Sunday, January 26, 2020

രമണമഹര്‍ഷി

ഹൃദയം ചിന്തയറ്റ മനസ്സാണ് (359)

ശ്രീ രമണമഹര്‍ഷി
അഗസ്റ്റ് 24, 1938
ഒരു I.C.S.ഉദ്യോഗസ്ഥന്‍ : ആഹിംസമൂലം ലോകത്ത് യുദ്ധമെല്ലാം ഒഴിച്ചുവെയ്ക്കാമല്ലോ?
രമണ മഹര്‍ഷി: ഉത്തരം ചോദ്യത്തില്‍ തന്നെ ഉണ്ട്. പരിപൂര്‍ണ്ണ അഹിംസപ്രായോഗികമായാല്‍ യുദ്ധമില്ല.
അഗസ്റ്റ് 26, 1938
മാക്‌ഇവര്‍ ഭഗവാനോട് ദീക്ഷയെപ്പറ്റി ചോദിച്ചു:
രമണമഹര്‍ഷി: ഈ ദീക്ഷ എന്ന് പറയുന്നതെന്താണ്? അതു പലരൂപത്തിലും ഉണ്ട്. വാക്കില്‍ക്കൂടി, കാഴ്ച്ചയില്‍ക്കൂടി സ്പര്‍ശനത്തില്‍ക്കൂടിയും മറ്റും.
ചോദ്യം: ഭഗവാന്‍റെ മൌനദീക്ഷയാണതല്ലേ?
രമണ മഹര്‍ഷി: അതെ. അതേറ്റവും അര്‍ത്ഥവത്തായ ഒന്നാണ്.
ചോദ്യം: അത് വിചാരമാര്‍ഗ്ഗത്തിന് മാത്രം അനുയോജ്യമാണോ?
മഹര്‍ഷി: വിചാരത്തില്‍ എല്ലാ മാര്‍ഗവും ഉണ്ട്.
ചോദ്യം: ഞാനങ്ങയെ വരിച്ചതിനുശേഷം ഒരു യഥാര്‍ത്ഥ കൃസ്ത്യനായിരിക്കാന്‍ ഒക്കുമോ?
മഹര്‍ഷി: അങ്ങനെയാവുകയില്ല. ക്രുസ്തുമാതസാരമാണിവിടെയുള്ളത്.
ചോദ്യം: ഞാന്‍ പള്ളിയെവിട്ടിട്ട് മറ്റൊരിടത്ത് ശരണം പ്രാപിക്കാന്‍ ഭഗവാന്‍റെ അനുമതിയുണ്ടോ?
മഹര്‍ഷി: അതു നിങ്ങള്‍ നിശ്ചയിക്കേണ്ട കാര്യം. എന്നാല്‍ ഒന്ന് പറയാം. ഇവിടെ വരുന്നവര്‍ അങ്ങനെ വരുന്നത് ഏതോ ഒരു ശക്തിയുടെ പ്രേരണയാലാണ്. ആ ശക്തിയുടെ സഹായം അവര്‍ക്കു പിന്നീടുമുണ്ടായിരിക്കും.
സപ്തംബര്‍ 7, 1938
ശ്രീ. റ്റി. കെ. എസ്. അയ്യര്‍ ഒരു പുസ്തകത്തില്‍ അന്തഃകരണത്തെ ഹൃദയം, മനസ്സ്, ബുദ്ധി, ചിത്തം, അഹംകാരം എന്ന് അഞ്ചായിപ്പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
രമണമഹര്‍ഷി: സാധാരണ നാലായിപ്പറയുന്നതിനെ അതില്‍ ഹൃദയ(ഉള്ള)ത്തെക്കൂടി ഉള്‍പ്പെടുത്തി അഞ്ചെന്നു പറഞ്ഞിരിക്കുകയാണ്. അതില്‍ ഹൃദയത്തെ ഉച്ചിയില്‍ നിന്നും ഭ്രൂമധ്യം വരെ സ്ഥിതിചെയുന്ന ആകാശ തത്ത്വമാണെന്നും മനസ്സിനെ ഭൂമധ്യത്തില്‍ നിന്ന്, തൊണ്ടവരെയുള്ള വായു തത്വമായും ബുദ്ധിയെ കണ്ഠം മുതല്‍ മാറിടംവരെയുള്ള അഗ്നിതത്വമായും ചിത്തത്തെ ഹൃദയ പ്രദേശത്ത് നിന്നും നാഭിവരെയുള്ള ജലതത്വമായും അഹങ്കാരത്തെ നാഭിമുതല്‍ മൂലധനം വരെയുള്ള പൃഥിവിതത്വമായും പറഞ്ഞരിക്കുന്നു.
ഹൃദയം (ഉള്ളം) ചിന്തയറ്റ മനസ്സാണ്. അതു ആകാശം പോലെ നിര്‍മ്മലം. ഒരാള്‍ നിദ്ര വിട്ടുനരുമ്പോള്‍ ഈ പ്രകാശം ഹൃദയത്തില്‍ നിന്നും ശിരസ്സില്‍ പ്രതിഫലിക്കുന്നു. എന്നാല്‍ അതോടു അഹങ്കാരം കലരുമ്പോഴേ താന്‍ ആരെന്ന (ദേഹമാണെന്ന) ദേഹാത്മബുദ്ധി ജനിക്കുന്നുള്ളൂ. അതെ സമയത്ത് വിചാരമറ്റ ഹൃദയം നിര്‍മ്മലമനസ്സാണെങ്കിലും അതു ആഭാസ പ്രകാശമാണ്. അതുകൊണ്ടാണതിനെ ചന്ദ്രക്കലയോടുപമിച്ചിരിക്കുന്നത്. സ്വയം പ്രകാശമായ ഹൃദയ പ്രകാശത്തെ സൂര്യനോടും ഉപമിചിരിക്കുന്നു.

WhatsAppTelegram


No comments: