കപിലന്‍
Thursday 30 January 2020 4:15 am IST
വൈജ്ഞാനികാശ്ച കപിലഃ കണാദഃ സുശ്രുതസ്തഥാ
ചരകോ ഭാസ്‌കരാചാര്യോ വരാഹമിഹിരഃ സുധീഃ
സാംഖ്യസൂത്രങ്ങളുടെ രചയിതാവും ദാര്‍ശനികനുമായ കപിലദേവന്‍ വിഷ്ണുവിന്റെ 24 അവതാരങ്ങളില്‍ ഒന്നായി ശ്രീമദ് ഭാഗവതത്തില്‍ വര്‍ണിക്കപ്പെട്ടിരിക്കുന്നു. കര്‍ദമ പ്രജാപതിയും ദേവഹൂതിയുമാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍. സാംഖ്യദര്‍ശനത്തിന്റെ പ്രചാരകനായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. വേദാന്തദര്‍ശനങ്ങളിലേതു പോലെ തന്നെ കപിലദേവനും ബ്രഹ്മത്തേയോ ആത്മാവിനേയോ മാത്രം ഏകസത് തത്വമായി അംഗീകരിക്കുന്നില്ല. പ്രകൃതിയേയും പ്രകൃതിയില്‍ കാണുന്ന അസംഖ്യം ജീവികളേയും എല്ലാം തന്നെ ഇദ്ദേഹം സ്വതന്ത്ര തത്വങ്ങളായി കണക്കാക്കുന്നു. ചേതനയാര്‍ന്ന പുരുഷനും ജഡപ്രകൃതിയുമാണ് ഇദ്ദേഹത്തിന്റെ ദര്‍ശന പ്രകാരം മുഖ്യതത്വങ്ങള്‍. പ്രകൃതി നിത്യയും ലോകത്തിലെ ഓരോ വസ്തുക്കളും അതിന്റെ വികാരങ്ങളുമാണ്. പുരുഷന്റെ സാമീപ്യം കൊണ്ടു മാത്രം അവനുവേണ്ടി തന്നെയാണ് പ്രകൃതിയില്‍ ക്രിയകള്‍ നടക്കുന്നത്. പ്രകൃതിയിലെ വസ്തുക്കളുടെ ഉല്‍പത്തിയും വിനാശവുമെല്ലാം ആ ക്രിയകളെ ആശ്രയിച്ചിരിക്കുന്നു. കപിലോപദശേങ്ങളുടെ സംഗ്രഹമാണ് 'ഷഷ്ഠിതന്ത്രം'. 'സാംഖ്യസൂത്രം', 'സാംഖ്യകാരിക' എന്നിവ സാംഖ്യദര്‍ശനത്തിലെ പ്രമുഖഗ്രന്ഥങ്ങളാണ്. പുരാണങ്ങളില്‍ ഇദ്ദേഹത്തെ ഒരു മഹാതപസ്വിയും സിദ്ധനുമായി ചിത്രീകരിച്ചിരിക്കുന്നു.
(ഹോ. വെ. ശേഷാദ്രിയുടെ 'ഏകാത്മതാസ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)
No comments:
Post a Comment