Monday, January 27, 2020

കേനോപനിഷത്ത്
ഭാഗം 23
ബ്രഹ്മവിദ്യയാണ്‌ ഭഗവത്‌ഗീതയുടെ വിഷയം. ഭഗവത്‌ഗീത ഉപനിഷത്താണ്‌. ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി: ഭഗവാന്‍ സൂര്യനു പറഞ്ഞുകൊടുത്തു. സൂര്യന്‍ മനുവിനു..... മനു ഇക്‌ഷ്വാകുവിന്‌.... ഇങ്ങനെയാണ്‌ ക്രമം. എങ്കില്‍ എന്തായിരുന്നു അവര്‍ കൈമാറിയ ആ ഉപദേശം?
അവിടെ അര്‍ജ്ജുനന്‍ ചോദിക്കുന്നു, അങ്ങയുടെ ജന്മവും സൂര്യന്റെ ജന്മവും തമ്മില്‍ ഏറെ കാലവ്യത്യാസമുണ്ടല്ലൊ.? അതുകൊണ്ട്‌ അങ്ങ്‌ പറഞ്ഞു വരുന്നത്‌ എനിക്കു കൃത്യമായി മനസ്സിലാകുന്നില്ല. അങ്ങനെയൊരു ചോദ്യം അവിടെ അര്‍ജ്ജുനനെകൊണ്ട്‌ ചോദിപ്പിക്കുന്നത്‌ തീര്‍ച്ചയായും നമ്മുടെ മനസ്സിലെ സംശയങ്ങളെ ദൂരീകരിക്കാന്‍ തന്നെയാണ്‌. ആ സത്യം നമ്മളെ ബോധിപ്പിക്കാന്‍ വേണ്ടിയാണ്‌. ഭഗവാന്‍ സ്വയം അത്‌ വിശദീകരിക്കുന്നു.
എന്റെ ജന്മത്തേയും കര്‍മ്മത്തേയും നീ താത്വികമായി മനസ്സിലാക്കേണ്ടതുണ്ട്‌.
ജന്മ കര്‍മ്മ ച മേ ദിവ്യം ഏവം യോ വേത്തി തത്ത്വതഃ
ശരിയായ തത്വവിചാരത്തിനു വിഷയമാക്കേണ്ടവയാണ്‌ എന്റെ ജന്മകര്‍മ്മങ്ങള്‍. സൂര്യന്‍ ഈ നിയമത്തെ അനുസരിച്ചുകൊണ്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. വ്യഷ്‌ടിതലത്തില്‍ ബുദ്ധിയാണ്‌ സൂര്യന്‍. അതുകൊണ്ടാണ്‌ ഗായത്രിമന്ത്രത്തില്‍ ``ധിയോ യോന പ്രചോദയാത്‌'' എന്നു പ്രാര്‍ത്ഥിക്കുന്നത്‌. നമ്മുടെ ബുദ്ധിവര്‍ത്തികളെ പ്രചോദിപ്പിക്കട്ടെ. സമഷ്‌ടിയിലെ സൂര്യനെ വ്യഷ്‌ടിയിലെ ബുദ്ധി പ്രതിനിധാനം ചെയ്യുന്നു. ബുദ്ധിയുടെ പ്രകാശത്താലാണ്‌ നമ്മുടെ കര്‍മ്മങ്ങളെല്ലാം തേജസ്സുറ്റതാകുന്നത്‌. അതുകൊണ്ടാണ്‌ ബുദ്ധിയെ മാധവനെന്നു പറയുന്നത്‌. ബുദ്ധിസ്ഥാനിയാണ്‌ മാധവന്‍. ``ബുദ്ധി തു സാരഥിം വിദ്യേ'' എന്നതും ഓര്‍മ്മയുണ്ടല്ലൊ. ശരീരമാകുന്ന രഥത്തെ ബുദ്ധിയാകുന്ന സാരഥി മുന്നോട്ടു നയിക്കുന്നു. ജീവിതത്തെ നയിക്കുന്നത്‌ ബുദ്ധിയാണല്ലൊ. സൃഷ്‌ടിയുടെ സമയത്തില്‍ തന്നെ ബുദ്ധിയില്‍ സകലതും ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
സൃഷ്‌ടി അപൂര്‍ണ്ണമല്ല, പൂര്‍ണ്ണമായിട്ടുള്ളതാണ്‌. നമ്മള്‍ക്കു പലപ്പോഴും തോന്നാം നമ്മള്‍ അപൂര്‍ണ്ണരാണ്‌ എന്ന്‌ അത്‌ കേവലം തോന്നല്‍ മാത്രമാണ്‌. ബുദ്ധിയില്‍ നിന്നും പിന്നെ എത്തുന്നത്‌ മനസ്സിലേക്കാണ്‌.
അതാണ്‌ മനു. ബുദ്ധി മനസ്സിനു പറഞ്ഞുകൊടുക്കുന്നു. മനു ഇക്ഷ്വാകുവിനു, ഇക്ഷ്വാകു രാജാവാണ്‌, ക്ഷത്രിയന്‍, കര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍. ബുദ്ധി മനസ്സ്‌ ഇന്ദ്രിയങ്ങള്‍........ അങ്ങനെയാണ്‌ ആ പരമ്പര. കര്‍മ്മമേതായാലും ഈ ക്രമത്തിനു വ്യത്യാസമില്ല. ഒരാള്‍ ഒരു ഗ്ലാസ്സ്‌ ചായ നമ്മള്‍ക്കു കൊണ്ടു വന്നു തരുന്നു. `` നല്ല ചൂടുണ്ട്‌'' അയാള്‍ പറയുന്നു. ആ സമയത്ത്‌ ചായയ്‌ക്കു നല്ല ചൂടുണ്ട്‌ എന്ന്‌ മനസ്സിലാക്കുന്നത്‌ നമ്മുടെ ഇന്ദ്രിയങ്ങളോ മനസ്സോ അല്ല. നമ്മുടെ ബുദ്ധിയാണ്‌ അത്‌ ആദ്യം അറിയുന്നത്‌. ബുദ്ധി മനസ്സിനോട്‌ പറയുന്നു. മനസ്സ്‌ ഇന്ദ്രിയങ്ങളെ അറിയിക്കുന്നു. ബുദ്ധിയുടേയും മനസ്സിന്റേയും നിര്‍ദ്ദേശങ്ങളുടെ അഭാവത്തില്‍ ഇന്ദ്രിയങ്ങള്‍ നേരിട്ട്‌ ഇടപാടു നടത്തുമ്പോള്‍ എന്തുണ്ടാകുമെന്നു ആലോചിച്ചു നോക്കു. ചായയുടെ ചൂട്‌ തൊട്ടതിനു ശേഷമേ നമ്മള്‍ മനസ്സിലാക്കു. പെട്ടെന്നു ചൂടു തട്ടുമ്പോള്‍ കൈ പൊള്ളിയെന്നു വരാം. പാത്രം താഴെയിട്ടെന്നു വരാം. ചായവീണ്‌ സ്വന്തം വസ്‌ത്രങ്ങള്‍ അഴുക്കായേക്കാം. ചിലപ്പോള്‍ അടുത്തുള്ളവരേയും അത്‌ അലസോരപ്പെടുത്തിയെന്നു വരാം. ഏതു കര്‍മ്മത്തിനും മുമ്പായി ഇന്ദ്രിയങ്ങള്‍ക്കു മനസ്സ്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍ക്കുന്നു. മനസ്സിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം ബുദ്ധിയും നല്‍ക്കുന്നു.
ബുദ്ധിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണ്ടു നില്‍ക്കാതെ പലപ്പോഴും പലവിധകര്‍മ്മങ്ങളിലേക്കു എടുത്തു ചാടാറുണ്ട്‌. ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങള്‍ അതിനുദാഹരണമായെടുക്കാം. അവിടെ ബുദ്ധിയെ അകറ്റി നിര്‍ത്തി മനസ്സിലേക്കു ബലമായി ആശയങ്ങള്‍ കുത്തി നിറക്കുകയാണ്‌. ഞാന്‍ ചെയ്യുന്നതിന്റെ ന്യായാന്യായങ്ങളെ പറ്റി ശാന്തമായി ചിന്തിക്കാന്‍, സ്വന്തം ബുദ്ധിയുടെ നിര്‍ദ്ദേശങ്ങള്‍ക്കു കാതോര്‍ക്കാന്‍ അവനു സാവകാശം കൊടുക്കുന്നില്ല.
സ്‌ഫോടക വസ്‌തുക്കളൊ മയക്കമരുന്നുകളൊ യാത്രക്കാരുടെ കൈവശമുണ്ടൊ എന്നറിയാനായി വളരേ വിപുലമായ പരിശോധനകള്‍ക്കു അവരെ വിധേയരാക്കുന്ന പതിവുണ്ട്‌. എന്നാല്‍ സ്‌ഫോടനാത്മകമായ ചിന്തകള്‍ മനസ്സില്‍ പേറിവരുന്ന മനുഷ്യന്‍...... ഏതു തരം പരിശോധനകള്‍ നടത്തിയാണ്‌ അവരുടെ ``ഉള്ളിലിരിപ്പ്‌'' നമ്മള്‍ തിരിച്ചറിയുക!
മനസ്സിലെ വികാരവിചാരങ്ങള്‍ നിയന്ത്രിക്കുന്നത്‌ ബുദ്ധിയാണ്‌. ബുദ്ധിയാണ്‌ മനസ്സിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോടുത്തുക്കൊണ്ടിരിക്കുന്നത്‌.. ആ ബുദ്ധിക്കു തെളിമ നൽകുന്നത്‌ ബോധമാണ്‌. ബുദ്ധി ഊര്‍ജ്ജം സ്വീകരിക്കുന്നത്‌ ബോധത്തില്‍ നിന്നാണ്‌. അതുകൊണ്ടാണ്‌ ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുള്ളത്‌, `` ബുദ്ധിം തു സാരഥിം വിദ്ധി മനപ്രഹരമേവച ഇന്ദ്രിയാണി ഹയാനാഹൂ- ബുദ്ധി സാരഥിയാണ്‌. മനസ്സ്‌ കടിഞ്ഞാണ്‍. ഇന്ദ്രിയങ്ങള്‍ കുതിരകള്‍. ആ കുതിരകളാകുന്ന ഇന്ദ്രിയങ്ങള്‍ വഴിയാണ്‌ നമ്മുടെ ജീവിത യാത്ര. ആ കുതിരകളെ നിയന്ത്രിക്കാന്‍ മനസ്സാകുന്ന കടിഞ്ഞാണ്‍ വേണം. ഇന്ദ്രിയങ്ങളും മനസ്സും തമ്മിലുള്ള ബന്ധവും, മനസ്സും ബുദ്ധി തമ്മിലുളള ബന്ധവും ഒരുപോലെ പ്രധാനപ്പെട്ടതാണ്‌. അതൊന്നും നമ്മള്‍ ഒരുകാലത്തും പണയപ്പെടുത്തിക്കൂടാ ഉപനിഷത്തില്‍ പറയുന്ന ഇന്ദ്രന്‍, അഗ്നി, വായു.... ഇതെല്ലാം നമ്മുടെ മനസ്സും കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളുമാണ്‌. കര്‍മ്മേന്ദ്രിയങ്ങളേയും ജ്ഞാനേന്ദ്രിയങ്ങളേയും അഗ്നിയും വായുവും പ്രതിനിധാനം ചെയ്യുന്നു.

No comments: