Friday, February 07, 2020

ദേവി തത്ത്വം- 71

പാരമാർത്ഥികത്തെ വ്യവഹാരത്തിൽ കൊണ്ടു വരാൻ സാദ്ധ്യമല്ല. വ്യവഹാരത്തിനെ പാരമാർത്ഥികത്തിലേയ്ക്ക് കൊണ്ട് പോകാനും സാദ്ധ്യമല്ല. വ്യവഹാര ലോകത്ത് ഞാൻ ശരീരമാണെന്നൊക്കെ പറയാം. ജോലി സ്ഥലത്തും കുടുംബത്തിലും പേരും ഊരും മറ്റ് ഐഡന്റിറ്റികളും വച്ച് കൊള്ളുക. പക്ഷേ ഉള്ളിലുള്ള സത്യത്തെ അറിയണമെങ്കിൽ ഈ ദേഹത്തെ ആദ്യം നിഷേധിക്കണം. ദേഹം ഞാനല്ല എന്ന് നിശ്ചയമായിട്ടറിയേണ്ടി വരും. ദേഹം നിത്യ നിരന്തരം പരിണമിച്ചു കൊണ്ടേയിരിക്കുന്ന ജഡമാണ്. ദേഹത്തിനേയും ദേഹിയേയും പിരിക്കുന്ന വിദ്യയ്ക്ക് ഹംസ വിദ്യ എന്നാണ് പേര്. ഹംസമന്ത്രാർത്ഥ രൂപിണ്യേ നമഃ എന്ന് ദേവിയ്ക്ക് ഒരു നാമം. ഹംസ വിദ്യാ രൂപിണ്യേ നമഃ എന്നും ദേവിയ്ക്കൊരു നാമം.

കാക്കകളുടെ വഴി മലം തിന്നലാണ്. അതു കൊണ്ടാണ് ഹരിനാമ കീർത്തനത്തിൽ പറയുന്നത് കാകൻ പറന്നു പുനർ ഹംസങ്ങൾ പോയ വഴി പോകുന്ന പോലെ ഹരി നാരായണായ നമഃ ഏകാന്ത യോഗികളെ കണ്ടിട്ട് അവരെ പോലാകണമെന്നെനിക്ക് തോന്നുന്നു. പക്ഷേ ഹംസങ്ങളുടെ ഗതി കാക്കയ്ക്ക് പിടി കിട്ടാത്തതു പോലെ ഞാൻ വട്ടം കറങ്ങുകയാണ്.

ഹംസ വിദ്യ എന്താണ്? ജഡത്തിനെയും ചൈതന്യത്തേയും വേർപിരിക്കലാണ്. പാലും വെള്ളവും ചേർത്ത് വച്ചാൽ അരയന്ന പക്ഷി അതിൽ നിന്ന് പാല് മാത്രം കുടിക്കും എന്നൊരു സങ്കല്പമുണ്ട്. അതു പോലെ നമ്മുടെ അനുഭവ മണ്ഡലത്തിൽ മരിച്ച് പോകുന്നതും നശിച്ച് പോകുന്നതും ദുഃഖത്തിനാസ്പദവുമായ ജഡമുണ്ട് .എന്നാൽ മറ്റൊരു തലത്തിൽ മരണമില്ലാത്ത നിത്യവും ശുദ്ധവുമായിട്ടുള്ള ചൈതന്യവുമുണ്ട്. ഈ ജഡത്തിൽ നിന്നും ചൈതന്യത്തിനെ ആര് തിരിച്ചറിയുന്നു ആ അറിവ് ഒരിക്കലും അയാളെ വിട്ട് പോകില്ല. അതിനാണ് പ്രത്യഭിജ്ഞ എന്ന് പറയുന്നത്. ഈ ലോകത്ത് പിന്നെ എന്ത് വേഷം കെട്ടിയാലും അറിഞ്ഞത് അറിഞ്ഞത് തന്നെ ഒരിക്കലും  മറക്കില്ല. രാവണനായി വേഷം കെട്ടിയാലും ഒരു രാമനും രാവണനാകില്ലല്ലോ .  കാരണം എത്ര രാവണനായി അട്ടഹസിച്ചാലും  ഉള്ളിലറിയാം താൻ രാമനാണെന്ന്. ഒരിക്കൽ സത്യം അറിഞ്ഞവൻ എന്നന്നേക്കുമായി ഉണർന്നവനാണ്. ഓർക്കുകയും മറക്കുകയും ചെയ്യുന്നത് മനസ്സിന്റെ മണ്ഡലത്തിലാണ്. സത്യമറിയുന്നത് ബോധ മണ്ഡലത്തിലാണ് അവിടെ ഓർക്കലൊന്നുമില്ല. ശരീരം പ്രകൃതിയുടെ ആദ്യ സ്ഥൂല ഭാവമാണ്. ഞാൻ ദേഹമല്ല എന്ന അറിവ് സത്യത്തിലേയ്ക്കുള്ള ആദ്യ പടിയും.

Nochurji🙏🙏
Malini dipu 

No comments: