വെണ്ണക്കണ്ണന്റെ 'വാനിറൈ കല്‍'
Sunday 26 January 2020 6:45 am IST
വെണ്ണ കട്ട് ഉണ്ണുമ്പോള്‍ ഉണ്ണിക്കണ്ണന്റെ കൈയില്‍ നിന്ന് ഒരുരുള നിലത്തു വീണു. അത് കൂറ്റനൊരു കല്ലായി പരിണമിച്ചു. ഒരു കൊച്ചു കുന്നിന്‍ മുകളില്‍ തെന്നിവീഴാന്‍ പാകത്തില്‍ ആ കല്ല് ഇപ്പോഴും കാഴ്ചയ്ക്ക് അതിശയമായി നില്‍ക്കുന്നു. ഭാരം 250 ടണ്‍. വ്യാസം അഞ്ചുമീറ്റര്‍. കുന്നിറക്കത്തില്‍, നാലടി വീതിയിലാണ് കല്ല് എഴുന്ന് നില്‍ക്കുന്നത്.
ശാസ്ത്ര നിയമങ്ങളുടെ പരിധിയിലൊതുങ്ങാതെ, ഉരുണ്ടു വീഴാതെ നില്‍ക്കുന്ന ഈ കല്ല് മഹാബലിപുരത്തെ 'കല്‍ക്കാഴ്ച' കള്‍ക്ക് മാറ്റുകൂട്ടുന്നു. തമിഴില്‍ 'വാനിറൈ കല്‍' (Stone of the sky god) എന്നാണിത് അറിയപ്പെടുന്നത്.
കല്ലിനു കീഴിലെ തണലിലിരിക്കാന്‍ പോലും ഭയം തോന്നും. പ്രകൃത്യാ രൂപപ്പെട്ടതാണെന്ന് വിശ്വസിക്കുന്നുവെങ്കിലും ഇത്രയും വലിയൊരു കല്ല് തികഞ്ഞ ഗോളാകൃതിയില്‍ പ്രകൃതിയിലെ മാറ്റങ്ങള്‍ കൊണ്ട് ഉണ്ടാവില്ലെന്നാണ് ശാസ്ത്രപക്ഷം.
ആധുനികയന്ത്രങ്ങളായ 'ക്രെയ്ന്‍' ഉപയോഗിച്ചു പോലും ഇത്രയും ഭാരം പൊക്കിയെടുക്കുക ശ്രമകരമാണ്. അങ്ങനെയെങ്കില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യന്‍ അതെങ്ങനെ സാധ്യമാക്കിയെന്ന ചോദ്യത്തിന് ഉത്തരമില്ല.
കല്ലൊന്ന് ഇളക്കി മാറ്റാന്‍ എത്രയോ ശ്രമങ്ങള്‍ നടന്നുവെങ്കിലും ഒന്നുപോലും വിജയിച്ചില്ല. സഞ്ചാരികള്‍ക്കും സമീപത്തെ വീടുകള്‍ക്കും ഭീഷണിയാകുമെന്നു കണ്ട്, മദ്രാസ് ഗവര്‍ണറായിരുന്ന ആര്‍തര്‍ ലോവ്‌ലി 1908 ല്‍ കല്ലെടുത്തുമാറ്റാന്‍ തീരുമാനിച്ചു. ഏഴ് ആനകളെയാണ് ഇതിനായി നിയോഗിച്ചത്. പക്ഷേ ഒരിഞ്ചുപോലും 'കണ്ണന്റെ വെണ്ണക്കല്ല്' അവിടെ നിന്ന് നീക്കിമാറ്റാനായില്ല.
ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഈ അത്ഭുതക്കല്ല്. 250 ടണ്‍ ഭാരമുള്ള കല്ല് നാലടി സ്ഥലത്ത് നില്‍ക്കുന്നത് എങ്ങനെ? അതിനടിയില്‍ എന്തെങ്കിലും രഹസ്യം ഒളിഞ്ഞിരിപ്പുണ്ടോ? കല്ല് താഴോട്ട് ഉരുട്ടി മാറ്റാന്‍ സാധ്യമല്ലെങ്കില്‍ അതെങ്ങനെ മുകളില്‍ കയറ്റി? ഇതിനെല്ലാം ഉത്തരം കാത്തു കിടപ്പാണ് അമാനുഷികശക്തികള്‍ ഉരുട്ടിക്കയറ്റിയതെന്ന് അനുമാനിക്കാവുന്ന 'വാനിറൈ കല്‍'.
No comments:
Post a Comment