Sunday, January 26, 2020

അക്ഷരമണമാലൈ 1


തരുണാരുണമണി കിരണാവലി നിഗർ
തരുമക്ഷരമണി മകിഴ് മാലൈ
തെരുനാടിയ തിരുവടിയാർ തെരുമരൽ
തെളിയ പരവുതൽ പൊരുളാക
കരുണാകരമുനി രമണാരിയനുവ-
ഗയിനാൽ സൊലിയതു ഗതിയാക
അരുണാചലമെന അകമേ അറിവൊടും
ആഴ് വാർ ശിവനുലകാൾവാരേ.

തരുണാരുണമണി – ചുവന്ന ഉദയസൂര്യൻ
കിരണാവലി – കിരണങ്ങളുടെ കൂട്ടം
നിഗർതരും – പോലെയിരിക്കുന്ന
അക്ഷര - അക്ഷരങ്ങളാലുള്ള, അക്ഷരമായ (നാശമില്ലാത്ത)
മണമാലൈ – വരണമാല്യം
മകിഴ് – സന്തോഷകരമായ
തെരുനാടിയ - തെരുൾ നാടിയ- മോക്ഷം അന്വേഷിച്ച
തിരുവടിയാർ - തിരു അടിയാർ - ശിഷ്യഗണങ്ങൾ
തെരുമരൽ - അജ്ഞാനം
തെളിയ -  അകലാൻ
പരവുതൽ പൊരുളാക – അറിവിനായി പ്രാർത്ഥിക്കുക
കരുണാകര – കരുണ ആകാരം പൂണ്ട
മുനി - മഹർഷി
രമണാരിയൻ - രമണ ആരിയൻ - രമണഗുരു
ഉവഗയിനാൽ - ദിവ്യാനുഭൂതിയിൽ
സൊലിയത് – പാടിയത്
ഗതിയാക - അഭയമാകാൻ
അരുണാചലമെന – അരുണാചലം എന്ന
അകമേ - ഹൃദയത്തിൽ
അറിവൊടും – അറിവോടു കൂടെ
ആഴ് വാർ - ആഴ്ന്നിറങ്ങുന്നവർ
ശിവനുലക് – ശിവലോകം
ആൾവാരേ – ഭരിക്കും.


ചുവന്ന ഉദയ സൂര്യന്റെ കിരണാവലി പോലുള്ള,  അക്ഷരമായ, സന്തോഷകരമായ,  ഈ വരണമാല്യം, മുക്തിയന്വേഷിച്ചലയുന്ന തന്റെ ശിഷ്യർ തങ്ങളുടെ അജ്ഞാനം അകറ്റിത്തരണമെന്ന് അപേക്ഷിച്ചപ്പോൾ കരുണ തന്നെ ഉടൽ പൂണ്ടവതരിച്ചതായ ഗുരു രമണമഹർഷി ദിവ്യാനുഭൂതിയിൽ ആണ്ട് പാടിയതാണ്. ഇത് ഏവർക്കും അഭയമാകട്ടെ. അരുണാചലതത്വത്തെ കുറിച്ചുള്ള അറിവ് ഹൃദയത്തിൽ നിറച്ച് അതിൽ ആഴ്ന്നിറങ്ങുന്നവർ ശിവലോകം ഭരിക്കാൻ പ്രാപ്തരാകുന്നു.

          അക്ഷരമണമാലൈയുടെ മഹത്വം വെളിവാക്കുന്ന ആരംഭശ്ളോകമാണിത്. ഇത് രമണമഹർഷിയുടെ മുഖ്യ ശിഷ്യനും കവിയുമായ മുരുകനാർ എഴുതിയതാണ്. ആദ്യവരികളിൽ പറയുന്നതു പോലെ ഈ കൃതി ഒരേ സമയം സന്തോഷദായകവും ജ്ഞാനദായകവുമാണ്. ഭക്തിഭാവത്തിൽ എഴുതിയതായതുകൊണ്ടാണ് ഇത് ഇത്ര സന്തോഷകരമായിരിക്കുന്നത്. അതോടൊപ്പം അദ്വൈതവും ശിവതത്വവും സമന്വയിപ്പിക്കുക കാരണം ജ്ഞാനദായകവുമാണ്.  എന്തായാലും സാധാരണക്കാരിൽ പോലും മുക്തിക്കു വേണ്ടിയുള്ള ആഗ്രഹം ഉദിപ്പിക്കുന്ന, ഇരുളകറ്റി പ്രകാശം ചൊരിയുന്ന ഒരു കൃതിയാണിത്. ഉദയസൂര്യനോടുള്ള ഉപമ സന്ദർഭോചിതമാകുന്നത് അങ്ങനെയാണ്.
          അടുത്ത രണ്ടു വരികളിൽ ഈ കൃതി രചിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്നു. മോക്ഷം തേടി രമണമഹർഷിയുടെ ശിഷ്യരായെത്തിയവർ പ്രാർത്ഥിച്ചതു കൊണ്ട് അവരുടെ അജ്ഞാനമകറ്റാനായി മഹർഷിയാൽ അരുളപ്പെട്ട പൊരുളാണിത്. അതുകൊണ്ട് തന്നെ മോക്ഷത്തിന്റെ പാതയിലെ തുടക്കക്കാർക്കും മനസ്സിലാകുന്ന വിധം ലളിതമാണ് ഇതിലെ പ്രതിപാദ്യം.
          കരുണ ആകാരം പൂണ്ട് ഭൂമിയിൽ അവതരിച്ച രമണമഹർഷി ദിവ്യാനുഭൂതിയിൽ പാടിയ ഈ തത്വങ്ങൾ ലോകർക്ക് അഭയദായകമായി വർത്തിക്കട്ടെ എന്ന് അടുത്ത രണ്ടു വരികൾ. ഗിരിപ്രദക്ഷിണത്തിനിടെ ഒരു ദിവസം കൊണ്ടാണ് ഈ കൃതി മഹർഷി എഴുതി പൂർത്തിയാക്കിയത്. ഇതിലെ വരികൾ എഴുതുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും ആനന്ദാശ്രുക്കൾ പ്രവഹിച്ചിരുന്നുവത്രേ. ആ ആനന്ദത്തിന്റെ സ്ഫുരണം ഇതു വായിക്കുന്നവർക്കും അനുഭവവേദ്യമാകട്ടെ. അത് ആത്മാന്വേഷണത്തിന്റെ വഴിയിൽ അവർക്ക് അഭയദായകമാകട്ടെ.
           അടുത്തതായി ഇതു വായിച്ചാൽ ഉണ്ടാകുന്ന ഫലസിദ്ധിയാണ്. അരുണാചലതത്വത്തെ ഹൃദയത്തിൽ ആഴത്തിൽ ഉറപ്പിക്കുകയാണ് ഈ കൃതി. അങ്ങനെ അരുണാചലത്തെ ഹൃദയത്തിൽ ഉറപ്പിച്ച് ഭക്തിയിൽ ആഴ്ന്നിറങ്ങുന്നവരെല്ലാം തന്നെ ശിവ ലോകം ഭരിക്കാൻ പ്രാപ്തരാകുന്നു. താൻ തന്നെയാണ് അരുണാചലമെന്ന അറിവ് അവർക്ക് ഉണ്ടാകുന്നു. അവർ ശിവസ്വരൂപികളായി മാറുന്നു. അഹം ബ്രഹ്മാസ്മി എന്ന അദ്വൈതാനുഭൂതി പ്രദാനം ചെയ്യുന്നു എന്നർത്ഥം.


   അരുണാചലവരർക്കേറ്റ
   അക്ഷരമണമാലൈ ചാർത്ത
   കരുണാകരഗണപതിയേ
    കരമരുളിക്കാപ്പായേ

അരുണാചലവരർക്ക് - വരനായ അരുണാചലേശ്വരന്
ഏറ്റ - ചേർന്ന
അക്ഷരമണമാലൈ- അക്ഷരങ്ങൾ കൊണ്ടുള്ള/ അക്ഷരമായ വരണമാല്യം
ചാർത്ത - ചാർത്താൻ
കരുണാകര - കരുണ ആകാരം പൂണ്ട
ഗണപതിയേ - ഗണപതിയേ
കരമരുളി - കരങ്ങൾ തന്ന്
കാപ്പായേ - രക്ഷിക്കണേ

ശ്രേഷ്ഠനായ അരുണാചലേശ്വരനാകുന്ന വരനു അക്ഷരങ്ങൾ കൊണ്ടുള്ള വരണമാല്യം  ചാർത്താൻ ഒരുമ്പെടുന്ന എന്നെ, കരുണാകരനായ ഗണപതി ഭഗവാനേ അഭയഹസ്തമരുളി കാത്തുകൊള്ളണേ.

            ഏതു ശുഭകാര്യത്തിനു മുമ്പും അവശ്യം ചെയ്തിരിക്കേണ്ട ഗണപതിസ്തുതിയാണ് ഈ വരികൾ. ഒരു മനുഷ്യൻ ആയി പിറന്ന ഞാൻ സർവശക്തനായ അരുണാചലേശ്വരനെ വരനായി കരുതുക എന്ന സാഹസം ചെയ്തിരിക്കുന്നു. മാത്രമല്ല അക്ഷരങ്ങളാൽ തീർത്ത ഈ വരണമാല്യം അദ്ദേഹത്തിന്റെ കഴുത്തിൽ അർപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അഭയഹസ്തമരുളി എന്നെ രക്ഷിക്കാനുള്ള അലിവുണ്ടാകണേ എന്നാണ് പ്രാർത്ഥന. പ്രേമഭാവത്തിലാണ് അക്ഷരമണമാലൈ എഴുതിയിരിക്കുന്നത്. ഭക്തിയുടെ ഏറ്റവും ഉദാത്തമായ ഭാവം. എങ്കിലും ഈശ്വരനെ വരനായി സങ്കല്പിക്കുക സാഹസമായിപ്പോയോ എന്ന ഭയം ഇല്ലാതില്ല. എല്ലാ വിഘ്നങ്ങളും നശിപ്പിക്കുന്ന ഗണപതി ഭഗവാൻ തുണയായി നിന്ന് ഈശ്വരനോടു ചേരാനാഗ്രഹിക്കുന്ന എന്റെ സാധന സഫലമാക്കിത്തരണേ. ആത്മാന്വേഷണത്തിന്റെ പാതയിലെ വിഘ്നങ്ങളകറ്റണേ. എന്റെ സാധന പൂർത്തിയാക്കാനുള്ള ശക്തി എനിക്കു നൽകണേ.

പല്ലവി.
അരുണാചല ശിവ  അരുണാചല ശിവ
അരുണാചല ശിവ  അരുണാചലാ

1. അരുണാചലമെന അകമേ നിനൈപ്പവർ
    അഹത്തെ വേരറുപ്പായ് അരുണാചലാ

    അരുണാചലമെന - അരുണാചലം എന്ന്
    അകമേ - ഹൃദയത്തിൽ
    നിനൈപ്പവർ - ആലോചിക്കുന്നവർ
    അഹത്തെ - ഞാനെന്ന ബോധത്തെ
     വേരറുപ്പായ് - വേരോടെ പിഴുതെടുക്കും
     അരുണാചലാ - അരുണാചലേശ്വരാ

അരുണാചലമെന്ന് മനസിൽ ചിന്തിക്കുന്നവരുടെ ഞാനെന്ന ഭാവത്തെ വേരോടെ പിഴുതെടുക്കും അരുണാചലേശ്വരൻ.

അരുണാചലം എന്ന പദത്തിന്റെ മാഹാത്മ്യമാണ് ഈ വരികളിൽ പറയുന്നത്. തിരുവണ്ണാമലൈയുടെ വേറൊരു പേരാണ് അരുണാചലം. അതേസമയം അരുണ എന്നാൽ ദേവി എന്നും അചലം എന്നാൽ ചലിക്കാത്തത് എന്നും അർത്ഥമുണ്ട്. അരുണ അചലമായിരിക്കുന്ന ഇടമാണ് അരുണാചലം. നിരാകാര നിർഗ്ഗുണാവസ്ഥയായ ബ്രഹ്മത്തിന്റെ ബഹിർസ്ഫുരണമാണ് പ്രകൃതിയായി ഭവിക്കുന്നത്. ശിവസങ്കല്പത്തിൽ ശിവൻ ശുദ്ധബ്രഹ്മത്തെയും ദേവി പ്രകൃതിയെയും കുറിക്കുന്നു. നമ്മുടെ ആത്മസത്ത ശുദ്ധബ്രഹ്മമാണ്. അതിന്റെ ബഹിർസ്ഫുരണമായ ചിന്തകളുടെ കൂട്ടം മനസുമാണ്. അപ്പോൾ അരുണ അചലമായിരിക്കുക എന്നതിന് മനസ് ആത്മാവിൽ അടങ്ങുക എന്നും അർത്ഥം വരുന്നു. അതായത് അരുണാചലം എന്ന് അകമേ നിനയ്ക്കുമ്പോൾ തന്നെ ചിന്തകളൊടുങ്ങി ആത്മജ്ഞാനം ഉദിക്കുന്നു. അപ്പോൾ അവിടെ ഞാനെന്ന അഹങ്കാരം ഇല്ലാതാകുന്നു. ഭഗവൽസ്വരൂപമായ ശുദ്ധബ്രഹ്മമായി അവർ മാറുന്നു.

2. അഴകു സുന്ദരം പോൽ അഹവും നീയുമു-
    റ്റ്രഭിന്നമായിരിപ്പോം അരുണാചലാ

അഴക് - ഭംഗി എന്നർത്ഥം വരുന്ന ഒരു വാക്ക്, പാർവതീദേവി
സുന്ദരം - ഭംഗി എന്നർത്ഥം വരുന്ന ഒരു വാക്ക്, ശിവഭഗവാൻ
പോൽ - പോലെ
അഹവും നീയും - ഞാനും നീയും
   ഉറ്റ്ര് - ഒന്നിച്ച്
അഭിന്നമായിരിപ്പോം - അഭിന്നമായിരിക്കാം
 അരുണാചലാ - അരുണാചലേശ്വരാ

          അല്ലയോ അരുണാചലേശ്വരാ, അഴക്, സുന്ദരം എന്നീ ഒരേ അർത്ഥം വരുന്ന വാക്കുകളെന്ന പോലെ ഞാൻ എന്നതും നീ എന്നതും ഒരേ അർത്ഥം സ്ഫുരിക്കുന്ന വാക്കുകളായി മാറുമോ.

          അഥവാ പാർവതീദേവിയും ശിവഭഗവാനും ഒന്നായിരിക്കുന്നതു പോലെ ഞാനും നീയും ഒന്നായി ചേർന്നു വസിക്കുവാൻ സാധിക്കുമോ.
       
           ഇവിടെ അദ്വൈതത്തിലെയും ദ്വൈതത്തിലെയും ആശയങ്ങൾ സമന്വയിപ്പിച്ചിരിക്കുന്നു. ജീവാത്മാവും പരമാത്മാവും  ഒരേ അർത്ഥം വരുന്ന വാക്കുകൾ ആണെന്ന അദ്വൈതാശയം ധ്വനിപ്പിക്കുന്നു. അതോടൊപ്പം തന്നെ ഭഗവാനിലലിഞ്ഞു ചേരാനുള്ള ഭക്തന്റെ തീവ്രമായ ആഗ്രഹവും അതേ വരികളിൽ തന്നെ സൂചിപ്പിക്കുന്നു. ഭാര്യാഭർത്തൃസങ്കല്പത്തിലെ സമുന്നതഭാവമാണ് അർദ്ധനാരീശ്വരൻ. പകുതി ഉടൽ പാർവതീദേവിക്കു പകുത്തു നൽകിയ പ്രണയമൂർത്തിയായ ശിവൻ.  മനസു മാത്രമല്ല ശരീരവും ഒന്നായി മാറുന്ന അവസ്ഥ. അതു പോലെ അഭിന്നമായി മാറാമോ എന്ന് പ്രേമഭാവത്തിൽ ജഗദീശ്വരനോട് അപേക്ഷിക്കുകയാണ് ജീവനിവിടെ.

3.അകം പുകുന്തീർട്രുൻ
അകഗുഹശിറൈയായ്
അമർവിട്രതെൻകൊൽ അരുണാചലാ

അകം പുകുന്ത് - അകത്തു കടന്ന്
ഈർട്ര് - വലിച്ചിഴച്ച്
ഉൻ - നിന്റെ
അകഗുഹ - ഹൃദയഗുഹ
ശിറൈയായ് - തടവുകാരിയായ്
അമർവിട്രത് - സൂക്ഷിച്ചത്
എൻകൊൽ - എന്ത് (ആശ്ചര്യം)
അരുണാചലാ - അരുണാചലേശ്വരാ

എന്റെ അകത്തു കടന്ന് എന്നെ നിന്നിലേക്കു വലിച്ചടുപ്പിച്ച് നിന്റെ ഹൃദയഗുഹയിൽ നീയെന്നെ തടവുകാരിയാക്കി വച്ചു. ഇതെന്ത് ആശ്ചര്യമാണ്!

         ഭക്തിയുണ്ടാകാനായാലും ജ്ഞാനമുണ്ടാകാനായാലും ആദ്യം വേണ്ടത് ഈശ്വരകൃപയാണ്. അവിടുന്ന് വിചാരിച്ചാലേ അത്തരം താൽപര്യങ്ങൾ നമുക്കുണ്ടാവുകയുള്ളൂ. ഇവിടെ രമണഭഗവാനും അതു തന്നെ പറയുന്നു. നിന്നെ ഓർക്കാതിരുന്ന എന്റെ ഉള്ളിൽ നീ കടന്നു വന്നു. നിന്റെ ചിന്തകൾ എന്നിൽ നിറച്ച് നീയെന്നെത്തന്നെ വിഴുങ്ങി. ഇന്നു ഞാൻ നിന്റെ ഉള്ളിലെ തടവറയിലാണ്. എവിടെ നോക്കിയാലും നിന്നെ മാത്രമേ കാണുന്നുള്ളൂ. ഇതെന്തൊരത്ഭുതമാണ്! ആത്മാന്വേഷണത്തിന് ഇറങ്ങിത്തിരിച്ച ഒരുവന് തീർച്ചയായും ഉണ്ടാകുന്ന ഒരു മാനസികാവസ്ഥയാണ് ഇവിടെ വിവരിക്കുന്നത്. ഇവിടെ ഭഗവാന്റെ ഉള്ളിൽ ആണെന്ന് പറയുമ്പോഴും തടവുകാരിയാണെന്ന ബോധം നിലനിൽക്കുന്നു. അതായത് ലോകകാര്യങ്ങളിൽ താൽപര്യം കുറയുന്നു എന്നാൽ ആനന്ദകരമായ അദ്വൈതാനുഭൂതി അനുഭവിക്കാൻ കഴിഞ്ഞതുമില്ല. ആകെ ഒരു അസ്വസ്ഥത. സ്വാതന്ത്ര്യമില്ല എന്ന തോന്നൽ. ഞാനെന്ന ഭാവം അണയുന്നതു വരെ ഈ അവസ്ഥ തുടരും. ഭഗവാനിലലിഞ്ഞു കഴിയുമ്പോൾ അതായത് ആത്മജ്ഞാനം ഉണ്ടാകുമ്പോൾ
പൂർണ്ണ സ്വതന്ത്രനാകുന്നു.

4. ആരുക്കാവെനൈ ആണ്ടെനൈയകറ്റിടിൽ
അഖിലം പഴിത്തിടും അരുണാചലാ

ആരുക്കാവ് - ആർക്കുവേണ്ടി
എനൈ - എന്നെ
ആണ്ട് - സ്വീകരിച്ച്
എനൈ - എന്നെ
അകറ്റിടിൽ - അകറ്റിയാൽ
അഖിലം - എല്ലാവരും
പഴിത്തിടും - പഴി പറയും
അരുണാചലാ - അരുണാചലേശ്വരാ

അല്ലയോ അരുണാചലേശ്വരാ, ആർക്കു വേണ്ടിയാണെങ്കിലും നീ എന്നെ സ്വീകരിച്ചു. ഇനി എന്നെ നീ നിന്നിൽ നിന്നും അകറ്റി നിർത്തുകയാണെങ്കിൽ എല്ലാവരും നിന്നെ പഴി പറയും.

          ഭഗവാന്റെ കൃപയാൽ എന്റെ നന്മയ്ക്കായി എന്നിൽ ഭഗവദ്ചിന്തയുദിച്ചു. അതോടെ ഞാൻ അങ്ങേയ്ക്കു സമർപ്പിക്കപ്പെട്ടവളായിരിക്കുന്നു. ഇനി എന്റെ തുടർജീവിതത്തിന്റെ ഗതിക്ക് ഉത്തരവാദി നീ മാത്രമാണ്. നിന്നിൽ ഞാൻ ചേരണമെങ്കിൽ നിന്റെ കൃപാതിരേകത്താൽ മാത്രമേ സാധ്യമാകൂ. ഇനി അതു നടന്നില്ല എങ്കിൽ എന്നെ അകറ്റി നിർത്തിയതിനു എല്ലാവരും നിന്നെത്തന്നെ പഴി പറയും. സ്വയം സമർപ്പണത്തിലൂന്നി നിൽക്കുന്ന ഒരു ഭക്തയുടെ മാനസികാവസ്ഥയാണ് ഈ വരികളിൽ പ്രകടമാകുന്നത്.


5. ഇപ്പഴി തപ്പുനൈ ഏനിനൈപ്പിത്തായ്
    ഇനിയാർ വിടുവാർ അരുണാചലാ

ഇപ്പഴി - ഈ പഴി
തപ്പ് - രക്ഷപ്പെടൂ
ഉനൈ - നിന്നെ
ഏൻ - എന്തിന്
നിനൈപ്പിത്തായ് - ഓർമ്മിക്കുവാൻ നിർബന്ധിതയാക്കി
ഇനിയാർ വിടുവാർ - ഇനി ആര് വിട്ടു പോകും
അരുണാചലാ - അരുണാചലേശ്വരാ

          അരുണാചലേശ്വരാ ഈ പഴിയിൽ നിന്നും നീ രക്ഷപ്പെടൂ. നീയെന്തിന് നിന്നെയോർമ്മിക്കുവാൻ എന്നെ നിർബന്ധിതയാക്കി? ഇനി നിന്നെ വിട്ടു പോകാൻ ആർക്കു സാധിക്കും?

          കഴിഞ്ഞ വരികളുടെ തുടർച്ചയാണിത്. നിന്നിൽ നിന്നും വേറിട്ട് എനിക്ക് നിലനിൽപ്പുണ്ടായിരിക്കുക എന്നത് സർവ്വശക്തനായ നിന്റെ കരുണയില്ലായ്മ കൊണ്ടാണ് എന്ന് എല്ലാവരും നിന്നെ പഴി പറയും എന്നാണ് മുൻപത്തെ വരികളിൽ പറഞ്ഞത്. എന്നെ നിന്നിലലിയിച്ചുകൊണ്ട് നീ ആ പഴിയിൽ നിന്നും രക്ഷ നേടൂ. അതിനൊരുക്കമല്ലെങ്കിൽ നീ നിന്റെ ചിന്തകൾ എന്നിൽ നിറച്ചതെന്തിന്? നിന്റെ ചിന്തകളിൽ മുഴുകിക്കഴിയുന്ന സുഖമറിഞ്ഞ ഞാൻ ഇനി നിന്നെ വിട്ടു പോകുമോ? ഭക്തി ഒരു ലഹരിയാണ്. അതിന്റെ സുഖമറിഞ്ഞവർക്ക് ലൗകിക കാര്യങ്ങളിൽ താനേ വിരക്തി വരും. അദ്വൈതാനുഭൂതിക്കായി തപിക്കുകയും ചെയ്യും.
          ഭഗവാൻ ലോകരുടെ പഴി കേൾക്കുന്നതിൽ പ്രണയിനിയായ ജീവൻ സങ്കടപ്പെടുന്നു. അതിൽ നിന്നും രക്ഷ നേടാൻ നിർബന്ധിക്കുന്നു. ഒപ്പം വിട്ടു പോകാൻ കഴിയാത്ത തന്റെ നിസ്സഹായാവസ്ഥ വ്യക്തമാക്കുകയും ചെയ്യുന്നു.


6. ഈൻട്രിടും അന്നൈയിൻ പെരിതരുൾ പുരിയോയ്
    ഇതുവോ ഉനതരുൾ അരുണാചലാ

ഈൻട്രിടും - സ്വന്തം (പ്രസവിച്ച)
അന്നൈയിൻ - അമ്മയെക്കാൾ
പെരിത് - വലുത്
അരുൾ പുരിയോയ് - കരുണയുള്ളവനേ
ഇതുവോ - ഇതാണോ
ഉനതരുൾ - നിന്റെ കരുണ
അരുണാചലാ - അരുണാചലേശ്വരാ

 സ്വന്തം അമ്മയെക്കാൾ ഒരുവനോട് കരുണയുള്ളവനല്ലേ നീ. ഇതാണോ നിന്റെ കരുണ?

          പ്രേമത്തെ മധുരമാക്കുന്ന ഒന്നാണ്, പരിഭവഭാവം. അതുകൊണ്ടുതന്നെ ഈ വരികൾ മനോഹരമാണ്. കരുണാസാഗരമെന്ന് പുകൾ പെറ്റവനാണു ഭഗവാൻ. അമ്മയെക്കാൾ ക്ഷമയും സ്നേഹമുള്ളവൻ. അങ്ങനെയുള്ള ഭഗവാൻ ഈ ഭക്തയുടെ സങ്കടം കാണാത്തതെന്താണ്? അതു തീർക്കാൻ എത്താത്തതെന്താണ്? ഇത്രയേ ഉള്ളോ നിന്റെ കരുണ എന്നു പരിഭവിക്കുകയാണ് പ്രണയിനി.

7. ഉനൈയേമാറ്റ്രി ഓടാതുലത്തിൻ മേ-
    ലുരുതിയായിരിപ്പോം അരുണാചലാ

ഉനൈ - നിന്നെ
ഏമാറ്റ്രി - ചതിച്ച്
ഓടാതെ - ഓടാതെ
ഉലത്തിൻ മേൽ - മനസ്സിനു മുകളിൽ
ഉരുതിയായ് - ഉറച്ച്
ഇരിപ്പായ് - ഇരിക്കൂ
അരുണാചലാ - അരുണാചലേശ്വരാ

നിന്നെ ചതിച്ച് ഓടാതിരിക്കാൻ എന്റെ മനസ്സിനു മുകളിൽ നീ  ഉറച്ചിരിക്കൂ.

          ഭഗവാനു സമർപ്പിക്കപ്പെട്ടതായി സ്വയം വിശേഷിപ്പിക്കുമ്പോഴും ഭഗവദ്ചിന്തകൾ വിട്ട് ലൗകിക സുഖങ്ങൾക്കു പുറകേ പായാൻ മനസ്സിന് ഒരു പ്രവണതയുണ്ട്. ഇത് ഭഗവാനെ വഞ്ചിക്കുന്നതിനു തുല്യമാണ്. അങ്ങനെ വരാതിരിക്കാൻ ഭഗവാന്റെ സാന്നിദ്ധ്യം മനസ്സിലെപ്പോഴും ഉണ്ടായിരിക്കണം. അതാകട്ടെ അദ്ദേഹത്തിന്റെ ഇച്ഛാനുസാരമേ നടക്കൂ. അതിനായി പ്രാർത്ഥിക്കുകയാണ് ഈ വരികളിലൂടെ.
          ഭഗവാൻ കൃപ ചൊരിയുന്നതിൽ കാട്ടുന്ന അലംഭാവത്തിന് മനസ്സിന്റെ ലൗകികാസക്തിയാണോ കാരണം എന്ന് ഭക്ത സംശയിക്കുന്നു. എങ്കിൽതന്നെയും അതും ഭഗവാന്റെ ഉത്തരവാദിത്തമാണെന്നു സമാധാനിക്കുകയും ചെയ്യുന്നു.

8. ഊർസുറ്റ്രുലംവിടാതുനൈക്കണ്ടടങ്ങിട
   ഉൻ അഴകൈ കാട്ടരുണാചലാ

ഊർ - ലോകം
സുറ്റ്ര് - അലഞ്ഞു നടക്കുന്ന
ഉലം - മനസ്
വിടാത് - ഇടതടവില്ലാതെ
ഉനൈ - നിന്നെ
കണ്ടടങ്ങിട - കണ്ട് അടങ്ങുവാൻ
ഉൻ - നിന്റെ
അഴകൈ - സൗന്ദര്യത്തെ
 കാട്ട് - കാണിക്കൂ
അരുണാചലാ - അരുണാചലേശ്വരാ

ഈ ലോകത്തിൽ അലഞ്ഞു നടക്കുന്ന എന്റെ മനസ് ഇടതടവില്ലാതെ നിന്റെ സ്വരൂപം കണ്ട് ശാന്തിയടയുവാൻ മനം മയക്കുന്ന നിന്റെ സൗന്ദര്യം എനിക്കു കാണിച്ചു തരൂ.

        മനസ്സിന്റെ മേൽപറഞ്ഞ ദൗർബല്യം തീർക്കാൻ ഉള്ള വഴി തേടുകയാണ് ഇവിടെ.
മനുഷ്യമനസ് സൗന്ദര്യത്തിനു പുറകേ പായും.ഭംഗിയുള്ള എന്തിലും അതുടക്കി നിൽക്കും. അങ്ങനെ അത് നിശ്ചലമായി നിൽക്കുമ്പോൾ ശാന്തിയുണ്ടാകുന്നു. സന്തോഷവും. ഈ ലോകത്തിലെ നശ്വര വസ്തുക്കളുടെ സൗന്ദര്യത്തിനു പോലും ഈ കഴിവുണ്ടെങ്കിൽ അവർണനീയമായ ഭഗവാന്റെ സുന്ദരരൂപം കണ്ടാൽ പിന്നെ മനസ് അതിൽ നിന്നും വിട്ടു പോകുകയില്ല തന്നെ. തൽഫലമായി നിരന്തരമായ ശാന്തി അനുഭവിക്കാൻ കഴിയും. അങ്ങനെ വരാനായി എനിക്ക് നിന്റെ സ്വരൂപം ഒന്നു കാണിച്ചു തരാമോ.

No comments: