Wednesday, February 12, 2020

കൃഷ്ണം വന്ദേ ജഗദ്ഗുരും
~~~~~~~~~~~~~~~~~~~~~~~
കുരുക്ഷേത്രമെന്ന യുദ്ധഭൂമിയില്‍ വെച്ച് ഭഗവാന്‍റെ ശോഭയാര്‍ന്ന രൂപം കാണുവാനുള്ള പ്രത്യേകമായ കഴിവ് അര്‍ജ്ജുനന് നല്‍കപ്പെട്ടു. പല ജീവിതകാലങ്ങളിലൂടെ നിരന്തരം ചെയ്യുന്ന ആത്മീയാചരണങ്ങള്‍ കൊണ്ടുപോലും ഒരാള്‍ക്ക്‌ ഒരിക്കല്‍ പോലും അത്‌ കാണാനുള്ള അര്‍ഹത നേടാന്‍ കഴിയുകയില്ല. നമ്മുടെ സ്ഥൂലതയുടെ തലത്തില്‍ നിന്നുകൊണ്ട് ആകുമ്പോള്‍ അത് അസാദ്ധ്യമാണ്. ആ വിശ്വപ്രകാശം ഒരിക്കല്‍ അനുഭവിച്ചുകഴിഞ്ഞാല്‍ ലൌകികമായ ദീപക്കാഴ്ച്ചകളെല്ലാം വളരെ താണ തരമായി തോന്നും. മോചനത്തിന്‍റെ അവബോധം, അതിന്‍റെ ആനന്ദം, അനുഭവിച്ചവന് ലൌകികമായ വികാരങ്ങള്‍ വിലകുറഞ്ഞതായി തോന്നും. അയാളില്‍ സ്നേഹം മാത്രം നിലനില്ക്കും. സഹാനുഭൂതി മാത്രം പ്രകടമാകും. കൃഷ്ണനെപ്പോലുള്ള ഒരു ഗുരുവിന്‍റെ സാമീപ്യം അനുഭവിക്കുവാന്‍ ആര്‍ക്കാണ് അര്‍ഹതയുള്ളത്? ഗുരുവിന് മാത്രമേ ശിഷ്യനെ നിശ്ചയിക്കാന്‍ കഴിയുകയുള്ളു. തന്നെ കാണാനും, തിരിച്ചറിയാനും, മനസ്സിലാക്കാനും കഴിവുള്ളവരെ, ഗുരു തിരഞ്ഞെടുക്കുന്നു. മറ്റുള്ളവര്‍ കാണും, ഒരിക്കലും മനസ്സിലാക്കില്ല. ചിലര്‍ക്ക് ഗുരുവിന്‍റെ അടുത്തേക്ക്‌ എത്താന്‍ പോലും കഴിയില്ല. ഒരുവന് തന്‍റെ അസ്തിത്വത്തിന്‍റെ ലക്ഷ്യത്തെ കുറിച്ച് വ്യക്തത ഉണ്ടാകണം. അപ്പോള്‍ അയാള്‍‍, എളുപ്പത്തില്‍, ഗുരുവിനെ തിരിച്ചറിയും. യഥാര്‍ത്ഥ ഗുരുക്കന്മാര്‍ ഏറ്റവും സാധാരണമായി പെരുമാറും. അവരുടെ ആത്മജ്ഞാനം ഒരിക്കലും പ്രദര്‍ശിപ്പിക്കില്ല. ഗുരു തന്നെത്തന്നെ കാട്ടിത്തരുവാന്‍ തയ്യാറാകുന്നതുവരെയും, നിങ്ങള്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിയുംവിധം നിങ്ങളെത്തന്നെ ഉയര്‍ത്തുന്നതുവരെയും, ഒരു ഗുരുവിനെ തിരിച്ചറിയുക എളുപ്പമല്ല. വിശ്വാസമാണ് താക്കോല്‍. ഭക്തിയും ക്ഷമയുമാണ് നിങ്ങളെ അവിടെ എത്തിക്കാനുള്ള കാലുകള്‍.

“മഹാഗുരുക്കന്മാര്‍ അറിവിന്‍റെയും, അവബോധത്തിന്‍റെയും ഉയര്‍ന്ന തലത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു. സാധാരണ മനുഷ്യന് അത് മനസ്സിലാക്കാന്‍ കഴിയില്ല. അതുകൊണ്ട്, വളരെ പരിമിതവും, വ്യവസ്ഥിതവുമായ നമ്മുടെ ബുദ്ധികൊണ്ട് അതിനെ വിശകലനം ചെയ്യാനും, മനസ്സിനകത്തും പുറത്തും തര്‍ക്കിക്കാനും നില്‍ക്കാതെ, അവര്‍ പറയുന്നത് അനുസരിക്കുന്നതാണ് വിവേകം. യഥാര്‍ത്ഥ ഗുരുക്കന്മാരുടെ കാര്യത്തില്‍, എപ്പോഴും ഒരു ഉയര്‍ന്ന ലക്ഷ്യമുണ്ട്. അവര്‍ക്ക് അതെപ്പറ്റി ബോധവുമുണ്ട്.” നാമെല്ലാം പ്രകാശത്തിന്‍റെ മൂര്‍ത്തീകരണങ്ങളാണ്. എല്ലാ മഹാഗുരുക്കന്മാരും ആ പ്രകാശങ്ങളായി ജീവിക്കുന്നവരാണ്. അവരുടെ ശാരീരികമായ പരിമിതികള്‍ നോക്കിയോ, അവര്‍ സമൂഹത്തില്‍ എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയോ, തെറ്റായി ധരിക്കുകയാണെങ്കില്‍, നാം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ഒരു അവസരം നഷ്ടപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്. അവര്‍ക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ ഒന്നിനുവേണ്ടിയും കാത്തിരിക്കുകയല്ല.

ജഗദ്ഗുരുവായ ശ്രീകൃഷ്ണന്‍ അദ്ദേഹം, എത്രയോ തലമുറകളെ അതിജീവിച്ച, അത്ര അധികം, ജ്ഞാനം ലോകത്തിന് നല്‍കി. ധര്‍മ്മത്തെ ഉദ്ധരിക്കുവാനും, അധര്‍മ്മത്തെ നശിപ്പിക്കുവാനുമായി അദ്ദേഹം അവതരിച്ചു. ഉന്മൂലനം ചെയ്യുകയാണ് അദ്ദേഹത്തിന്‍റെ ശൈലി. കൃഷ്ണനെ കുറിച്ച് നമുക്ക് അറിയുന്നത്, അദ്ദേഹം എന്ന, വാസ്തവത്തിലുള്ള മഹാ സമുദ്രവുമായി താരതമ്യം ചെയ്യുമ്പോള്‍, ഒരു മണല്‍ത്തരി മാത്രമാണ്. തലമുറകള്‍ ഇനിയും വരികയും, പോകുകയും ചെയ്തുകൊണ്ടിരിക്കും. എന്നാല്‍ അദ്ദേഹം ആവിഷ്കരിച്ച സന്ദേശം എന്നും നിലനില്‍ക്കും.

ജഗദ്ഗുരുവായ കൃഷ്ണനെ ഞാന്‍ നമസ്കരിക്കുന്നു

No comments: