Friday, January 31, 2020

അനാത്മാവിനെ വെടിഞ്ഞ് ആത്മാവിനെ സാക്ഷാത്കരിക്കുക

Friday 31 January 2020 4:45 am IST
ശ്ലോകം 70

തതഃ ശ്രുതിസ്തന്‍മനനം സതത്ത്വ-
ധ്യാനം ചിരം നിത്യ നിരന്തരം മുനേഃ 
തതോളവികല്പം പരമേത്യ വിദ്വാന്‍
ഇഹൈവ നിര്‍വ്വാണസുഖം സമൃച്ഛതി

നന്തരം ഗുരുവില്‍ നിന്ന് വേദാന്തവാക്യത്തെ ശ്രവിക്കണം. കേട്ടതിനെ മനനം ചെയ്ത് ഉറപ്പിക്കണം. തുടര്‍ന്ന് പരമതത്ത്വത്തെ ഇടവിടാതെ വളരെക്കാലം നിത്യമായി ധ്യാനിക്കണം. ഇങ്ങനെയായാല്‍ വിദ്വാനും മുനിയുമായ സാധകന്‍ പരമമായ നിര്‍വികല്പാവസ്ഥയെ നേടി ഈ ജന്മം തന്നെ നിര്‍മാണസുഖം അനുഭവിക്കുന്നു.
സംസാരബന്ധനത്തില്‍ വിമുക്തനായി പരമമായ കൈവല്യ പദത്തെ നേടാന്‍ അനുഷ്ഠിക്കേണ്ട വിവിധ ഉപായങ്ങളെക്കുറിച്ചാണ് ആചാര്യ സ്വാമികള്‍ ഇവിടെ പറയുന്നത്. വിരക്തനായ  സാധകന് വേണ്ട ആന്തരസാധനകളെ ഇവിടെ വിവരിക്കുന്നു.
വിഷയങ്ങളില്‍ താല്പര്യമില്ലാത്തവനും ശമം മുതലായ ഗുണങ്ങളുള്ളയാളുമാണ് ശ്രവണത്തിന് അധികാരി. ഗുരുമുഖത്ത് നിന്ന് ഒരു ഉപനിഷത്തെങ്കിലും സാധകന്‍ നല്ലപോലെ കേള്‍ക്കണം. വേദാന്തവാക്യം കേട്ടതിനെ മനനം ചെയ്യണം. വേദാന്ത വാക്യങ്ങളുടെ അര്‍ത്ഥത്തെ നിര്‍ണയം സാധിക്കുന്ന തരത്തില്‍ യുക്തിപൂര്‍വ്വം വിചാരം ചെയ്യുന്നതാണ് മനനം.
 തുടര്‍ന്ന് നടക്കേണ്ടത് നിരന്തരമായ ധ്യാനമാണ്. ശരീരം മുതലായവയിലുള്ള മിഥ്യാഭിമാനങ്ങളെ നീക്കി, സച്ചിദാനന്ദ സ്വരൂപിയായ ആത്മാവാണ് ഞാന്‍ എന്ന് നിരന്തര ഭാവനയാണ് ധ്യാനം.  വളരെക്കാലം നന്നായി ധ്യാനത്തെ അനുഷ്ഠിക്കണം. ധ്യാനത്തെ പറയുന്നിടത്ത് ചിരം, നിത്യം, നിരന്തരം എന്നിങ്ങനെ ഉപയോഗിച്ചത് വളരെ ശ്രദ്ധേയമാണ്.
 വളരെക്കാലം ധ്യാനം അഭ്യസിച്ചാല്‍ ഈ ജന്മത്തില്‍ തന്നെ പരമ നിര്‍വികല്പാവസ്ഥയായ സ്ഥിതപ്രജ്ഞത്വത്തെ നേടാം. അത് നിര്‍വ്വാണ സുഖത്തെ അനഭവമാക്കും.
 മനോവൃത്തികള്‍ കെട്ടടങ്ങിയ അവസ്ഥയാണ് നിര്‍വ്വാണം. സ്വസ്വരൂപമായ ആത്മതത്വത്തെ സാക്ഷാത്കരിക്കുന്നതോടെ ചിന്തകളുടെ പ്രവാഹമായ മനസ്സ് നിലയ്ക്കുന്നു. പുതിയ ചിന്തകളൊന്നും ഉദിക്കാതാവുന്നു. ചിത്തവൃത്തികളെല്ലാം കെട്ടടങ്ങിയ ഈ അവസ്ഥയാണ് നിര്‍വാണം അഥവാ നിര്‍വികല്പ സമാധി.
 ധ്യാനിക്കുന്ന വേളയില്‍ “ഞാന്‍ ധ്യാനിക്കുന്നു  ധ്യേയ വസ്തുവില്‍ വിലയിക്കാറായി എന്ന തോന്നല്‍ നേരിയ തോതിലെങ്കിലും ഉണ്ടെങ്കില്‍ അതിനെ സവികല്പമായ സമാധി എന്ന് പറയുന്നു. ധ്യാനിക്കുക എന്നത് നിശ്ശേഷം നിലച്ച് ധ്യാനിക്കുന്നയാളുടെ വ്യക്തിത്വം ആത്മസ്വരൂപത്തില്‍ ലയിച്ച് ഒന്നായ അവസ്ഥയെയാണ് നിര്‍വികല്പ സമാധി എന്ന് പറയുന്നത്. ബ്രഹ്മാനന്ദത്തെ അനുഭവമാക്കുന്ന നിര്‍വ്വാണസുഖം ഇവിടെ ഈ ജന്മത്തില്‍ തന്നെ നേടാമെന്നും വ്യക്തമാക്കുന്നു.

ശ്ലോകം 71

യദ്‌ബോദ്ധവ്യം തവേദാനീം 
ആത്മാനാത്മ വിവേചനം
തദുച്യതേ മയാ സമ്യക് 
ശ്രുത്വാത്മന്യവധാരയ
ആത്മാ അനാത്മാവിവേചനം എന്താണെന്ന് വിസ്തരിച്ച് ഞാന്‍ നിനക്ക് പറഞ്ഞു തരാം. അത് നീ അറിയേണ്ടതാണ്.വളരെ ശ്രദ്ധയോടെ കേട്ടറിയൂ.
നേരത്തേ ശിഷ്യന്‍ ആത്മാവിനേയും അനാത്മാവിനേയും കുറിച്ച് ചോദിച്ചതിന്റെ ഉത്തരമാണ് ഇനി ഗുരു ഇവിടെ വിവരിക്കുവാന്‍ പോകുന്നത്. എന്താണ് ആത്മാവ് എന്നതും ആത്മാവല്ലാതെയുള്ളതെന്തെന്നും ആദ്യം അറിയണം. പിന്നെ  വേര്‍തിരിക്കണം.ആത്മ, അനാത്മ വിവേചനം എങ്ങനെ നടത്താമെന്നും ഇനി വ്യക്തമാക്കുന്നു. അനാത്മാവിനെ വെടിഞ്ഞ് ആത്മാവിനെ സാക്ഷാത്കരിക്കുകയാണ് വേണ്ടത്.

No comments: