Friday, January 24, 2020

ഹരിനാമകീർത്തനം-74
 
ഗർവ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി
ചൊവ്വോടെ നിൽപതിനു
പോരാ നിനക്കു ബലം
അവ്വാരിധൗ ദഹനബാണം തൊടുത്തതു
തിളപ്പിപ്പതിനു മതി
നാരായണായ നമഃ.                     (32)
 
    യുദ്ധത്തിൽ അഹങ്കാരത്തോടെ വന്നെതിരിട്ട ജരാസന്ധനെന്ന രാജാവിനോട് നേരിട്ടു നിന്നു യുദ്ധം ചെയ്യാൻ അല്ലയോ ഭഗവാനേ, അങ്ങേക്കു ബലമില്ലാതെ പിന്തിരിയേണ്ടി വന്നു. എന്നാൽ മറുകര കാണാനില്ലാത്ത സമുദ്രത്തിൽ ആഗ്നേയാസ്ത്രം പ്രയോഗിച്ച് ആ സമുദ്രത്തെ മുഴുൻ തിളപ്പിച്ച് ഇളക്കി മറിക്കുന്നതിന് അങ്ങേക്ക് ബലമുണ്ട്. എന്തൊരാശ്ചര്യം!
നാരാണനു നമസ്കാരം.

ജരാസന്ധയുദ്ധം -

    മഗധരാജാവാണ് ജരാസന്ധൻ. ജരാസന്ധന്റെ പിതാവിനു രണ്ടു
ഭാര്യമാരുണ്ടായിരുന്നു. സന്തതിയില്ലാതെ ദുഃഖിതനായിക്കഴിയവേ രാജാവിനു ഭൃഗുമുനി ഒരു മാമ്പഴം സമ്മാനിച്ചു. രാജാവ് മാമ്പഴം രണ്ടായി പകുത്ത് രണ്ടു ഭാര്യമാർക്കും നൽകി. തുടർന്നു ഗർഭം ധരിച്ച ഭാര്യമാർ
കുഞ്ഞിന്റെ പപ്പാതി ദേഹങ്ങളെ പ്രസവിച്ചു. നിരാശനായ രാജാവ് ദേഹങ്ങളെ പുറത്തു കളഞ്ഞു. അപ്പോൾ 'ജര' എന്ന പിശാചി ആ ദേഹങ്ങളെ യോജിപ്പിച്ചു. അങ്ങനെയാണ് ജരാസന്ധനുണ്ടായത്. ബലവാനായ ജരാസന്ധൻ നിരവധി രാജാക്കന്മാരെ കീഴടക്കി കാരാഗൃഹത്തിൽ ബന്ധിച്ചു.
ജരാസന്ധന്റെ മകളെയാണ് കംസൻ വിവാഹം ചെയ്തിരുന്നത്. കൃഷ്ണൻ
കംസനെ വധിച്ചതോടെ ജരാസന്ധൻ കോപാവിഷ്ടനായി ഭവിച്ചു. തുടർന്ന് ഇരുപത്തിമൂന്ന് അക്ഷൗഹിണിപ്പടയോടുകൂടി ജരാസന്ധൻ യദു രാജധാനിയായ മഥുരാപുരിയെ വളഞ്ഞു. കൃഷ്ണനാകട്ടെ, സൈന്യത്തെ
മുഴുവൻ നശിപ്പിച്ചശേഷം രാജാവിനെ മടക്കി അയച്ചു. ഇങ്ങനെ പതിനേഴു പ്രാവശ്യം സംഭവിച്ചു. പതിനെട്ടാം പ്രാവശ്യം ജരാസന്ധൻ യവനരാജാവിന്റെ സഹായത്തോടെ വീണ്ടും മഥുരാപുരിയെ വളഞ്ഞു. ഇപ്രാവശ്യം ഭഗവാൻ യുദ്ധരംഗത്തു നിന്നും പിൻവാങ്ങി സമുദ്രമദ്ധ്യത്തിൽ ഒരു ദുർഗ്ഗം പണിത് അവിടെ താമസമാക്കി. ആ ദുർഗ്ഗമാണ് ദ്വാരക. ജരാസന്ധൻ പിന്നീടു ധർമ്മപുത്രരുടെ രാജസൂയം നടക്കുന്നതിനു മുമ്പ് ദ്വന്ദ്വയുദ്ധത്തിൽ ഭീമനാൽ വധിക്കപ്പെട്ടു. ജരാസന്ധനുമായി പതിനെട്ടാമതുണ്ടായ
യുദ്ധത്തെ സൂചിപ്പിച്ചുകൊണ്ടാണ്  'ജരാസന്ധനോടു യുധി ചൊവ്വോടെ നിൽപ്പതിനു പോരാ നിനക്കു ബലം' എന്നു പ്രസ്താവിച്ചിരിക്കുന്നത്.

വാരിധി തിളപ്പിക്കൽ

   ശ്രീരാമാവതാരത്തിലെ കഥയാണിവിടെ പ്രസ്തുതം. രാമൻ വാനര സൈന്യവുമായി ലങ്കയിലെത്താൻ സമുദ്രതീരം പ്രാപിച്ചു. ലങ്കയിലേക്കു വഴി നൽകാനായി സമുദ്രത്തോടു പ്രാർത്ഥിച്ചു. മൂന്നു ദിവസം പ്രാർത്ഥിച്ചിട്ടും വരുണൻ വഴി നൽകിയില്ല. വരുണന്റെ ഉദാസീനത രാമനെ കോപാവിഷ്ടനാക്കി. ലക്ഷ്മണനോട് വില്ലും അമ്പും കൊണ്ടുവരാൻ ആജ്ഞാപിച്ചു.
സമുദ്രജലം ഭസ്മമാക്കിത്തീർക്കുന്നുണ്ടെന്നും വാനരസൈന്യം കാൽനടയായി ലങ്കയിൽ പ്രവേശിക്കട്ടെ എന്നും രാമൻ പ്രസ്താവിച്ചു. വില്ല് കുലച്ച്
അമ്പ് തൊടുത്തു. ലോകം മുഴുവൻ ഇളകി മറിഞ്ഞു. സമുദ്രം തിളച്ചു പൊങ്ങി. ജലജന്തുക്കൾ ചൂടേറ്റു ഭയപ്പെട്ടു. തുടർന്ന് ദിവ്യരൂപം ധരിച്ചു വരുണൻ മുമ്പിലെത്തി രാമപാദങ്ങളിൽ കുമ്പിട്ടതോടെ രാമന്റെ കോപം ശമിക്കുകയും ചെയ്തു. ബാണം തൊടുത്തതേയുള്ളു സമുദ്രം തിളച്ചു. ഈ സംഭവമാണ് 'അവ്വാരിധൗ ദഹനബാണം തൊടുത്തതു തിളപ്പിപ്പതിന്നു മതി' എന്ന ഭാഗം കൊണ്ടു വെളിപ്പെടുത്തിയിരിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സർ അവർകൾ.
തുടരും

No comments: