ഗായത്രി ഉപാസനയുടെ വിവരണം തുടരുന്നു
Wednesday 7 November 2018 2:40 am IST
പ്രാണോളപാനോ വ്യാന ഇത്യാഷ്ടാവക്ഷരാണി.......
പ്രാണ: അപാന: വ്യാന: എന്നുള്ളത് എട്ട് അക്ഷരങ്ങളാണ്. ഗായത്രിയുടെ മൂന്നാമത്തെ പാദവും എട്ട് അക്ഷരങ്ങളോട് കൂടിയതാണ്.അതിന്റെ മൂന്നാം പാദം ഈ മൂന്ന് പ്രാണഭേദങ്ങള്‍ തന്നെയാണ്. ഗായത്രിയുടെ മൂന്നാം പാദത്തെ ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ ജീവജാലങ്ങളെയെല്ലാം ജയിക്കുന്നു. പിന്നെ ഈ തപിക്കുന്ന സൂര്യന്‍ തന്നെയാണ് അതിന്റെ നാലാമത്തെ പാദം. കാണുന്നതുപോലെയുള്ളതും ലോകങ്ങള്‍ക്കെല്ലാം മേലെ പ്രകാശിക്കുന്നതുമാണ് ആ പാദം.
നാലാമത്തേതു തന്നെയാണ് തുരീയം.ഇത് കാണുന്നതുപോലെ തോന്നുന്നതു കൊണ്ട് ദര്‍ശതം പദയെന്ന് പറയുന്നു . രാജോഗുണത്തിന്റെ ഫലമായണ്ടാകുന്ന എല്ലാ ലോകങ്ങളുടേയും മേലെ പ്രകാശിക്കുന്നതു കൊണ്ട് അതിനെ പരോജസ്സ് എന്ന് വിളിക്കുന്നു. ഗായത്രിയുടെ നാലാമത്തെ പാദത്തെ ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നവന്‍ ഇതേ ഐശ്വര്യം കൊണ്ടും യശസ്സുകൊണ്ടും ശോഭിക്കുന്നു.ഗായത്രി കൊണ്ട് സ്തുതിക്കുന്നത് സൂര്യനെയായതിനാലാണ് നാലാം പാദമായി പറഞ്ഞിരിക്കുന്നത്.
സൈഷാ ഗായത്രേ്യസ്മിന്‍ തരീയേ ദര്‍ശതേ പദേ........
മൂന്ന് ലോകങ്ങളും മൂന്ന് വിദ്യകളും മൂന്ന് പ്രാണങ്ങളുമാകുന്ന പാദങ്ങളോട് കൂടിയ ഗായത്രി നാലാം പാദത്തില്‍ പ്രതിഷ്ഠിതമാണ്. നാലാം പാദം ലോകങ്ങള്‍ക്ക് മുകളില്‍ പ്രകാശിക്കുന്നതും കാണുന്നതുപോലെയുള്ളതുമാണ്.ആ നാലാം പാദമാകുന്ന ആദിത്യന്‍ സത്യത്തില്‍ പ്രതിഷ്ഠിതമാണ്. ചക്ഷുസ്സാണ് സത്യം. ചക്ഷുസ്സ് സത്യം തന്നെയെന്ന് പ്രസിദ്ധമാണ്.
അതിനാല്‍ ഇപ്പോള്‍ ഞാന്‍ കണ്ടു, ഞാന്‍ കേട്ടു എന്ന് വാദിച്ച് രണ്ട് പേര്‍ വരുന്നുവെങ്കില്‍ ഞാന്‍ കണ്ടു എന്ന് പറയുന്നയാളെ നാം വിശ്വസിക്കും. അങ്ങനെയുള്ള ആ സത്യം ബലത്തില്‍ പ്രതിഷ്ഠിതമാണ്. പ്രാണന്‍ തന്നെയാണ് ബലം. അതിനാല്‍ അത് പ്രാണനില്‍ പ്രതിഷ്ഠിതമാണ്. അതു കൊണ്ട് ബലം സത്യത്തേക്കാള്‍ ശക്തിയേറിയതാണെന്ന് പറയുന്നു. ഇങ്ങനെ ഈ ഗായത്രി അധ്യാത്മമായി പ്രതിഷ്ഠിതമാണ്.
ഇത് ഗയങ്ങളെ ത്രാണനം ചെയ്തു. പ്രാണങ്ങളെയാണ് ഗയങ്ങള്‍ എന്നു പറയുന്നത്. അതിനാല്‍ പ്രാണങ്ങളെ രക്ഷിച്ചു എന്നര്‍ത്ഥം. ഗയങ്ങളെ ത്രാണനം ചെയ്യുന്നതിനാല്‍ ഗായത്രി എന്ന പേര് ലഭിച്ചു.ആചാര്യന്‍ ശിഷ്യന് ഉപദേശിക്കുന്ന സാവിത്രി എന്നത് ഈ ഗായത്രി തന്നെയാണ്. ആചാര്യന്‍ ഗായത്രി ഉപദേശം നല്‍കി ശിഷ്യന്റെ പ്രാണങ്ങളെ ത്രാണനം ചെയ്യുന്നു.അധ്യാത്മമായി ഗായത്രി പ്രാണങ്ങളില്‍ പ്രതിഷ്ഠിതമാണെന്ന് ഉപാസനാ സൗകര്യത്തിന് വേണ്ടി പറയുന്നു. ഗായത്ര്യുപാസനയാല്‍ ഇന്ദ്രിയങ്ങള്‍ക്കും പ്രാണനും ആദിത്യന്റെ അനുഗ്രഹത്താല്‍ ബലം വര്‍ദ്ധിക്കുന്നു.
ഉപനയന വേളയില്‍ ആചാര്യന്‍ ശിഷ്യന് നല്‍കുന്ന സാവിത്രീമന്ത്രം ഗായത്രീമന്ത്രം തന്നെയാണ്. സവിതാവ് എന്ന ദേവതയോട് കൂടിയതിനാലാണ് സാവിത്രി എന്ന് വിളിക്കുന്നത്. ഗായങ്ങളെന്നറിയപ്പെടുന്ന പ്രാണങ്ങളെ രക്ഷിക്കുന്നതിനാല്‍ ഗായത്രി എന്നും പറയുന്നു.
No comments:
Post a Comment