്‍ത്ഥവത്താണെന്ന് അക്ബറിന്റെ മന്ത്രി ബീര്‍ബല്‍ നമുക്ക് തെളിയിച്ചു തരുന്നു.
janmabhumi  

No comments: