Sunday, January 26, 2020

ശങ്കരാചാര്യരുടെ വേദാന്തവിചാരം ( തുടര്‍ച്ച)

Sunday 26 January 2020 6:34 am IST

അതായത് യുക്തിബദ്ധവും മനഃശാസ്ത്രപരവും ആയ വിശകലനങ്ങളിലൂടെ തന്റേതായ ഒരു സിദ്ധാന്തത്തെ രൂപപ്പെടുത്തിക്കൊണ്ടായിരുന്നില്ല ശങ്കരന്റെ തുടക്കം. വ്യത്യസ്ത ഉപനിഷത്തുകളുടെ താരതമ്യം, ഉപനിഷദ്‌വാക്യങ്ങളുടെ ഉള്ളടക്കത്തെ ഉദ്ധരിക്കല്‍ എന്നിവയിലൂടെ, തന്റെ ദൃഷ്ടിയില്‍, ബ്രഹ്മത്തിന്റെ സ്വഭാവത്തെ വിശദമാക്കലാണ് അവയുടെ ആത്യന്തിക ഉദ്ദേശ്യം എന്നു കാണിക്കാന്‍ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന് ഈ സ്വന്തം നിലപാടിനെ ഏകകണ്ഠമായി സാധൂകരിക്കുന്നവയാണ് ഉപനിഷദ് വാക്യങ്ങളെല്ലാം എന്നു തെളിയിക്കേണ്ടി വന്നു. സംശയാസ്പദങ്ങളും പരസ്പരവിരുദ്ധങ്ങളെന്നു തോന്നുന്നവയും ആയ ഉപനിഷദ്‌വാക്യങ്ങളെയെല്ലാം ആചാര്യന് വിശദീകരിക്കേണ്ടി വന്നു. മാത്രമല്ല, സാംഖ്യന്റെ മഹത്, പ്രകൃതി തുടങ്ങിയ സിദ്ധാന്തങ്ങളെ ഒന്നും അവ ഉള്‍ക്കൊള്ളുന്നില്ല എന്നും സമര്‍ത്ഥിക്കേണ്ടി വന്നു. ഉപനിഷത്തുകളില്‍ അവിടവിടെയായി കാണപ്പെടുന്ന ഊര്‍ജതന്ത്രം (physics), പ്രപഞ്ചശാസ്ത്രം (cosmology), ശ്രാദ്ധശാസ്ത്രം (eschatology) മുതലായവയെയും ബ്രഹ്മസിദ്ധാന്തവുമായി പൊരുത്തപ്പെടുത്തി വ്യാഖ്യാനിക്കേണ്ടി വന്നു. ശങ്കരാചാര്യര്‍ക്ക് തന്റെ വിശദീകരണമനുസരിച്ചുള്ള ഉപനിഷദ്‌സിദ്ധാന്തം സുഘടിതമാണെന്നു സമര്‍ത്ഥിക്കാന്‍, ബ്രഹ്മസിദ്ധാന്തവുമായി ബന്ധപ്പെട്ട് പ്രതിവാദികളുന്നയിച്ച സംശയങ്ങളെ എല്ലാം നിരാകരിക്കേണ്ടി വന്നു; മറ്റെല്ലാ സിദ്ധാന്തങ്ങളേയും സ്വയംവിരുദ്ധ (selfcotnrictory) ങ്ങളാണെന്നു ചൂണ്ടിക്കാട്ടി വിമര്‍ശിക്കേണ്ടി വന്നു; ഉപനിഷത്തുകളെ സംബന്ധിച്ച് താന്‍മുന്നോട്ടുവെച്ച സിദ്ധാന്തമൊഴികെ മറ്റെല്ലാം പൂര്‍വാപരവിരുദ്ധ (inconsistent) ങ്ങളും അതിനാല്‍ അസത്യ (wrong) ങ്ങളാണെന്നുംതെളിയിക്കേണ്ടി വന്നു. ഇത് ബ്രഹ്മസൂത്രഭാഷ്യത്തില്‍ മാത്രമല്ല ഉപനിഷത്ത് ഭാഷ്യങ്ങളിലും അദ്ദേഹം ചെയ്തതായി കാണാം.
യുക്തിയുടെ പ്രാധാന്യം എന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഉപനിഷത്ത്‌സാഹിത്യത്തിന്റെ ഉദ്ദേശ്യത്തെ സുസംബദ്ധമായി വിശദീകരിക്കുവാനും പരമസത്യത്തെക്കുറിച്ച്, ഉപനിഷത്തുകള്‍, അവിരുദ്ധമായ തെളിവു നിരത്തുന്നതിനാല്‍ സ്വീകാര്യമാണ് എന്ന തോന്നല്‍ മനസ്സിലുളവാക്കാനും ഉതകുന്ന ഉപാധി എന്ന നിലക്കാണ്. എന്നാല്‍, ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍, ശങ്കരാചാര്യര്‍ യുക്തിക്ക് അപ്രധാനമായ സ്ഥാനമേ കല്‍പ്പിച്ചിച്ചിട്ടുള്ളൂ. ആചാര്യശിഷ്യരും അതേ പാത പിന്തുടര്‍്ന്നു എന്നു മാത്രമല്ല ബ്രഹ്മസിദ്ധാന്തം യുക്തിക്കും ഇന്ദ്രിയാനുഭവത്തിനും ഒരു തരത്തിലും വിരുദ്ധമല്ലെന്നും ന്യായം മതലായ ദര്‍ശനങ്ങള്‍ മുന്നോട്ടുവെച്ചതികച്ചും പ്രായോഗികമായ പദാര്‍ത്ഥവിഭജനങ്ങളെല്ലാം തന്നെ സ്വയംവിരുദ്ധങ്ങളും അബദ്ധങ്ങളുമാണെന്നും കൂടുതല്‍ വിശദമായി സമര്‍ത്ഥിക്കുകയും ചെയ്തു. അവര്‍ വേദാന്തത്തിനു പ്രത്യേകമായ ഒരു പ്രമാണശാസ്ത്രം രൂപപ്പെടുത്തിയും മായയും ബ്രഹ്മവും വ്യാവഹാരികലോക (world of appearance) വും തമ്മിലുള്ള ബന്ധവും മറ്റും വിശദീകരിച്ച്അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ സമ്പുഷ്ടമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആചാര്യര്‍ വിട്ടുകളഞ്ഞതോ തൊട്ടുപോയതോ ആയ തത്വചിന്താപരമായി വളരെ പ്രാധാന്യമുള്ള നിരവധി വിഷയങ്ങളെ അദ്ദേഹത്തിന്റെ അനുയായികള്‍ പൂര്‍ണമായും ചര്‍ച്ച ചെയ്തു. പക്ഷേ തത്വചിന്താപരമായ യുക്തികളേയും വിമര്‍ശനങ്ങളേയും, ഉപനിഷത്സത്യത്തെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്താനും നമ്മില്‍ വിശ്വാസമുളവാക്കാനും സഹായകങ്ങളെന്ന നിലയ്‌ക്കേ കാണാവൂ എന്ന്എപ്പോഴും ഓര്‍മ്മ വേണം എന്നും യുക്തിയുടെ ശരിയായ പ്രവൃത്തി അവയെ സ്വീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തലാണ എന്നും ഉപനിഷത്തുകളിലെനിര്‍ദ്ദേശങ്ങളെ തകിടം മറിക്കുന്ന തരത്തിലുള്ള യുക്തികള്‍ കുയുക്തികളാണെന്നു കരുതണം ന്നെും ദാസ്ഗുപ്ത മുന്നറിയിപ്പു നല്‍കുന്നു.

No comments: