Tuesday, January 28, 2020

വിവേകചൂഡാമണി - 47
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

അനർത്ഥങ്ങൾക്കു കാരണം അജ്ഞാനമെന്ന രോഗാണു

ശ്ലോകം 66
തസ്മാത് സര്‍വ്വപ്രയത്‌നേന
ഭവബന്ധ വിമുക്തയേ
സ്വേനൈവ യത്‌നഃ കര്‍ത്തവ്യോ
രോഗാദേരിവ പണ്ഡിതൈഃ

അതിനാല്‍, രോഗം മുതലായവയെ ഇല്ലാതാക്കാനായി അറിവുള്ളവര്‍ ചെയ്യുന്നതു പോലെ സാധകന്‍ സംസാര മോചനത്തിനായി എല്ലാ തരത്തിലും സ്വയം പ്രയത്‌നം നടത്തേണ്ടതാണ്.

രോഗം, വിശപ്പ് തുടങ്ങിയവ വന്നാല്‍ താന്‍ തന്നെ അവയെ ദൂരീകരിച്ചതുകൊണ്ടേ ഫലമുണ്ടാവുകയുള്ളൂ. നമുക്കുവേണ്ടി മറ്റൊരാള്‍ മരുന്ന് കഴിച്ചതുകൊണ്ടോ പഥ്യം ആചരിച്ചതുകൊണ്ടോ കാര്യമില്ല. എന്റെ വിശപ്പ് മാറാന്‍ ഞാന്‍ തന്നെ ഭക്ഷണം കഴിക്കണം.

നാം ഓരോരുത്തരും രോഗബാധിതരെപ്പോലെയാണ് ഈ സംസാരത്തില്‍ കഴിയുന്നത്.  അജ്ഞാനമാകുന്ന രോഗാണുക്കളുടെ പിടിയില്‍ പെട്ടിരിക്കുകയാണ് നാം; ഇതില്‍ നിന്ന് പുറത്തു വരാനാകണം.

ആരോഗ്യം എന്നത് നമ്മുടെ സ്വാഭാവികമായ അവസ്ഥയാണ്. അത് തകരാറിലാകുമ്പോഴാണ് രോഗമുണ്ടാകുന്നത്. രോഗാണുക്കളെ നീക്കം ചെയ്യലാണ് പ്രധാന കാര്യം. അതിന് ഓരോ ആളും സ്വയം പ്രയത്‌നിക്കണം.  അജ്ഞാനമാകുന്ന രോഗാണുക്കളാണ് നമ്മുടെ എല്ലാ അനര്‍ത്ഥങ്ങള്‍ക്കും കാരണം.   നമ്മുടെ സ്വതവേ ഉള്ള ആദ്ധ്യാത്മിക ബലവീര്യങ്ങളേയും ദിവ്യ മഹിമയേയും പൂര്‍ണത്വത്തേയുമെല്ലാം അത് മറച്ചുകളയും, തളര്‍ത്തിയിടും. അതിനാല്‍ അജ്ഞാന രോഗം മാറുക തന്നെ വേണം.

ഒരേ രോഗം വന്നവര്‍ ഒരേ മരുന്ന് ഒരേ അളവില്‍ കഴിച്ചതുകൊണ്ട് മാത്രം രോഗം മാറുകയില്ല. രോഗത്തിന്റെ ഏറ്റക്കുറച്ചിലുകളനുസരിച്ച് മരുന്ന് കഴിക്കേണ്ട അളവും ക്രമവും ഒക്കെ വേറെയായിരിക്കും. മരുന്നിനോടൊപ്പം പഥ്യമുള്‍പ്പടെ പലതും ചെയ്യുകയും വേണം.

സ്വയം നിയന്ത്രണം; ആത്മനിയന്ത്രണമാണ് സംസാര രോഗം വന്നാല്‍ പാലിക്കേണ്ടത്.  വളരെ കരുതലോടെ വേണം ഈ രോഗത്തെ കാണാനും അതില്‍ നിന്ന് മറികടക്കാനും.  അറിവുള്ളവരില്‍ നിന്ന് പ്രതിവിധിയെ അറിഞ്ഞ് സാധകന്‍ സ്വയം പ്രയത്‌നം ചെയ്യണം.

ഇനി ശിഷ്യൻ ചോദിച്ച ചോദ്യത്തെ അഭിനന്ദിച്ച് ഗുരു അതിന് ഉത്തരം പറയാന്‍ തുടങ്ങുകയാണ്.

16. ശിഷ്യന്റെ ചോദ്യത്തെപ്പറ്റി ചര്‍ച്ച

ശ്ലോകം 67
യസ്ത്വയാദ്യ കൃതഃ പ്രശ്‌നോ വരീയാന്‍ ശാസ്ത്രവിന്മതഃ
സൂത്രപ്രായോ നിഗൂഢാര്‍ത്ഥോ ജ്ഞാതവ്യശ്ച മുമുക്ഷുഭിഃ

നീ ഇപ്പോള്‍ ചോദിച്ച ചോദ്യങ്ങള്‍ വളരെ ശ്രേഷ്ഠവും ശാസ്ത്രജ്ഞാനികള്‍ പുകഴ്ത്തുന്നതുമാണ്. വളരെ ചുരുക്കി സൂത്ര രൂപത്തിലുള്ളതും നിഗൂഢാര്‍ത്ഥത്തിലുള്ളതുമായ ഇവയെ മുമുക്ഷുക്കള്‍ അറിയേണ്ടതാണ്.

കോ നാമ ബന്ധഃ ...  എന്താണ് ബന്ധനം?  എന്നു തുടങ്ങി ഏഴ് ചോദ്യങ്ങള്‍ ശിഷ്യന്‍ ചോദിച്ചിരുന്നു. ഇതിനെ ഗുരു പുകഴ്ത്തുകയാണ്. ഇവ ശാസ്ത്രം അറിയാവുന്നവര്‍ക്ക് മാത്രമേ ചോദിക്കാനാവൂ. ചോദിക്കേണ്ട രീതിയില്‍ വളരെ ചുരുക്കിയാണ് ചോദിച്ചിരിക്കുന്നത്.  അറിയേണ്ട കാര്യങ്ങളെപ്പറ്റി നന്നായി ചോദിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ മുമുക്ഷുക്കള്‍ അറിയേണ്ടതുതന്നെയാണിവ.  ഗുരുവിനോട് ചോദ്യം ചോദിക്കാന്‍ കിട്ടുന്ന അവസരം ദുരുപയോഗപ്പെടുത്തുന്നവരെയും വേണ്ടതുപോലെ ചോദിക്കാത്തവരേയും കാണാം. തന്റെ പാണ്ഡിത്യ പ്രകടനം നടത്താന്‍ വെമ്പുന്നവരും കുറവല്ല.

എന്ത് ചോദിക്കണം, എങ്ങനെ ചോദിക്കണമെന്നതിനൊക്കെ ഇവിടത്തെ ശിഷ്യന്‍ മാതൃകയാണ്. ചിലയാളുകള്‍ക്ക് ഗുരുസന്നിധിയില്‍ ചോദ്യം ചോദിക്കാന്‍ പോലുമാകില്ല.  എന്നാല്‍ നല്ലപോലെ ചിന്തിച്ച് കാച്ചിക്കുറുക്കിയ വാക്കുകളിലൂടെ ശിഷ്യന്‍ ചോദിച്ചത് ഗുരുവിനെ തൃപ്തനാക്കി.

കൂരിരുട്ടില്‍ കിണറ്റില്‍ വീണയാള്‍ അവിടെ നിന്ന് കരകയറാന്‍ രക്ഷിക്കണേയെന്ന് വിളിച്ച് കരയും പോലെയാണ് സംസാരമാകുന്ന പൊട്ടക്കിണറ്റില്‍ വീണു കിടക്കുന്ന ശിഷ്യന്റെ അവസ്ഥ. ആ ദുരിതത്തില്‍ നിന്ന് രക്ഷനേടാനായി ഗുരുവിനെ വിളിച്ച് കരയുകയാണ്.  അനാവശ്യമായതൊന്നും അപ്പോള്‍ ചോദിക്കാന്‍ തോന്നുകയില്ല. തന്റെ രക്ഷയാണ് പ്രധാനം.

ശിഷ്യന്റെ ചോദ്യങ്ങള്‍ വളരെ ഗഹനവും നിഗൂഢമായ അര്‍ത്ഥത്തോടു കൂടിയതുമാണ്. വിചാരശീലര്‍ക്ക് മാത്രമേ ഇത് മനസ്സിലാകൂ. സൂക്ഷ്മ വിചാരം ചെയ്യുന്നവര്‍ക്കും സംസാര ബന്ധനങ്ങളില്‍ നിന്ന് മുക്തരാവണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നവര്‍ക്കും മാത്രമേ ഈ ചോദ്യങ്ങളിലും ചര്‍ച്ചകളിലും താല്പര്യമോ രസമോ ഉണ്ടാവുകയുള്ളൂ.
Sudha Bharath 

No comments: