Sunday, January 26, 2020

ഹംസസംവാദം

ഉപാസനയുടെ അടിസ്ഥാനതത്വങ്ങളെ കുറിച്ച് ശിഷ്യന്മാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഹംസയോഗത്തിന്റെ 
Swami sreeyuth Balakrishnanadh
കുലഗുരുവായ സ്വാമി ശ്രീയുത് ബാലകൃഷ്ണനാഥ് ഹംസസംവാദം മാസികയിലൂടെ  നല്‍കുന്ന മറുപടികളാണ് ഈ പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  മാസിക പ്രസിദ്ധീകരിച്ച വര്‍ഷവും, മാസവും തലവാചകമായി കൊടുത്തിരിക്കുന്നു.

പരാവിദ്യ എന്നും, അപരാവിദ്യ എന്നും രണ്ടു വിദ്യകളാണ് ഉള്ളത്. ഇവയില്‍ പരാവിദ്യയെയാണ് ചുരുക്കപ്പേരില്‍ വിദ്യയെന്ന് പറഞ്ഞുവരുന്നത്. വിദ്യ എന്ന വാക്കിന്റെ    കൃത്യമായ അര്‍ത്ഥം ജ്ഞാനം എന്നാകുന്നു. നാശരഹിതമായ അവസ്ഥയെ പ്രാപിക്കുവാനുള്ള മാര്‍ഗ്ഗത്തിനെ വിദ്യ അഥവാ പരാവിദ്യ എന്ന് ശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്നു. ഹംസയോഗമെന്ന വിദ്യാക്രമം പരിശീലിക്കുമ്പോഴാണ് നാശരഹിതമായ അവസ്ഥയെ പ്രാപിക്കുവാന്‍ സാധിക്കുന്നതെന്ന് ഉത്തരഗീതയിലൂടെ ഭഗവാന്‍ കൃഷ്ണനും, ശിവജ്ഞാനദീപികയിലൂടെ ശ്രീപരമേശ്വരനും കല്പിച്ചിരിക്കുന്നു.    

2011-മാര്‍ച്ച്‌


ചോദ്യം: സൂക്ഷ്മം എന്നും, സ്ഥൂലം എന്നും സാധാരണയായി കേട്ടുവരുന്നുണ്ട്. ഈ വാക്കുകളുടെ ശരിയായ അര്‍ത്ഥം എന്താണ്? സൂക്ഷ്മമായ ഒന്നുണ്ടോ? ഉണ്ടെങ്കില്‍ അത് എന്താണ്? സ്ഥൂലമായതും എന്താണ്?
ഉത്തരം: സൂക്ഷ്മവസ്തുക്കളായി പലതുമുണ്ടെങ്കിലും അവയൊന്നും യഥാര്‍ത്ഥത്തില്‍ സൂക്ഷ്മവസ്തുക്കളല്ല. എന്തെന്നാല്‍ അന്വേഷകന് അവയെക്കാള്‍ സൂക്ഷ്മമായതിനെ പിന്നെയും കാണാവുന്നതാണ്. അങ്ങിനെ വീണ്ടും, വീണ്ടും അന്വേഷണം തുടരുമ്പോള്‍ അതിനുമപ്പുറം സൂക്ഷ്മമായ മറ്റൊന്നില്ലാത്ത യഥാര്‍ത്ഥ സൂക്ഷ്മവസ്തുവില്‍ എത്തിച്ചേരും. അത്യന്തം സൂക്ഷ്മമായ അതാകുന്നു ആത്മാവ്. ആത്മാവ് അത്യധികം സൂക്ഷ്മമായതിനാല്‍ സാധാരണ ദൃഷ്ടികൊണ്ട് കാണുവാനോ, സാധാരണ ബോധംകൊണ്ട് മനസ്സിലാക്കുവാനോ കഴിയുന്നതല്ല. അത്യന്തം സൂക്ഷ്മമെങ്കിലും അത് അതിവിസ്തൃതവുമാണ്. അനന്തവിസ്തൃതമായ ആ അണുവാണ് “വിഷ്ണു” എന്നറിയപ്പെടുന്നത്. (വിശാലമായ ആണു=വിഷ്ണു) സൂക്ഷ്മവസ്തുവിന് വിപരീതമായത് സ്ഥൂലവസ്തുവാകുന്നു. സ്ഥൂലവസ്തുക്കള്‍ അനേകമുണ്ട്. ചെറുതിനേക്കാള്‍ വലുതായ ഒന്ന്, അതിനേക്കാള്‍ വലുതായ മറ്റൊന്ന്, അതിലും വലുതായ വേറൊന്ന്. ഇപ്രകാരം സ്ഥൂലവസ്തുക്കളുടെ നിലക്കാത്ത പരമ്പരയെത്തന്നെ കാണാം. പൂച്ചയേക്കാള്‍ വലുതാണ് പട്ടി. പട്ടിയെക്കാള്‍ വലുതാണ്‌ ആന. ചന്ദ്രനേക്കാള്‍ വലുതാണ്‌ ഭൂമി. ഭൂമിയേക്കാള്‍ വലുതാണ് സൂര്യന്‍. ഇങ്ങനെപോകുന്നു സ്ഥൂലവസ്തുക്കളുടെ പ്രവാഹം. ഇവ്വിധം സ്ഥൂല വസ്തുക്കളുടെ ആകെ തുകയെയാണ് പ്രകൃതിയെന്നു പറയുന്നത്.

ചോദ്യം: സൂക്ഷ്മവസ്തു ആത്മാവാണ് എന്നു പറഞ്ഞു. പക്ഷെ ജീവാത്മാവ്, പരമാത്മാവ്‌ എന്ന രണ്ടില്‍ ഏതാണ് സൂക്ഷ്മവസ്തുവായ ആത്മാവ്‌?
ഉത്തരം: ചൈതന്യപൂര്‍ണ്ണവും, നാശരഹിതവും, എങ്ങും നിറഞ്ഞുനില്‍ക്കുന്നതുമായ പരമവസ്തുവാകുന്നു ആത്മാവ്. ഈ സത്യവസ്തുവാണ് പരമാത്മാവ്‌ എന്നറിയുക. അപ്രകാരമുള്ള ആത്മാവ് സമഷ്ടി ചൈതന്യമാകുന്നു. അതായത് പ്രത്യേക രൂപമോ, ഭാവമോ പ്രവൃത്തിയോ ഇല്ലാതെ എല്ലാ രൂപ-ഭാവാദികളിലും നിറഞ്ഞുനില്‍ക്കുന്നതുകൊണ്ടാണ് അത് സമഷ്ടി ചൈതന്യമാകുന്നത്. ഇത്തരത്തിലുള്ള സമഷ്ടി ചൈതന്യം മാത്രമാണ് എല്ലാ ജീവജാലങ്ങളിലും, മറ്റു വസ്തുക്കളിലും നിറഞ്ഞുനില്‍ക്കുന്നത്.
എല്ലാ ജീവികളുടേയും ശരീരത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം മുകളില്‍ വിവരിച്ച ആത്മചൈതന്യം തന്നെയാകുന്നു. എങ്കില്‍കൂടി ഒരു ജീവിയുടെ ശരീരത്തില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ആ സമഷ്ടി ചൈതന്യം തന്നെ പരിമിതമായി പ്രത്യേക രൂപത്തിലും ഭാവത്തിലും പ്രതിഫലിക്കുന്നു. അങ്ങനെ പ്രത്യേകം പ്രത്യേകം രൂപ-ഭാവാദികളില്‍ പ്രതിഫലിച്ചുകൊണ്ട് പരമാത്മാവുതന്നെ ജീവാത്മസ്വരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. സ്ഥൂല ശരീരങ്ങളെ ആശ്രയിച്ച് പ്രത്യേകമായ രൂപ-ഭാവാദികളില്‍ നില്‍ക്കുന്നതുകൊണ്ടാണ് അതിന് ജീവാത്മാവ് എന്ന പേരുതന്നെ ലഭിച്ചിരിക്കുന്നത്. അത് ആത്മാവിന്‍റെ വ്യഷ്ടിഭാവമാകുന്നു. ജീവി നശിക്കുന്നതോടെ ജീവാത്മാവ് എന്ന പ്രത്യേക ഭാവംതന്നെ ഇല്ലാതാകുന്നു. അപ്പോളത് പരമാത്മഭാവത്തോട് ചേരുകയാണ് ചെയ്യുന്നത്. വാസ്തവത്തില്‍ ജീവാത്മാവ് എന്നത് ഒരു സ്ഥായിയായ ഭാവമേ അല്ല. അത് മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന പ്രകൃതിയില്‍ പ്രതിഫലിക്കുന്ന ആത്മചൈതന്യം മാത്രമാകുന്നു. അതുകൊണ്ട് സത്യവസ്തുവും, സൂക്ഷ്മവസ്തുവും പരമാത്മാവ്‌തന്നെയെന്ന് അറിയുക.

ചോദ്യം: പ്രപഞ്ചത്തില്‍ ചിലതിന് ജീവനുള്ളതായും, ചിലതിന് ജീവനില്ലാത്തതായും കാനുന്നതെന്തുകൊണ്ടാണ്?
ഉത്തരം: ഈ പ്രപഞ്ചത്തിലുള്ള മുഴുവന്‍ വസ്തുക്കളും ജഡവസ്തുക്കളാണ്. അവയില്‍ ആത്മചൈതന്യം കളിയാടുന്നതിന്‍റെ ഏറ്റക്കുറച്ചിലിനനുസരിച്ച് ചിലതിനെ ജീവനുള്ള വസ്തുക്കളായും, ചിലതിനെ ജഡങ്ങളായും നമുക്ക് തോന്നുന്നു.
ജീവനുള്ള വസ്തുക്കള്‍ക്ക് മനസ്സ്, വാക്ക്, കര്‍മ്മം, ഇപ്രകാരമുള്ള മൂന്ന് കരണങ്ങളില്‍ എല്ലാംകൊണ്ടോ, ഏതെങ്കിലും ഒന്നുകൊണ്ടെങ്കിലുമോ പ്രവര്‍ത്തിക്കുവാനുള്ള ശേഷിയുണ്ട്. ജീവനില്ലാത്ത വസ്തുക്കള്‍ക്ക് ഇവയില്‍ ഒന്നുകൊണ്ടുപോലും പ്രവര്‍ത്തിക്കുവാനുള്ള ശേഷിയില്ല. അതുകൊണ്ട് പ്രവര്‍ത്തശേഷി തന്നെയാകുന്നു നിര്‍ജ്ജീവ വസ്തുക്കക്കളേക്കാള്‍ ജീവികള്‍ക്ക് മഹത്വം കൂടുവാനുള്ള കാരണം.

ചോദ്യം: ജീവനുള്ളവയില്‍ ഏറ്റവും മഹത്തരമായത് ഏന്ത്? അത് അപ്രകാരമാകുവാന്‍ കാരണമെന്ത്? 
ഉത്തരം: ജീവികളില്‍ വച്ച് ഏറ്റവും മഹത്തായ ജന്മം മനുഷ്യജന്മാമാണ്. എന്തുകൊണ്ടെന്നാല്‍ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥ ചതുഷ്ടയങ്ങളെ അനുഭവിക്കുവാനും, ആസ്വദിക്കുവാനും, കഴിയുന്നത്‌ മനുഷ്യനു മാത്രമാണ്. മറ്റുജീവികള്‍ക്ക് ഏതാനും ചില അര്‍ത്ഥങ്ങള്‍ നേടുവാന്‍ കഴിയുമെങ്കിലും സംപൂര്‍ണ്ണമായി പുരുഷാര്‍ത്ഥ ചതുഷ്ടയങ്ങള്‍ നേടുവാന്‍ കഴിയുന്നതല്ല. ഇവയില്‍ ഉന്നതമായ പുരുഷാര്‍ത്ഥം നിത്യാനന്ദമായ മോക്ഷമാകുന്നു. മനുഷ്യനുമാത്രമാണ് മോക്ഷം നേടുവാനായി ബോധപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. അതിനാലാണ് ജീവികളില്‍വച്ച് ഏറ്റവും മഹത്തരം മനുഷ്യജന്മമാണെന്ന് ആഗമങ്ങളും, ആപ്തന്മാരും ഉദ്ഖോഷിക്കുന്നത്.

ചോദ്യം: വളരെ ശ്രേഷ്ഠമായ ഈ മനുഷ്യജന്മത്തെ ഏറ്റവും ശരിയായ രീതിയില്‍ എങ്ങിനെയാണ് ഉപയോഗിക്കേണ്ടത്?
ഉത്തരം: ഏറ്റവും നല്ല നിലയില്‍ മനുഷ്യജന്മത്തെ ഉപയോഗിക്കണമെങ്കില്‍ ആശ്രമ ചതുഷ്ടയങ്ങളെയും, പുരുഷാര്‍ത്ഥ ചതുഷ്ടയങ്ങളെയും വിധിപ്രകാരം പാലിക്കേണ്ടതാണ്. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിവയാകുന്നു ആശ്രമ ചതുഷ്ടയങ്ങള്‍.
ഗുരുവില്‍നിന്ന് വിധിപ്രകാരം ഉപദേശം സ്വീകരിച്ച് വിദ്യ പഠിക്കുന്ന കാലഘട്ടമാണ് ബ്രഹ്മചര്യം. വിദ്യ പഠിച്ചത്തിനുശേഷം വിവാഹിതനായി തൊഴില്‍ ചെയ്ത് ധനം സമ്പാദിച്ച് താനും മറ്റ് കുടുംബാംഗങ്ങളും സുഖമായി ജീവിക്കുന്ന കാലഘട്ടത്തിന് ഗാര്‍ഹസ്ഥ്യം എന്ന് പറയുന്നത്. ഗാര്‍ഹസ്ഥ്യ ജീവിതത്തോടൊപ്പംതന്നെ വിഹിതമായ രീതിയില്‍ മോക്ഷവിദ്യ ഉപാസിക്കുകയും വേണം. സന്താനങ്ങള്‍ക്ക് സന്താനങ്ങള്‍ ജനിക്കുന്ന സമയത്തെ, അതായത് മുത്തശ്ശനോ മുത്തശ്ശിയോ ആകുന്ന സമയത്തെ, ഗ്രഹസ്ഥാശ്രമം പൂര്‍ത്തിയായതായി കണക്കാക്കുന്നു. ഈ കാലത്താണ് വാനപ്രസ്ഥ ജീവിതം തുടങ്ങേണ്ടതെന്ന് നിയമത്തില്‍ കാണുന്നു. ഗാര്‍ഹസ്ഥ്യധര്‍മ്മങ്ങളില്‍നിന്നും വിടുതല്‍ നേടി മുഴുവന്‍ സമയവും മോക്ഷമാര്‍ഗ്ഗമായ തപസ്സില്‍ അഥവാ സാധനയില്‍ മുഴുകുന്നതാണ് മൂന്നാമത്തെ ആശ്രമമായ വാനപ്രസ്ഥ ജീവിതത്തിലെ കടമ. തപശ്ചര്യ ഉറയ്ക്കുന്നതോടെ സാധകന്‍ ഉയര്‍ന്ന് സംന്യാസാശ്രമത്തിലെത്തി ജീവന്‍മുക്തനായിത്തീരുന്നു. അതോടെ അദ്ദേഹം ജ്ഞാനത്തിന്‍റെ അത്യുന്നതാവസ്ഥയെ പ്രാപിക്കുന്നതാണ്. എല്ലാ ഭേദചിന്തകളും അദ്ദേഹത്തില്‍നിന്നും അകന്നുപോകുന്നു. ജീവന്‍മുക്തനായിത്തീര്‍ന്ന ആ മഹാത്മാവ് ഞാന്‍ എന്നും, എന്‍റെതെന്നുമുള്ള ചിന്തകള്‍ക്കതീതനാകുന്നു. അദ്ദേഹം ചെയ്യുന്നതെല്ലാം സാധനയായി മാറുന്നു. ഇപ്രകാരമുള്ള ഉന്നതാവസ്ഥയില്‍ എത്തുന്നതാകുന്നു സംന്യാസം. സംന്യാസത്തിലൂടെ അദ്ദേഹം ജീവന്മുക്തനും, വിദേഹമുക്തനും ആയിത്തീരുന്നു. ബ്രഹ്മചര്യത്തിലൂടെ വിദ്യ അഭ്യസിക്കുകയും, ചെയ്യേണ്ട കാര്യങ്ങള്‍ ഏത്, പാടില്ലാത്തത് ഏത് തന്‍റെ കടമ എന്ത് എന്നിപ്രകാരമുള്ള വിധിനിഷേധങ്ങളായ കാര്യങ്ങളെല്ലാം പഠിക്കുന്നതിനാല്‍ ആ കാലയളവ്‌ ധര്‍മ്മം എന്നാ പുരുഷാര്‍ത്ഥം നേടിയെടുക്കുന്ന ഘട്ടമാകുന്നു.
ഗാര്‍ഹസ്ഥ്യകാലത്ത് തൊഴില്‍ ചെയ്യുക, ധനം സമ്പാദിക്കുക, കുടുംബാംഗങ്ങളെയും, ആചാര്യന്മാരെയും, ആശ്രിതന്മാരെയും സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് നടത്തുന്നത്. വിവാഹം കഴിച്ച് അടുത്ത തലമുറയ്ക്ക് ജന്മംനല്‍കി വളര്‍ത്തുന്നതും, മുന്‍തലമുറയെ സംരക്ഷിക്കുന്നതുമെല്ലാം ഈ കാലഘട്ടത്തിലെ കടമയാകുന്നു. ഗാര്‍ഹസ്ഥ്യം എന്ന ഈ ആശ്രമത്തിലൂടെയാണ് അര്‍ത്ഥം, കാമം എന്നീ രണ്ട് പുരുഷാര്‍ത്ഥങ്ങളെ സഫലീകരിക്കുന്നത്.
അന്ത്യപുരുഷാര്‍ത്ഥമായ മോക്ഷം നേടുന്നതിനുവേണ്ടി വാനപ്രസ്ഥമെന്നും, സംന്യാസമെന്നും ഉള്ള രണ്ട് ആശ്രമങ്ങളെ പൂര്‍ണ്ണമായും നീക്കിവഹിരിക്കുന്നു. വാസ്തവത്തില്‍ നാല് ആശ്രമങ്ങളും മോക്ഷപഥങ്ങള്‍ തന്നെയാണ്. എങ്കിലും അവസാനത്തെ രണ്ട് ആശ്രമങ്ങളാണ് അതിലേക്ക് കൂടുതല്‍ ശ്രദ്ധചെലുത്തുന്നതെന്ന് മാത്രം.
ഇപ്രകാരം നാല് ആശ്രമാവസ്ഥകളിലും ജീവിതത്തെ മുന്നോട്ട് നയിച്ച്‌ പുരുഷാര്‍ത്ഥങ്ങളെ അനുഭവിച്ച് അന്ത്യലക്ഷ്യവും നിത്യാനന്ദവുമായ മോക്ഷത്തില്‍ എത്തിച്ചേരുന്നത് തന്നെയാണ് മനുഷ്യജീവിതത്തിന്‍റെ ശരിയായ ഉപയോഗം.

ചോദ്യം: പുരാണേതിഹാസങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു വാക്കാണ്‌ വിദ്യ എന്നത്. അതുപോലെതന്നെ അവിദ്യ എന്നാ വാക്കും. ഇവയുടെ അര്‍ദ്ധങ്ങള്‍ എന്താണ്?
ഉത്തരം: വിദ്യ എന്നും, അവിദ്യ എന്നുമുള്ള വാക്കുകള്‍ക്കു ഇത്രയധികം പ്രാധാന്യമുണ്ടാകുവാന്‍ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പരാവിദ്യ അപരാവിദ്യ എന്നും രണ്ട് വിദ്യകളാണ് ഉള്ളത്.ഇതില്‍ പരാവിദ്യയാണ് ചുരുക്കപ്പേരില്‍ വിദ്യ എന്ന് പറഞ്ഞുവരുന്നത്. വിദ്യ എന്ന വാക്കിന്‍റെ കൃത്യമായ അര്‍ത്ഥം ജ്ഞാനം എന്നാകുന്നു. “അഭേദ ദര്‍ശ്ശനം ജ്ഞാനം”എന്നാണ് പ്രണാമം. ഭേദചിന്തയില്ലാത്തവനാണ് ജ്ഞാനി. അവന്‍ തന്നെയാകുന്നു വിദ്വാന്‍. അതുകൊണ്ട് വിദ്യയെന്നത് സാധനാ പദ്ധതിയിലൂടെ നമ്മെ ജ്ഞാനിയാക്കിതീര്‍ക്കുന്ന ക്രമീകരണങ്ങളുടെ ആകെത്തുകയാകുന്നു. വിദ്യാസമ്പന്നന്‍ നാശരഹിതമായ അവസ്ഥയെ പ്രാപിക്കുവാനുള്ള മാര്‍ഗ്ഗം സ്വീകരിക്കുന്നതിനാല്‍ നാശരഹിതന്‍ തന്നെ ആയിത്തീരുന്നു. അദ്ദേഹം മരിക്കുന്നില്ല. മരിക്കാത്തതുകൊണ്ടുതന്നെ അദ്ദേഹത്തിന് പുനര്‍ജന്മവുമില്ല. ജനനമരണങ്ങളെ ജയിച്ച അദ്ദേഹം അനശ്വരനായ ആത്മാവിനെ പ്രാപിക്കുമെന്ന് ഉത്തരഗീതയില്‍ പറയുന്നു. ഇപ്രകാരം നാശരഹിതനായ അവസ്ഥയെ പ്രാപിക്കുവാനുള്ള മാര്‍ഗ്ഗത്തെ വിദ്യ അഥവാ പരാവിദ്യ എന്ന് ശാസ്ത്രങ്ങള്‍ ഉത്ഘോഷിക്കുന്നു. ഹംസയോഗമെന്ന വിദ്യാക്രമം പരിശീലിക്കുമ്പോഴാണ്‌ നാശരഹിതമായ അവസ്ഥയെ പ്രാപിക്കുവാന്‍ സാധിക്കുന്നതെന്ന് ഉത്തരഗീതയിലൂടെ ഭഗവാന്‍ കൃഷ്ണനും, ശിവജ്ഞാനദീപികയിലൂടെ ശ്രീപരമേശ്വരനും കല്പിച്ചിരിക്കുന്നു.
മനുഷ്യനെ നാശരഹിതമായ ഉന്നതിയിലേക്കുവിടാതെ വ്യാമോഹങ്ങളാല്‍ തടഞ്ഞുനിര്‍ത്തി സുഖഭോഗാദികളിലേക്ക് തിരിച്ചുവിടുന്ന മാര്‍ഗ്ഗമാകുന്നു അപരാവിദ്യ.ഈ അപരാവിദ്യ തന്നെയാണ് അവിദ്യയെന്നും, അജ്ഞാനമെന്നുമുള്ള പേരുകളാലും, അറിയപ്പെടുന്നത്. അപരാവിദ്യയുടെ പ്രഭാവത്തില്‍ കുടുങ്ങുന്നതിനാല്‍ മനുഷ്യന്‍ ദിനംപ്രതി മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ജനനമരണങ്ങളെ ആവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയെന്നതാണ് അവിദ്യയുടെ മുഖ്യ കര്‍മ്മം. അവിദ്യയുടെ കരാളഹസ്തങ്ങളില്‍ കടുങ്ങികിടക്കുന്ന മര്‍ത്ത്യന്‍ (മരിച്ചുകൊണ്ടിരിക്കുന്നവന്‍) യഥാര്‍ത്ഥ മനുഷ്യനാകുന്നത് പരാവിദ്യയായ ഹംസയോഗത്തിന്‍റെ ഉപാസനയിലൂടെ മാത്രമാണ്.

ചോദ്യം: പുരാണേതിഹാസ ഗ്രന്ഥങ്ങളില്‍ പറയുന്നതുപോലെ വിദ്യ ദിനംപ്രതി  അനുഷ്ഠിക്കുന്നക്കുന്ന പലരും ദിനംപ്രതി മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌?
ഉത്തരം: പുരാണേതിഹാസങ്ങളില്‍ വിദ്യയെ ഗൂഢമായി വച്ചിരിക്കുകയാണ് ചെയ്തിട്ടുള്ളത്‌. ഉത്തരഗീത, ശിവജ്ഞാനദീപിക തുടങ്ങിയ വിഷിഷ്ടഗ്രന്ഥങ്ങളില്‍പോലും വിദ്യയുടെ ഉപദേശക്രമങ്ങളേയും, ഉപാസനയിലെ തന്ത്രങ്ങളേയും വെളിപ്പെടുത്തുന്നില്ല. എന്തെന്നാല്‍ അപ്രകാരമുള്ള ഉപദേശക്രമങ്ങളും സാധനാതന്ത്രങ്ങളും ഉപാസകന്‍റെ നിലവാരമനുസരിച്ചാണ് നല്‍കേണ്ടത്. അത് ഗുരുവിന്‍റെ ധര്‍മ്മമാകുന്നു. കേവലം പുസ്തകപാരായണത്തില്‍നിന്നും ലഭിക്കുന്നവയല്ല സാധനാരഹസ്യങ്ങള്‍. ഗുരുവില്‍നിന്നും ഉപദേശം കിട്ടിക്കഴിഞ്ഞതിനുശേഷം പുസ്തകം വായിക്കുമ്പോഴാണ് എഴുതിയിരിക്കുന്നതിന്‍റെ ശരിയായ അര്‍ത്ഥം ഗ്രഹിക്കാന്‍ സാധിക്കുന്നതുതന്നെ. അതുകൊണ്ട് ഗുരുവില്‍നിന്നും ഉപദേശം സ്വീകരിച്ചതിനുശേഷം ഉത്തമഗ്രന്ഥങ്ങള്‍ വീണ്ടും പഠിക്കുകയാണ് സാധകന്‍ ചെയ്യേണ്ടത്.
ബുദ്ധിമാനായ ഒരാള്‍ ഒരിക്കലും കേവലം ഗ്രന്ധപാരായണത്തിലൂടെ പരാവിദ്യയുടെ രഹസ്യം കിട്ടുമെന്ന് വിശ്വസിക്കുകയില്ല. അദ്ദേഹം നിരന്തരമായ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ സദ്ഗുരുവിനെകണ്ടെത്തി ഉപദേശം സ്വീകരിച്ചുകൊള്ളും. അല്പബുദ്ധികള്‍ മാത്രമാണ് കേവലം ഗ്രന്ഥപാരായനത്തിലൂടെ വിദ്യാരഹസ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
( സ്വാമി ശ്രീയുത് ബാലകൃഷനാഥ് ) 

2011-ഏപ്രില്‍-മേയ്

ചോദ്യം: ഹനുമാന്‍ സദാ പ്രാണോപാസന ചെയ്തിരുന്നതായി പുരാണഗ്രന്ഥങ്ങളില്‍ കാണുന്നു. എല്ലാ സമയവും രാമനാമങ്ങള്‍ ജപിച്ചുകൊണ്ടിരുന്ന ശ്രീരാമഭക്തനായ ഹനുമാന്‍ ഏതുവിധത്തിലുള്ള എതുവിധേനയുള്ള പ്രാണോപാസനയാണ്‌ അനുഷ്ടിച്ചിരുന്നത്?

ഉത്തരം: ഈ ചോദ്യം കേട്ടപ്പോള്‍ പഴയ ഒരു സംസ്കൃതശ്ലോകം ഓര്‍ത്തുപോയി, അതിന്റെ സാരം പറഞ്ഞുതരാം. ആശ്വത്ഥാമാവ്, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപന്‍, പരശുരാമന്‍ എന്നിവരാകുന്നു ഏഴ് ചിരംജീവികള്‍. ഈ പ്രണാമത്തില്‍നിന്നും മനസ്സിലാക്കേണ്ടത് ഹനുമാനും മറ്റ് ആറുമഹാത്മാക്കളും മരണമില്ലാതവരായി എന്നും ജീവിക്കുന്നു എന്നതാണ്. പുരാണേതിഹാസങ്ങള്‍ പരിശോധിച്ചാല്‍ ഇവരെപ്പോലെതന്നെ മാര്‍ക്കണ്ഡേയാദികളായ നിരവധി ചിരംജീവികളേയും കാണാവുന്നതാണ്.
ഹനുമാന്‍ വായുപുത്രനെന്ന് വിഖ്യാതനാണ്. സദാ വായുവിനെ ഉപാസിച്ചിരുന്നതുകൊണ്ട് അക്കാലത്തെ പണ്ഡിത ശ്രേഷ്ഠന്മാര്‍ അദ്ദേഹത്തിന് നല്‍കിയ ഒരു ബിരുദമാകുന്നു അത്. നടക്കുമ്പോഴും, ഇരിക്കുമ്പോഴും, കിടക്കുമ്പോഴും എന്നുമാത്രമല്ല സമസ്ത വൃത്തികള്‍ ചെയ്യുമ്പോഴും ആഭ്യന്തരമായി പ്രാണോപാസന ചെയ്തുകൊണ്ട് ആവശ്യങ്ങളെല്ലാം നിര്‍വഹിച്ചു ജീവിക്കുന്നവര്‍ മരണത്തെ അതിവര്‍ത്തിച്ച് ചിരംജീവികളായിത്തീരുമെന്ന് ഉത്തരഗീത പോലുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ വിധിച്ചിരിക്കുന്നു. അതിനാലാണ് ഹനുമാനും, മറ്റു മഹത്തുക്കളും ചിരംജീവികളായിത്തീര്‍ന്നിട്ടുള്ളത്‌.
 ശ്രീരാമഭക്തനായ ഹനുമാന്‍ മുഴുവന്‍ സമയവും രാമനാമജപത്തിലാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം രാമനാമം ജപിക്കുകയല്ല, മറിച്ച് ശ്വാസപ്രശ്വാസങ്ങളിലൂടെ സംഗീതമാക്കി ശ്രവിക്കുകയാണ് ചെയ്യുന്നത്. ശ്വാസം അകത്തേക്കെടുക്കുമ്പോള്‍ (ശരീരത്തിനുള്ളിലൂടെ താഴേക്കുപോകുമ്പോള്‍) ‘രാ’ എന്നും, പുറത്തേക്കു വിടുമ്പോള്‍ ‘മാ’ എന്നും ധ്യാനിക്കുകയാണ് വായുപുത്രന്‍ ചെയുന്നത്. ഈ രീതിയിലാണ് അദ്ദേഹം നിത്യഭക്തനും, നിത്യയോഗിയും, ചിരംജീവിയുമായിത്തീര്‍ന്നത്. 

ചോദ്യം: പ്രണവം എന്നാല്‍ എന്ത്?
ഉത്തരം: പ്രണവം എന്ന വാക്കിലെ ആദ്യാക്ഷരം ‘പ്ര’ ആകുന്നു. ഈ അക്ഷരത്തെ ഒരു വാക്കായി സ്വീകരിച്ചാല്‍ അതിന്‍റെ അര്‍ത്ഥം ആദ്യം, ആദി എന്നൊക്കെയാണ്. അതുപോലെ ‘ണ’ എന്ന വാക്കിന് ഉണ്ടായ, ജനിച്ച തുടങ്ങിയ അര്‍ത്ഥങ്ങളുമുണ്ട്. ‘വം’ എന്നാല്‍ വസ്തു, വസ്തുത, സംഗതി എന്നിവയാകുന്നു. ഇപ്രകാരം പഠിക്കുമ്പോള്‍ ആദിയില്‍ ജനിച്ച വസ്തുവാകുന്നു പ്രണവം. മുന്‍പ് മറ്റൊന്നും ജനിചിട്ടില്ലാത്തതിനാലാണ് പ്രണവം ആതിജാതം ആകുന്നത്. പ്രണവത്തിനുമുന്‍പ്, ഒരിക്കലും ജനിക്കുകയും, ലയിക്കുകയും(നശിക്കുകയും) ചെയ്തിട്ടില്ലാത്ത ‘സത്’ ആയ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളു. ബ്രഹ്മത്തില്‍നിന്നും ആദ്യം ജനിച്ചത്‌ പ്രണവമാകുന്ന ‘നാദബ്രഹ്മ’മാണ്.
പ്രണവം തന്നെയാണ് സൃഷ്ടിസ്ഥിതിസംഹാരകാരിണിയായ പ്രകൃതിയും, പരാശക്തിയും. ‘ഓം’കാരമാകുന്ന പ്രണവം ‘അ’ കാരം, ‘ഉ’ കാരം, ‘മ’ കാരം, അര്‍ത്ഥമാത്ര ഇവനാലും അവിഭാജ്യമാകുംവിധത്തില്‍ സംയോജിതമായി ജനിച്ച നാദബ്രഹ്മമാകുന്നു. അകാരാദികളായ ഓംകാരത്തിന്‍റെ പാദചതുഷ്ടയങ്ങള്‍ സൃഷ്ടി, സ്ഥിതി, സംഹാര, പ്രളയങ്ങളായ ചതുര്‍വിധ പരിണാമരൂപങ്ങളുടെ പ്രതിബിംബങ്ങളാകുന്നു. ബ്രഹ്മ, വിഷ്ണു, മഹേശ്വര, വിദ്യാ സ്വരൂപങ്ങളും ഇവ തന്നെ. അകാരം ബ്രഹ്മാവും, ഉകാരം വിഷ്ണുവും, മകാരം മഹേശ്വരനും, അര്‍ത്ഥമാത്ര ശ്രീവിദ്യ എന്ന പരാശക്തിയുമാണ്. അകാര, ഉകാര, മകാരത്രയങ്ങള്‍ സ്വതവേ അധോഗതിയായി ചലിക്കുന്നവയെങ്കിലും, പ്രണവത്തിലെ ഉര്‍ദ്ധ്വഗാമിയായ ബിന്ദുവുമായി മേളിക്കുമ്പോള്‍ മുകളിലേക്ക് സഞ്ചരിക്കുന്നവകളായി മാറുന്നു. സാധകര്‍ ഉപാസിക്കുന്നത് അര്‍ത്ഥമാത്രയെയാണ്. അതിനാല്‍ പ്രണവോപാസകരും ഊര്‍ദ്ധ്വഗതിയെ പ്രാപിച്ച് നിത്യാനന്ദത്തില്‍ ലയിക്കുന്നു.
പ്രണവത്തെകുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ ‘ഹംസയോഗപ്രവേശിക’ (സാഹിതി ബുക്സ്, തൃശൂര്‍) എന്ന പുസ്തകത്തിലെ നാദാനുസന്ധാനം എന്ന അദ്ധ്യായം പഠിക്കുന്നത് നന്നായിരിക്കും.  


ചോദ്യം: ബ്രഹ്മാവ്‌ ആദ്യമായി, അതായത് സൃഷ്ടിക്കു മുന്‍പുതന്നെ നാദം കേട്ടു എന്നുപറയുന്നു. ഋഗ്വേദം യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം, ആയുര്‍വേദം, നാട്യവേദം എന്നിങ്ങനെ അനേകം വേദങ്ങളുണ്ടല്ലോ. ഇവയില്‍ ഏതു വേദത്തെയാണ് ബ്രഹ്മാവ്‌ ശ്രവിച്ചത്?

ഉത്തരം: ബ്രഹ്മാവ് ആദ്യമായി അതായത് ജഗത്സൃഷ്ടിക്കു മുന്‍പാണ് വേദം ശ്രവിച്ചത്. മുകളില്‍ പറഞ്ഞിരിക്കുന്ന വേദങ്ങളെല്ലാംതന്നെ ജഗത്സൃഷ്ടിക്കുശേഷം വകരെ കാലം കഴിഞ്ഞ് മനുഷ്യസൃഷ്ടിയുമുണ്ടായി അനവധി നാളുകള്‍ക്കുശേഷം  മനുഷ്യര്‍ ശ്രവിച്ച അഥവാ നിര്‍മ്മിച്ചവകളാണ്. അതിനാല്‍ അവയെല്ലാം തന്നെ കൃത്രിമജവും അല്പസാരങ്ങളും ആകുന്നു. ബ്രഹ്മദേവന്‍ ശ്രവിച്ചതി ഈ പില്‍ക്കാല വേദങ്ങളെയല്ല. ആദിയില്‍ വേദമായി ഉണ്ടായിരുന്നത് മൂലവേദമായ പ്രണവം ഒന്ന് മാത്രമാണ്. സര്‍വ്വവേദങ്ങലുടെയും ശാസ്ത്രങ്ങളുടെയും മാതാവി പ്രണവം ഒന്ന് മാത്രമാണ്. മൂലവേദമായ പ്രണവത്തെ യോഗസാധനയാലാണ് ബ്രഹ്മദേവന്‍ ശ്രവിച്ചത്. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ ശക്തിക്ക് വേണ്ടിയും, സൃതിക്കു വേണ്ടിയും ദീര്‍ഘകാലം തപസ്സു ചെയ്തതായി കാണാം. അതിന്‍ ഫലമായി അവര്‍ക്ക് ശ്രുതിയുണ്ടാവുകയും, ശക്തി ലഭിക്കുകയും ചെയ്തു. അങ്ങിനെ ലഭിച്ച പ്രണവശ്രുതിയാല്‍ ശക്തനായിത്തീര്‍ന്ന ബ്രഹ്മാവ്‌ സൃഷ്ടികര്‍മ്മം ആരംഭിക്കുകയും അതില്‍ത്തന്നെ മുഴുകുകയും ചെയ്തു. സൂര്യചന്ദ്രഭൂമ്യാദികളായ സമസ്ത ഗോളങ്ങളും, തേജസ്സുകളും ജനിച്ചു. ഭൂമിയില്‍ ജീവജാലങ്ങളുടെ സൃഷ്ടിയും നടന്നു. ജീവികള്‍ ജനിക്കുകയും വളരുകയും ചെയ്തു. മനുഷ്യവളര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടത്തില്‍ അവര്‍ക്ക് സാധനാബലമുണ്ടായി. അവര്‍ ഉപാസനയാല്‍ ഉയര്‍ന്ന് പ്രണവം ശ്രവിച്ചു. അപ്രകാരമുള്ള ഋഷീശ്വരന്മാരില്‍ ചിലര്‍ തങ്ങളെപ്പോലെ ഉയര്‍ന്നിട്ടില്ലാത്തവര്‍ക്കു വേണ്ടി പലവിധ ശാസ്ത്രങ്ങളും, നിയമങ്ങളും ക്രോഡീകരിച്ചു. ഋഗ്വേദാദികളെല്ലാം തന്നെ അവയില്‍ പെടുന്നു. എന്നാല്‍ തൃമൂര്‍ത്തികള്‍ ശ്രവിച്ച വേദവും, മൂലവേദവും ഓംകാരം ഒന്നുമാത്രമാണ്. പ്രണവമാകുന്നു ഓംകാരം. ആകൃത്രിമമായ പ്രണവത്തെ ഘസാധകര്‍ ശ്രവിക്കുമ്പോള്‍ ഘഅവര്‍ക്ക് അത് ശ്രുതിയും, വേദവുമായിത്തീരുന്നു. ബ്രഹ്മാവ്‌ ശ്രവിച്ചതും സാധകര്‍ സ്വയം ശ്രവിക്കേണ്ടതുമായ വേദം പ്രണവമാകുന്ന ആകൃത്രിമമായ ഓംകാരശ്രുതിയാകുന്നു. 
ചോദ്യം: ‘മനനാല്‍ ത്രായതേ ഇതി മന്ത്ര’ എന്ന ആപ്തവാക്യത്തെ വിശദീകരിച്ചുതന്നാലും.
ഉത്തരം: മന്ത്രം എന്ന വാക്കിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ വ്യക്തമാക്കുന ആപ്തവാക്യമാകുന്നു ഇത്. ഏതൊരു ശബ്ദത്തെ(മന്ത്രത്തെ) മനസ്സുകൊണ്ട് പിന്തുടര്‍ന്നാല്‍ അഥവാ അര്‍ത്ഥഭാവനയില്‍ ലയിച്ചാല്‍ സാധനചെയ്യുന്ന വ്യക്തിക്ക് സമസ്ത സംസാരദുഖങ്ങളില്‍ നിന്നും മോചനം ലഭിച്ച് മോക്ഷം സിദ്ധിക്കുന്നുവോ ആ ശബ്ദമാകുന്നു മന്ത്രം.
ഈ വാക്യത്തില്‍ ശ്രദ്ധേയമായ പല കാര്യങ്ങളും അടങ്ങിയിരിക്കുന്നു. അതില്‍ പ്രധാനം ത്രാണനം എന്ന മറുകര കടത്തലാണ്. സംസാരസാഗരത്തില്‍ നിന്നുമാണ് മറുകര കടത്തുന്നത്. പരമ പുരുഷാര്‍ത്ഥമായ മോക്ഷത്തില്‍ എത്തുമ്പോള്‍ മാത്രമാണ് അത് സാധ്യമാകുന്നത്. ഏതു മന്ത്രത്തെ അനുസന്ധാനം ചെയ്താലാണോ സാധകരുടെ സമസ്ത ദുഖങ്ങളും നശിച്ച് അവര്‍ ആനന്ദസാഗരത്തില്‍ നിത്യസ്നാനം ചെയ്യുന്നത്, അ മന്ത്രമാകുന്നു യഥാര്‍ത്ഥ മന്ത്രം. അങ്ങനെയുള്ള ഒരേയൊരു മന്ത്രം പ്രണവമാകുന്നു. മറ്റുള്ള സമസ്ത മന്ത്രങ്ങളും മന്ത്രങ്ങളേയല്ല എന്ന സത്യമാണ് ഈ മഹദ്വാക്യത്തില്‍നിന്നും ലഭിക്കുന്നത്.
മറ്റൊരു സവിശേഷത മന്ത്രം എന്ന വാക്കുതന്നെയാണ്. മന്ത്രത്തിന്‍റെ അര്‍ത്ഥം രഹസ്യമായ് (ഗൂഢമായി) ഉപാസിക്കുന്നത് എന്നാണ്. അവരവരുടെ ഉള്ളില്‍ത്തന്നെ ഒതുങ്ങിയിരിക്കുന്നതാകുന്നു യഥാര്‍ത്ഥത്തില്‍ ഗൂഢമായത്. ഓരോ വ്യക്തിക്കും അവരില്‍ത്തന്നെയുള്ള ഗൂഢമായ നാദത്തെ ഉപാസിക്കുവാന്‍ കഴിയണം. പക്ഷെ നാദം ഗൂഢമായതിനാല്‍ അങ്ങിനെ ചെയാന്‍ കഴിയുന്നതല്ല. അതിനുള്ള മാര്‍ഗ്ഗം അനുഭവസമ്പത്തുള്ള ഗുരുവില്‍നിന്നും ആര്‍ജ്ജിക്കേണ്ടതാണ്. സാധകര്‍ക്ക് ശ്രവിക്കുവാന്‍ കഴിയുന്ന നാദം ശ്വാസപ്രശ്വാസങ്ങളുടെ നാദമായ ‘ഹംസ’സ്വരമാകുന്നു. ഗുരുവിന്‍റെ ഉപദേശപ്രകാരം ഹംസസ്വരത്തെ സാധനചെയ്‌താല്‍ തന്നുള്ളില്‍ കുടികൊള്ളുന്നതും, സര്‍വ്വവ്യാപിയായി, ഗൂഢമായി നില്‍ക്കുന്നതുമായ പ്രണവത്തെ ശ്രവിക്കുവാന്‍ കഴിയും. അതിനെ സ്വാത്മനാ അനുസന്ധാനം ചെയ്യുന്നതാണ് മന്ത്രസാധന.
( സ്വാമി ശ്രീയുത് ബാലകൃഷനാഥ് )
hansasandesham/hamsasamvadam

No comments: