Sunday, January 26, 2020

സ്വയം സ്‌നേഹിക്കുക

Sunday 26 January 2020 6:28 am IST
മക്കളേ,
മറ്റുള്ളവരെ മാത്രമല്ല, നമ്മളെത്തന്നെയും വെറുക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ മാനസികത്തകര്‍ച്ചയും ആത്മഹത്യാപ്രവണതയും ഇന്നു വളരെ കൂടുതലാണ്.  
എന്നാല്‍ മറ്റുള്ളവരെ സ്‌നേഹിക്കുന്നത് എത്രമാത്രം പ്രധാനമാണോ അതുപോലെതന്നെ സ്വയം സ്‌നേഹിക്കുന്നതും പ്രധാനമാണെന്ന് ലോകത്തിലെ എല്ലാ മതങ്ങളും ഗുരുക്കന്മാരും  നമ്മെ പഠിപ്പിക്കുന്നുണ്ട്. 
സ്വയം സ്‌നേഹിക്കുക എന്നുവെച്ചാല്‍ ശരീരത്തെ സ്‌നേഹിക്കുക എന്നാണ് പൊതുവെ പലരും വിചാരിക്കുന്നത്. നമ്മളില്‍ മിക്കവരും ശരീരത്തിന്റെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുവാന്‍വേണ്ടി വളരെയധികം സമയവും പണവും ചെലവഴിക്കാറുണ്ട്. എന്നാല്‍ മനസ്സിന്റെയും ബുദ്ധിയുടെയും സൗന്ദര്യത്തിന്റെ കാര്യത്തില്‍ പലരും  ശ്രദ്ധിക്കാറുമില്ല. രാവിലെ എഴുനേറ്റാല്‍ കണ്ണാടിയുടെ മുമ്പില്‍ മണിക്കൂറുകള്‍ ആണ് ചിലര്‍ ചെലവാക്കുന്നത്. ബ്യുട്ടീപാര്‍ലറിലും ജിമ്മിലും പോയി എത്രയൊ  സമയം ചെലവാക്കുന്നു. കറുത്ത തൊലി വെളുപ്പിക്കാനും, വെളുത്ത തൊലി ഇരുണ്ടതാക്കാനും, വെളുത്ത മുടി കറുപ്പിക്കാനും, കറുത്ത മുടി ചുമപ്പിക്കാനും പച്ചയാക്കാനുമൊക്കെ  എത്ര വേണമെങ്കിലും പണം ചെലവാക്കാന്‍ ചിലര്‍ക്കു മടിയില്ല. എന്നാല്‍ അതിനായി ചെലവഴിക്കുന്ന  സമയവും പണവും പാഴാകുന്നു എന്ന് അവര്‍ ഓര്‍ക്കുന്നില്ല.  
ഒരിടത്ത്, അനേകം നിലകളുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ആവശ്യത്തിന് ലിഫ്റ്റുകള്‍ ഉണ്ടായിരുന്നില്ല. അതുകാരണം ലിഫ്റ്റില്‍ കയറാനായി ആളുകള്‍ക്ക് ഏറെ സമയം കാത്തുനില്‍ക്കേണ്ടതായി വന്നു. കാത്തുനിന്നു മടുത്തിട്ട് അവര്‍ പരാതി പറയാനും ബഹളംവെയ്ക്കാനും തുടങ്ങി. ഈ പ്രശ്‌നം ഉടനെ പരിഹരിച്ചില്ലെങ്കില്‍ അത് ബിസിനസ്സിനെ ബാധിക്കുമെന്ന് ഉടമസ്ഥന് മനസ്സിലായി. ഇത് ഏതുവിധത്തില്‍  പരിഹരിക്കാന്‍ പറ്റും എന്ന് അയാള്‍ ചിന്തിച്ചു. ഒടുവില്‍ ഒരു പരിഹാരം കണ്ടെത്തി. ആളുകള്‍ ലിഫ്റ്റില്‍ കയറാന്‍ കാത്തുനില്‍ക്കുന്ന സ്ഥലത്തിനു ചുറ്റും കണ്ണാടികള്‍ വച്ചു. ലിഫ്റ്റിനകത്ത് ചുമരുകളിലും കണ്ണാടികള്‍ വച്ചുപിടിപ്പിച്ചു. അതിനുശേഷം ആരുടെയും പരാതി വന്നില്ല. കാരണം ലിഫ്റ്റില്‍ കയറാനായി കാത്തുനില്‍ക്കുന്നവര്‍ ആരുംതന്നെ സമയം പോയതറിഞ്ഞില്ല. അവര്‍ അവിടെയിരുന്ന് കണ്ണാടിയില്‍ നോക്കി മുടി ചീകുകയും പൗഡറിടുകയും ചുണ്ട് മിനുക്കുകയും മറ്റും ചെയ്തുകൊണ്ടിരുന്നു. ലിഫ്റ്റിനകത്തും അവര്‍ അതുതന്നെ തുടര്‍ന്നു. അതുകാരണം  ആര്‍ക്കും സമയം പാഴാകുന്നു എന്ന പരാതി ഉണ്ടായില്ല. മനുഷ്യന്‍ തന്റെ ശരീരത്തോട് എത്രമാത്രം ബന്ധിച്ചിരിക്കുന്നു എന്നതിനു തെളിവാണ് ഈ സംഭവം.
ശരീരത്തിന്റെ സൗന്ദര്യവും ആരോഗ്യവും പരിപാലിക്കാന്‍ കാണിക്കുന്ന അതേ ശുഷ്‌കാന്തിയോടെ നമ്മുടെ മനസ്സും ബുദ്ധിയും വൃത്തിയോടെയും ആരോഗ്യത്തോടെയും സംരക്ഷിക്കുക. വിവേകപൂര്‍വ്വം ചിന്തിക്കാന്‍ ബുദ്ധിയെ പരിശീലിപ്പിക്കുകയും, അതിനുതക്ക അറിവുകള്‍ ബുദ്ധിയ്ക്കു പകര്‍ന്നു നല്കുകയും ചെയ്യുക. അങ്ങനെ നമ്മുടെ ഉള്ളിലുള്ള ദിവ്യതയെ പ്രകാശിപ്പിക്കുക എന്നതാണ് നമ്മളെ സ്‌നേഹിക്കുക എന്നു പറയുന്നതിന്റെ ശരിയായ അര്‍ത്ഥം. 
ഒരു സുഹൃത്തിനോട് നമുക്കു ആത്മാര്‍ത്ഥമായ സ്‌നേഹം ഉണ്ടെങ്കില്‍ അയാള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ നമ്മള്‍ തയ്യാറാകും. അയാളുടെ സുഖവും സന്തോഷവും ആയിരിക്കും, നമ്മുടെയും സുഖവും സന്തോഷവും. സുഹൃത്തിന് എന്തെങ്കിലും ദൗര്‍ബ്ബല്യമോ, ദുശ്ശീലമോ ഉണ്ടെങ്കില്‍ അതിനെ അതിജീവിക്കാന്‍ നമ്മള്‍ അയാളെ പ്രേരിപ്പിക്കും. ദുര്‍ബ്ബലതകള്‍ക്കെതിരെ പോരാടാന്‍ നമ്മള്‍ അയാള്‍ക്കു ശക്തിപകരും. പ്രതിസന്ധിഘട്ടങ്ങളില്‍ അയാള്‍ മാനസികമായി തളര്‍ന്നാല്‍, പരാജയം സമ്മതിച്ചു പിന്മാറാന്‍ തുനിഞ്ഞാല്‍, നമ്മള്‍ സ്‌നേഹപൂര്‍വ്വം, അയാളെ വിഷാദത്തില്‍നിന്നു കരകയറ്റാന്‍ കഴിവതും ശ്രമിക്കും. അതുപോലെ നമ്മളെ സ്‌നേഹിക്കുക എന്നു വച്ചാല്‍ ഒരിക്കലും ആത്മനിന്ദ തോന്നാതിരിക്കുകയും, ഒപ്പം സ്വന്തം ദുര്‍ബ്ബലതകള്‍ക്കെതിരെ പോരാടാന്‍  തയ്യാറാകുകയും ചെയ്യുക എന്നതാണ്. 
ഒരാള്‍ തന്റെ പുത്രനെ വളരെയേറെ സ്‌നേഹിക്കുന്നു എന്നു കരുതുക. ആ പുത്രന് ഇഷ്ടമുള്ള രുചിയേറിയ ആഹാരം നല്കുക, ഇഷ്ടമുള്ള മറ്റു സുഖസൗകര്യങ്ങള്‍ നല്കുക എന്നതു മാത്രമാണൊ ആ പിതാവ് ചെയ്യുക? തീര്‍ച്ചയായും അല്ല. ആ കുട്ടി സത്സ്വഭാവിയായി മിടുക്കനായി വളര്‍ന്നുവരാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളിലും ആ പിതാവു ശ്രദ്ധിക്കും. അതുപോലെ നമ്മള്‍ നമ്മളെ സ്‌നേഹിക്കുക എന്നു പറഞ്ഞാല്‍ സുഖപൂര്‍ണ്ണമായ ഒരു ജീവിതം നയിക്കുക എന്നതല്ല. നമ്മളിലെ പൂര്‍ണ്ണതയെ സാക്ഷാത്കരിക്കാന്‍ എന്തെല്ലാം ആവശ്യമാണോ അതിലെല്ലാം വേണ്ട ശ്രദ്ധ പുലര്‍ത്തുക എന്നതാണ്. അപ്പോള്‍ മനസ്സിന്റെ ശുദ്ധിയും സൗന്ദര്യവും ശരീരത്തിന്റെ ശുദ്ധിയെക്കാളും സൗന്ദര്യത്തെക്കാളും പ്രാധാന്യമര്‍ഹിക്കുന്നതായിത്തീരും. അതുമാത്രവുമല്ല ശരീരമനോബുദ്ധികളുടെ പരിമിതികളെ അതിക്രമിക്കാന്‍ ആവശ്യമായ കാര്യങ്ങളിലും നമ്മള്‍ വേണ്ട ശ്രദ്ധ പതിപ്പിക്കും. അത്തരമൊരു ലക്ഷ്യത്തിന് സ്വയം സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് നമ്മള്‍ യഥാര്‍ത്ഥമായി നമ്മളെത്തന്നെ സ്‌നേഹിക്കുന്നത്. എന്നാല്‍, അങ്ങനെയായാല്‍ നമ്മളെ മാത്രമല്ല മറ്റെല്ലാവരെയുംകൂടി സ്‌നേഹിക്കാന്‍ നമ്മള്‍ തയ്യാറാകും. കാരണം യഥാര്‍ത്ഥ ആത്മസ്‌നേഹത്തില്‍ സര്‍വ്വജീവജാലങ്ങളോടുമുള്ള സ്‌നേഹംകൂടി ഉള്‍പ്പെടുന്നു. 

No comments: