മോക്ഷത്തിന് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നവയാണ് വിഷയങ്ങള്‍. അവയെ 'വിഷം 'എന്ന് തന്നെ അറിയണം. എന്നിട് ഒരിക്കലും നമ്മിലേക്ക് വരാത്ത വിധത്തില്‍ ദൂരെ കളയണം. കുടിക്കാനെടുക്കുന്ന വെള്ളത്തിലോ മറ്റ് പാനീയങ്ങളിലോ ഭക്ഷണത്തിലോ വിഷം കലര്ന്നിട്ടുണ്ടെന്നറിഞ്ഞാല് അത് എത്ര വിശിഷ്ടമായാലും കഴിക്കില്ല. അത് ദൂരേക്ക് വലിച്ചെറിയാനും ഒരു മടിയുണ്ടാകില്ല.
വിഷയവസ്തുക്കള്‍ വളരെ ആകര്‍ഷകങ്ങളായി തോന്നാമെങ്കിലും അവയിലെ ആനന്ദം നിസ്സാരമെന്നറിഞ്ഞ് വിഷം പോലെ വെടിയണമെന്ന് ഗുരു ശിഷ്യനോട് പറയുന്നു. ഇന്ദ്രിയ വിഷയങ്ങളെ മനസ്സ് കൊണ്ട് സ്മരിക്കുന്നയാള്‍ തേജസ്സും ഓജസ്സും നഷ്ടപ്പെട്ട് നശിക്കും. വിഷയങ്ങളില്‍ നിന്ന് ഇന്ദ്രിയങ്ങളെ പിന്‍വലിച്ചാല്‍ വലിയ ആന്തര ശക്തിയെ നേടാനാകും. ഈ ശക്തി നല്ലതിലേക്ക് തിരിക്കണം. അല്ലെങ്കില്‍ മനസ് കൊണ്ട് വിഷയ സേവ ചെയ്യാനിടയാകും.
വിഷയങ്ങളില്‍ നിന്ന് ഇന്ദ്രിയങ്ങളേയും മനസ്സിനേയും പിന്‍വലിച്ചയാള്‍ സന്തോഷം, ദയ, ക്ഷമ, ആര്‍ജ്ജവം, ശമം, ദമം എന്നീ വിശിഷ്ട ധര്‍മ്മങ്ങളെ വളര്‍ത്തണം. അവസാനത്തേതൊഴികെ മറ്റുള്ളതെല്ലാം അന്തഃകരണ ധര്‍മ്മങ്ങളാണ്.ഇവയിലേതെങ്കിലും ഒരു ഗുണം വന്നാല്‍ മനസ്സ് പ്രസന്നമാകും. മറ്റ് ഗുണങ്ങളും കൂടെ വരും. ഇങ്ങനെ വളരെ കരുതലോടെയിരിക്കാനാണ് ശിഷ്യനോട് ഗുരു ഉപദേശിക്കുന്നത്.
swamy abahayananda
No comments:
Post a Comment