Sunday, January 26, 2020

അക്ഷരമണമാലൈ 2

9. എനൈയഴിത്തിപ്പോതെനൈ കലവാ വിടിൽ
    ഇതുവോ ആൺമൈ അരുണാചലാ

എനൈ - എന്നെ
അഴിത്ത് - നശിപ്പിച്ച്
ഇപ്പോത് - ഇപ്പോൾ
എനൈ - എന്നെ
കലവാ വിടിൽ - ഒന്നായി തീരാൻ സമ്മതിക്കാതിരിക്കുകയാണെങ്കിൽ
ഇതുവോ - ഇതാണോ
ആൺമൈ - ആണത്തം
അരുണാചലാ - അരുണാചലേശ്വരാ

അല്ലയോ അരുണാചലേശ്വരാ എന്റെ വ്യക്തിബോധത്തെ നശിപ്പിച്ചതിനു ശേഷം ഇനി നിന്നോട് ഒന്നായി തീരാൻ സമ്മതിക്കാതിരിക്കുന്നത് ആണത്തമാണോ?

പുരുഷൻ സ്ത്രീയെ രക്ഷിക്കേണ്ടവനാണ് എന്നാണ് പൊതുവേയുള്ള വിശ്വാസം. ഇവിടെ വധൂഭാവത്തിൽ സ്വയം ഭഗവാനു സമർപ്പിതയായിരിക്കുകയാണ് ഭക്ത. തന്റെ അഹങ്കാരം അടിയറ വച്ച് അടിമപ്പെട്ടിരിക്കുന്നു. ഭഗവദ്സായൂജ്യം പരമമായ ലക്ഷ്യമാക്കിയിരിക്കുന്ന അവളെ തന്നോട് ചേർക്കേണ്ടത് പുരുഷൻ എന്ന നിലയിൽ ഭഗവാന്റെ കടമയാണ്. അതിനനുവദിക്കാതിരിക്കുന്നത് പുരുഷധർമ്മത്തിനു ചേർന്നതല്ല.

10. ഏനിൻട്ര ഉറക്കം എനൈപിരറിഴുക്ക
      ഇതു ഉനക്കഴകോ അരുണാചലാ

എൻ - എന്തിന്
ഇൻട്ര - ഈ
ഉറക്കം - ഉറക്കം
എനൈ - എന്നെ
പിരർ - അന്യർ
ഇഴുക്ക - വലിക്കുമ്പോൾ
ഇതു നിനക്കഴകോ - ഇതു നിനക്ക് ഉചിതമാണോ
അരുണാചലാ - അരുണാചലേശ്വരാ

നിനക്കു മാത്രമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന എന്നെ അന്യർ പലയിടത്തേക്കും വലിക്കുമ്പോൾ നീ ഉറങ്ങിക്കിടക്കുന്നത് നിനക്ക് ഉചിതമായ പ്രവൃത്തിയാണോ?

മനസ് ചപലമാണ്.ഏകാഗ്രമായ ഭഗവദ്ചിന്തയിൽ മുഴുകണമെന്ന് വിവേകം അനുശാസിക്കുമ്പോഴും കാമക്രോധാദിദോഷങ്ങളുടെ വലയിലകപ്പെട്ട് അത് ചലിച്ചുകൊണ്ടിരിക്കുന്നു. പലതരം ആഗ്രഹങ്ങൾ മനസിലുദിക്കുന്നു. ഇതിനെയാണ് അന്യർ പല ദിക്കിലേക്ക് പിടിച്ചു വലിക്കുന്നതായി പറഞ്ഞിരിക്കുന്നത്. ഭഗവാന്റെ കൃപയുണ്ടെങ്കിൽ മാത്രമേ മനസ്സിനെ അടക്കാൻ കഴിയുകയുള്ളൂ. സ്വയം ഭഗവാനു സമർപ്പിച്ചിരിക്കുമ്പോൾ മനസ്സിനെ ഏകാഗ്രമാക്കിത്തരേണ്ടതും ഭഗവാന്റെ കടമയാണെന്ന് വാദിക്കുകയാണ് ഭക്തയിവിടെ.

11.ഐമ്പുലകൾവർ      
      അകത്തിനിൽപുകുമ്പോ-
    തകത്തിൽ നീയിലയോ അരുണാചലാ

ഐമ്പ് - അഞ്ചു
ഉലം - മനസ്
കൾവർ    -    കട്ടു കൊണ്ട് പോകുന്നവർ

ഐമ്പുലകൾവർ - പഞ്ചേന്ദ്രിയങ്ങൾ
അകത്തിനിൽ - അകത്തു
പുകുമ്പോത് - കടക്കുമ്പോൾ
 അകത്തിൽ - ഉള്ളിൽ
 നീയിലയോ - നീയില്ലയോ
അരുണാചലാ  - അരുണാചലേശ്വരാ

അല്ലയോ അരുണാചലേശ്വരാ, ഇന്ദ്രിയസുഖങ്ങൾ എന്റെ ഉള്ളിലേക്ക് കടന്നുവരുമ്പോൾ അതു തടുക്കാൻ അകത്തു നീ ഇല്ലയോ?

പഞ്ചേന്ദ്രിയങ്ങളാണ് ജീവന് ലോകസുഖങ്ങളെക്കുറിച്ചുള്ള അറിവ് കൊടുക്കുന്നത്. മനസ് ഏകാഗ്രമാകുന്നതിനു തടസവും ഈ ലൗകിക സുഖങ്ങളിൽ അതു ഭ്രമിച്ചുപോകുന്നതിനാലാണ്.  അകത്തു കുടികൊള്ളുന്ന ഭഗവാൻ ഈ മനോചോരന്മാരെ തടഞ്ഞിരുന്നു എങ്കിൽ ഈ കഷ്ടപ്പാടുകൾ ഇല്ലാതിരുന്നേനെ. ഇനി അദ്ദേഹം അവിടെ ഇല്ലാതിരിക്കുമോ എന്നു പോലും സംശയിച്ചു പോകുന്നു.

12. ഒരുവനാമുന്നൈ ഒളിച്ചെവർ വരുവാർ
       ഉൻ സൂതേയിത് അരുണാചലാ

ഒരുവനാം - ഏകമായ
ഉന്നൈ - നിന്നെ
ഒളിച്ച് - ഒളിച്ച്
എവർ - ആര്
വരുവാർ - വരും?
ഉൻ - നിന്റെ
സൂതേ - ലീല തന്നെയാണ്
ഇത് - ഇത്

ഏകമായ നിന്നെ ഒളിച്ച് ആർക്ക് വരാനൊക്കും? ഇതെല്ലാം നിന്റെ ലീല തന്നെയാണ്.

ഇത്രയും നേരം മനസ്സിന്റെ തലത്തിൽ നിന്ന് സംസാരിക്കുകയായിരുന്നു. അത് എന്ത് മണ്ടത്തരമായിരുന്നു എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഈ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഏകമായ പരംപൊരുളാണല്ലോ ഭഗവാൻ. അദ്ദേഹത്തിൽ നിന്നും അന്യമായി യാതൊന്നും ഇല്ല എന്നു വരുമ്പോൾ പിന്നെ മനസിന്റെ ചോരൻമാരായ എല്ലാ ആഗ്രഹങ്ങൾ മനസിൽ കടക്കുന്നതും ആ ഇച്ഛയനുസരിച്ചാണ് എന്നും പറയേണ്ടിവരുന്നു. അതായത് എല്ലാം ഭഗവാന്റെ ലീല തന്നെ യാണ്. അതു തടുക്കാൻ നമുക്കാവുമോ.

13. ഓംകാരപ്പൊരുൾ ഒപ്പുയർവില്ലോയ്
      ഉനൈയാർ അറിവോർ അരുണാചലാ

ഓംകാരപ്പൊരുൾ - ഓംകാരത്തിന്റെ
                                    അർത്ഥം
ഒപ്പ് - തുല്യം
ഉയർവ് - ഉയർന്ന അവസ്ഥ
ഇല്ലോയ് -  ഇല്ലാത്തവനേ
 ഉനൈ - നിന്നെ
യാർ അറിവോർ - ആര് അറിയുന്നു?
 അരുണാചലാ - അരുണാചലേശ്വരാ

അല്ലയോ അരുണാചലേശ്വരാ ഓംകാരത്തിന്റെ പൊരുളായ അങ്ങേയ്ക്കു തുല്യനോ ഉയർന്നവനോ ആയി ആരും ഇല്ലെന്നിരിക്കേ അങ്ങയുടെ മഹാത്മ്യം അറിയുവാൻ ആർക്കു കഴിയും?

എല്ലാ അറിവിനും ആധാരമാണ് ഓംകാരം.  അതിനു പൊരുളായ മൂർത്തിയാണ് ശുദ്ധബ്രഹ്മമായ സദാശിവൻ. അദ്ദേഹത്തിന്റെ മഹിമയെ ജയിക്കുവാനോ തുല്യത അവകാശപ്പെടാനോ കഴിയുന്ന ആരും തന്നെയില്ല. അങ്ങനെയുള്ള ഭഗവാനെ അറിയാൻ ആർക്കും കഴിയില്ല. അതറിയാതെ ഭഗവാനെ പ്രണയിതാവായി കണ്ട് നിസ്സാരയായ ഞാൻ എന്തൊക്കെയോ പുലമ്പിയെങ്കിൽ അതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. വലിയ പണ്ഡിതൻമാർക്കു പോലും ആ മഹത്വം മനസിലാകില്ല. പിന്നെയാണോ ഞാൻ.

14. അവ്വൈ പോലെനക്കുൻ അരുളൈ
      തന്തെനെ
      ആളുവതുൻ കടൻ അരുണാചലാ

       അവ്വൈ - അമ്മ
       പോൽ - പോലെ
       എനക്ക് - എനിക്ക്
       ഉൻ - നിന്റെ
       അരുളൈ - കൃപയെ
       തന്തെനെ - തന്ന് എന്നെ
        ആളുവത് - സ്വന്തമാക്കുന്നത്
        ഉൻ - നിന്റെ
       കടൻ- കടമ
       അരുണാചലാ - അരുണാചലേശ്വരാ

 അല്ലയോ അരുണാചലേശ്വരാ, അമ്മയെപ്പോലെ  കൃപ ചൊരിഞ്ഞ് എന്നെ സ്വന്തമാക്കേണ്ടത് നിന്റെ കടമയാണ്.

ഈ ലോകത്തിൽ ഒരുവനോട് ഏറ്റവും കരുണ കാണിക്കുന്നത് അമ്മയാണ്. എന്തു തെറ്റു ചെയ്താലും അമ്മ ഉപേക്ഷിക്കുകയില്ല. അപ്പോൾ കരുണയുടെ സ്വരൂപമായ ഭഗവാന്റെ കാര്യം പിന്നെ പറയാനുണ്ടോ. അതിനാൽ എന്നെ ഉപേക്ഷിക്കാതെ സ്വന്തമായി സ്വീകരിക്കേണ്ടത് ഭഗവാന്റെ കടമയാണ്. ഏതു സാഹചര്യത്തിലും ഇളകാത്ത വിശ്വാസമാണ് യഥാർത്ഥ ഭക്തിയുടെ ലക്ഷണം. താൻ ഭഗവാന്റെ സ്വന്തമാണെന്നും ഉപേക്ഷിക്കപ്പെടുകയില്ലെന്നുമുള്ള ഉറച്ച വിശ്വാസമാണ് ഇവിടെ പ്രതിധ്വനിക്കുന്നത്.

15. കണ്ണുക്കു കണ്ണായ് കണ്ണിന്ട്രി
      കാണുനൈ
     കാണുവതെവർ പാർ അരുണാചലാ

കണ്ണുക്കു കണ്ണായ് - കണ്ണിന്റെ കണ്ണായ്
കണ്ണിന്ട്രി - കണ്ണില്ലാതെ
കാണുനൈ - കാണുന്ന നിന്നെ
കാണുവത് - കാണുന്നത്
എവർ - ആര്
പാർ - നോക്കൂ
അരുണാചലാ - അരുണാചലേശ്വരാ

കണ്ണിനു കണ്ണായി വിളങ്ങുന്നത് ഭഗവാനാണ്. കണ്ണില്ലാതെയും അദ്ദേഹത്തിനു കാണാം. അങ്ങനെയുള്ള ഭഗവാനെ ആർക്കു കാണാൻ കഴിയും? അതുകൊണ്ട് നീ തന്നെ എന്നെ നോക്കൂ അരുണാചലേശ്വരാ.

നമ്മുടെ മുന്നിൽ ഇരിക്കുന്ന വസ്തുക്കളെ കാണാൻ നമ്മെ സഹായിക്കുന്നത് കണ്ണുകളാണ്. എന്നാൽ കാണുന്നതിന് കണ്ണു മാത്രം പോര. കാണുന്നത് ബോധത്തിൽ പ്രതിഫലിക്കുമ്പോഴാണ് കാണുന്ന വസ്തുവിനെക്കുറിച്ച് നമുക്ക് അറിവുണ്ടാകുന്നത്. അപ്പോഴേ കാഴ്ച പൂർണ്ണമാകുന്നുള്ളൂ. ഈ ബോധമായി വർത്തിക്കുന്നത് ആത്മരൂപിയായ അരുണാചലേശ്വരനാണ്. ബോധത്തിന്റെ തലത്തിൽ നമുക്ക് വസ്തുക്കളെ കാണാൻ അതായത് അറിയാൻ കണ്ണുകളുടെ ആവശ്യമില്ല. അപ്പോൾ എല്ലാ അറിവിനും ആധാരമായിരിക്കുന്ന  ബോധരൂപിയായ ഭഗവാനെ അറിയുന്നതെങ്ങനെ? അത് അദ്ദേഹം വിചാരിച്ചാലേ സാധിക്കുകയുളളൂ. അദ്ദേഹത്തിന്റെ കൃപാദൃഷ്ടി നമ്മളിൽ പതിയുമ്പോഴാണ് അദ്ദേഹത്തെക്കുറിച്ചുള്ള അറിവ് നമുക്ക് ഉണ്ടാകുന്നത്. അതിനായി പ്രാർത്ഥിക്കുകയാണ് ഈ വരികളിൽ.

16. കാന്തമിരുമ്പുപോൽ കവന്തെനൈ
      വിടാമൽ
      കലന്തെന്നോടിരുപ്പായ് അരുണാചലാ.

കാന്തമിരുമ്പുപോൽ - കാന്തം ഇരുമ്പിനെയെന്ന പോലെ
കവന്ത് - ആകർഷിച്ച്
എനൈ - എന്നെ
 വിടാമൽ - വിടാതേ
 കലന്ത് - ഒന്നായിചേർന്ന്
എന്നോട് - എന്നോട്
ഇരുപ്പായ് - ഇരിക്കൂ
അരുണാചലാ -- അരുണാചലേശ്വരാ

കാന്തം ഇരുമ്പിനെയെന്ന പോലെ എന്നെ ആകർഷിച്ച് എന്നെ വിടാതെ എന്നോട് ഒന്നായി ചേർന്ന് ഇരുന്നാലും അരുണാചലേശ്വരാ.

കാന്തം ഇരുമ്പിനെ ആകർഷിക്കുന്നത് പ്രകൃതിനിയമമാണ്. ആകർഷിക്കാതിരിക്കാൻ കാന്തത്തിനോ ആകർഷിക്കപ്പെടാതിരിക്കാൻ ഇരുമ്പിനോ കഴിയില്ല. മാത്രമല്ല കാന്തത്താൽ ആകർഷിക്കപ്പെട്ട ഇരുമ്പുകഷണം കാന്തത്തിന്റെ സ്വഭാവം സ്വീകരിച്ച് കാന്തം തന്നെയായി മാറുന്നു. ഇതേ അവസ്ഥയാണ് ഭഗവദ്ചിന്തയിൽ മുഴുകിയ ഭക്തനും ഉണ്ടാകുന്നത്. ദൈവിക ചൈതന്യം അവനിലൂടെ പ്രവഹിക്കുന്നു. അങ്ങനെ സംഭവിക്കുന്നതിന് ഭഗവദ്കൃപ മാത്രമേ ആവശ്യമുള്ളൂ. ഭഗവാനേ നിന്റെ കൃപാ ദൃഷ്ടി എന്നിലേക്കു തിരിച്ച് എന്നെ നീയാക്കി മാറ്റൂ.

17. ഗിരി ഉരുവാകിയ കിറുപൈ കടലേ
      കിറുപൈ കൂന്ട്രരുൾവായ്
      അരുണാചലാ

  ഗിരി - പർവതം
  ഉരുവാകിയ - രൂപമായ
  കിറുപൈ കടലേ - കൃപാസാഗരമേ
  കിറുപൈ കൂന്ട്ര് - കൃപയോടെ
  അരുൾവായ് - അനുഗ്രഹിക്കേണമേ
  അരുണാചലാ - അരുണാചലേശ്വരാ

പർവതരൂപത്തിൽ സ്ഥിതിചെയ്യുന്ന കരുണാസാഗരമേ എന്നിൽ കൃപ തോന്നി എന്നെ അനുഗ്രഹിക്കേണമേ.

ജ്യോതിരൂപത്തിൽ ഉളവായ അരുണാചലേശ്വരൻ ഭക്തരിൽ കൃപാലുവായി അവരിൽ അനുഗ്രഹം ചൊരിയാനായി അരുണാചലപർവതമായി നില കൊണ്ടു എന്നാണ് കഥ.

18. കീഴ്മേലെങ്കും കിളരൊളിമണിയെൻ
       കീഴ്മൈയെ പാഴ് സെയ് അരുണാചലാ

കീഴ് - താഴെ
മേൽ - മുകളിൽ
എങ്കും - എല്ലായിടത്തും
 കിളർ - തിളങ്ങുന്ന
ഒളി - പ്രകാശം
മണി - രത്നം
യെൻ - എന്റെ
 കീഴ്മൈയെ - അധമമായ അവസ്ഥയെ
പാഴ് സെയ് - ഇല്ലാതാക്കൂ
 അരുണാചലാ - അരുണാചലേശ്വരാ

താഴെയും മുകളിലും എല്ലായിടത്തും പ്രകാശം ചൊരിയുന്ന രത്നമേ എന്റെ അധമമായ അവസ്ഥ ഇല്ലാതാക്കണമേ.

നമ്മുടെ മാനസികാവസ്ഥ ഏതായാലും ബോധരൂപിയായ ഭഗവാൻ നമ്മളോടൊപ്പമുണ്ട്. നല്ല ചിന്തകളെയും അല്ലാത്തവയെയും ബോധം ഒന്നുപോലെ പ്രകാശിപ്പിക്കുന്നു. ഭഗവദ്കൃപ നമ്മളിൽ ചൊരിയപ്പെടുമ്പോൾ നമ്മുടെ ചിന്തകൾ നല്ലതായി മാറുന്നു. ചിന്തകൾ നന്നാകുമ്പോൾ അതിനനുസരിച്ച് വ്യക്തിത്വത്തിന്റെ ഉന്നമനം നടക്കുന്നു. അതിനായുള്ള പ്രാർത്ഥനയാണ് ഈ വരികളിൽ.

No comments: